Image

മുത്തമ്മ ചൊല്ലിയ കഥ (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)

എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ Published on 28 December, 2016
മുത്തമ്മ ചൊല്ലിയ കഥ (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)
പല്ലില്ലാക്കവിളുള്ള ഏത്താപ്പു മാറുള്ള
പഞ്ഞിയേം വെല്ലുന്ന മൃദുവോലും മുടിയുള്ള,
തോളെത്തും കാതിലെ വാളിക ഞാത്തുള്ളെന്‍
വല്യമ്മ പണ്ടോതിയ കഥയാണേയിത്.
മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിലിരുന്നെന്റെ
മുത്തമ്മ ചൊല്ലിയൊരു കഥയാണേയിത്,
എട്ടും പൊട്ടും തിരിയാത്തൊരു പ്രായത്തില്‍
എട്ടു വയസ്സിലേ വേളിയായി,
കൊച്ചുമുണ്ടും കുഞ്ഞു ചട്ടയും ധരിപ്പിച്ചു
കൊച്ചൊരു നേര്യതും മേലേ ചുറ്റി,
വില്ലുവണ്ടിയൊന്നില്‍ ആഘോഷത്തോടൊരു
യാത്രക്കൊരുങ്ങിയതിമോദമായ്,
യാത്രക്കിടെ കൊത്തിക്കുറിരുവാന്‍
ഉപ്പേരി മുറുക്കാനിവ എടുത്തു വച്ചു,
വില്ലുവണ്ടിയുടെ തുള്ളലിന്‍ താളത്തില്‍
തെല്ലു കഴിഞ്ഞപ്പോളുറക്കമായി പെണ്ണ്,
പള്ളിയിലെത്തിക്കഴിഞ്ഞപ്പോഴേക്കൊരു
കൊച്ചുചെറുക്കന്റെ അടുത്തു നിര്‍ത്തി,
പള്ളി നിറയെ മനുഷ്യരും ഒട്ടേറെ
അച്ചന്മാരും, ഞാന്‍ ഭ്രമിച്ചു പോയി,
കല്യാണമാണ് നടക്കുന്നെന്നറിയാതെ
അമ്മയെ നോക്കി വിതുമ്പി നില്‍ക്കെ,
എന്തെല്ലാമവിടെ നടന്നതു ഞാനേതോ
വിഭ്രമത്തോടങ്ങു നോക്കിനിന്നു,
ഇത്തിരി നേരം കഴിഞ്ഞു കയ്യിലൊരു
കൊച്ചു ചെറുക്കന്‍ പടിച്ചനേരം,
'അമ്മയെക്കാണണം വയറു വിശക്കുന്നു
ഇപ്പം എനിക്കെന്റെ വീട്ടിപ്പോണം,'
എന്തൊക്കെയോ ചൊല്ലി സാന്ത്വനിപ്പിച്ചെന്നെ
ബന്ധുക്കളും ചുറ്റും ബഹുജനവും
അന്തിനേരെത്തെന്റെ വീട്ടിലെത്തിയപ്പം
കൂട്ടുകൂടാന്‍ പുത്തന്‍ ചെറുക്കനെത്തി,
പേടിച്ചു ഞാനോടി, അമ്മേടെ തണല്‍ പറ്റി
പെട്ടെന്നറിയാതുറങ്ങിപ്പോയി,
കല്ലുകൊത്താംകളി കണ്ണുപൊത്തിക്കളി
കുട്ടികളാം ദമ്പതികളോടിച്ചാടി,
വീട്ടലെപ്പണിയൊക്കെ കുഞ്ഞുമരുമോളൊരു
കുട്ടിത്തോര്‍ത്തും ചുറ്റി ചെയ്തുപോന്നു,
പാതിവെളുപ്പിനെ പൂങ്കോഴി കൂകുമ്പോള്‍
പായും ചുരുട്ടി വച്ചെണീറ്റാലോ,
വീട്ടിലുള്ളോര്‍ തന്നെ പത്തുപേര്‍, പിന്നെ
പാടത്തു പണിയുന്നോര്‍ കൂടെ നടക്കുന്നോര്‍
സ്വന്തക്കാരും പിന്നെ ചാര്‍ച്ചക്കാരും
സദ്യവട്ടം തന്നെ ഇരുട്ടും വരെ,
ഭര്‍ത്താവിനെയൊന്നു കാണാനും കിട്ടില്ല
കണ്ടാലോ മിണ്ടാനും നേരമില്ല,
പത്തു പതിനഞ്ചു വയസ്സായ നേരമേ 
ഭര്‍ത്താവാണെന്നുള്ള ചിന്തയായേ,
മക്കളായി മരുമക്കളായി കൊച്ചു
മക്കളും വീടു നിറച്ചു നിന്നു,
ഇന്നത്തെപ്പെണ്ണുങ്ങള്‍ കെട്ടിക്കുന്നേരമേ
ആര്‍ക്കും കൊടുക്കാതെ ഓട്ടം തന്നെ,
കൂട്ടുകുടുംബത്തിന്‍ സ്വാതന്ത്ര്യം പോരാഞ്ഞ്
പിറ്റേന്ന് തന്നെ പൊറുതിമാറും,
കൈകാല്‍ വളരുന്നതു കൊതിയോടെ കാത്തവര്‍
മേലുകിഴ് വയ്ക്കാതെ പോറ്റിയവര്‍,
കല്യാണം കഴിയുന്ന നേരം തൊട്ടന്യരായ്
കണ്ണിനു പിടിക്കില്ലവര്‍ ചെയ്യുന്നതൊന്നും,
സ്വതന്ത്ര്യം വേണം ജോലിക്കുപോണം
സ്വന്തക്കാര്‍ ശല്യമായ് തിരുന്നുതാനും,
മക്കളിന്നൊന്നോ, കൂടിയാല്‍ രണ്ട്,
മക്കളു പണ്ടൊക്കെ വീടു നിറച്ച്,
ഇന്നെല്ലാ മക്കളും പഠിത്തക്കാരായപ്പോള്‍
ഇല്ലാരും വീട്ടിലെ കാര്യം നോക്കാന്‍
അപ്പനും അമ്മയും വയസ്സായാല്‍ പിന്നെ
'നേഴ്‌സിങ് ഹോമി'ലാക്കി പണിയൊതുക്കാം,
വീടായാല്‍ മണ്ടനൊരു മകനുണ്ടെങ്കില്‍
വയസ്സായാല്‍ നോക്കുമെന്നാശ്വസിക്കാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക