Image

പുതുവത്സര പുലരിയില്‍ (സണ്ണി മാമ്പിള്ളി)

സണ്ണി മാമ്പിള്ളി Published on 30 December, 2016
പുതുവത്സര പുലരിയില്‍ (സണ്ണി മാമ്പിള്ളി)
ഇന്നലെകളില്‍ നിന്നും ഇന്നിലൂടെ നാളെയിലേക്ക് വളരുന്നവനാണ് മനുഷ്യന്‍. ഇന്നലെകളുടെ പാളിച്ചകളില്‍ നിന്നും ഇന്നിന്റെ പ്രതീക്ഷകളിലൂടെ നാളെയുടെ പ്രതീക്ഷകളിലേക്ക് അവന്‍ ഉറ്റു നോക്കുന്നു.

ദൈവം മനുഷ്യന് നല്കിയ ഏറ്റവും വലിയ വരദാനമാണ് സമയം. സ്‌പെയിനില്‍ 'മാഡ്‌റിഡ്' നഗരത്തിലെ ഉയര്‍ന്ന ഗോപുരത്തില്‍ സ്ഥാപിച്ചിരിക്കുന്ന വലിയ നാഴികമണിയിലേക്ക് പട്ടണത്തില്‍ എവിടെനിന്ന് നോക്കിയാലും വ്യക്തമായി സമയം കാണാന്‍ കഴിയും. അതിന്റെ ഡയലില്‍ എഴുതിവച്ചിട്ടുണ്ട് Tempus Fugil(സമയം പറക്കുന്നു).

ഓരോ വര്‍ഷവും അവസാനിക്കുമ്പോള്‍ ബിസ്സിനസ്സുകാരും ബാങ്കുകാരും ചെയ്യുന്നതുപോലെ നമ്മില്‍പലരും കഴിഞ്ഞ വര്‍ഷത്തെ വിലയിരുത്താറുണ്ട്. ലാഭനഷ്ടകണക്കുകളെടുക്കല്‍, ജയപരാജയങ്ങളുടെ കാരണം കണ്ടുപിടിക്കല്‍, പുതിയ വര്‍ഷത്തില്‍ പുത്തന്‍ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കല്‍, പുതിയ ടാര്‍ജറ്റുകള്‍ നിശ്ചയിക്കല്‍, പുതിയ തീരുമാനങ്ങളെടുക്കല്‍ എന്നിവയെല്ലാം.

കഴിഞ്ഞുപോയ ഒരു വര്‍ഷത്തെ, 365 നാം ചെലവഴിച്ചത് ഏകദേശം ഇപ്രകാരമായിരിക്കും. നാം ദിവസത്തില്‍ എട്ടുമണിക്കൂര്‍ വീതം ജോലിക്കായി ചെലവഴിച്ചാല്‍ ഒരു വര്‍ഷത്തില്‍ 122 ദിവസം നാം ജോലി ചെയ്തു. ദിവസവും 8 മണിക്കൂര്‍ വീതം ഉറങ്ങിയാല്‍ 122 ദിവസം അങ്ങിനെ പോയി. പ്രഭാതകൃത്യങ്ങള്‍ക്കും കുളിക്കുമായി അരമണിക്കൂര്‍ ദിവസവും ചെലവഴിച്ചാല്‍ 8 ദിവസവും, പ്രഭാതഭക്ഷണത്തിന് 15 മിനിറ്റും വൈകീട്ടും ഉച്ചയ്ക്ക് 20 മിനിറ്റും, ഉച്ചകഴിഞ്ഞ് ചായകുടിക്ക് 5 മിനിറ്റും വീതം ദിവസത്തില്‍ ഒരു മണിക്കൂര്‍ എന്ന കണക്കില്‍ വര്‍ഷത്തില്‍ 15 ദിവസം നാം ഭക്ഷിക്കാന്‍ ചെലവഴിച്ചു. പത്രം, മാഗസിന്‍ എന്നിവ വായിക്കാന്‍ അര മണിക്കൂര്‍ എന്ന കണക്കില്‍ 8 ദിവസവും, മെയില്‍ നോക്കാനും ബില്ലടയ്ക്കാനും അരമണിക്കൂര്‍ വീതം 8 ദിവസവും ടി.വി.കാണാന്‍ അരമണിക്കൂര്‍ വീതം 8 ദിവസവും, കളിക്കാനും വിനോദത്തിനുമായി അര മണിക്കൂര്‍ വീതം 8 ദിവസവും പ്രാര്‍ത്ഥിക്കാനായി ദിനവും 15 മിനിറ്റും വീതം ഒരു വര്‍ഷം 4 ദിവസവും നാം ചെലവഴിച്ചെങ്കില്‍ ഒരു വര്‍ഷം 303 ദിവസങ്ങള്‍ നാം ചെലവാക്കി. ബാക്കി 62 ദിവസങ്ങള്‍, അതായത് 1488 മണിക്കൂറുകള്‍ മാത്രമാണ് നമ്മുടേതായിട്ടൊള്ളൂ. ഈ സമയം നാമെങ്ങിനെ ചെലവഴിച്ചു എന്നതിനെ അടിസ്ഥാനമാക്കിയാണ് നമ്മുടെ ജയപരാജയങ്ങള്‍ നിശ്ചയിക്കപ്പെടുക.

നമ്മുടെ ജീവിതം സംതൃപ്തിദായകമാക്കാന്‍ മൂന്ന് കാര്യങ്ങള്‍ ചെയ്യണമെന്ന് ബൈബിള്‍ പണ്ഡിതനായ 'വില്യം ബാര്‍ക്‌ളെ' ചൂണ്ടുക്കാട്ടുന്നു.
1) പ്രതീക്ഷിക്കാന്‍ ചില കാര്യങ്ങള്‍
2) നിറവേറ്റാന്‍ ചില ഉത്തരവാദിത്വങ്ങള്‍
3) സ്‌നേഹിക്കാന്‍ ഒരു വ്യക്തി.
ജീവിതത്തെ ഊജ്ജ്വസ്വലമായി മുന്നോട്ടുകൊണ്ടുപോകുന്നത് നമ്മുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളുമാണ്, ആശകളും അഭിലാഷങ്ങളുമാണ്. മരണത്തിനപ്പുറവും ഇപ്പുറവും നിറഞ്ഞുനില്‍ക്കുന്ന പ്രതീക്ഷകള്‍ നമുക്കുണ്ടായിരിക്കണം. കഴിഞ്ഞ കാലങ്ങളിലെ നഷ്ടങ്ങളുടെ ഓര്‍മ്മകളെ മാത്രം അയവിറക്കി കഴിയുന്നവര്‍ മരണത്തിലേക്കടുത്തു കൊണ്ടിരിക്കുകയാണ്.
സജീവം ദഹതേ ചിന്താ
നിര്‍ജീവം ദഹതേ ചിതാ:
(ജീവനില്ലാത്തവയെ ചിതദഹിപ്പിക്കുമ്പോള്‍ ജീവനുള്ളവയേ ആകുല ചിന്തകള്‍ ദഹിപ്പിക്കുന്നു)
അലക്‌സാണ്ടര്‍ ചക്രവര്‍വത്തി ഒരിക്കല്‍ തന്റെ സുഹൃത്തുക്കള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുകയായിരുന്നു. അദ്ദേഹത്തിന്റെ ഉദാരത കണ്ട് ഒരാള്‍ ചോദിച്ചു. 'ഇങ്ങിനെ കൊടുത്താല്‍ അങ്ങേക്കൊന്നും ബാക്കി ഉണ്ടാവില്ലല്ലോ' അദ്ദേഹം പറഞ്ഞു. 'മഹത്തായതൊന്ന് ആര്‍ക്കും കൊടുക്കാതെ ഞാന്‍ സൂക്ഷിച്ചിട്ടുണ്ട്' എന്‌റെ പ്രതീക്ഷകള്‍'.

ഒരിക്കല്‍ ബര്‍ണാഡ്ഷായോട് ഒരാള്‍ ചോദിച്ചു. നരകമെന്നാലെന്താണ്? അദ്ദേഹം മറുപടി പറഞ്ഞു ഒന്നു ചെയ്യാനില്ലാത്ത അവസ്ഥയാണത്. സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും ഒരാളുണ്ടാവുക, ജീവിതത്തെ സന്തോഷ സമ്പന്നമാക്കും.

ഈ വര്‍ഷത്തില്‍ നമ്മുടേതായി കുറെ സുന്ദരസ്വപ്‌നങ്ങളും പ്രതീക്ഷകളും നമുക്ക് കരുതാം. ചെയ്തു തീര്‍ക്കാന്‍ കുറെ ഉത്തരവാദിത്വങ്ങള്‍ നമുക്കേറ്റെടുക്കാം. സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും ഒരു വ്യക്തിയെ നമുക്ക് കണ്ടെത്താം.

പുതുവത്സര പുലരിയില്‍ (സണ്ണി മാമ്പിള്ളി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക