Image

'ഒരു ഡിജിറ്റല്‍ ഇന്‍ഡ്യാ സ്വപ്നം' (ഷോളി കുമ്പിളുവേലി)

ഷോളി കുമ്പിളുവേലി Published on 07 January, 2017
  'ഒരു ഡിജിറ്റല്‍ ഇന്‍ഡ്യാ സ്വപ്നം' (ഷോളി കുമ്പിളുവേലി)
സമയം സന്ധ്യയോടടുക്കുന്നു.
പകല്‍ മഴയില്‍ കുതിര്‍ന്ന ചെമ്മണ്‍ പാതയിലൂടെ വീട് ലക്ഷ്യമാക്കി ഞാന്‍ വേഗം നടന്നു. പെട്ടെന്നാണ് അയാള്‍ എന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടത്! അജാനുബാഹുവായ ഒരു പോലീസ്‌കാരന്‍. ഞാനിതിനു മുമ്പ് അയാളെ ഈ നാട്ടില്‍ കണ്ടിട്ടില്ല. ആറടിയിലധികം ഉയരം! അതിനൊത്ത  വണ്ണവും!! കാല്‍മുട്ടിനത്രയും വരുന്ന കൈകള്‍!!! പേടികൊണ്ട് എന്റെ ഹൃദയമിടിപ്പ് കൂടി!
'നീ എവിടെപ്പോയതാ ഈ നേരത്ത്?'
'റേഷന്‍ വാങ്ങാന്‍', പരിഭ്രമത്തോടെ ഞാന്‍ മറുപടി പറഞ്ഞു.
നോട്ടാണോ അതോ കാര്‍ഡാണോ താന്‍ ഉപയോഗിക്കുന്നത്?
ചോദിച്ചു തീരും മുമ്പേ എന്റെ ഉടുപ്പിന്റെ പോക്കറ്റില്‍ നിന്ന് പേഴ്‌സ് അയാള്‍ കവര്‍ന്നെടുത്തു.
'ഇതില്‍ നോട്ടൊന്നും ഇല്ലല്ലോ? താന്‍ പൂര്‍ണ്ണമായും പേപ്പര്‍ലെസ് ആയല്ലോ കൊള്ളാം'!
രാവിലെ മുതല്‍ ക്യൂ നിന്നതാ സാര്‍, ബാങ്കിന്റെ മുന്നിലെത്തിയപ്പോഴേക്കും അവരുടെ പണം തീര്‍ന്നു': എന്റെ ദയനീയാവസ്ഥ വെളുപ്പെടുത്തി.
'അതിനെന്താ നാളേയും പോയി നില്‍ക്കാമല്ലോ' നിസാരമട്ടില്‍ അയാള്‍ പറഞ്ഞു.
'പണിക്കുപോകണ്ടേ സാര്‍, ജീവിക്കേണ്ടേ'?
'ഇങ്ങോട്ടു ചോദ്യമൊന്നും വേണ്ട'. എന്റെ പരിഭവം അയാള്‍ക്കിഷ്ടമായില്ലെന്നു തോന്നി.
'ഇതാരുടെ ഫോട്ടോയാണ്?' എന്റെ പേഴ്‌സില്‍ നിന്നു കിട്ടിയ രണ്ടു ചെറിയ പടങ്ങള്‍കാട്ടി അയാള്‍ ചോദിച്ചു.
'ഒന്ന് ഞാന്‍ വിശ്വസിക്കുന്ന ദൈവം', മറ്റേത് ഗാന്ധിജി!!
'ഗാന്ധിജിക്ക് തന്റെ പേഴ്‌സിലെന്താ കാര്യം'?
'രാഷ്ട്രപിതാവല്ലെ സാര്‍, ആരാധന കൊണ്ടാണ്.'
'അത് നിങ്ങള്‍ കുറച്ചുപേരുകൂടി തീരുമാനിച്ചല്‍ മതിയോ'? അയാള്‍ എന്നെ വിടാന്‍ ഭാവമില്ല!
'തന്റെ പേഴ്‌സില്‍ നിരോധിച്ച ആയിരത്തിന്റെ നോട്ടെങ്ങനെ, വന്നു'. പേഴ്‌സിന്റെ ഉറകളിലൊന്നില്‍ ഞാന്‍ സൂക്ഷിച്ചു വച്ച നോട്ട് അയാള്‍ കണ്ടുപിടിച്ചു.
'ഒരു ഓര്‍മ്മക്കായി സൂക്ഷിച്ചതാണു സാര്‍.'
'തന്നെ അറസ്റ്റു ചെയ്യുവാന്‍ എനിക്കിതു മതി; അറിയാമോ തനിക്ക്.'
'ക്ഷമിക്കണം സാര്‍'; സാര്‍ വേണമെങ്കില്‍ അത് എടുത്തോളൂ': ഞാന്‍ കൈകൂപ്പി പറഞ്ഞു.
'താനെന്താ എന്നെ കളിയാക്കുകാ?' നിരോധിച്ച നോട്ട് ആര്‍ക്കു വേണം'. അയാളുടെ സ്വരത്തിന്റെ മാറ്റം എന്നെ കൂടുതല്‍ ദുര്‍ബലനാക്കി.
'എന്നെ ഉപദ്രവിക്കരുത് സാര്‍, എന്തുവേണമെങ്കിലും തരാം'. എന്റെ ശരീരം വിറക്കുവാന്‍ തുടങ്ങി.
'തന്റെ കൈയില്‍ പുതിയ നോട്ടൊന്നും ഇല്ലേ'
'സത്യമായിട്ടും ഇല്ല സാര്‍.' എന്റെ സ്വരത്തിലെ പതര്‍ച്ച അയാളെ പിന്തിരിപ്പിച്ചില്ല.
'തന്റെ കൈയില്‍ പ്ലാസിറ്റ് കാര്‍ഡ് ഒന്നും ഇല്ലേ?'
'രണ്ടെണ്ണം ഉണ്ട് സാര്‍': പേഴ്‌സിന്റെ സൈഡില്‍ ഒപ്പിച്ചു വച്ച കാര്‍ഡുകള്‍ ഞാന്‍ കാട്ടിക്കൊടുത്തു.'
'കൊള്ളാം': ഇതു പറയുമ്പോള്‍ അയാളുടെ മുഖത്ത് നേരിയ പ്രകാശം ഞാന്‍ കണ്ടു.
'ഇത് ക്രെഡിറ്റാണോ, ഡെബിറ്റാണോ'
'എനിക്കറിയില്ല സാര്‍' കഴിഞ്ഞ ആഴ്ച ബാങ്കുകാരു തന്നതാ' എന്റെ നിസഹായാവസ്ഥ അയാളെ പ്രകോപിതനാക്കി.
'താനെന്താ സ്‌കൂളില്‍ പോയിട്ടില്ലേ?'
'ഇല്ല സാര്‍' ഇവിടെ അടുത്ത് സ്‌ക്കൂളൊന്നും ഇല്ല. അങ്ങ് ടൗണില്‍ പോകണം.'

അയാളെന്നെ രൂക്ഷമായി ഒന്നു നോക്കി. എന്നിട്ടു പറഞ്ഞു: 'നമ്മുക്ക് ആ ലൈറ്റ് വെട്ടത്തേക്ക് മാറി നിന്ന് നോക്കാം'.
'സാര്‍ ഈ നാട്ടില്‍ ഇതുവരെ വെദ്യുതി വന്നിട്ടില്ല; അത് അടുത്ത വീട്ടിലെ റാന്തല്‍ വിളക്കാണ്'
പെട്ടെന്ന് വന്ന ധൈര്യത്തില്‍ ഞാനൊന്നു കൂടി ചോദിച്ചു: 'സാര്‍ ഈ നാട്ടില്‍ ആദ്യമാണോ' അയാളെന്നെ തറപ്പിച്ചൊന്നു നോക്കിയിട്ട്, അലസമായി പറഞ്ഞു: 'ഞാന്‍ വല്ലപ്പോഴൊക്കെയെ ഈ നാട്ടില്‍ വരാറുള്ളൂ'.
'സാര്‍ ഞാന്‍ പൊക്കോട്ടെ; വീട്ടില്‍ കുട്ടികളും ഭാര്യയും തനിച്ചാണ്'
'പെനാല്‍റ്റി അടച്ചിട്ട് പൊക്കോളു'
'എന്തു കുറ്റമാണു സാര്‍ ഞാന്‍ ചെയ്തത്?'
'നിരോധിച്ച നോട്ട് താന്‍ കൈവശം വച്ചില്ലേ?'
ഐ.പി.സി. അനുസരിച്ച് ശിക്ഷാര്‍ഹമാണ്'
'സാര്‍ എന്റെ കൈയില്‍ അടക്കാന്‍ പണമില്ല'
'ആരു പറഞ്ഞു തന്റെ കൈയില്‍ പണമില്ലെന്ന്?' അയാള്‍ അത്യുത്സാഹത്തോടെ കാക്കി പോക്കറ്റില്‍ നിന്ന് ഒരു ചെറിയ മെഷീന്‍ പുറത്തെടുത്തു.
നമ്മള്‍ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ ആയത് ഇയാളറിഞ്ഞില്ലേ'? ഞാന്‍ പകച്ചു നില്‍ക്കേ, അയാള്‍ കാര്‍ഡിലൊന്നെടുത്ത് മെഷീന്റെ സൈഡില്‍ ഉരച്ചു!!
'അഞ്ഞൂറേ അടിക്കുന്നുള്ളൂ; സന്തോഷമായോ?' തന്നെ ഞാന്‍ ജയിലിലിട്ടില്ലല്ലോ?' അയാള്‍ എനിക്കെന്തോ ഉപകാരം ചെയ്ത മട്ടില്‍ പറഞ്ഞു. എന്നിട്ട് മെഷീനില്‍ നിന്നും പുറത്തു ചാടിയ തുണ്ടുപേപ്പര്‍ കാണിച്ചിട്ട് എന്നോട് പറഞ്ഞു:
'ഇവിടെ താനൊരു ഒപ്പ് ഇട്'
'എനിക്ക് ഒപ്പിടാന്‍ അറിയില്ല സാര്‍; വിരലു പതിക്കാം'
'തുപ്പലുതൊട്ട് വിരലുപതിപ്പിക്കുമോ', താനൊക്കെ എന്തിനാടോ കാര്‍ഡും പൊക്കിപ്പിടിച്ചോണ്ട നടക്കുന്നത്': പെട്ടെന്ന് അയാള്‍ ക്രുദ്ധനായി അരയില്‍ നിന്നു തോക്കെടുത്ത് എന്റെ നേരെ ചൂണ്ടിക്കൊണ്ടലറി: 'താനൊക്കെ ഡിജിറ്റല്‍ ഇന്‍ഡ്യയില്‍ ജീവിച്ചിരിക്കാന്‍ കൊള്ളില്ല'!
'എന്നെ കൊലല്ലേ സാര്‍': ഞാന്‍ ഉറക്കെ നിലവിളിച്ചു:*************

ടൈം പീസിന്റെ അലാം കേട്ടു ഞാന്‍ ഞെട്ടിയുണര്‍ന്നു. സമയം രാവിലെ അഞ്ചുമണിയായിരിക്കുന്നു. ഞാന്‍ പെട്ടെന്ന് കുളിച്ചൊരുങ്ങി. ഭാര്യ കൈയില്‍ തന്ന പൊതിച്ചോറുമായി വേഗം നടന്നു. 'ഇന്നെങ്കിലും ക്യൂവിന്റെ മുന്നില്‍ ചെല്ലണം' അതുമാത്രമായിരുന്നു അപ്പോഴെന്റെ മനസിലെ ചിന്ത!!!

  'ഒരു ഡിജിറ്റല്‍ ഇന്‍ഡ്യാ സ്വപ്നം' (ഷോളി കുമ്പിളുവേലി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക