Image

പ്രകൃതിയും വികൃതിയും (തൊടുപുഴ കെ. ശങ്കര്‍)

Published on 30 December, 2016
പ്രകൃതിയും വികൃതിയും (തൊടുപുഴ കെ. ശങ്കര്‍)
എന്തൊരാശ്ചര്യം കാലഭേദങ്ങളിത്യാദികള്‍
എന്തൊരന്തരം രണ്ടു രാജ്യങ്ങള്‍ തമ്മില്‍ തമ്മില്‍!
"സുപ്രഭാത'മെന്നഭിവാദ്യമേകുമ്പോളുടന്‍
"സുന്ദര സായാഹ്‌ന'മെന്നോതുന്നെന്‍ പ്രിയ മിത്രം!

വ്യത്യസ്തം മഹിയാകെ, ഭാഷകള്‍, ആചാരങ്ങള്‍
പ്രത്യക്ഷമല്ലോ ഭിന്നസൂര്യാസ്തമനങ്ങള്‍!
മദ്ധ്യത്തിലഗാധമാം സാഗരം കരകളില്‍
മര്‍ത്ത്യരുണ്ടെല്ലാത്തിലും വൈവിദ്ധ്യമിയന്നവര്‍!

സൂര്യനൊന്നാകാശത്തില്‍, ചക്രവാളങ്ങള്‍ രണ്ടും
ഉദയാസ്തമനങ്ങള്‍ വ്യത്യസ്തനേരങ്ങളില്‍!
ഇവിടുന്നാദേശത്തില്‍ ചെല്ലുവോര്‍ രാവെന്നപോല്‍
ഇരുന്നുറങ്ങുന്നൂ പകല്‍, രാത്രിയിലുണരുന്നു!

എങ്കിലും പഴക്കത്താല്‍ മാറുന്നീശീലം മെല്ലെ
ഏതുദിക്കിലും വാഴാന്‍ പ്രാപ്തരാക്കുന്നു സ്വയം!
പ്രക്രുതിയ്ക്കനുസ്രുതമിഴുകിച്ചേരും ഗുണം
പ്രഭുവായ് മനുഷ്യനു നല്‍കിയവരദാനം!

ഇക്കരെവസിപ്പവര്‍ നിദ്രയിലമരുമ്പോള്‍
അക്കരെയുണര്‍ന്നവര്‍ കര്‍മ്മോത്സുകരാകും!
നിദ്രയില്‍ ലോകം സര്‍വ്വമാഴ്ന്നിടാതിരിയ്ക്കുവാന്‍
ചിദ്രൂപന്‍ കാലേകൂട്ടി ചെയ്തതീ വിന്യാസങ്ങള്‍!

കര്‍മ്മനിരതരോരോ ജീവിയും ബ്രഹ്മാണ്ഡത്തില്‍
ധര്‍മ്മമാണതീശ്വര സ്രുഷ്ടിതന്‍ വൈശിഷ്ടവും!
പ്രക്രുതികല്‍പ്പിച്ചൊരീ വ്യത്യസ്തകാലാന്തരം
പ്രതിഭാസമായല്ലോ കാണ്മൂ നാം നിരന്തരം!

മടങ്ങി സ്വന്തം നാട്ടിലെത്തിയാലുടന്‍ തന്നെ
മറക്കുന്നെല്ലാം പൂര്‍വ്വസ്ഥിതിയെപ്രാപിയ്ക്കുന്നു!
പ്രക്രുതിയ്ക്കനുസ്രുതമിഴുകിച്ചേരും ഗുണം
പ്രഭുവായ് കനിഞ്ഞിട്ടൊരുല്‍ക്രുഷ്ട വരദാനം!

പരന്നപാരാവാരം പുളിനങ്ങളില്‍ വാഴും
നരന്മാര്‍ പരസ്പരം വ്യത്യസ്തരെല്ലാത്തിലും!
അമ്പരന്നിരുന്നുപോം കേവലര്‍ മനുഷ്യര്‍ നാം
അംബരക്കീഴിലെയീ മായാലീലകള്‍ കാണ്‍കെ!

ഉദയാസ്തമനങ്ങള്‍ രണ്ടുദേശങ്ങളിലും
ഉടയോന്‍ കല്‍പ്പിച്ചപോല്‍നടക്കുന്നൊരേനേരം!
ഉദയം ദര്‍ശിച്ചുടനവിടെച്ചെന്നാല്‍ കാണാം
ഉടനെയസ്തമിയ്ക്കാനൊരുങ്ങുമരുണനെ !

സുപ്രഭാതത്തില്‍ കണ്ട പൈതലെയൊരുവയോ-
വ്രുദ്ധനായ് കാണുന്ന പോലല്ലയോ ദിനാന്ത്യത്തില്‍?
തികച്ചും നിഗൂഢങ്ങളല്ലയോ പ്രക്രുതിതന്‍
തിരഞ്ഞാലൊരിയ്ക്കലും കിട്ടാത്ത രഹസ്യങ്ങള്‍!

വിക്രുതി= സ്വഭാവത്തിലുള്ള മാറ്റം, അസ്വാഭാവികത ഛന്ദസ്സ് എന്നെല്ലാം.
പ്രകൃതിയും വികൃതിയും (തൊടുപുഴ കെ. ശങ്കര്‍)
Join WhatsApp News
PRG 2017-01-02 05:21:47
കവിതയിൽ പ്രപഞ്ചത്തിനെ കുറിച്ഛ് നന്നായി വിവരിച്ചിരിക്കുന്നു
അതിലെ സന്ദേശവും നന്നായിരുന്നു. നല്ല സുന്ദരൻ ഭാഷാ ശൈലി.
ശങ്കർ സാറിന് അനുമോദനങ്ങൾ. ഒപ്പം ഇ മലയാളിക്കും
വായനക്കാർക്കും പുതു വർഷ ആശംസകൾ


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക