Image

പിന്‍വലിച്ച നോട്ടുകളുമായി വിദേശത്തു നിന്നെത്തുന്ന ഇന്ത്യക്കാര്‍ കസ്റ്റംസിനു വിവരം കൈമാറണമെന്നു സര്‍ക്കുലര്‍

ജോണ്‍ കൊച്ചുകണ്ടത്തില്‍ Published on 02 January, 2017
പിന്‍വലിച്ച നോട്ടുകളുമായി വിദേശത്തു നിന്നെത്തുന്ന ഇന്ത്യക്കാര്‍ കസ്റ്റംസിനു വിവരം കൈമാറണമെന്നു സര്‍ക്കുലര്‍
പിന്‍വലിച്ച 500, 1000 രൂപയുടെ നോട്ടുകളുമായി വിദേശത്തു നിന്നെത്തുന്ന ഇന്ത്യന്‍ പൗരന്മാര്‍ നോട്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് വിഭാഗത്തിനു കൈമാറണമെന്നു സര്‍ക്കുലര്‍.

നോട്ടുകള്‍ പിന്നീട് റിസര്‍വ് ബാങ്ക് ശാഖ വഴി മാറ്റിയെടുക്കുന്നതിന് കസ്റ്റംസ് അധികൃതര്‍ നല്‍കുന്ന ഡിക്ലറേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉപയോഗിക്കാമെന്നും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്‍ഡ് കസ്റ്റംസ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

നിലവില്‍ 25,000 രൂപയുടെ ഇന്ത്യന്‍ കറന്‍സി വരെയാണ് ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിദേശത്തു നിന്നു കൊണ്ടുവരാന്‍ അനുമതിയുള്ളത്. പിന്‍വലിച്ച 500, 1000 രൂപ നോട്ടുകള്‍ കൂടുതലായി വിദേശത്തു നിന്ന് എത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണു നടപടി.

വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതര്‍ നല്‍കുന്ന ഡിക്ലറേഷന്‍ ഫോമില്‍ നോട്ടുകളുടെ വിശദാംശങ്ങള്‍ എഴുതി ഒപ്പിട്ടു നല്‍കണം. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളുടെ എണ്ണവും പ്രത്യേകമായി സൂചിപ്പിക്കണം.

തുടര്‍ന്ന് ഡിക്ലറേഷന്റെ പകര്‍പ്പ് യാത്രക്കാരനു നല്‍കും. പിന്നീട് ആര്‍ബിഐ ശാഖകള്‍ വഴി നോട്ട് മാറ്റിയെടുക്കുന്നതിന് ഡിക്ലറേഷന്‍ ഫോമിന്റെ പകര്‍പ്പ് ഉപയോഗപ്പെടുത്താനാവും. നോട്ടുകള്‍ പരിശോധിക്കുന്നതിനും സാക്ഷ്യപ്പെടുത്തുന്നതിനും രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും കസ്റ്റംസ് ജീവനക്കാരെ പ്രത്യേകമായി നിയമിച്ചിട്ടുണ്ടെന്നും സര്‍ക്കുലറില്‍ പറയുന്നു.

നിലവില്‍ 5,000 യുഎസ് ഡോളര്‍, 10,000 യുഎസ് ഡോളറിനു തുല്യമായ മറ്റു വിദേശ കറന്‍സികള്‍ എന്നിവ യാത്രക്കാര്‍ക്ക് ഡിക്ലറേഷന്‍ കൂടാതെ വിദേശത്തു നിന്നു കൊണ്ടുവരാന്‍ അനുമതിയുണ്ട്.
പ്രവാസികള്‍ക്ക് ജൂണ്‍ 30 വരെ അസാധു നോട്ടുകള്‍ മാറ്റാം പ്രവാസികള്‍ക്ക് അസാധുവാക്കിയ നോട്ടുകള്‍ ബാങ്കുകളില്‍നിന്ന് മാറ്റിയെടുക്കാനുള്ള സമയം ജൂണ്‍ 30 വരെ നീട്ടി റിസര്‍വ് ബാങ്ക് പ്രസ്താവന. മറ്റുള്ളവര്‍ക്ക് അസാധുനോട്ട് മാറ്റിയെടുക്കാനുള്ള സൌകര്യം മാര്‍ച്ച് 31ന് അവസാനിക്കും. നവംബര്‍ ഒമ്പത് മുതല്‍ ഡിസംബര്‍ വരെ രാജ്യത്ത് ഇല്ലാതിരുന്നവര്‍ക്കാണ് സൌകര്യം. പ്രവാസിക്ക് 25,000 രൂപ വരെ മാറ്റിയെടുക്കാനാകും. 

റിസര്‍വ് ബാങ്കിന്റെ മുംബൈ, ന്യൂഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ, നാഗ്പുര്‍ ഓഫീസുകളിലാണ് നോട്ട് മാറ്റിയെടുക്കാന്‍ സൌകര്യം.
പിന്‍വലിച്ച നോട്ടുകളുമായി വിദേശത്തു നിന്നെത്തുന്ന ഇന്ത്യക്കാര്‍ കസ്റ്റംസിനു വിവരം കൈമാറണമെന്നു സര്‍ക്കുലര്‍
Join WhatsApp News
കായംകുളം കൊച്ചുണ്ണി 2017-01-03 06:37:37

കള്ളന്മാർ എവിടെ ചെന്നാലും കള്ളന്മാരാണ്. അല്ലെങ്കിൽ പണം പൂഴ്ത്തി വയ്ക്കാൻ വിദേശത്തു കൊണ്ടുപോകണ്ട ആവശ്യംവല്ലതുമുണ്ടോ. കള്ളന്മാരെ പിടിക്കുന്ന പെരും കള്ളനാണ് നാട് ഭരിക്കുന്നത്


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക