Image

എന്റെ അമേരിക്കന്‍ അബദ്ധങ്ങള്‍- 3 (ശ്രീകുമാര്‍ പുരുഷോത്തമന്‍)

Published on 10 January, 2017
എന്റെ അമേരിക്കന്‍ അബദ്ധങ്ങള്‍- 3 (ശ്രീകുമാര്‍ പുരുഷോത്തമന്‍)
Part 3

Check deposit

അങ്ങനെ നീണ്ട രണ്ട് മാസത്തെ കാത്തിരിപ്പിന് ശേഷം പ്രൊജക്റ്റ് കിട്ടി; അധികം കോസ്‌മെറ്റിക് ചേഞ്ച് ഒന്നും വരുത്താതെ. ചിക്കാഗോക്കു അടുത്ത് പ്യുരിയ എന്ന സ്ഥലത്ത്. ഞാന്‍ പുതിയ സ്ഥലത്തേക്ക് പോകുമ്പോള്‍ എന്റെ എംപ്ലോയര്‍ പ്രാഥമിക ചെലവുകള്‍ക്കായി 1500 ഡോളറിന്റെ ഒരു ചെക്ക് തന്നു വിട്ടു. അടുത്ത മൂന്നു മാസം കൊണ്ട് എന്റെ ശമ്പളത്തില്‍ നിന്നും അത് തിരിച്ചു പിടിച്ചോളാം എന്ന ഉറപ്പും അദ്ദേഹം നല്‍കി. അവിടെ ചെന്ന് ഒരു ബാങ്ക് അക്കൗണ്ട് തുറന്നു അതില്‍ ചെക്ക് നിക്ഷേപിക്കാനായിരുന്നു നിര്‍ദേശം. ഞാന്‍ എന്റെ സുഹൃത്തുമായി ഒരു ബാങ്കില്‍ പോയി ഒരു അക്കൗണ്ട് തുറന്നു. നിര്‍ഭാഗ്യവശാല്‍ ചെക്ക് കൂടെ കൊണ്ടുപോകാന്‍ മറന്നുപോയി. അത് പിന്നീട് ATM വഴി നിക്ഷേപിക്കാം എന്ന് മാനേജര്‍ പറഞ്ഞു. പൈസ എടുക്കാന്‍ മാത്രമാണ് ATM എന്ന എന്റെ ധാരണ അതോടെ മാറി. അങ്ങനെ ഞാന്‍ ഒരു ദിവസം ആ ചെക്ക് ATM മെഷീന്‍ വഴി ഡെപ്പോസിറ്റ് ചെയ്തു. ഒരു ആഴ്ചയായിട്ടും ഡെപ്പോസിറ്റ് ചെയ്ത പൈസ അക്കൗണ്ടില്‍ വന്നില്ല. എന്റെ കയ്യില്‍ ഉണ്ടായിരുന്നതെല്ലാം ശൂന്യമായി. അവസാനം ഞാന്‍ ആ ബ്രാഞ്ചില്‍ ചെന്ന് മാനേജരെ കണ്ടു സങ്കടം ഉണര്‍ത്തിച്ചു. അദ്ദേഹം പറഞ്ഞു സാധാരണ 48 മണിക്കൂറിനുള്ളില്‍ ക്രെഡിറ്റ് ആകേണ്ടതാണ് എന്ന്. അങ്ങനെ ഒരു ചെക്ക് വന്നതായി എങ്ങും കാണുന്നില്ല. അവസാനം എന്നെ അദ്ദേഹം ആ ATM മെഷീന്റെ അടുത്ത് കൊണ്ടുപോയി. എങ്ങനെയാണു ഞാന്‍ ആ ചെക്ക് ഡെപ്പോസിറ്റ് ചെയ്തതെന്ന് വിവരിക്കാന്‍ ആവശ്യപ്പെട്ടു. ഞാന്‍ പറഞ്ഞു 'ഒരു വെളുത്ത കവറില്‍ ചെക്ക് ഇട്ട് കവറിന്റെ പുറത്ത് പേര് , അക്കൗണ്ട് നമ്പര്‍, അഡ്രസ്, ഫോണ്‍ നമ്പര്‍, ബാക്കി കുടുംബ ചരിത്രം എല്ലാം എഴുതി അവിടെ കണ്ട ഒരു സ്ലോട്ടിലൂടെ ആണ് ചെക്ക് നിക്ഷേപിച്ചത്'. 

എന്റെ എല്ലാ സ്‌കില്‍സും പുറത്തെടുത്തു ഒരു പേനയുടെ സഹായത്തോടെ കുത്തിയിറക്കിയാണ് ദൗത്യം നടത്തിയത് എന്നും അദ്ദേഹത്തെ ധരിപ്പിച്ചു. ATM കാര്‍ഡ് ഉപയോഗിച്ച് ലോഗ്ഇന്‍ ചെയ്തിട്ടല്ലേ ചെക്ക് ഇട്ടതു എന്ന ഒരു സംശയം അദ്ദേഹത്തിനുണ്ടായി. ഇല്ല എന്ന ഉത്തരത്തിനു മുന്നില്‍ അദ്ദേഹം ചിരിച്ചില്ല എന്ന് തോന്നുന്നു. ലോകത്തില്‍ കായിക ശക്തി ഉപയോഗിച്ച് ATM ല്‍ ചെക്ക് നിക്ഷേപിച്ച ആദ്യ മനുഷ്യന്‍ എന്ന പട്ടവും എനിക്ക് സ്വന്തം. പിറ്റേ ദിവസം ഒരു ടെക്‌നിഷ്യനെ ചിക്കാഗോയില്‍ നിന്നും വരുത്തി ATM മെഷീന്‍ തുറന്നു. ആ രംഗത്തിനു സാക്ഷ്യം വഹിക്കുവാന്‍ അവര്‍ എന്നെയും അവര്‍ ക്ഷണിച്ചു. കരി ഓയിലില്‍ നിറം മാറിയ എന്റെ കവര്‍ ഒരു സിസേറിയന്‍ നടത്തുന്ന പോലെ അയാള്‍ പുറത്തെടുത്തു. ഒരു കുഞ്ഞിനെ അച്ഛന്റെ കൈയിലേക്ക് കൈമാറുന്ന സ്‌നേഹത്തോടെ ആ കവര്‍ എന്നെ ഏല്പിച്ചു. വീണ്ടും ആ ചെക്ക് ബാങ്കില്‍ നേരിട്ട് നിക്ഷേപിച്ചു ഞാന്‍ റിസ്‌ക് ഒഴിവാക്കി.

Duplicate Key 

എന്റെ പുതിയ സ്ഥലത്തു ഒരു ആന്ധ്രക്കാരന്റെ കൂടെ താമസം ഏര്‍പ്പാടായി. അയാള്‍ക്ക് ആകെ ഒരു താക്കോല്‍ മാത്രമേ ഉള്ളു. അടുത്ത ദിവസം എന്റെ മാനേജര്‍ എന്നെയും കൊണ്ട് ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉണ്ടാക്കാന്‍ വാള്‍മാര്‍ട്ടില്‍ പോയി. ബില്ല് അടിച്ചപ്പോള്‍ കാഷ്യര്‍ 'ഡോളര്‍ 25' എന്ന് പറഞ്ഞു. ഞാന്‍ മാനേജരോട് പറഞ്ഞു 'എന്റെ കയ്യില്‍ ആകെ 20 ഡോളര്‍ ഉള്ളു , 5 ഡോളര്‍ കടം തരാന്‍'. അപ്പോള്‍ അദ്ദേഹം പറഞ്ഞു 'ഡോളര്‍ 25' എന്ന് വച്ചാല്‍ 'ഒരു ഡോളര്‍ 25 സെന്റ്‌സ്' ആണെന്ന്. ഞാന്‍ വീണ്ടും പ്ലിങ്ങി.

My Driving Licence

മറ്റ് പലരെയും പോലെ എനിക്കും ഡ്രൈവിംഗ് ലൈസന്‍സ് കിട്ടിയത് ഒരു ചരിത്ര സംഭവമാണ്. കേരളത്തിലെ ഒരു കൊച്ചു ഗ്രാമത്തില്‍ ഹെര്‍ക്കുലീസ് സൈക്കിള്‍ മാത്രം ഓടിച്ചു ശീലിച്ച എനിക്ക് ഇവിടത്തെ ഡ്രൈവിംഗ് ആദ്യം ഒരു ബാലികേറാമലയായിരുന്നു. എന്ന് കരുതി പിന്നീട് ഞാന്‍ ചരിത്രം തിരുത്തി കുറിച്ചു എന്നും അയര്‍ട്ടെന്‍ സെന്ന ആയി മാറി എന്നൊന്നും അര്‍ത്ഥമില്ല. ചിക്കാഗോക്കു അടുത്ത് പ്യുരിയ എന്ന സ്ഥലത്താണ് എന്റെ അഭ്യാസ പ്രകടനങ്ങള്‍ ആരംഭിക്കുന്നത്. അവിടെ ആകെ ഉള്ള ഒരു ഡ്രൈവിംഗ് സ്‌കൂളിലെ വയസ്സനായ ഇന്‍സ്ട്രക്ടര്‍ എന്നെ പഠിപ്പിക്കാനുള്ള ഭാരിച്ച ഉത്തരവാദത്തം ഏറ്റെടുത്തു.അയാള്‍ക്ക് ദീര്‍ഘദൃഷ്ടി വളരെ കുറവായിരുന്നു എന്ന് ഇന്നും എന്റെ മനസ്സ് പറയുന്നു. അങ്ങനെ എന്റെ ഡ്രൈവിംഗ് പഠനം ആരംഭിക്കുകയും ഓരോ ദിവസവും അയാളുടെ വായിലുള്ള പുതിയ പുതിയ അമേരിക്കന്‍ തെറികള്‍ ഞാന്‍ ഹൃദിസ്ഥമാക്കുകയും ചെയ്തുകൊണ്ടിരുന്നു. ഒരു മനുഷ്യന്റെ അറിവ് വര്‍ദ്ധിക്കുന്നത് പുസ്തകവായനയേക്കാള്‍ കൂടുതല്‍ മറ്റുള്ളവരുമായി സംസാരിക്കുമ്പോള്‍ ആണെന്ന മഹദ് വചനത്തിന് അടിവര ഇടുന്നതായി ഞങ്ങളുടെ പഠനരീതി. അഞ്ച് ക്ലാസുകള്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ ഒരു നല്ല ഡ്രൈവര്‍ ആയി എന്ന ബോധം എനിക്ക് തോന്നി തുടങ്ങി; അമ്പത് ക്ലാസ് കഴിഞ്ഞാലും ഞാന്‍ എങ്ങും എത്തില്ല എന്ന ബോധം അയാള്‍ക്കും. എങ്കിലും ആറ് ക്ലാസ് കഴിഞ്ഞപ്പോള്‍ എനിക്ക് ടെസ്റ്റിന് പോകണം എന്ന് ഞാന്‍ ആവശ്യം ഉന്നയിച്ചു. ഞാന്‍ അതിനുള്ള പക്വത എത്തിയിട്ടില്ലെന്ന് അദ്ദേഹം പല പ്രാവശ്യം പറഞ്ഞു. ഹൈവേയുടെ ഒത്ത നടുവില്‍ ഞാന്‍ സഡന്‍ബ്രേക്ക് പരീക്ഷിച്ചതൊന്നും അയാള്‍ മറന്നിട്ടില്ലന്നു തോന്നുന്നു. എങ്കിലും എന്റെ നിര്‍ബന്ധത്തിനു വഴങ്ങി കണ്ടറിയാത്തവന്‍ കൊണ്ടറിയട്ടെ എന്ന ഭാവത്തില്‍ എന്നെ ടെസ്റ്റിന് കൊണ്ടുപോകാന്‍ അയാള്‍ സമ്മതിച്ചു. 

ഞാന്‍ അങ്ങനെ ടെസ്റ്റിന് റെഡി ആയി കാറില്‍ കയറി ഇരുന്നു. അടുത്ത സീറ്റില്‍ ലേഡി സൂപ്പര്‍വൈസറും. റോഡ് നിയമങ്ങളില്‍ എല്ലാം വളരെ അധികം പ്രാവിണ്യം ഉള്ളവനാണ് ഞാന്‍ എന്ന ഭാവത്തില്‍ വണ്ടി പതുക്കെ മുന്നോട്ടു നീങ്ങി. അടുത്തുകൂടി പോകുന്ന പല വണ്ടികളും റോഡ് നിയമങ്ങള്‍ പാലിക്കാത്തതിലുള്ള അമര്‍ഷം നവരസങ്ങളിലൂടെ ഞാന്‍ മുഖത്ത് പ്രതിഫലിപ്പിച്ചുകൊണ്ടേ ഇരുന്നു. പോകുന്ന വഴിയിലൊക്കെ ഞാന്‍ കുറെ പുച്ഛഭാവം വാരിവിതറി. കുറെ നേരം കഴിഞ്ഞു ഒരു ഇടവഴിയില്‍ എത്തിയപ്പോള്‍ എന്നോട് അങ്ങോട്ട് തിരിക്കാന്‍ പറഞ്ഞു. ഇതൊക്കെ എന്ത് ചീള് കേസ് എന്ന ഭാവത്തില്‍ ഞാന്‍ അതുപോലെ ചെയ്തു. ഇനി റിവേഴ്‌സ് ഇട്ടു തിരിക്കാന്‍ ആവശ്യപ്പെട്ടു. അതും ഞാന്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഇനി വന്നവഴിയെ തന്നെ മുന്നോട്ടു പോകാം എന്ന് പറഞ്ഞു.  എനിക്ക് പിന്നീട് ഒരു മിനിറ്റ് നേരത്തേക്ക് ബോധം ഇല്ലായിരുന്നു. ഞാന്‍ കണ്ണ് തുറന്നപ്പോള്‍ ഞാനും വണ്ടിയും ആ ലേഡി സൂപ്പര്‍വൈസറും ആലിംഗനബദ്ധരായി ഒരു കുഴിയില്‍ കിടപ്പുണ്ട്. പിന്നീട് അവരുടെ സഹായത്തോടെ വണ്ടി മുന്നോട്ടു എടുത്തു. അപ്പോഴാണ് ഞാന്‍ ചെയ്ത ഒരു നിസാര പിശക് എന്റെ ശ്രദ്ധയില്‍ പെട്ടത്. റിവേഴ്‌സ് ഇടാന്‍ പറഞ്ഞ ഗിയര്‍ മുന്നോട്ടു മാറ്റാതെ ആയിരുന്നു ഞാന്‍ വണ്ടി മുന്നോട്ടു എടുത്തത്. ആര്ക്കും പറ്റാവുന്ന ഒരു നിസാര പിശക് !!!

അങ്ങനെ വണ്ടി തിരിച്ചു DMV യില്‍എത്തി. എന്റെ ഇന്‍സ്ട്രക്ടര്‍ ആകാംഷാ ഭരിതനായി പുറത്തു നില്‍പ്പുണ്ട്. ഫലത്തെ കുറിച്ച് അയാള്‍ക്ക് സംശയം ഒന്നുമില്ലെന്ന് മുഖഭാവം വിളിച്ച് അറിയിക്കുന്നുണ്ട്. പുറത്തിറങ്ങിയപാടെ ചോദിച്ചു 'എന്തായി എന്തായി?'. ഞാന്‍ പറഞ്ഞു സൂപ്പര്‍വൈസര്‍ വെയിറ്റ് ചെയ്യാന്‍ പറഞ്ഞു എന്ന്. അപ്പോള്‍ അയാളുടെ മുഖം വിളറി. 'ഇനിയെങ്ങാനും കിട്ടിക്കാണുമോ ?'. അയാള്‍ തന്നോട് തന്നെ പറഞ്ഞുകൊണ്ടിരുന്നു. എന്നോട് സൂപ്പര്‍വൈസര്‍ വെയിറ്റ് ചെയ്യാന്‍ പറഞ്ഞത് തോറ്റതിന്റെ സര്‍ട്ടിഫിക്കറ്റ് തരാനായിരുന്നു. അപ്പോള്‍ അയാള്‍ക്ക് സന്തോഷമായി. അയാള്‍ പറയുവാ 'ഇപ്രാവശ്യം നിനക്ക് ലൈസന്‍സ് കിട്ടിയിരുന്നേല്‍ ഞാന്‍ ഡ്രൈവിംഗ് പഠിപ്പിക്കല്‍ നിര്‍ത്തിയിട്ടു 'Wonders in Driving Test' എന്ന പുസ്തകം എഴുതിയേനെ എന്ന്. പുരയ്ക്കു തീ പിടിച്ചപ്പോള്‍ അങ്ങേരു ഒരു ചെറിയ ഏത്തവാഴ വെട്ടി എന്ന് എനിക്ക് മനസ്സിലായി. അപ്പോള്‍ അന്തരീക്ഷത്തില്‍ ഒരു പാട്ടു ഒഴുകി വന്നു.. 'അപ്പോഴേ പറഞ്ഞില്ലേ പോകണ്ട പോകണ്ടാന്ന്'. 

ഇങ്ങനെ പലവുരു DMV യില്‍ പോയപ്പോള്‍ എല്ലാവരുമായി നല്ല കമ്പനി ആയി. വീണ്ടും അവിടെ പോകാനുള്ള അഭിനിവേശം കാരണം പാസാകാമായിരുന്നിട്ടും ഞാന്‍ പലപ്പോഴും തോറ്റു കൊടുത്തിട്ടുണ്ട്. അങ്ങനെ ഒരു തവണ രാഷ്ട്രപതിയുടെ ദയാവധം പോലെ ഞാന്‍ വിജയശ്രീലാളിതനായി. 

My friend's Driving test

ലോകത്തില്‍ ഞാന്‍ മാത്രമാണ് ഇത്രയധികം കഠിനാദ്ധ്വാനം ചെയ്ത് ലൈസന്‍സ് നേടിയത് എന്ന് അഹങ്കരിച്ച് ഇരിക്കുമ്പോഴാണ് എന്നെ കടത്തി വെട്ടി ഒരു സുഹൃത്ത് അവതരിക്കുന്നത്. പരമ സാത്വികനായ ഒരു തമിഴ്‌നാട്ടുകാരന്‍. ഒരു കാലത്ത് DMV യില്‍ ഉള്ളവര്‍ക്ക് എന്നും വിഷുക്കണി ആയിരുന്നു. കണ്ണ് തുറക്കുമ്പോള്‍ അവര്‍ കാണുന്നത് അവനെ ആയിരുന്നു. ഒരിക്കല്‍ അവന്‍ ഡ്രൈവിംഗ് ടെസ്റ്റിന് പോയി. പോകുന്ന വഴിയെല്ലാം അടുത്തുകൂടി പോകുന്ന വണ്ടിയെല്ലാം മുട്ടിയുരുമ്മി പോകുന്നത് കണ്ടു സൂപ്പര്‍വൈസര്‍ പേടിച്ചു പോയി. അവര്‍ പറഞ്ഞു 'I want to go back to DMV'. അവന്‍ ഉടനെ വണ്ടി റിവേഴ്‌സ് ഗിയറില്‍ ഇട്ടു പുറകോട്ടു എടുക്കാന്‍ തുടങ്ങി. അവര്‍ പറഞ്ഞ go back എന്ന വാക്ക് അവനെ നല്ലപോലെ സ്വാധീനിച്ചെന്ന് തോന്നുന്നു. ഏതായാലും ലൈസന്‍സിന്റെ വിധി എന്തായെന്ന് കൂടുതല്‍ പറയേണ്ടതില്ലല്ലോ;

അടുത്ത തവണ ആണ് കൂടുതല്‍ രസം. വണ്ടി എടുത്തു ഒരു ജംഗ്ഷനില്‍ എത്തി. അവിടെ നിന്ന് വലത്തോട്ടാണ് പോകേണ്ടത്. അവിടെ ഒരു പെഡസ്ട്രിയന്‍ ക്രോസിങ് ഉണ്ട്. അവിടെ രണ്ട് പേര്‍ ക്രോസ്സ് ചെയ്യാന്‍ നില്‍പ്പുണ്ട്. അവന്റെ മനസ്സ് പറഞ്ഞു 'ഇത് തന്നെ റോഡ് നിയമങ്ങള്‍ പാലിക്കാന്‍ എനിക്കറിയാമെന്നു തെളിയിക്കാനുള്ള ഏറ്റവും നല്ല അവസരം'. അവന്‍ കാര്‍ നിര്‍ത്തി. പെഡസ്ട്രയിന്‍സ് ക്രോസ്സ് ചെയ്ത് പാതി വഴി പിന്നിട്ടു . എന്നിട്ടു അവന്‍ വണ്ടി എടുക്കുന്നില്ല. പുറകിലുള്ള ആളുകള്‍ ഹോണ്‍ അടിക്കാന്‍ തുടങ്ങി. അപ്പോള്‍ സൂപ്പര്‍വൈസര്‍ ചോദിച്ചു എന്താ പോകാത്തെ എന്ന്. അവന്റെ ഉത്തരം  'മാഡം , ഇന്‍ കേസ് , അവര്‍ മനസ്സ് മാറി തിരിച്ചു വന്നാല്‍ എന്ത് ചെയ്യും ? അതുകൊണ്ടു അവര്‍ അങ്ങേത്തലക്കല്‍ എത്തിയിട്ട് മാത്രം പോകാം എന്ന് കരുതി'. ഇപ്രാവശ്യവും ലൈസന്‍സ് ഗോപി !.

My friend's gift to his mother

മുകളില്‍ പറഞ്ഞ എന്റെ സുഹൃത്ത് പിശുക്കില്‍ നോബല്‍ സമ്മാനത്തിന് മത്സരിക്കുന്ന ഒരാള്‍ ആയിരുന്നു. ഒരിക്കല്‍ അവന്റെ റൂംമേറ്റ് നാട്ടില്‍ പോവുകയായിരുന്നു. അപ്പോള്‍ അവന്‍ പറഞ്ഞു 'അവന്‍ നാട്ടില്‍ പോകുമ്പോള്‍ എന്റെ അമ്മയ്ക്ക് എന്തെങ്കിലും കൊടുത്തയക്കണം. എപ്പോഴൊക്കെ അമ്മ അത് കാണുന്നുവോ, അപ്പോഴൊക്കെ എന്നെ ഓര്‍ക്കണം'. അത് കേട്ടപ്പോള്‍ ഞങ്ങളെല്ലാം അന്തം വിട്ടു നിന്നു. അന്താരാഷ്ട്ര പിശുക്കനായ അവന്‍ പൈസ മുടക്കി അമ്മക്ക് എന്തെങ്കിലും കൊടുത്തു വിടുകയോ ? അസംഭവ്യം.. റൂംമേറ്റ് നാട്ടില്‍ പോകാന്‍ നേരം അവന്‍ ഒരു വലിയ പൊതിയുമായി വന്നു. ആലുക്കാസ് ജ്വല്ലറി പൂട്ടിക്കെട്ടുന്നപോലെ മൂന്നു ലെയര്‍ ചുറ്റിയ ഒരു പൊതി. ഞങ്ങളുടെ ആകാംഷ ഇരട്ടിച്ചു. ഇവന്‍ എന്താണാവോ ഇത്രവലിയ സമ്മാനം അമ്മക്ക് കൊടുത്തുവിടുന്നത് ? ചെന്നൈ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയാലുടന്‍ ആ പൊതി അഴിച്ചു എന്താണ് അതില്‍ എന്നറിയാന്‍ അവന്റെ കൂട്ടുകാരനെ ഞങ്ങള്‍ ചട്ടം കെട്ടി. അവന്‍ പറഞ്ഞതുപോലെ ചെയ്തു. എന്തായിരുന്നു ആ പൊതിയില്‍ എന്ന് അറിയണ്ടേ മാളോരേ ? മൂന്നു കിലോ Cascade സോപ്പ് പൊടി !!! 9 ഡോളറിന്റെ മുതല്‍ !!!ശരിയാണ്, എപ്പോഴൊക്കെ അവന്റെ അമ്മ പാത്രം കഴുകുന്നുവോ, അപ്പോഴൊക്കെ അവര്‍ ആ മകനെ ഓര്‍ക്കാതിരിക്കില്ല.....എനിക്ക് പിറക്കാതെ പോയ മകനല്ലോ ഉണ്ണീ നീ എന്ന് മറ്റേതെങ്കിലും അമ്മമാര്‍ അവനെക്കുറിച്ച് ഓര്‍ത്താല്‍ അവരെയും കുറ്റം പറയാന്‍ കഴിയില്ല. 

Vodka vs Water

ഒരിക്കല്‍ ഞാന്‍ ഒരു അമേരിക്കന്‍ റെസ്റ്റാറ്റാന്റില്‍ കഴിക്കാന്‍ പോയി. വെയ്റ്റര്‍ വന്നു എന്നോട് കുടിക്കാന്‍ എന്ത് വേണം എന്ന് ചോദിച്ചു. എന്റെ സുഹൃത്തുക്കള്‍ എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു, സാധാരണ മലയാളികള്‍ ഇംഗ്ലീഷ് പറയുന്നത് പോലെ പറഞ്ഞാല്‍ അമേരിക്കക്കാര്‍ക്ക് മനസ്സിലാകില്ല. ഒരു ആഷ് പൂഷ് സ്‌റ്റൈലില്‍ വേണം പറയാന്‍ എന്ന്. അതുകൊണ്ടു കിറി ഒരു സൈഡിലേക്ക് കോട്ടി , നാവു ഒരു സൈഡിലേക്ക് നീട്ടി 'വാട്ടര്‍' എന്ന് പറഞ്ഞു. കുറച്ച് കഴിഞ്ഞപ്പോള്‍ ഒരു പെഗ് വോഡ്ക എന്റെ മുമ്പില്‍ എത്തി. എന്റെ വാട്ടര്‍ അവര്‍ക്കു മനസ്സിലായത് വോഡ്ക എന്നാണ്. അതിനു ശേഷം കുറെ നാളത്തേക്ക്, ടു കണ്ട്രീസ് എന്ന സിനിമയില്‍ സുരാജ് കാണിക്കുന്നപോലെ വായില്‍ ഒരു വിരലിട്ടു മാത്രമേ ഞാന്‍ ഓര്‍ഡര്‍ ചെയ്യാറുള്ളു.. !!!

Car Defrost

മാസങ്ങള്‍ കഴിഞ്ഞു ഞാന്‍ ജോലി മാറി ലോസ് ആഞ്ചലസില്‍ എത്തി. അവിടെ ഒരു അപ്പാര്‍ട്‌മെന്റില്‍ ഞങ്ങള്‍ നാല് പേര്‍. അവിടെ അകലെ ഒരു സ്ഥലത്ത് ന്യൂ ഇയര്‍ ആഘോഷം നടക്കുന്നു. എല്ലാവര്‍ക്കും പോകണമെന്നുണ്ട്. പക്ഷെ ആര്‍ക്കും വണ്ടിയില്ല. അവസാനം വണ്ടി വാടകയ്ക്ക് എടുക്കാന്‍ തീരുമാനിച്ചു. ലൈസന്‍സ് ഉള്ള ഏകമഹാന്‍ ഞാന്‍ മാത്രം. ലൈസന്‍സ് കിട്ടിയതിനു ശേഷം ഞാന്‍ വണ്ടി ഓടിച്ചിട്ടേ ഇല്ല എന്ന ഒരു ആനുകൂല്യവും എനിക്കുണ്ട്. അവസാനം ഒരു വണ്ടി വാടകയ്ക്ക് എടുത്തു. പോകുന്ന വഴി തുള്ളിക്കൊരു കുടം പോലെ പെരുമഴ. ഗ്ലാസ് മുഴുവന്‍ ഒന്നും കാണാന്‍ പാടില്ലാത്ത അവസ്ഥ. വൈപ്പര്‍ ഇട്ടിട്ടും പ്രത്യേകിച്ച് ഗുണമൊന്നുമില്ല. തൊട്ടടുത്തിരുന്ന സുഹൃത്ത് ഇട്ടിരുന്ന ടിഷര്‍ട്ട് ഉപയോഗിച്ച് ഗ്ലാസിലെ ഫ്രോസ്‌റ് കളയാന്‍ ആരംഭിച്ചു. പ്രത്യേകിച്ച് ഗുണമൊന്നും ഉണ്ടാകാത്തതുകൊണ്ടു എമര്‍ജന്‍സി ലൈറ്റിട്ടു അരുകില്‍ നിര്‍ത്തി. ഒരു പോലീസ്‌കാരന്‍ വന്നു കാറില്‍ ഡീഫ്രോസ്‌റ് ചെയ്യാന്‍ ഒരു ബട്ടണ്‍ ഉണ്ട് എന്നതിനെക്കുറിച്ചു ഒരു ക്ലാസ് എടുത്തു മടങ്ങി.

Kohls 30% Coupon

ഒരിക്കല്‍ ഞാന്‍ എന്റെ ഒരു സുഹൃത്തിന്റെ വീട്ടില്‍ പോയി. അദ്ദേഹത്തിന്റെ ഭാര്യ 9 മാസം ഗര്‍ഭിണി. ഡ്യൂ ഡേറ്റിനു ഒരു ആഴ്ച കൂടി മാത്രം. ഞാന്‍ ചോദിച്ചു എങ്ങനെയുണ്ട് ആരോഗ്യ സ്ഥിതി എന്ന്. ഉടനെ മറുപടി ' ശ്രീകുമാറെ, ഞാന്‍ എങ്ങനേലും ഡേറ്റ് ആകാനായി നോക്കിയിരിക്കുകയാണ്, ഭയങ്കര ക്ഷീണം , എപ്പോഴും കിടക്കാന്‍ തോന്നുകയാണ്. പുറത്തേക്കിറങ്ങാന്‍ തോന്നുന്നില്ല.ഭക്ഷണത്തിന് ആണെങ്കില്‍ ഒരു രുചിയും ഇല്ല'. എനിക്കും കഷ്ടം തോന്നി. ഞാന്‍ അവിടെ നിന്ന് ഇറങ്ങി വാള്‍മാര്‍ട്ടിലും പോയി പിന്നീട് കോള്‍സിലും കയറി. അപ്പോള്‍ ഞാന്‍ ഒരു കാഴ്ച കണ്ടു. മുകളില്‍ പറഞ്ഞ , വളരെ അവശ ആണെന്ന് സ്വയം പ്രഖ്യാപിച്ച ആ കഥാപാത്രം പുലി പോകുന്ന പോലെ കോള്‍സിലൂടെ പായുന്നുണ്ട്. ഞാന്‍ മുമ്പില്‍ കയറി നിന്ന് ചോദിച്ചു എങ്ങോട്ടാ ഇത്ര ധൃതിയില്‍ എന്ന്. മറുപടി അതിരസകരം 'അതെ , ഹസ്ബന്‍ഡ് ഇപ്പോള്‍ മെയില്‍ നോക്കിയപ്പോഴാ കോള്‍സിലെ 30% കൂപ്പണ്‍ കണ്ടത്. ഇനി ഞാന്‍ ഈ വീക്ക് എങ്ങാന്‍ പ്രസവിച്ചാല്‍ ഈ കൂപ്പണ്‍ എക്‌സ്പയര്‍ ആകും. അതുകൊണ്ടു ഇന്ന് തന്നെ ഉപയോഗിക്കാം എന്ന് വച്ചു'. ഏതൊരു ഗര്‍ഭക്ഷീണത്തെയും പമ്പ കടത്താന്‍ കോള്‍സിലെ 30% കൂപ്പണ് കഴിയും എന്ന് സാരം.

Black Friday Sale

ഞങ്ങള്‍ 10 സുഹൃത്തുക്കള്‍ ഒരിക്കല്‍ താങ്ക്‌സ് ഗിവിങ് ദിവസം രാത്രിയില്‍ ഒരിടത്തു ഒത്തുകൂടി. ഭാര്യമാര്‍ക്കെല്ലാം ബ്ലാക്ക് ഫ്രൈഡേ പര്‍ച്ചേസിന് പോകണം. എല്ലാ മഹതികളും കൂടി രാത്രി 12 മണിക്ക് തന്നെ ലൈനില്‍ നില്‍ക്കാനുള്ള തയ്യാറെടുപ്പില്‍ കോള്‍സിലേക്ക് പുറപ്പെട്ടു. കട തുറക്കണമെങ്കില്‍ രാവിലെ 4 മണിയാകണം. അതുവരെ ലൈനില്‍ നില്‍ക്കാനാണ് പദ്ധതി. പുറത്താണെങ്കില്‍ മരം കോച്ചുന്ന തണുപ്പ്. 10 പേരും ലൈനില്‍ ആദ്യം തന്നെ ഹാജര്‍. നാട്ടില്‍ അത്യാവശ്യം വേണ്ട ആധാര്‍ കാര്‍ഡിന് അപേക്ഷിക്കാന്‍ പോയിട്ട് 4 പേരെ ലൈനില്‍ കണ്ടിട്ട് ഭയങ്കര തിരക്കാണ് എന്ന് പറഞ്ഞു തിരിച്ചു പോന്നവരാണ് മുകളില്‍ പലരും. അങ്ങനെ 4 മണിക്ക് കടതുറന്ന് 10 പേരും അകത്തു കയറി. പിന്നെ ആന കരിമ്പിന്‍കാട്ടില്‍ കയറുന്ന പോലെ ഒരു പ്രകടനമാണ് അവിടെ കണ്ടത്. ഒരു 8 അടി നീളമുള്ള ട്രോളി എവിടെ നിന്നോ സംഘടിപ്പിച്ചു. എല്ലാവര്‍ക്കും 6 സാധനങ്ങള്‍ വച്ച് വാങ്ങണം. ഓരോന്ന് എടുത്ത് ട്രോളിയില്‍ അട്ടിയിട്ട് വച്ചുകൊണ്ട് ഇരുന്നു. അങ്ങനെ അര മണിക്കൂര്‍ കൊണ്ട് 'ഓപ്പറേഷന്‍ കോള്‍സ്' പൂര്‍ത്തിയാക്കി. അതില്‍ ഒരാളെ ട്രോളി ഏല്‍പ്പിച്ചു കൗണ്ടറിലേക്കു നടന്നുകൊള്ളാന്‍ നിര്‍ദേശം കൊടുത്തു ബാക്കിയുള്ളവര്‍ കടയുടെ ശേഷിച്ച ഭാഗം അരിച്ചുപെറുക്കാന്‍ പോയി. ആ ഹതഭാഗ്യ പിന്നില്‍ നിന്ന് ട്രോളി തള്ളി കൗണ്ടറിലേക്ക് നടക്കുകയാണ്. 6 അടി ഉയരത്തിലാണ് ട്രോളിയില്‍ സാധനങ്ങള്‍ അടുക്കി വച്ചിരിക്കുന്നത്. അതുകൊണ്ടു ട്രോളി തള്ളി വരുന്ന ആളെ മുന്‍പില്‍ ഉള്ളവര്‍ക്ക് കാണാന്‍ പാടില്ല. പലരും വിചാരിച്ചതു റീസ്റ്റോക്ക് ചെയ്യുവാനായി കോള്‍സിന്റെ സ്റ്റാഫ് സാധനങ്ങള്‍ ട്രോളിയില്‍ കൊണ്ടുവരുന്നതാണ് എന്നാണ്. വന്നവര്‍ വന്നവര്‍ അവരവര്‍ക്കു വേണ്ട സാധനങ്ങള്‍ ട്രോളിയില്‍ നിന്നും എടുത്തു പോയിക്കൊണ്ടേ ഇരുന്നു. മുന്‍പില്‍ നടക്കുന്ന ഒരു സംഭവ വികാസങ്ങളും ട്രോളിയുടെ ഉടമ അറിഞ്ഞതേ ഇല്ല. രണ്ട് മിനിറ്റ് കഴിഞ്ഞു മറ്റു 9 പേര്‍ എത്തിയപ്പോള്‍ ഒരു ട്രോളിയും ലോകകപ്പ് ഫൈനലില്‍ പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ തോറ്റപോലെ നമ്മുടെ ഭവതിയും അവിടെ ബാക്കിയുണ്ട്. പിറ്റേ ദിവസം വൈകുന്നേരം 4 മണിയായപ്പോള്‍ 16 മണിക്കൂര്‍ നേരത്തെ മാരത്തോണ്‍ ഷോപ്പിങ്ങിനു ശേഷം എല്ലാവരും തിരിച്ചെത്തി. വണ്ടി നിറയെ സാധങ്ങള്‍ പ്രതീക്ഷിച്ച ഭര്‍ത്താക്കന്മാരായ ഞങ്ങള്‍ കണ്ടത് എല്ലാവരുടെയും കയ്യില്‍ ഓരോ പുതപ്പ് മാത്രം!!! എന്ത് പറ്റി എന്ന ചോദ്യത്തിന് മറുപടി ഇതായിരുന്നു 'ഞങ്ങള്‍ എല്ലാം വാങ്ങിയതായിരുന്നു. നിര്‍ഭാഗ്യവശാല്‍ ബില്ല് ചെയ്തത് നാട്ടുകാര്‍ ആയിപ്പോയി'
Dr. XYZ a famous doctor 

എന്റെ ഭാര്യ, മൂത്ത മോളെ ഗര്‍ഭം ധരിച്ചു എന്ന് അറിഞ്ഞ സമയം. അന്നൊക്കെ ഞാന്‍ താമസിക്കുന്ന സ്ഥലത്തുള്ള മിക്കവാറും ഇന്ത്യന്‍ സ്ത്രീകള്‍ പോകുന്ന ഒരു ഗൈനക്കോളജി ഗ്രൂപ്പുണ്ട്.അവിടത്തെ പ്രധാന ഡോക്ടര്‍ ഇന്ത്യക്കാര്‍ക്കിടയില്‍ വളരെ പ്രശസ്ത ആയിരുന്നു. ഞങ്ങളും ആദ്യ വിസിറ്റിനു ഡോക്ടറെ കാണാന്‍ പോയി. ഞാന്‍ അമേരിക്കയില്‍ ഒരു ക്ലിനിക്കില്‍ ആദ്യമായി പോകുകയാണ്. ചെന്ന ഉടനെ റിസെപ്ഷനിസ്‌റ് ഞങ്ങളെ ഒരു റൂമില്‍ കൊണ്ടുപോയി ഇരുത്തി. പിന്നീട് 'ഡോക്ടര്‍' റൂമില്‍ എത്തി. അച്ഛനും അമ്മയും ആകാന്‍ പോകുന്ന ഞങ്ങളെ അവര്‍ അഭിനന്ദിച്ചു. ഇനി പാലിക്കേണ്ട ഭക്ഷണ രീതികള്‍ , ചെക്കപ്പിന് വരേണ്ട തീയതികള്‍ എല്ലാം അവര്‍ വളരെ വിശദമായി വിവരിച്ചു. ഇത്രയും പ്രശസ്തയായ ഇവരെക്കുറിച്ച് എന്തെങ്കിലും നല്ലതു പറയാതെ പോരുന്നത് വളരെ മോശമാണെന്ന് എന്റെ മനസ്സ് പറഞ്ഞു. ഞാന്‍ പറഞ്ഞു 'നിങ്ങളെക്കുറിച്ചു വളരെ അധികം കേട്ടിട്ടുണ്ട്. ഞങ്ങള്‍ ഇന്‍ഡ്യക്കാര്‍ക്കിടയില്‍ നിങ്ങള്‍ വളരെ പ്രശസ്തയാണ്'. ഇത് കേട്ട പാടെ അവര്‍ എന്നെ അത്ഭുതത്തോടെ നോക്കി. ഒരു രൂക്ഷ നോട്ടം ഭാര്യയും സമ്മാനിച്ചു. എങ്കിലും പറഞ്ഞത് സത്യമായിരിക്കും എന്ന് കരുതി അവര്‍ സംഭാഷണം തുടര്‍ന്നുകൊണ്ടേ ഇരുന്നു. വീണ്ടു ഞാന്‍ അടുത്ത വെടി പൊട്ടിച്ചു 'നിങ്ങളെക്കുറിച്ചു ഞങ്ങളുടെ സുഹൃത്തുക്കള്‍ എപ്പോഴും പറയാറുണ്ട്, വളരെ നല്ല പെരുമാറ്റം , നല്ല കെയറിങ്'. ഇതുകൂടി കേട്ടപ്പോള്‍ ഭാര്യ എന്റെ കാലില്‍ ചവിട്ടുകയും പരിഹാരക്രിയ പോലെ ഉടനെ തൊട്ടു തലയില്‍ വയ്ക്കുകയും ചെയ്തു. അപ്പോള്‍ ഞാന്‍ എന്തോ പന്തികേട് മണത്തു. അവരുടെ ഭര്‍ത്താവ് പോലും അവരെ ഞാന്‍ മനസിലാക്കിയ രീതിയില്‍ മനസ്സിലാക്കിയിട്ടില്ല എന്ന് അവരുടെ മുഖഭാവം വിളിച്ചറിയിക്കുന്നുണ്ടായിരുന്നു. പിന്നീട് അവര്‍ ഞങ്ങളെ വേറൊരു മുറിയിലേക്ക് കൊണ്ടുപോയി. 'ഡോക്ടര്‍ ഇപ്പോള്‍ വരും' എന്ന് മൊഴിഞ്ഞിട്ടു അവര്‍ അപ്രത്യക്ഷയായി. അപ്പോഴാണ് ഇപ്പോള്‍ വന്നത് പൈലറ്റ് വണ്ടി മാത്രമാണെന്നും ഡോക്ടര്‍ ഇനി വരാന്‍ പോകുന്നെ ഉള്ളു എന്ന നഗ്‌നസത്യം ഞാന്‍ മനസ്സിലാക്കിയത്. ഇന്ത്യയില്‍ ഡോക്ടര്‍ ആദ്യം , നേഴ്‌സ് പുറകെ. ഇവിടെ നേഴ്‌സ് ആദ്യം, ഡോക്ടര്‍ പുറകെ !!! 

Velayudhan vs Bill 

ഒരിക്കല്‍ എനിക്ക് ജോലി സംബന്ധമായ ഒരു ഇന്റര്‍വ്യൂ വന്നു. ക്ലയന്റിന്റെ ഭാഗത്ത് നിന്നും ഒരു 'ബില്‍ പാറ്റ്' എന്നെ ഇന്റര്‍വ്യൂ ചെയ്യാന്‍ വിളിക്കുമെന്ന് എന്റെ എംപ്ലോയര്‍ അറിയിച്ചു. ഫോണില്‍ കൂടി സംസാരിച്ചപ്പോള്‍ അദ്ദേഹത്തില്‍ ഒരു മലയാളി ചുവ ഫീല്‍ ചെയ്യുകയും അത് എന്റെ വെറും തെറ്റിദ്ധാരണ ആയി ഞാന്‍ തള്ളിക്കളയുകയും ചെയ്തു. ആരോ പറഞ്ഞപോലെ 'മലയാളി ആണല്ലേ? എങ്ങനെ മനസ്സിലായി ? ഇംഗ്ലീഷ് കേട്ടപ്പോള്‍ മനസ്സിലായി'. ഞാന്‍ ജോലി കിട്ടി ആദ്യ ദിവസം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയി. അപ്പോള്‍ മേല്‍പ്പറഞ്ഞ 'ബില്‍ പാറ്റ്' എന്റെ ക്യൂബില്‍ വരുകയും സ്വയം പരിചയപ്പെടുത്തി പിന്‍വാങ്ങുകയും ചെയ്തു. അപ്പോള്‍ അയാള്‍ ഒരു ഇന്ത്യക്കാരന്‍ ആണെന്ന് ഞാന്‍ ഉറപ്പിച്ചു. യാദൃച്ഛികമായി ഞാന്‍ അവിടെ ജോലി ചെയ്യുന്ന ഒരു മലയാളിയെ പരിചയപ്പെടുകയും ആ സ്ഥലത്തു എവിടെയാണ് കേരള ഭക്ഷണം കിട്ടുക എന്ന് ആരായുകയും ചെയ്തു. അയാള്‍ പറഞ്ഞതനുസരിച്ചു ഞാന്‍ വൈകുന്നേരം ആ മലയാളീ ഹോട്ടലില്‍ കഴിക്കാന്‍ പോയപ്പോള്‍ ദാ അവിടെ ഇരിക്കുന്നു നമ്മുടെ സാക്ഷാല്‍ 'ബില്‍ പാറ്റ്'. അദ്ദേഹം കപ്പയും ബീഫ് ഫ്രൈയും മൂക്ക് മുട്ടെ അടിച്ചു വിടുകയാണ്. ഈ വിവരം ഞാന്‍ എന്റെ മറ്റേ മലയാളി സുഹൃത്തിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു 'അയാള്‍ 'ബില്‍ പാറ്റ്' അല്ല.. 'വേലായുധന്‍ പട്ടഞ്ചേരില്‍' ആണ്. അമേരിക്കക്കാര്‍ വില്യം , ബില്‍ആക്കിയതുപോലെ പോലെ വേലായുധനും ബില്‍ ആയി. പിന്നീടുള്ള പ്രയാണത്തില്‍ 'കാറ്റ്' ആയി മാറിയ 'കുട്ടപ്പനെയും' 'ജാക്ക്' ആയി മാറിയ 'ജഗദീഷിനെയും' എല്ലാം നിരവധി കണ്ടുമുട്ടിയിട്ടുണ്ട്.

മേല്പറഞ്ഞ ഇന്റര്‍വ്യൂ വന്നത് 'ഒഹീയോ' സ്റ്റേറ്റില്‍ നിന്നാണ്. നിങ്ങള്‍ ഇപ്പോള്‍ ചിരിക്കുന്നുണ്ടാകും ഏതാണ് ഈ സ്റ്റേറ്റ് എന്നോര്‍ത്ത്. 'Ohio' എന്ന് എഴുതിയിട്ട് 'ഒഹായോ' എന്ന് വായിക്കാന്‍ ഞാന്‍ അത്ര മണ്ടന്‍ ഒന്നുമല്ല. അതും പോരാഞ്ഞു 'കാര്‍ലിസ്‌ലെ പൈക്കിനടുത്തു' ( Carlisle Pike കാര്‍ലൈല്‍ പൈക്) കുറെ നാളായി താമസിക്കുന്ന എനിക്ക് ഇതൊക്കെ എന്ത് ? പത്താം ക്ലാസ്സില്‍ ബയോളജി ടീച്ചര്‍ 'കിഡ്‌നി' എന്ന് പറഞ്ഞപ്പോള്‍ ക്ലാസ്സിലുള്ള കുട്ടികളെല്ലാം അത് മറ്റെന്തോ ആണെന്നോര്‍ത്ത് ഊറി ഊറി ചിരിച്ചത് ഈ അവസരത്തില്‍ ഞാന്‍ ഓര്‍ത്തു പോകുന്നു. കൂടാതെ കോളേജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നപ്പോള്‍ ആദ്യത്തെ ഫിസിക്‌സ് ക്ലാസ്. നാട്ടിന്‍പുറത്തെ മലയാളം മീഡിയം സ്‌കൂളില്‍ നിന്നും ഇംഗ്ലീഷ് മീഡിയത്തിലേക്കുള്ള ഒരു മൈഗ്രേഷന്‍. ന്യൂട്ടന്റെ ചലന നിയമങ്ങള്‍ പ്രൊഫസര്‍ പഠിപ്പിക്കാന്‍ ആരംഭിച്ചു 'A body will continue in a state of rest or uniform motion......' ഇതില്‍ ബോഡി എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ അടക്കമുള്ള കുട്ടികള്‍ ചിരിക്കാന്‍ തുടങ്ങി. അന്ന് ഞങ്ങള്‍ ആകെ കേട്ടിട്ടുള്ള ബോഡി ഓര്‍ ബാഡി, 90 കഴിഞ്ഞ മുത്തശ്ശിമാര്‍ മാറുമറയ്ക്കാന്‍ ഉപയോഗിക്കുന്ന വസ്ത്രമാണ്.

Z vs ISAD 

ഇംഗ്ലീഷ് അക്ഷരമാലയിലെ അവസാനത്തെ അക്ഷരം. ഗ്രീക്ക് അക്ഷരമാലയിലെ ആറാമത്തെ അക്ഷരം 'Z'. ഞാന്‍ ഇന്നിവിടെ അവതരിപ്പിക്കാന്‍ പോകുന്ന കഥയുടെ പേര് 'ഇസഡ്'. കഥാപ്രസംഗലോകത്തെ മുടിചൂടാ മന്നനായിരുന്ന വി. സാംബശിവന്റെ 'ഇസഡ്' എന്ന കഥാപ്രസംഗം ആരംഭിക്കുന്നത് ഇങ്ങനെയാണ്. ഞാന്‍ പറയാന്‍ പോകുന്ന കഥയും 'ഇസഡിനെ' പറ്റിയാണ്. എന്റെ ഒരു സുഹൃത്തിന്റെ സര്‍നെയിം 'Pazhayattil' എന്നാണ്. അദ്ദേഹം നാട്ടില്‍ നിന്ന് ഇവിടെ എത്തി ഒരു ദിവസം ബാങ്ക് അക്കൗണ്ട് ഓപ്പണ്‍ ചെയ്യാന്‍ പോയി. ടെല്ലര്‍, സര്‍നെയിമിന്റെ സ്‌പെല്ലിങ് പറയാന്‍ പറഞ്ഞു. അദ്ദേഹം പറഞ്ഞു തുടങ്ങി 'പിഎഇസഡ്എച്എവൈഎടിടിഐഎല്‍'. ടെല്ലറുടെ തല കറങ്ങി തുടങ്ങി. പല പ്രാവശ്യം പറഞ്ഞപ്പോള്‍ ഒരു വിധം എല്ലാം മനസ്സിലായി. പക്ഷെ മൂന്നമത്തെ അക്ഷരം അയാളെയും കൊണ്ടേ പോകൂ എന്ന് തോന്നി. അങ്ങേരു പഠിച്ച ഒരു ഇംഗ്ലീഷിലും 'ഇസഡ്' എന്ന ഒരു അക്ഷരം ഇല്ല. അവസാനം Z എഴുതിക്കാണിച്ചപ്പോള്‍ ടെല്ലര്‍ പറഞ്ഞു : ' ഓഹ്... സ്സി'.

Zero vs Jeero 

തമിഴരും തെലുങ്കരും മിക്കവാറും സീറോ എന്ന് പറയുന്നതിന് ജീറോ എന്നെ പറയൂ. ഒരിക്കല്‍ എന്റെ ഒരു തെലുങ്ക് സുഹൃത്ത് ഒരു ഫാസ്റ്റ് ഫുഡ് ഷോപ്പില്‍ പോയി സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്തു. അയാളുടെ ഓര്‍ഡര്‍ നമ്പര്‍ 20. അയാള്‍ മാറി അവിടെ തന്നെ ഒതുങ്ങി നിന്നു. അപ്പോള്‍ വേറൊരു ആള്‍ ചോദിച്ചുഎന്താ വേണ്ടേ എന്ന്. അയാള്‍ പറഞ്ഞു ഞാന്‍ ഓര്‍ഡര്‍ കൊടുത്തു എന്ന്. എന്താ ഓര്‍ഡര്‍ എന്ന് ചോദിച്ചപ്പോള്‍ മറുപടി 'ടു ജീറോ'. കുറച്ചു കഴിഞ്ഞപ്പോള്‍ ഗ്രീക്ക് ഭക്ഷണമായ 2 Gyro റെഡി !!!

വാല്‍ക്കഷ്ണം : മുകളില്‍ പറഞ്ഞിരിക്കുന്ന സംഭവ വികാസങ്ങളിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ആയ ആരുമായും യാതൊരു ബന്ധവുമില്ല എന്നൊന്നും ഞാന്‍ പറയുന്നില്ല. പലരുമായും ബന്ധമുണ്ട്. നിങ്ങള്‍ക്കും ഉണ്ടാകാം. ഒരു മനുഷ്യന്‍ അവന്റെ ശരീരത്തിലെ 43 മസിലുകള്‍ ദേഷ്യം വരുമ്പോള്‍ ഉപയോഗിക്കുമ്പോള്‍ കേവലം 17 മസിലുകള്‍ മതി അവന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിയാന്‍. ലക്ഷ്യം ഒരു പുഞ്ചിരി മാത്രം...??

prt 1

Part 2
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക