Image

പ്രകൃതിയുടെ വികൃതി: പുതുവര്‍ഷ ചിന്തകള്‍ (ജോസ് മാളേയ്ക്കല്‍)

Published on 31 December, 2016
പ്രകൃതിയുടെ വികൃതി: പുതുവര്‍ഷ ചിന്തകള്‍ (ജോസ് മാളേയ്ക്കല്‍)
ഈ കുറിപ്പ് മാന്യവായനക്കാരുടെ മുമ്പിലെത്തുമ്പോള്‍ ഭൂഗോളത്തിന്റെ പല കോണുകളിലും 2017 ന്റെ പുതുവര്‍ഷം ആഘോഷിച്ചുകഴിഞ്ഞിരിക്കും. 

ന്യൂയോര്‍ക്ക് സമയം ശനിയാഴ്ച്ച വെളുപ്പിനു 5 മണിയാകുമ്പോള്‍ ന്യൂസിലാന്റിനടുത്തുള്ള ടോങ്കോയില്‍ പൊട്ടിവിടരുന്ന പുതുവര്‍ഷം ന്യൂസിലാന്റിലെ ഓക്‌ലാന്‍ഡിലൂടെ കടന്ന് നാലു മണിക്കൂറിനുള്ളില്‍ ആസ്‌ട്രേലിയായിലെ പ്രധാന നഗരങ്ങളായ മെല്‍ബോണ്‍, സിഡ്‌നി, കാന്‍ബറ, അഡിലെയ്ഡ്, ബ്രിസ്‌ബേന്‍ എന്നിവ തരണം ചെയ്ത് ന്യൂയോര്‍ക്ക് സമയം രാവിലെ പത്തുമണിയാകുമ്പോള്‍ ടോക്കിയോ, സോള്‍ തുടങ്ങിയ നഗരങ്ങളിലെത്തിച്ചേരും. 

ഇന്‍ഡ്യയില്‍ പുതുവര്‍ഷലഹരി നുണയണമെങ്കില്‍ ന്യൂയോര്‍ക്ക് സമയം ഉച്ചകഴിഞ്ഞ് ഒന്നര വരെ കാത്തിരിക്കണം. തുടര്‍ന്ന് പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, മിഡില്‍ ഈസ്റ്റ് വഴി റഷ്യയും കടന്ന് യൂറോപ്പിലൂടെ ഓട്ടപ്രദക്ഷിണം നടത്തി സൗത്ത് അമേരിക്കയും കാനഡായുടെ സെ. ജോണ്‍സ്, മേരീസ് ഹാര്‍ബര്‍ എന്നീ നഗരങ്ങള്‍ താണ്ടി പുതുവര്‍ഷകാറ്റ് അമേരിക്കയില്‍ പ്രവേശിക്കും. 

ന്യൂയോര്‍ക്കിലെ ടൈം സ്‌ക്വയറില്‍ ശനിയാഴ്ച്ച രാത്രി കൃത്യം 12:00 നു പതിനായിരങ്ങളെ സാക്ഷി നിര്‍ത്തി ത്രീ, ടൂ, വണ്‍ കൗണ്ട്‌ഡൌണോടെ ബോള്‍ താഴേക്ക് നിപതിക്കുമ്പോള്‍ ആസ്‌ട്രേലിയാ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളിലുള്ളവര്‍ 'ഹാപ്പി ന്യൂ ഈയര്‍' ആശംസകളുമായി പുതുവര്‍ഷലഹരി ആവോളം ആടിപ്പാടി ആസ്വദിച്ച് തളര്‍ന്നുറങ്ങി എ ണീറ്റിട്ടുണ്ടാവും. 

കാലിഫോര്‍ണിയാക്കാര്‍ക്കാണെങ്കില്‍ മൂന്നു മണിക്കൂര്‍ കൂടി കൊതിയോടെ കാത്തിരിക്കണം ഹര്‍ഷാരവങ്ങളോടെ 2017 നെ മാടി മാടി വിളിക്കാന്‍. 

നോക്കണേ, പ്രകൃതിയുടെ ഒരു വികൃതി. 26 മണിക്കൂറുകള്‍കൊണ്ട് 39 വ്യത്യസ്ത ടൈം സോണുകളില്‍ ഭൂഗോളത്തിന്റെ എല്ലാ കോണൂകളിലുമുള്ള രാജ്യങ്ങളെയും വലുപ്പ ചെറുപ്പവ്യത്യാസമില്ലാതെ 2017 തൊട്ടുതലോടി തന്റെ കരവലയത്തിനുള്ളിലൊതുക്കിയിരിക്കും.

 പുതുവര്‍ഷ പുലരിയില്‍ എങ്ങും ആഹ്ലാദം തിരതല്ലുന്ന നിമിഷങ്ങള്‍. മനോഹരമായ വെടിക്കെട്ടുകളും, സംഗീതകച്ചേരികളും, ഹോളിവുഡ്, ബോളിവുഡ് നൃത്തങ്ങളും, ലഹരി പാനീയങ്ങളും, സ്വാദേറിയ ഭക്ഷണവിഭവങ്ങളും പുതുവര്‍ഷ പിറവിയാഘോഷത്തിനു മാറ്റു കൂട്ടും. നുരഞ്ഞുപൊങ്ങുന്ന ഷാമ്പെയിന്‍ ഗ്ലാസുകളും കയ്യിലേന്തി ജനസഹസ്രങ്ങളുടെ, ഹാപ്പി ന്യൂ ഈയര്‍ ആര്‍പ്പുവിളികള്‍ മാത്രം.

അങ്ങനെ സംഭവബഹുലമായ 2016 കാലയവനികക്കുള്ളില്‍ മറയുന്നു. വീട്ടിലെ ഭിത്തിയില്‍ മാറാല പിടിച്ച് തൂങ്ങിക്കിടന്നിരുന്ന മുഷിഞ്ഞുകീറിയ കലണ്ടറുകള്‍ മാറ്റി പുതിയതു സ്ഥാപിക്കുന്നു. പുത്തന്‍ ഉണര്‍വുകളും, സംരംഭങ്ങളും, പ്രതീക്ഷകളും, പ്രതിജ്ഞകകളുമായി 2017 മനുഷ്യരാശിയെ പുല്‍കിക്കഴിഞ്ഞു. സന്തോഷവും, സമാധാനവും നിറഞ്ഞ നല്ലൊരു ജീവിതം സ്വപ്നം കണ്ടുകൊണ്ട് പ്രത്യാശാപൂര്‍വം 2017 നെ വരവേല്‍ക്കുക. 

2016 ലേക്കു പിന്തിരിഞ്ഞു നോക്കി നമ്മുടെ ജീവിതത്തില്‍ കൈവന്ന അപ്രതീക്ഷിത നേട്ടങ്ങളും, ദൈവാനുഗ്രഹങ്ങളും വിലയിരുത്തുക. ചിലരെസംബന്ധിച്ച് പ്രതീക്ഷിച്ചതില്‍ കൂടുതല്‍ നല്ലകാര്യങ്ങളും, വിശേഷാല്‍ നേട്ടങ്ങളും ലഭിച്ചിട്ടുണ്ടാവും; എന്നാല്‍ മറ്റു ചിലര്‍ക്കാണെങ്കില്‍ ആഗ്രഹിക്കാത്ത കയ്‌പേറിയ പലതും ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ടാവും. 

തങ്ങളുടെ കഠിനാദ്ധ്വാനത്തിനു തക്ക ഫലം ലഭിച്ചില്ലാ എന്നു പരാതിപ്പെടുന്നവരുണ്ടാവാം. എന്തൊക്കെയായാലും 2017 ന്റെ പൊന്‍പുലരി കാണാന്‍ ഭാഗ്യം ലഭിച്ച നമുക്കെല്ലാം ഒരാണ്ടുകൂടി ബോണസായി ലഭിച്ചിരിക്കുകയാണ്. എന്തിനെന്നല്ലേ, കഴിഞ്ഞ വര്‍ഷം ചെയ്തുതീര്‍ക്കാന്‍ പറ്റാത്ത ന•പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കുന്നതിനും, കൂടുതല്‍ കാരുണ്യപ്രവര്‍ത്തികള്‍ ചെയ്യുന്നതിനും, ആത്മീയതയില്‍ കൂടുതല്‍ വളരുന്നതിനും ഉദ്ദേശിച്ച് സര്‍വശക്തന്‍ കനിഞ്ഞനുഗ്രഹിച്ചു നല്‍കുന്ന 2017.


ഓര്‍ത്തോര്‍ത്തു രസിക്കാനും, മനം കുളിര്‍ക്കെ ആസ്വദിക്കാനും, എന്നെന്നും അഭിമാനിക്കാനും പറ്റിയ ഒത്തിരി നല്ല അനുഭവങ്ങളും അമൂല്യ മുഹൂര്‍ത്തങ്ങളും സമ്മാനിച്ചാണു 2016 കടന്നു പോകുന്നത്. അതോടൊപ്പം ലോകമനസാക്ഷിയെ ഞെട്ടിച്ച പല അക്രമസംഭവങ്ങളും, അപകട മരണങ്ങളും; അകാലത്തില്‍ പൊലിഞ്ഞ ഒത്തിരി ജീവിതങ്ങള്‍, പാതിവഴിക്കു തിരിച്ചുവിളിക്കപ്പെട്ട എത്രയോ ജ•ങ്ങള്‍. അതും 2016 ന്റെ സംഭാവനകള്‍ തന്നെ. അതുവച്ചു നോക്കുമ്പോള്‍ നാമെത്രയോ ഭാഗ്യവാ•ാര്‍.

അതിമാരകമായ സിക്കാ വൈറസിന്റെ വ്യാപകമായ പൊട്ടിപുറപ്പാടോടെയാണു 2016 ന്റെ പുതുവര്‍ഷം അമേരിക്കയെ സ്വാഗതം ചെയ്തത്. 2011 ല്‍ തുടക്കമിട്ട സിറിയന്‍ ആഭ്യന്തര യുദ്ധം 2016 ല്‍ മൂര്‍ദ്ധന്യത്തിലെത്തി. സിറിയയിലെ പ്രധാന നഗരമായ അലപ്പോയിലുണ്ടായ രൂക്ഷമായ പോരാട്ടത്തില്‍ നിരപരാധികളായ ആയിരങ്ങള്‍ക്ക് ജീവനും, കൊച്ചുകുട്ടികളടക്കം നിരവധി ബന്ധുക്കളും നഷ്ടപ്പെട്ടു. ഇറാക്കിലെ മൊസുള്‍ സിറ്റിക്കടുത്തുള്ള കുന്നി•ുകളില്‍ തലയുയര്‍ത്തിനിന്നിരുന്ന 1400 വര്‍ഷം പഴക്കമുള്ള സെ. എലൈജാ എന്ന ക്രൈസ്തവ ആശ്രമം ജനുവരിയില്‍ നശിപ്പിക്കപ്പെട്ടത്, മാര്‍ച്ച് 22 നു ബ്രസല്‍സ് എയര്‍പോര്‍ട്ടിലും മെട്രോ ട്രെയിന്‍ സ്റ്റേഷനിലുമായി നടന്ന ബോംബാക്രമണത്തില്‍ 22 നിരപരാധികള്‍ കൊല്ലപ്പെടുകയും, 300 ല്‍ അധികം ആള്‍ക്കാര്‍ക്കു മാരകമായി പരുക്കേല്‍ക്കുകയും ചെയ്തത്, ഏപ്രില്‍ 16 നു പസിഫിക്ക് തീരത്തു സ്ഥിതിചെയ്യുന്ന ഇക്വഡോറിലുണ്ടായ റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 600 ലധികം ആള്‍ക്കാര്‍ക്കു ജീവഹാനി സംഭവിച്ചത്, ലാഹോറില്‍ മാര്‍ച്ച് 27 നുണ്ടായ ബോംബാക്രമണത്തില്‍ 75 ആള്‍ക്കാര്‍ മരിക്കുകയും, 350 ല്‍ പരം ആള്‍ക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവം, പാരീസില്‍നിന്നു കെയ്‌റോയിലേക്കുള്ള ഈജിപ്റ്റ് എയര്‍ ഫ്‌ളൈറ്റ് 804 മെയ് 19 നു മെഡിറ്ററേനിയന്‍ സമുദ്രത്തില്‍ പതിച്ച് 66 യാത്രക്കാര്‍ മരിച്ചത്, ജൂണ്‍ 28 നു ഈസ്റ്റാന്‍ബുള്‍ എയര്‍പോര്‍ട്ട് ആക്രമണത്തില്‍ 45 പേര്‍ക്കു ജീവഹാനി സംഭവിക്കുകയും 230 ല്‍ പരം ആള്‍ക്കാര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തത്, ആഗസ്റ്റ് 25 നു സെന്റ്രല്‍ ഇറ്റലിയില്‍ ഉണ്ടായ ഭൂമികുലുക്കത്തില്‍ 247 പേര്‍ മരണത്തിനടിപ്പെട്ടത്, സെപ്റ്റംബര്‍ 18 നു രാവിലെ കാഷ്മീരിലെ ബാരാമുള്ള ജില്ലയിലെ ഉറി എന്ന സ്ഥലത്തെ ഇന്‍ഡ്യന്‍ പട്ടാള ക്യാമ്പില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 18 പട്ടാളക്കാര്‍ മരിക്കുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവം, ഒക്ടോബര്‍ ആദ്യവാരത്തില്‍ അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ പടിഞ്ഞാറന്‍ തീരത്ത് ആഞ്ഞടിച്ച 'ഹറിക്കെയിന്‍ മാത്യു' കൊടുംകാറ്റില്‍ കരീബിയന്‍ ദ്വീപുകളിലും, ഹെയ്ത്തി, ക്യൂബാ, ഡൊമിനിക്കന്‍ റിപ്പബ്ലിക്, അമേരിക്കയുടെ തെക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ ഫ്‌ളോറിഡാ, കരോലിന എന്നിവിടങ്ങളില്‍ 1000 ല്‍ പരം ആള്‍ക്കാര്‍ക്കു ജീവഹാനി സംഭവിക്കുകയും, വസ്തുവകകള്‍ക്കു നാശം നേരിടുകയും ചെയ്തത്, നവംബര്‍ 21 നു ഇന്‍ഡോര്‍ പാറ്റ്‌നാ എക്‌സ്പ്രസ് കാണ്‍പൂരിനുസമീപം പാളം തെറ്റിമറിഞ്ഞുണ്ടായ അപകടത്തില്‍ 140 പേര്‍ മരണപ്പെട്ടത്, നവംബര്‍ 28 നു കൊളംബിയന്‍ യാത്രാവിമാനം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ 70 ല്‍ പരം യാത്രക്കാര്‍ മരിച്ചത്, ഡിസംബര്‍ 7 നു ഇന്‍ഡോനേഷ്യയിലെ അസെ പ്രവിശ്യയിലുണ്ടായ റിക്ടര്‍ സ്‌കെയിലില്‍ 6.5 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 100 ലധികം ആള്‍ക്കാര്‍ക്കു ജീവഹാനി ഉണ്ടായത്, ഡിസംബര്‍ 10 നു തുര്‍ക്കിയിലെ ഈസ്റ്റാന്‍ബുളില്‍ നടന്ന ബോംബിംഗില്‍ 38 പേര്‍ മരിക്കുകയും, 155 ആള്‍ക്കാര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തത്, ഡിസംബര്‍ 19 നു തുര്‍ക്കിയുടെ റഷ്യന്‍ അംബാസഡര്‍ അങ്കാറയില്‍ കൊല്ലപ്പെട്ടത്, ഇതെല്ലാം 2016 ല്‍ ലോകമനസാക്ഷിയെ ഞെട്ടിച്ച സംഭവങ്ങള്‍തന്നെ.

സംഗീത ലോകത്തെ അതികായ•ാരായ ജോര്‍ജ് മൈക്കിള്‍, പ്രിന്‍സ്, ഡേവിഡ് ബോവി, ഗ്ലെന്‍ ഫ്രേ, ലിയണാര്‍ഡ് കോഹന്‍, ലിയോണ്‍ റസല്‍, പ്രശസ്ത ഹോളിവുഡ് സിനിമാതാരങ്ങള്‍ അമ്മയും മകളും ആയ ഡെബി റെയ്‌നോള്‍ഡ്‌സ്, കേറി ഫിഷര്‍, ഫ്‌ളോറന്‍സ് ഹെന്‍ഡേര്‍സണ്‍, അലന്‍ റിക്ക്‌മേന്‍, ബോക്‌സിങ്ങ് ഇതിഹാസം മുഹമ്മദ് അലി, ഗഗനസഞ്ചാരി ജോണ്‍ ഗ്ലെന്‍, മുന്‍ പ്രഥമ വനിത നാന്‍സി റെയ്ഗന്‍ എന്നിവര്‍ കാലയവനികക്കുള്ളീല്‍ മണ്മറഞ്ഞത് ആരെയും നടുക്കുന്ന സംഭവങ്ങളായിരുന്നു.

എന്നാല്‍ ഈ കാര്‍മേഘപടലങ്ങള്‍ക്കുള്ളിലും വെള്ളിനക്ഷത്രശോഭ പരത്തിയ പല സംഭവങ്ങളും ഉണ്ടായി പോയവര്‍ഷത്തില്‍ എന്നതും ശുഭോദര്‍ക്കമാണു. ഫെബ്രുവരി 12 നു ക്യൂബയുടെ തലസ്ഥാനമായ ഹവാനയില്‍ പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പായും, റഷ്യന്‍ ഓര്‍ത്തഡോക്‌സ് പാത്രിയാര്‍ക്കീസ് മോസ്‌കോയിലെ അഭിവന്ദ്യ കിറിലും തമ്മിലുള്ള കൂടിക്കാഴ്ച്ച ലോകത്തിനു പ്രതീക്ഷ നല്‍കുന്നതായിരുന്നു. 1400 വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായാണു ഒരു മാര്‍പാപ്പ റഷ്യന്‍ ഒര്‍ത്തഡോക്‌സ് പേട്രീയാര്‍ക്കുമായി കൂടിക്കാഴ്ച്ച നടത്തുന്നത്. 'ഹവാന ഡിക്ലറേഷന്‍' എന്നപേരില്‍ ഈ ആധ്യാത്മികനേതാക്ക•ാര്‍ പുറപ്പെടുവിച്ച വിളംബരം മിഡില്‍ ഈസ്റ്റിലെ ക്രൈസ്തവ പീഡനത്തിനറുതി വരുത്താനുള്ള ആഹ്വാനമായിരുന്നു. 

അമേരിക്കയുടെ അയല്‍രാജ്യമായ ക്യൂബയുമായി വര്‍ഷങ്ങളായി നിലനിന്നിരുന്ന ശീതസമരം ഫ്രാന്‍സിസ് പാപ്പായുടെ മധ്യസ്തതയില്‍ അവസാനിച്ചതും, ആ രാജ്യവുമായുള്ള നയതന്ത്രബന്ധങ്ങളും, വ്യാപാരവും പുനസ്ഥാപിച്ചതും 2016 ന്റെ നേട്ടങ്ങളില്‍പെട്ടതുതന്നെ.

കരുണയുടെ മഹാജൂബിലിവര്‍ഷം കഴിഞ്ഞ സെപ്റ്റംബറില്‍ അഗതികളുടെ അമ്മയും, കരുണയുടെ അംബാസഡറും, ലോകാരാധ്യയുമായ മദര്‍ തെരേസ പുണ്യവതിയായി ഉയര്‍ത്തപ്പെട്ടത് സന്തോഷകരമായ വസ്തുതയായിരുന്നു. കല്‍ക്കട്ടയുടെ തെരുവോരങ്ങളില്‍ ആരോരുമില്ലാതെ അലഞ്ഞുതിരിഞ്ഞിരുന്ന അഗതികള്‍ക്കും, ഉപേക്ഷിക്കപ്പെട്ട കൊച്ചുകുഞ്ഞുങ്ങള്‍ക്കും എല്ലാവരെയും പോലെ ജീവിക്കാനുള്ള അവകാശമുണ്ടെന്നു ലോകത്തിനു കാണിച്ചുകൊടുക്കുകയും അതിനുവേണ്ടി സ്വജീവന്‍ ബലിയര്‍പ്പിക്കുകയും ചെയ്ത വിശുദ്ധ മദര്‍ തെരേസ ജനഹൃദയങ്ങളില്‍ മരിക്കാതെ ജീവിക്കുന്നു.
പ്രതീക്ഷകളാണു പുതുവര്‍ഷത്തില്‍ നമുക്ക് മുമ്പോട്ടു കുതിക്കാനുള്ള ഊര്‍ജം പകരുന്നത്. പുതുവല്‍സരം കൂടുതല്‍ സന്തോഷപൂരിതമാക്കുന്നതിനും, 2016 ലെ തെറ്റുകള്‍ തിരുത്തി മുന്നേറുന്നതിനും, കുറവുകള്‍ നിറവുകളാക്കുന്നതിനും സ്വയം ആല്‍മപരിശോധന ചെയ്യുന്നത് എന്തുകൊണ്ടും നല്ലതായിരിക്കും. 

കൊഴിഞ്ഞു വീഴുന്ന വര്‍ഷം പലര്‍ക്കും നാം സ്വീകാര്യനായിരുന്നില്ലെങ്കില്‍ അതിന്റെ കാരണം കണ്ടെത്തി, ആവശ്യമായ തിരുത്തലുകള്‍ വരുത്തി കരുത്താര്‍ജിച്ച് മുമ്പോട്ടു പോകാന്‍ ശ്രമിക്കുന്നത് ജീവിതവിജയത്തിനുപകരിക്കും. മറ്റുള്ളവരോടുള്ള നമ്മുടെ സമീപനത്തില്‍ മാറ്റം ആവശ്യമെങ്കില്‍ അതു വരുത്താന്‍ മടിക്കരുത്. പുതിയ ശൈലിയും, സമീപനവും നമ്മെ മറ്റുള്ളവര്‍ക്കു സ്വീകാര്യനാക്കും മുമ്പെന്നത്തേക്കാളുമുപരി. 

പുതുവര്‍ഷം നമ്മുടെ ഉള്ളിലേക്കു തിരിഞ്ഞു നോക്കാനുള്ള ഒരവസരമായി കണക്കാക്കി നമ്മില്‍ അടിഞ്ഞുകൂടിയിരിക്കുന്ന അസൂയ, അഹംഭാവം, അനാദരവ്, വെറുപ്പ്, വാശി, വൈരാഗ്യം എന്നിങ്ങനെയുള്ള മാലിന്യങ്ങളെല്ലാം സ്‌നേഹത്തിന്റെ തലോടലാല്‍ കഴുകികളയുക. മറ്റുള്ളവരില്‍ അവരുടെ ന• കാണുന്നതിനും, നല്ലകാര്യം ചെയ്താല്‍ അവരെ അകമഴിഞ്ഞ് അനുമോദിക്കുന്നതിനും, അവരുടെ കുറവുകള്‍ നിറവുകളായി കാണുന്നതിനും കൊഴിയാന്‍ പോകുന്ന വര്‍ഷത്തില്‍ നമുക്കു സാധിച്ചിട്ടില്ലായെങ്കില്‍ 2017 അതിനുള്ള അവസരമൊരുക്കട്ടെയെന്ന് നമുക്കു ജഗദീശനോടു പ്രാര്‍ത്ഥിക്കാം. സ്വന്തം അഭിപ്രായങ്ങള്‍ക്ക് നാം വിലകല്‍പ്പിക്കുന്നതുപോലെ തന്നെ മറ്റുള്ളവരെ ക്ഷമാപൂര്‍വം ശ്രവിക്കുന്നതിനും, അവരുടെ അഭിപ്രായങ്ങള്‍ മാനിക്കുന്നതിനും, എല്ലാവരെയും അംഗീകരിക്കുന്നതിനും, ആദരിക്കുന്നതിനുമുള്ള സ•നസ് കാണിച്ചാല്‍ നാം വിജയിച്ചു. അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ കീഴ്ജീവനക്കാരോട് പരസ്പരബഹുമാനത്തോടെയും, സ്‌നേഹത്തോടെയും ഇടപെട്ടാല്‍ ജീവിതത്തിലെ പിരിമുറുക്കം കുറക്കാന്‍ സാധിക്കും. മറ്റുള്ളവരെ കൊച്ചാക്കുന്നതും, മറ്റുള്ളവരുടെ മുമ്പില്‍ ഇടിച്ചുതാഴ്ത്തി സംസാരിക്കുന്നതും സംസ്‌കാരമുള്ള ആര്‍ക്കും ഭൂഷണമല്ല. അപരനെ തന്നേക്കാള്‍ ശ്രേഷ്ടനായി കരുതാന്‍ വലിയ മനസിനുടമയായിട്ടുള്ളവനേ സാധിക്കൂ. ഫരീശന്റെയല്ല, മറിച്ച് ഒരു ചുങ്കക്കാരന്റെ മനോഭവം ആര്‍ജിക്കാന്‍ നമുക്കു കഴിയണം. 

മറ്റുള്ളവര്‍ നമുക്കായി ചെയ്തുതരുന്ന ചെറിയ സഹായങ്ങള്‍ക്ക് സ്‌നേഹപൂര്‍വം നന്ദി പറയുന്നതിനും, മറ്റുള്ളവരോടു നാം തെറ്റു ചെയ്തു എന്നോ അവരെ വേദനിപ്പിച്ചു എന്നോ ബോദ്ധ്യപ്പെട്ടാല്‍ ആത്മാര്‍ത്ഥമായി ഒരു സോറി പറയുന്നതിനും ഉള്ള ആര്‍ജവം നമുക്കുണ്ടാവണം. നമ്മുടെ ഹൃസ്വജീവിതയാത്രയില്‍ നാം മറ്റുള്ളവരോട് എന്നും കടപ്പെട്ടിരിക്കുന്നു. അമ്മയുടെ ഉദരത്തില്‍ ഉരുത്തിരിയുന്നതുമുതല്‍ മരിച്ചുമണ്ണടിയുന്നതുവരെ നാം മറ്റുള്ളവരുടെ സഹായവും, കാരുണ്യവും എന്നും സ്വീകരിക്കുന്നു. 'നന്ദി ചൊല്ലി തീര്‍ക്കുവാനീജീവിതം പോരാ'. 

എത്രയോ അര്‍ത്ഥവത്തായ വാക്കുകള്‍.
ക്രിസ്മസ്‌രാവില്‍ കിഴക്കുദിച്ച നക്ഷത്രം ആട്ടിടയര്‍ക്കും, പൂജ്യരാജാക്ക•ാര്‍ക്കും വഴികാട്ടിയായതുപോലെ നമുക്കും സ്വയംപ്രകാശിക്കുന്ന നക്ഷത്രവിളക്കുകളായി മറ്റുള്ളവര്‍ക്കു മാര്‍ഗദര്‍ശികളാകാം. ഹൃദയകവാടങ്ങള്‍ മറ്റുള്ളവര്‍ക്കായി തുറന്നിടാനും, ഈ ഹൃസ്വജീവിതം പങ്കുവക്കലിന്റെയും പരസ്പരസ്‌നേഹ ത്തിന്റെയും വിളനിലമാക്കാനും, ലോകത്തിന്റെ അന്ധകാരമകറ്റാനും, കാരുണ്യത്തിന്റെ കൈത്തിരിനാളം അണയാതെ ഉള്ളില്‍ സൂക്ഷിക്കാനും നമുക്കെന്നും കഴിയട്ടെ. മനുഷ്യബന്ധങ്ങളില്‍ വിദ്വേഷത്തിന്റെ മതില്‍തീര്‍ക്കുന്നതിനുപകരം സ്‌നേഹത്തിന്റെ പാലം പണിയുന്നവരായി നമുക്കു മാറാം.

പുതുവര്‍ഷം സന്തോഷപ്രദമാകട്ടെയെന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ഇമലയാളിയുടെ എല്ലാ മാന്യവായനക്കാര്‍ക്കും പുതുവല്‍സരാശംസകള്‍!!!
പ്രകൃതിയുടെ വികൃതി: പുതുവര്‍ഷ ചിന്തകള്‍ (ജോസ് മാളേയ്ക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക