Image

മാടത്തരുവിയിലെ മറിയക്കുട്ടിയും ബെനഡിക്ടച്ചന്റെ വിശുദ്ധ സഹനങ്ങളും (ജോസഫ് പടന്നമാക്കല്‍ )

Published on 05 January, 2017
മാടത്തരുവിയിലെ മറിയക്കുട്ടിയും ബെനഡിക്ടച്ചന്റെ വിശുദ്ധ സഹനങ്ങളും (ജോസഫ് പടന്നമാക്കല്‍ )
അരനൂറ്റാണ്ടുകള്‍ക്കപ്പുറത്തു നടന്ന കുപ്രിസിദ്ധമായ മാടത്തരുവി മറിയക്കുട്ടിക്കൊലക്കേസിനെപ്പറ്റി ഇന്നുള്ള മുതിര്‍ന്ന തലമുറകളില്‍ പലരും ഓര്‍മ്മിക്കുന്നുണ്ടാവാം! ഫാദര്‍ ബെനഡിക്ട് ഓണംകുളം പ്രതിയായിരുന്ന ആ കേസിനെ സംബന്ധിച്ചുള്ള ചൂടുള്ള വാര്‍ത്തകള്‍ വായിക്കാന്‍ ദീപിക കൊണ്ടുവരുന്ന പത്രക്കാരനെ കാത്തിരിക്കുന്നതും ഓര്‍ക്കുന്നു. 

പേപ്പറുകള്‍ ചൂടപ്പം പോലെ വിറ്റഴിയുമായിരുന്നു. കേരളകൗമുദിയും തനിനിറവും ഫാദര്‍ ബെനെഡിക്റ്റിനെ മറിയക്കുട്ടിയുടെ ഘാതകനായി ചിത്രീകരിക്കുമ്പോള്‍ ദീപികയ്ക്കും മനോരമയ്ക്കും അദ്ദേഹം നിഷ്‌കളങ്കനായിരുന്നു. മഞ്ഞപത്രമായ തനിനിറത്തിന്റെ പ്രചരണം പത്തിരട്ടിയായി വര്‍ദ്ധിക്കുകയും ചെയ്തു. അന്നൊക്കെ ഒരു പുരോഹിതനെന്നു പറഞ്ഞാല്‍ വിശ്വാസികളെ സംബന്ധിച്ചടത്തോളം ദൈവതുല്യമായിരുന്നു. ഒരു കൊലക്കേസില്‍ പുരോഹിതന്‍ പ്രതിയാകുന്നതും ശിക്ഷ ലഭിക്കുന്നതും കേരള ചരിത്രത്തിലെ ആദ്യത്തെ സംഭവമായിരുന്നു. 

മാടത്തരുവി കേസെന്നറിയപ്പെട്ടിരുന്ന ഈ സംഭവം അക്കാലങ്ങളില്‍ ഓരോ കത്തോലിക്കന്റെയും ആത്മാഭിമാനത്തിന്റെ പ്രശ്‌നമായും കരുതിയിരുന്നു. കൊല്ലം ഡിസ്ട്രിക്ട് ജഡ്ജ് കുഞ്ഞുരാമന്‍ വൈദ്യര്‍ അദ്ദേഹത്തെ വധശിക്ഷയ്ക്ക് വിധിച്ചു. പിന്നീട് കേരള ഹൈക്കോടതിയിലെ ജഡ്ജി പി.റ്റി രാമന്‍ നായരുടെ വിധിയില്‍ നിരുപാധികം കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു.

ഫാദര്‍ ബെനഡിക്റ്റ് 1929ല്‍ അതിരംപുഴയിലുള്ള ഒരു സിറിയന്‍ കത്തോലിക്കാ കുടുംബത്തില്‍ ജനിച്ചു. മാന്നാനം, സെന്റ് എപ്രേം സ്‌കൂളില്‍ വിദ്യാഭ്യാസം. ആറാം കഌസ് പഠനം പൂര്‍ത്തിയാക്കിയശേഷം 1950ല്‍ ഒരു പുരോഹിതനാകാന്‍ സെമിനാരിയില്‍ ചേര്‍ന്നു.1959ല്‍ പൗരാഹിത്യ പട്ടം സ്വീകരിക്കുകയും ചങ്ങനാശേരി രൂപതയുടെ കീഴിലുള്ള വിവിധ പള്ളികളില്‍ സേവനം അനുഷ്ഠിക്കുകയും ചെയ്തു. 1962ല്‍ മന്ദമാരുതിയടുത്തുള്ള കണ്ണമ്പള്ളി പള്ളിയില്‍ വികാരിയായി ചുമതലകള്‍ വഹിച്ചു. അതിനുശേഷം 19621964 വരെ ആലപ്പുഴ ചക്കരക്കടവ് പള്ളിയില്‍ വികാരിയായിരുന്നു. അക്കാലഘട്ടത്തിലാണ് ഭര്‍ത്താവിനെ ഉപേക്ഷിച്ച മറിയക്കുട്ടിയും ഫാദര്‍ ബെനഡിക്റ്റുമായി സൗഹാര്‍ദ്ദബന്ധത്തിലാകുന്നത്. അതിനുശേഷം അദ്ദേഹം ചങ്ങനാശേരിയില്‍ സെന്റ് ജോസഫ്‌സ് ഓര്‍ഫനേജ് പ്രസ്സില്‍ മാനേജരായി ചുമതലയെടുത്തു. മറിയക്കുട്ടി കൊലക്കേസില്‍ അറസ്റ്റ് ചെയ്യുന്നതുവരെ സേവനം അവിടെ തുടര്‍ന്നു.

1966 ജൂണ്‍ പതിനാറാം തിയതി 43 വയസുണ്ടായിരുന്ന മറിയക്കുട്ടിയുടെ മൃതദേഹം മന്ദമാരുതിയിലെ മാടത്തരുവിയിലുള്ള ഒരു തേയിലത്തോട്ടത്തില്‍, അജ്ഞാതനിലയില്‍ കണ്ടെത്തി. അവര്‍ അഞ്ചു മക്കളുള്ള വിധവയായ ഒരു സ്ത്രീയായിരുന്നു. മാടത്തരുവിയുടെ തീരത്ത് അക്കരെ ഒരു വനത്തിനഭിമുഖമായി ശവം കിടന്നിരുന്നു. ചുറ്റും വീടുകളില്ലാതെ അവിടം ഒരു വിജനമായ പ്രദേശമായിരുന്നു. ഇട്ടിരുന്ന വസ്ത്രമായ ചട്ട ഒരു കൈയുടെ ഇടയിലായി കുടുങ്ങി കിടന്നിരുന്നു. മരിച്ച ശരീരത്തിന്റെ അരയ്ക്കു മുകള്‍ഭാഗവും മാറിടവും നഗ്‌നമായിട്ടായിരുന്നു കിടന്നിരുന്നത്. ഒരു ചെവിയുടെ അറ്റത്തു നിന്ന് മറ്റേ ചെവിയുടെ അറ്റം വരെ കഴുത്തു മുറിച്ചിട്ടുണ്ടായിരുന്നു. ചങ്കത്തും അടിവയറിലും അനേക മുറിവുകളുമുണ്ടായിരുന്നു. ശരീരത്തില്‍ ആഭരണവും ധരിച്ചിരുന്നു. ശരീരത്തിന്റെ താഴെ ഭാഗമായി ഒരു ബെഡ്ഷീറ്റും സമീപത്ത് ഒരു കുടയുമുണ്ടായിരുന്നു. 

ശവം കിടന്നിരുന്ന സ്ഥലത്തിലെ വസ്തുവിന്റെ ഉടമസ്ഥനാണ് ആദ്യം മരിച്ചു കിടക്കുന്നതു കണ്ടത്. കേസ്, രാജ്യം മുഴുവനും വ്യാപിക്കുകയുമുണ്ടായി. പത്രങ്ങളും മാസികകളും മറിയക്കുട്ടി കൊലക്കേസിനെ സംബന്ധിച്ച വാര്‍ത്തകള്‍ വലിയ കോലാഹലത്തോടെ പ്രസിദ്ധീകരിച്ചുകൊണ്ടുമിരുന്നു. മറിയക്കുട്ടി കൊലപാതകത്തെ മാടത്തരുവി അല്ലെങ്കില്‍ മന്ദമാരുതി കേസെന്നായിരുന്നു അറിയപ്പെട്ടിരുന്നത്.

മറിയക്കുട്ടി മക്കളുമൊത്ത് അമ്മയുടെ കൂടെയായിരുന്നു താമസിച്ചിരുന്നത്. ആലപ്പുഴ പട്ടണത്തിലുള്ള അവലൂക്കുന്നിലായിരുന്നു അവരുടെ ഭവനം. മൂന്നു പ്രാവശ്യം അവര്‍ വിവാഹിതയായി. മൂന്നാം വിവാഹത്തിലെ ഭര്‍ത്താവ് രോഗബാധിതനായി ശരീരം തളര്‍ന്നു പോയതുകൊണ്ട് അയാളെയും ഉപേക്ഷിച്ചിരുന്നു. പിന്നീട് മരിക്കുന്നവരെ അഞ്ചുവര്‍ഷത്തോളം കൂലിവേല ചെയ്തു  അഞ്ചു മക്കളെയും അമ്മയെയും നോക്കി ജീവിച്ചു. ഇളയ മകന്‍ അവര്‍ മരിക്കുന്നതിനു രണ്ടു വര്‍ഷം മുമ്പ് ജനിച്ചതാണ്. 

പള്ളിയുമായി മൂന്നു മൈല്‍ ദൂരത്തിലായിരുന്നു മറിയക്കുട്ടി താമസിച്ചിരുന്നത്. ഇളയ കുട്ടി ഉണ്ടായ സമയത്തു തന്നെയാണ് അവരുടെ ഉപേക്ഷിച്ച മൂന്നാം ഭര്‍ത്താവ് മരിച്ചത്. മറിയക്കുട്ടി മരിക്കുന്ന തലേ ദിവസം ജൂണ്‍ പതിനാലാം തിയതി അവര്‍ വീട്ടില്‍നിന്നു എവിടേക്കോ യാത്രപോയതായി അവരുടെ അമ്മയും പതിനാറു വയസുള്ള മകളും സാക്ഷി പറഞ്ഞിരുന്നു. അതിനുമുമ്പ് ജൂണ്‍ നാലാം തിയതി മറിയക്കുട്ടിയും ഫാദര്‍ ബെനഡിക്റ്റും തമ്മില്‍ ചങ്ങനാശേരിയില്‍ കണ്ടു മുട്ടിയിരുന്നു. അരമനയ്ക്ക് പുറത്തായി ഒരു ബുക്ക് ഡിപ്പോയുടെ ചുമതല ബെനെഡിക്റ്റാണ് വഹിച്ചിരുന്നത്. അവിടെ അദ്ദേഹത്തിന് ഒരു സ്വകാര്യ മുറിയുമുണ്ടായിരുന്നു.

ആലപ്പുഴയില്‍ ചക്കരപ്പള്ളിയില്‍ പള്ളിയുടെ വക പാവങ്ങള്‍ക്കായുള്ള ഗോതമ്പും പാല്‍പ്പൊടിയും വിതരണം ചെയ്യുന്ന ചുമതല ഫാദര്‍ ബെനഡിക്റ്റിനായിരുന്നു. മറിയക്കുട്ടിയുടെ കുടുംബത്തിന്റെ ദാരിദ്ര്യം ഈ പുരോഹിതനറിയാമായിരുന്നു. അവര്‍ക്കാവശ്യമുള്ളപ്പോഴെല്ലാം പള്ളിവക സാമ്പത്തിക സഹായങ്ങളും അച്ചന്‍ വഴി ചെയ്തുകൊണ്ടിരുന്നു. 

ആലപ്പുഴ പള്ളിയിലും ചങ്ങനാശേരിയിലും മന്ദമാരുതിയിലും ഫാദര്‍ ബെനഡിക്റ്റ് സേവനം ചെയ്തിട്ടുള്ളതിനാല്‍ പോലീസ് അദ്ദേഹത്തെ സംശയിക്കുകയും ചെയ്തു. ഒരു പുരോഹിതനും സ്ത്രീയുമായി ഒന്നിച്ചു കണ്ടവരായി മന്ദമാരുതിയിലുള്ളവരുടെ ദൃക്‌സാക്ഷി വിവരങ്ങളിലുണ്ടായിരുന്നു. മറിയക്കുട്ടിയുടെ ഇളയ പുത്രന്റെ പിതാവ് ഫാദര്‍ ബെനഡിക്റ്റായിരുന്നുവെന്ന് ഊഹോപാഹങ്ങളും പകര്‍ന്നിരുന്നു. അതുമൂലം മറിയക്കുട്ടി ഫാദര്‍ ബെനഡിക്റ്റിനെ നിത്യം ശല്യപ്പെടുത്തിക്കൊണ്ടിരുന്നുവെന്നും കഥകളുണ്ടായി. ഒടുവില്‍ ഫാദര്‍ ബെനഡിക്റ്റ് അവരെ വധിക്കാന്‍ പദ്ധതിയിട്ടുവെന്നായിരുന്നു ജനസംസാരം.

1966 ജൂണ്‍ ഇരുപത്തിയാറാം തിയതി ഫാദര്‍ ബെനഡിക്റ്റ് ഓണംകുളത്തിനെ അറസ്റ്റു ചെയ്തു. അദ്ദേഹം കുറ്റക്കാരനെന്നു കൊല്ലം സെഷന്‍സ് കോടതിയില്‍നിന്നു വിധിയുണ്ടായി. 1966 നവംബര്‍ പത്താംതീയതി അഞ്ചുകൊല്ലം കഠിനതടവിനും മരണം വരെ തൂക്കാനും വിധിച്ചു. ഫാദര്‍ ബെനഡിക്റ്റിന്റെ കേസിനാസ്പദമായ കോടതിയിലെ വാദമുഖങ്ങളെല്ലാം സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു. സംഭവം നേരിട്ടു കണ്ട ഒരു ദൃക്‌സാക്ഷിയും ഉണ്ടായിരുന്നില്ല. സംശയത്തിന്റെ രേഖകളായിരുന്നു കോടതികളില്‍ ഹാജരാക്കിയിരുന്നത്. അതേ സമയം ഫാദര്‍ ബെനഡിക്റ്റിനെ മന്ദമാരുതിയില്‍ കൊലചെയ്ത ദിവസത്തിലെ സന്ധ്യാസമയത്ത് കുപ്പായ വേഷത്തില്‍ കണ്ടവരുമുണ്ട്. സംശയത്തിന്റെ നൂലാമാലകള്‍ കോര്‍ത്തിണക്കിയ ജഡ്ജി കുഞ്ഞിരാമ വൈദ്യന്റെ വിധിന്യായത്തില്‍ സഭാ മക്കള്‍ മുഴുവനും ദുഃഖിതരായിരുന്നു. ഒരു കുഞ്ഞെലിയെപ്പോലും കൊല്ലാന്‍ അദ്ദേഹം കുറ്റം ചെയ്തിട്ടില്ലന്നായിരുന്നു, അന്നത്തെ ലോകം ചിന്തിച്ചിരുന്നത്.

മന്ദമാരുതിയില്‍ പോലീസ് അകമ്പടികളോടെ ഫാദര്‍ ബെനഡിക്റ്റിനെ തെളിവെടുപ്പുകള്‍ക്കായി കൊണ്ടുവന്നപ്പോള്‍ വലിയൊരു ജനക്കൂട്ടം അവിടെ തടിച്ചുകൂടിയിട്ടുണ്ടായിരുന്നു. പോലീസ് ജീപ്പില്‍ വന്നെറങ്ങിയ അച്ചന്‍ യാതൊരു സംശയവുമില്ലാതെ, ഇടവും വലവും നോക്കാതെ മറിയക്കുട്ടിയെ കൊല ചെയ്ത സ്ഥലം നടന്നുപോയി കൃത്യമായി കാണിച്ചുകൊടുത്തു. അത് വിസ്മയകരമായി നോക്കി നിന്ന ദൃക്‌സാക്ഷികളുമുണ്ടായിരുന്നു. കത്തിയെറിഞ്ഞ സ്ഥലവും സംശയമില്ലാതെ ചൂണ്ടികാണിച്ചു. കൊലപാതകം നടന്ന രാത്രികളില്‍ ബനഡിക്റ്റച്ചന്‍ ചങ്ങനാശേരി അരമനയില്‍ ഇല്ലായിരുന്നുവെന്ന് അവിടുത്തെ അന്തേവാസികള്‍ തെളിവുകളും കൊടുത്തിരുന്നു. പിന്നീട് കോടതിയില്‍ സാക്ഷിയായി വിസ്തരിക്കേണ്ട സമയം വന്നപ്പോള്‍ അവരെല്ലാം ഓരോ കാരണങ്ങള്‍ പറഞ്ഞു മുങ്ങുകയും ചെയ്തു.

അന്ന് ചങ്ങനാശേരി ബിഷപ്പായിരുന്ന മാത്യു കാവുകാട്ടിനെ വിസ്തരിച്ചാല്‍ സത്യം പുറത്താകുമെന്ന് ഭയന്ന് അദ്ദേഹത്തെ സാക്ഷിയാക്കിയില്ല. കുറ്റം ചെയ്തവന്‍ ശിക്ഷിക്കപ്പെടണമെന്ന നിലപാടായിരുന്നു ബിഷപ്പിനുണ്ടായിരുന്നത്.

സാധാരണക്കാരായ ഭൂരിഭാഗം ജനങ്ങളും അക്കാലങ്ങളില്‍ ഫാദര്‍ ബെനഡിക്റ്റ് നിഷ്‌കളങ്കനെന്നു കരുതിയിരുന്നു. കത്തോലിക്കാ സഭ അന്ന് ഹൈക്കോടതിയില്‍ അപ്പീല്‍ കൊടുത്തു. ജഡ്ജി പി.ടി. രാമന്‍ നായരുടെയും സഹ ജഡ്ജി വി.പി. ഗോപാലന്റെയും ബെഞ്ചില്‍ നിന്നായിരുന്നു ഫാദര്‍ ബെനഡിക്റ്റിനെ വെറുതെ വിട്ടുകൊണ്ടുള്ള വിധി വന്നത്. ഹൈക്കോടതി അഭിഭാഷകന്‍ കെ.ടി. തോമസും സുപ്രീം കോടതിയിലെ പ്രഗത്ഭ അഭിഭാഷകന്‍ എ.എസ്.ആര്‍ ചാരിയും ഒത്തൊരുമിച്ച് ഫാദര്‍ ബെനെഡിക്റ്റിനുവേണ്ടി അക്കാലത്ത് കേസ് വാദിച്ചു. വിധിയുടെ അടുത്ത ദിവസം തിരുവനന്തപുരം ജയിലില്‍നിന്നും അദ്ദേഹം മോചിതനാക്കപ്പെട്ടു. ചങ്ങനാശേരിയില്‍ മടങ്ങി പോവുന്ന വഴി വലിയയൊരു ജനക്കൂട്ടം റോഡിന്റെ ഇരുഭാഗങ്ങളിലുമായി നിന്നിരുന്നു. ചങ്ങനാശേരിയില്‍ തിങ്ങിക്കൂടിയിരുന്ന ജനങ്ങള്‍ അദ്ദേഹത്തിന് സ്വീകരണം നല്‍കുകയും ചെയ്തു.

അഡ്വക്കേറ്റ് ചാരി 1908ല്‍ സെക്കന്‍ഡറാബാദില്‍ ജനിച്ചു. ഒരു റെയില്‍വെ ക്ലര്‍ക്കിന്റെ ആറു മക്കളില്‍ ഇളയ മകനായിരുന്നു. 19501960 കാലങ്ങളില്‍ ഇന്ത്യയില്‍ അറിയപ്പെട്ടിരുന്ന ഏറ്റവും വലിയ ക്രിമിനല്‍ വക്കീലായിരുന്നു. കൂടാതെ ഭരണഘടനനിയമങ്ങളും തൊഴില്‍ നിയമങ്ങളും വശമാക്കിയിരുന്ന പ്രസിദ്ധനുമായിരുന്നു. ചെറുപ്പകാലങ്ങളില്‍ സ്വാതന്ത്ര്യ സമരങ്ങളിലും ഏര്‍പ്പെട്ടിരുന്നു. പിന്നീട് കമ്മ്യുണിസ്റ്റു പാര്‍ട്ടിയില്‍ ചേരുകയും അനേക രാഷ്ട്രീയ അറസ്റ്റുകള്‍ക്ക് വിധേയമാവുകയുമുണ്ടായി. പല തവണകള്‍ ജയില്‍ വാസവും അനുഷ്ടിച്ചു. 1954ല്‍ സുപ്രീം കോടതിയിലെ പ്രശസ്തനായ സീനിയര്‍ അഭിഭാഷകനായിരുന്നു. ചെറുപ്പകാലം മുതല്‍ കമ്മ്യുണിസ്റ്റാശയങ്ങളില്‍ ആകൃഷ്ടനായിരുന്നു. 

അഡ്വേക്കേറ്റ് ചാരി ഏറ്റെടുത്ത കേസുകള്‍ ഒരിക്കലും പരാജയപ്പെടുകില്ലെന്നു അക്കാലങ്ങളില്‍ ഒരു പറച്ചിലുമുണ്ടായിരുന്നു. മറിയക്കുട്ടിയെ കൊന്നുവെന്നു കരുതുന്ന കത്തികൊണ്ട് ഒരു കോഴിയെപ്പോലും കൊല്ലാന്‍ സാധിക്കില്ലെന്ന് ചാരി വാദിച്ചു. നിലാവുള്ള ഒരു രാത്രിയില്‍ ചൂട്ടു വെട്ടത്തില്‍ അപരിചിതനായ ഘാതകന്റെ മുഖം തിരിച്ചറിഞ്ഞെന്നുള്ള സാക്ഷിയുടെ മൊഴിയും 'ചാരി' ചോദ്യം ചെയ്തിരുന്നു. പകല്‍പോലും ഒറ്റയ്ക്ക് നടക്കുമ്പോള്‍ ശ്രദ്ധിക്കപ്പെടുന്ന കുപ്പായമണിഞ്ഞ ഒരു പുരോഹിതന്‍, സന്ധ്യാസമയത്ത് ഒരു സ്ത്രീയുമായി നടന്നുപോകുന്നത് കണ്ടുവെന്ന രേഖപ്പെടുത്തലും അവിശ്വസിനീയമെന്നു ചാരി കോടതിയെ അറിയിച്ചു.

ഹൈക്കോടതിയില്‍ അപ്പീല്‍ കൊടുത്ത് ഫാദര്‍ ബെനഡിക്റ്റ് കുറ്റവിമുക്തനായെങ്കിലും കൊലയാളിയെന്ന പേര് സഭയ്‌ക്കോ ഫാദര്‍ ബെനഡിക്റ്റിനോ നീക്കം ചെയ്യാന്‍ സാധിക്കില്ലായിരുന്നു. അക്കാലങ്ങളില്‍ ഫാദര്‍ ബെനഡിക്റ്റിന്റെ നിഷ്‌ക്കളങ്കത പ്രകടിപ്പിച്ചുകൊണ്ട് മൈനത്തരുവിയെന്നും മാടത്തരുവിയെന്നും പേരുകളില്‍ രണ്ടു സിനിമകള്‍ പുറത്തിറങ്ങിയിരുന്നു. കുറച്ചൊക്കെ ജനങ്ങളുടെ മനസ്സില്‍ സിനിമകള്‍ സ്വാധീനം ചൊലുത്തുകയുമുണ്ടായി. പിന്നീട് അദ്ദേഹം കന്യാകുമാരിയിലുള്ള ഒരു മിഷ്യനില്‍ അജ്ഞാതനായി സേവനം ചെയ്യുകയായിരുന്നു. അവസാനകാലം പുരോഹിതര്‍ക്കുള്ള ഒരു നേഴ്‌സിങ് ഹോമില്‍ കഴിഞ്ഞുവന്നു. പതിറ്റാണ്ടുകള്‍ കഴിഞ്ഞശേഷം മാടത്തരുവി കേസ് മനുഷ്യമനസ്സില്‍ നിന്നും മാഞ്ഞിരുന്ന കാലത്താണ് രണ്ടു പുരോഹിതരും ഒരു കന്യാസ്ത്രീയും ഉള്‍പ്പെട്ട അഭയാ കേസ് പൊങ്ങിവന്നത്. ഒപ്പം മാടത്തരുവി കേസും സംസാര വിഷയമായി തീര്‍ന്നു.

കുപ്രസിദ്ധ മറിയക്കുട്ടി കൊലക്കേസിനു 35 വര്‍ഷങ്ങള്‍ക്കുശേഷം ഒരു ഡോക്ടറുടെ 94 വയസുള്ള വിധവയും കുടുംബവും മറിയക്കുട്ടി മരിച്ചതെങ്ങനെയെന്നുള്ള സത്യാവസ്ഥ ബോധിപ്പിക്കാന്‍ ഫാദര്‍ ബെനഡിക്റ്റിനെ സന്ദര്‍ശിച്ച വിവരം ദീപിക ഒരു വാര്‍ത്തയായി പ്രസിദ്ധീകരിച്ചിരുന്നു. രണ്ടായിരാമാണ്ട് ജനുവരി പതിനാലാം തിയതി ഡോക്ടറുടെ വിധവ 'മുടിയൂര്‍ക്കര നേഴ്‌സിങ് ഹോമില്‍' താമസിച്ചിരുന്ന ഫാദര്‍ ബെനഡിക്റ്റിനെ സന്ദര്‍ശിച്ചു. മറിയക്കുട്ടിയുടെ മരണത്തിനു കാരണക്കാരന്‍ തന്റെ ഭര്‍ത്താവാണെന്നുള്ള സത്യം അവര്‍ അദ്ദേഹത്തെ അറിയിച്ചു.വിധവയായ ഈ സ്ത്രീയുടെ ഡോക്ടറായ ഭര്‍ത്താവ് ഗര്‍ഭിണിയായ മറിയക്കുട്ടിയില്‍ ഗര്‍ഭഛിന്ദ്രം നടത്തിയിരുന്നു. ഗര്‍ഭം അലസിപ്പിക്കുന്നതിനിടയില്‍ അവര്‍ മരിച്ചുപോയി. 

 മറിയക്കുട്ടിയുടെ ഗര്‍ഭത്തിലുള്ള കുഞ്ഞിന്റെ കാരണക്കാരന്‍ ഒരു എസ്റ്റേറ്റുടമയായിരുന്നു. മറിയക്കുട്ടി എസ്റ്റേറ്റുടമയോട് വീതം ചോദിച്ചു ശല്യപ്പെടുത്തികൊണ്ടിരുന്നു. ഫാദര്‍ ബനഡിക്റ്റിനെ കുടുക്കാന്‍ എസ്റ്റേറ്റുടമ എല്ലാ സാഹചര്യ തെളിവുകള്‍ ഉപയോഗിച്ചും മേലാധികാരികളെ സ്വാധീനിച്ചും പണം ചെലവാക്കിക്കൊണ്ടിരുന്നു. ശവശരീരം മന്ദമാരുതിയില്‍ ഉപേക്ഷിക്കുകയായിരുന്നു. സംഭവമായി ബെനഡിക്റ്റിനു യാതൊരു അറിവുമില്ലായിരുന്നു. എന്നാല്‍ ആ ഡോക്ടറുടെ പേരോ കുടുംബത്തിന്റെ വിവരങ്ങളോ എസ്റ്റേറ്റുടമയാരെന്നോ ദീപിക പത്രം വെളിപ്പെടുത്തിയിട്ടില്ല. ഡോക്ടറുടെ വിധവയുടെ കുമ്പസാരം സഭ കളിച്ച ഒരു നാടകമായി മാത്രമേ സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് കരുതാന്‍ സാധിക്കുള്ളൂ. ആടിനെ പട്ടിയാക്കും വിധം ഒരു കള്ളത്തെ സത്യമാക്കാന്‍ നൂറുവിധമുള്ള കള്ളങ്ങള്‍കൊണ്ട് പുരോഹിതര്‍ ഫാദര്‍ ബെനഡിക്റ്റ് ഓണംകുളത്തെ വെള്ള പൂശിക്കൊണ്ടിരിക്കുന്നു.

ചില അര്‍ദ്ധപണ്ഡിതരായ പുരോഹിതര്‍ ഫാദര്‍ ബെനഡിക്റ്റിന്റെ നിഷ്‌കളങ്കതയുടെ കഥകള്‍ പത്രങ്ങളിലും മാസികകളിലും എഴുതാനും തുടങ്ങി. ഡോക്ടറുടെ മരണത്തിനു മുമ്പും ശേഷവും ആ കുടുംബത്തിന് അനേക കഷ്ടപ്പാടുകള്‍ സംഭവിച്ചുവെന്നും അവരുടെ സ്വത്തുക്കള്‍ മുഴുവന്‍ നഷ്ടപ്പെട്ടുവെന്നും കുഞ്ഞുങ്ങള്‍ ഉള്‍പ്പടെ പലര്‍ക്കും പലവിധ രോഗങ്ങള്‍ ബാധിച്ചുവെന്നുമുള്ള കഥകള്‍ പുരോഹിത ലേഖനങ്ങളില്‍ നിറഞ്ഞിരിക്കുന്നു. ജനിക്കുന്ന കുട്ടികള്‍ കൂടുതലും മാനസിക രോഗികളും മന്ദ ബുദ്ധികളും അംഗഭംഗം വന്നവരുമായിരുന്നു. ഒരു പുരോഹിതന്റെ ശാപം ആ കുടുംബത്തുണ്ടെന്ന ധ്യാനഗുരുക്കന്മാരുടെ വെളിപാടുകളും വൃദ്ധയായ വിധവയെയും മക്കളെയും പശ്ചാത്താപത്തിങ്കലെത്തിച്ചു. വിധവയുടെ കുമ്പസാരം നടന്നെങ്കിലും ഫാദര്‍ ബെനഡിക്റ്റ് ഈ കഥ വീണ്ടും രഹസ്യമായി സൂക്ഷിച്ചു. ചങ്ങനാശേരിയിലെ ആര്‍ച്ച് ബിഷപ്പ് പൗവത്തിനോടുമാത്രം കുമ്പസാര രഹസ്യം പറഞ്ഞതായും പുതിയ കഥയിലുണ്ട്. പതിനൊന്നു മാസം കഴിഞ്ഞപ്പോഴാണ് ബനഡിക്റ്റിന്റെ കഥ വാര്‍ത്താ മീഡിയാകള്‍ പുറത്തുവിട്ടത്. അപ്പോഴേക്കും ഡോക്ടറുടെ വിധവയായ വൃദ്ധയും മരിച്ചിരുന്നു.

പുതിയ കുമ്പസാര രഹസ്യം വെളിപ്പെടുത്തിയതുമൂലം ഫാദര്‍ ബെനഡിക്റ്റ് നിഷ്‌കളങ്കനെന്നു ബോധ്യമായതായി ഭൂരിഭാഗം ജനതയും വിശ്വസിക്കുന്നു. ഡോക്ടറുടെ പേരോ വിധവയുടെ പേരോ അവര്‍ ആരെന്നോ പത്രങ്ങളില്‍ വ്യക്തമാക്കുന്നില്ല. അവരുടെ കുടുംബം കാഞ്ഞിരപ്പള്ളിയിലെന്നും പറയുന്നു. ഇത്രമാത്രം ദുരിതം സംഭവിച്ച ഒരു ഡോക്ടറുടെ കുടുംബ കഥ കാഞ്ഞിരപ്പള്ളി നാട്ടുകാര്‍ക്കും അറിവില്ല. ബനഡിക്റ്റിനെ വിശുദ്ധനാക്കാന്‍ പുരോഹിതര്‍ നെയ്‌തെടുത്ത കഥയെന്നും ചിലര്‍ കരുതുന്നു. കോടതി കേസുകള്‍ക്ക് സഭ ചെലവാക്കിയ പണം നൂറു മേനിയായി വിളയിക്കണമെങ്കില്‍ ബെനഡിക്റ്റിനെ വിശുദ്ധനാക്കേണ്ടതുമുണ്ട്. ഊരും പേരും നല്‍കാതെ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചാല്‍ അത് വെറും വ്യാജമായ കഥയായി മാത്രമേ ചിന്തിക്കുന്നവര്‍ക്ക് തോന്നുകയുള്ളൂ. ബോധപൂര്‍വം യുക്തിയോടെ ചിന്തിക്കുന്നവര്‍ ന്യൂനപക്ഷവുമാണ്.

മാടത്തരുവി കൊലകേസിന്റെ പുതിയ കഥകളും പതിപ്പുകളും അത്യന്തം രസകരമായിത്തന്നെ പുരോഹിതര്‍ വിറ്റുകൊണ്ടിരിക്കുന്നു. 'ഡി എന്‍ എ' ടെസ്റ്റില്‍ മറിയക്കുട്ടിയുടെ മകന്റെ പിതാവ് ഫാദര്‍ ബെനഡിക്റ്റല്ലെന്നു വ്യക്തമായതുകൊണ്ടാണ് ഹൈക്കോടതി കുറ്റവിമുക്തനാക്കിയതെന്ന്' പുരോഹിതര്‍ പ്രചരിപ്പിക്കുന്നു. അത്തരം ശാസ്ത്രീയമായ ടെസ്റ്റുകള്‍ ലോകത്തൊരിടത്തും അക്കാലത്തുണ്ടായിരുന്നില്ല. പോരാഞ്ഞ് ഹൈക്കോടതി തയ്യാറാക്കിയ വിധിന്യായത്തില്‍ ഈ ടെസ്റ്റിന്റെ കാര്യം സൂചിപ്പിച്ചിട്ടുമില്ല. ഇങ്ങനെയുള്ള മണ്ടത്തരങ്ങള്‍ പുരോഹിതര്‍ പറയുന്നത് 'യൂട്യൂബില്‍' ശ്രദ്ധിക്കാം. 

മറിയക്കുട്ടിയെ ഗര്‍ഭചിന്ദ്രം നടത്തിയ ഡോക്ടറും ഗര്‍ഭിണിയാക്കിയ എസ്റ്റേറ്റ് മുതലാളിയും മരിച്ചു കഴിഞ്ഞാണ് കുമ്പസാരം നടത്തുന്നത്. മരിച്ചു കഴിഞ്ഞ വ്യക്തികളുടെ മേല്‍ വിധവയായ ഒരു വൃദ്ധ കുമ്പസാരം നടത്തിയാല്‍ എന്ത് വിലയാണുള്ളത്? ജീവിക്കുന്ന വ്യക്തി മരിച്ചവരുടെ പാപങ്ങള്‍ക്ക് ക്ഷമ ചോദിക്കുന്നതിലെ യുക്തിയും മനസിലാകുന്നില്ല. അതും സമനില തെറ്റാന്‍ സാധ്യതയുള്ള മരിച്ചയാളിന്റെ ഭാര്യയായ 94 വയസുള്ള വൃദ്ധയാണ് കുമ്പസാരം നടത്തിയിരിക്കുന്നത്. അതുമൂലം ഫാദര്‍ ബെനഡിക്റ്റിന്റെ ശവകുടീരത്തിന് ഒരു പരസ്യമാവുകയും അവിടെ തീര്‍ത്ഥാടകരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുകയും ചെയ്യുന്നു. അത്ഭുതങ്ങളുടെ കഥകളും ബെനഡിറ്റിന്റെ കുടീരത്തില്‍ നിന്നു പ്രവഹിക്കുന്നത് കേള്‍ക്കാം. സഭയുടെ ഫാക്ടറിയില്‍ അങ്ങനെ വിശുദ്ധരെ സൃഷ്ടിച്ചുകൊണ്ടുള്ള മാര്‍ക്കറ്റിങ്ങ് തകൃതിയായി നടക്കുന്നതും കാണാം.

പുരോഹിതര്‍ മെനഞ്ഞെടുത്തിരിക്കുന്ന ഈ കുമ്പസാര രഹസ്യത്തിന്റെ യുക്തി എന്താണ്? ഡോക്ടര്‍ ചെയ്ത പാപത്തിനു മക്കള്‍ എന്ത് പിഴച്ചു? യാതൊരു കുറ്റവും ചെയ്യാത്ത അയാളുടെ ഭാര്യ അതിനു പരിഹാരവും ക്ഷമയും പറയണോ? ഫാദര്‍ ബെനഡിറ്റ് അതെല്ലാം പണ്ടേ ക്ഷമിച്ചിരുന്നുവെന്നു പറയുന്നു. ആരോട്, സ്വയമോ! മാതാപിതാക്കള്‍ ചെയ്ത കുറ്റങ്ങള്‍ക്ക് തലമുറകളും ശാപം മേടിക്കണോ? ഇത്തരം പുരോഹിതര്‍ പ്രചരിപ്പിക്കുന്ന അന്ധവിശ്വാസങ്ങള്‍ നേരാണെന്നു വിചാരിക്കുന്നവരാണ് സഭയില്‍ ഭൂരിഭാഗവുമുള്ളത്. ബൗദ്ധികമായി വിശ്വാസികളെ പുരോഹിതര്‍ അടിമപ്പെടുത്തിയെന്നു വേണം ഇതില്‍ നിന്നു മനസിലാക്കാന്‍!

ബെനഡിക്റ്റിനെ വധശിക്ഷയ്ക്കു വിധിച്ച ജഡ്ജി കുഞ്ഞുരാമന്‍ വൈദ്യര്‍
(Judge Kunjuraman Vaidyar) ആരോഗ്യവാനായി പൂര്‍ണ്ണ ആയുസുവരെ ജീവിച്ചു. അദ്ദേഹത്തിന്റെ മകന്‍ ഭരത് ഭൂഷണ്‍,ഐ.എ.എസ് (E.K. Bharat Bhushan)കേരള ചീഫ് സെക്രട്ടറിയായി വിരമിച്ചു. മറ്റു മക്കള്‍ ഡോക്ടേഴ്‌സും ഉന്നത ഡിഗ്രികളുമായി അമേരിക്കയിലും വിദേശ രാജ്യങ്ങളിലും ജോലി ചെയ്യുന്നു. പുരോഹിത ശാപമെന്ന പേരില്‍ വിശ്വാസികളെ ഭയപ്പെടുത്തിയാലെ പുരോഹിതര്‍ക്ക് അവരെ ചൂഷണം ചെയ്യാന്‍ സാധിക്കുള്ളൂ.

ഫാദര്‍ ബെനഡിക്റ്റ് ഓണംകുളം 2001 ജനുവരി മൂന്നാം തിയതി മരണമടഞ്ഞു. മരിച്ചശേഷം അദ്ദേഹത്തെപ്പറ്റിയുള്ള പുകഴ്ത്തലുകള്‍ നാടിന്റെ നാനാ ഭാഗത്തുനിന്നുമുണ്ടായിരുന്നു. ഫാദര്‍ ബെനഡിക്റ്റ് വളരെയേറെ പീഡനങ്ങളും സഹനങ്ങളും അനുഭവിച്ചെന്നും അതുമൂലം പുരോഹിത ലോകമാകമാനം അപമാനം സഹിക്കേണ്ടി വന്നുവെന്നും സഭയ്ക്കും ഒരു ശാപം പോലെയായെന്നും എന്നിട്ടും സഭ അദ്ദേഹത്തിന്റെ വിശുദ്ധമായ ജീവിതം കാരണം ഒപ്പം നിന്നുവെന്നും ന്യായികരിക്കുന്നു.സത്യം അദ്ദേഹത്തിനറിയാമെങ്കിലും ആരോടും പരിഭവമില്ലാതെ, പരാതിയില്ലാതെ നിശ്ശബ്ദനായി ജീവിതം തുടര്‍ന്നുവെന്നും ശിഷ്ടകാലം ആ സഹനമൂര്‍ത്തി പരിശുദ്ധമായ ജീവിതം നയിച്ചുവെന്നും വിശുദ്ധ നടപടികളുമായി മുമ്പോട്ടുപോകുന്നവര്‍ അദ്ദേഹത്തെ പ്രകീര്‍ത്തിക്കുന്നു.

2001 ജനുവരി നാലാം തിയതി ഫാദര്‍ ബെനഡിക്റ്റിനെ കോട്ടയത്തിനു സമീപമുള്ള അതിരംപുഴയിലെ സെന്റ് മേരിസ് ഫൊറോനാ പള്ളിയില്‍ മറവു ചെയ്തു. പുരോഹിതരും കന്യാസ്ത്രികളും ബിഷപ്പും ആര്‍ച്ചു ബിഷപ്പുമാരുമടങ്ങിയ വലിയൊരു ജനസമൂഹം ശവസംസ്‌ക്കാര ചടങ്ങുകളില്‍ പങ്കുചേര്‍ന്നിരുന്നു. ഒരു വിശുദ്ധന്റെ സംസ്‌ക്കാരത്തില്‍ പങ്കെടുത്ത പ്രതീതി അവര്‍ക്കെല്ലാം ഉണ്ടായെന്നു സംസ്‌ക്കാരത്തില്‍ പങ്കെടുത്തവരുടെ പ്രസ്താവനകളിലും പ്രസംഗങ്ങളിലുമുണ്ടായിരുന്നു.

കത്തോലിക്കാ സഭയ്ക്കുള്ളതുപോലെ അധികാരസ്ഥാനങ്ങളില്‍ സ്വാധീനമുള്ള മറ്റൊരു സമുദായമോ മതമോ കേരളത്തില്‍ കാണാന്‍ സാധ്യതയില്ല. എന്തു കാര്യസാധ്യത്തിനും തലമുറകളായുള്ള സ്വത്തിന്റെ കൂമ്പാരം മെത്രാന്റെ അധീനതയില്‍ കുന്നുകൂട്ടി സ്വുരൂപിച്ചു വെച്ചിട്ടുണ്ട്. ആരും ചോദിക്കാനാളില്ലാതെ പണം അവര്‍ക്കിഷ്ടമുള്ളതുപോലെ ചെലവാക്കാനും സാധിക്കും. വിശ്വാസികളുടെ കിടപ്പാടംപോലും പണയം വെച്ച് പള്ളിക്കു കൊടുത്ത പണം ആസ്വദിക്കുന്നതും അരമനകളില്‍ പാര്‍ക്കുന്ന ഭാഗ്യം ലഭിച്ച സഭയുടെ തമ്പ്രാക്കന്മാരായ മെത്രാന്മാരും പുരോഹിതരുമാണ്. 

പൂര്‍വികരുടെ കാലം മുതല്‍ അല്മായര്‍ സ്വരൂപിച്ച സ്വത്തിന്റെ നല്ലയൊരു പങ്കു പുരോഹിതരുടെ ലൈംഗിക പീഡനത്തിന്റെ പേരില്‍ സഭ കോടതികളും കേസുകള്‍ക്കുമായി ദുര്‍വിനിയോഗം ചെയ്യുന്നുണ്ട്. അഭയാകേസ് വന്നപ്പോഴും മറിയക്കുട്ടി കൊലക്കേസ് വന്നപ്പോഴും സഭയുടെ അളവില്ലാത്ത പണവും പ്രതാപവും പിടിപാടും കാരണം കുറ്റവാളികള്‍ നിയമത്തിന്റെ കുടുക്കില്‍നിന്നും രക്ഷപെടുകയാണുണ്ടായത്. ബെനഡിക്റ്റ് ഓണംകുളവും കോട്ടൂരും പുതൃക്കയും സെഫിയും കുറ്റക്കാരെന്നു യുക്തിപൂര്‍വം ചിന്തിക്കുന്നവര്‍ക്ക് വിധിയെഴുതാന്‍ സാധിക്കുമെങ്കിലും ഭൂരിഭാഗം വിശ്വാസികളും പുരോഹിതര്‍ പറഞ്ഞുണ്ടാക്കുന്ന നുണകളേ വിശ്വസിക്കുകയുള്ളൂ. അഭയായ്ക്കും മറിയക്കുട്ടിക്കും നീതി ലഭിച്ചില്ലെന്നുള്ള കറുത്ത ചരിത്രമാണ് സഭയുടെ താളുകളില്‍ ഒളിഞ്ഞിരിക്കുന്നത്
മാടത്തരുവിയിലെ മറിയക്കുട്ടിയും ബെനഡിക്ടച്ചന്റെ വിശുദ്ധ സഹനങ്ങളും (ജോസഫ് പടന്നമാക്കല്‍ )മാടത്തരുവിയിലെ മറിയക്കുട്ടിയും ബെനഡിക്ടച്ചന്റെ വിശുദ്ധ സഹനങ്ങളും (ജോസഫ് പടന്നമാക്കല്‍ )മാടത്തരുവിയിലെ മറിയക്കുട്ടിയും ബെനഡിക്ടച്ചന്റെ വിശുദ്ധ സഹനങ്ങളും (ജോസഫ് പടന്നമാക്കല്‍ )മാടത്തരുവിയിലെ മറിയക്കുട്ടിയും ബെനഡിക്ടച്ചന്റെ വിശുദ്ധ സഹനങ്ങളും (ജോസഫ് പടന്നമാക്കല്‍ )
Join WhatsApp News
andrew 2017-01-06 13:24:39

Beautiful narration.

Catholic church is the wholesale dealer in sainthood. But they conveniently hide the writing – god alone is holy. Only the father god is in charge of judgment, even his son is not aware of who will be selected. It is only in the judgment day humans will be separated as good or bad.

Catholic church has nullified all that and has become more powerful than their own god. RC church could be the biggest owner of real estate in this Earth. The wealth they have accumulated is powerful enough to hide any and all evils they do in the name of god.

Rev.Dr. Mathew Samuel 2017-01-07 18:37:45

ഹാ ഹാ ഇതാ വരുന്നു നീര്‍ കോലികള്‍

പല രൂപത്തില്‍ ഭാവത്തില്‍

Rev.george, Jane abraham all = to schcast.

നിങ്ങള്‍ ഒരിക്കലും രക്ഷ പെടില്ല

കാരണം ഒരിക്കലും അറിവു തേടാന്‍

ഉള്ള മനോഭാവം നിങ്ങളില്‍ ഇല്ല .


പടന്നമാക്കന്റെ ഉപദേശിക്കാന്‍

ആരാണ് നിങ്ങള്‍ , പോയി തോടു കുഴിക്കു

ആഫ്രിക്കന്‍ പായല്‍ വാരൂ .

E malayalee is meant to be a media to educate the public

but you all are like the പെരുച്ചാഴി

അറിവിന്‍റെ വിളക്ക് കെടുത്തുക മാത്രം അല്ല

മറ്റുള്ളവരെ വലിച്ചു ഇഴയ്ക്കുകയും ചെയ്യുന്നു.

നിങ്ങളെ പോലെ ഉള്ള വിഡ്ഢികള്‍ ഈ ഭൂമിയില്‍

നരകം ഉണ്ടാക്കുന്നു.

പോകു പോകു ദൂരെ അടിമകള്‍ ,വിഡ്ഢികള്‍

നിങ്ങളെ പോലെ ഉള്ള സ്വാര്‍ത്ഥ ജീവികള്‍

ഇല്ലായിരുന്നു എങ്കില്‍ നിച്ചയം സോര്‍ഗം ഈ ഭൂമി

Dr. James Kottoor 2017-01-07 15:10:44

Comment on Mariyakutty article of Joseph Padannamakkel

Thank you Joseph Padannamakkel for this elaborate description in inimitable language about Fr.Benedict and Madatharuvi. De mirtibus nihil nisi bonum (Say nothing but good about the dead) says a wise saying. Another crack who knew nothing about Latin translated it to read: Once dead, nothing left but bones!.

So I dare not say anything for or against. Just curiosity prompted me to start reading your enticing story telling art and it simply dragged me on and could not stop it until I came to your last word. Really I got entertained, informed and enriched and wished I could become another writer like you. I happen to be now in Chicago for a short stay!

God bless your talent and let many follow your example. There are a lot of comments in my mind vying with one another and struggling for expression. I delay them for a postponed delivery. In the meantime keep up the good work of informing and entreating us.  james Kottoor

Jane Abraham 2017-01-07 17:14:44
An article by self focused man. Sitting in the room and seeing world through his own vision. This author is only a money oriented man. For him , everyone is for that purpose. So crulety to read this type of blunter esssays in emalayalae. Only the parents knows the pain, when their own son is going to the priesthood leaving them. Hi Joseph, do any type of volunteer work to help others instead of writing this type of essays. Dont be a judge and an self knowldegeble person. Send your kids to the volunteer work or the vacation life instead of pollutting this. Everybody rejected this type of false media influence . Dont be an arrogant man . Be HUMBLE AND DO SOME GOOD WORK EVENTHOUH  HELPING YOUR OWN FAMILY IS GOOD THAN THIS TYPE SOCIAL POLLUTION
ഇസൂസു 2017-01-07 20:40:18
മതമെന്ന വിഷം കഴിച്ചു  
ഭ്രാന്തനായിരിക്കുന്നു ജെയിൻ നീ
നിന്റെ കാലിലെ ചങ്ങലകൾ പൊട്ടിച്ചു 
രക്ഷപെടുക നീ ഉടൻ തന്നെ 
നിന്റെ മസ്തിഷ്കകോശങ്ങൾക്ക് 
പ്രകാരാന്തരീകരണം സംഭവചിരിക്കുന്നു 
ഇനി നനക്ക് മതസ്തുതിഗീതങ്ങൾക്കൊപ്പിച്ച് 
ചുവടുകൾ വയ്ക്കാനേ കഴിയു 
നിന്റെ താളം തെറ്റിയിരിക്കുന്നു 
സത്യം വിളിച്ചു പറഞ്ഞവനെ  ക്രൂശിച്ചവർ നിങ്ങൾ 
ക്രൂശിച്ചവനെ ഉയർപ്പിച്ചു വിറ്റു കാശാക്കിയവർ 
കാപട്യത്തിന്റെ കാവിവസ്ത്രധാരികൾ 
രാത്രിയുടെ യാമങ്ങളിൽ നിങ്ങൾ തിരയുന്നു 
സ്വവർഗ്ഗ കാമകേളികളിൽ മുഴുകുന്നു 
സോദോം ഗൊമോറയിൽ നിന്ന് ഒഴുകും സംഗീതം 
നിങ്ങളുടെ കർണ്ണപുടങ്ങളിൽ കിന്നരം വായിക്കുന്നു 
പോവുക കീടമേ നീ നിന്റെ മണ്ണിനടിയിലേക്ക് 
വേണ്ട നിന്റെ വേദാന്തമൊന്നും 
വിടുക വെറുതെ പടന്നമാക്കലിനെ!
GEORGE V 2017-01-09 12:32:58
ശ്രീ ജോസഫ്, ഒരു പഴയ കൊലപാതകം സത്യ സന്ധമായി വിവരിച്ചിരിക്കുന്നു. സഭ ഇന്നത്തെപോലെ സർക്കാരുമായി വിലപേശൽ ഇല്ലാതിരുന്ന കാലം ആയതുകൊണ്ട് ആണ് ആ കേസിൽ ശിക്ഷ ഉണ്ടായത്. പിന്നീട് പണ സ്വാധീനം ഉപയോഗിച്ച് ഇന്ത്യയിലെ തന്നെ ഏറ്റവും പ്രമുഹ വക്കീലിനെ വച്ച് അനുകൂല വിധി സമ്പാദിച്ചു.  ഇതെല്ലാം 1966 - 67 കാലങ്ങളിൽ പത്രം വായിച്ചിട്ടുള്ള കേരളം ജനതയ്ക്ക് അറിവുള്ള കാര്യങ്ങൾ ആണ്. ആ വൈദികൻ  കുറ്റക്കാരൻ അല്ല എന്ന് വാദിച്ചോളൂ അദ്ദേഹത്തെ വിശുദ്ധൻ ആക്കി സായൂജ്യം അണിഞ്ഞോളു പക്ഷെ മാറിയക്കുട്ടിയുടെ  കുടുംബത്തെ വെറുതെ വിട്ടുകൂടെ. അവരെ എന്തിനാന്ന് സഭ ചെളി വാരി എറിയുന്നത്. അഭയയുടെ കുടുംബത്തോടും സൂര്യനെല്ലി പെൺകുട്ടിയുടെ കുടുംബത്തോടും ചെയ്തതും വ്യത്യസ്തമല്ല. ഇരക്കു നീതി കിട്ടുന്നില്ല എന്നതിനൊപ്പം ഇരയുടെ കുടുംബത്തെ വേട്ടയാടുന്ന കാട്ടു നീതിയാണ് സഭ ചെയ്യുന്നത്  ശ്രീ ജോസഫ് പടന്നമാക്കനെ അധിക്ഷേപിക്കുന്നവർ മറുപടി അർഹിക്കുന്നില്ല
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക