Image

സാഹിത്യവിമര്‍ശനം, അഴീക്കോടന്‍ ശൈലിയില്‍: പ്രൊഫ ജോയ് ടി. കുഞ്ഞാപ്പു

(പ്രൊഫസ്സര്‍ ജോയ് ടി. കുഞ്ഞാപ്പു; D.Sc.; Ph.D.) Published on 20 February, 2012
സാഹിത്യവിമര്‍ശനം, അഴീക്കോടന്‍ ശൈലിയില്‍: പ്രൊഫ ജോയ് ടി. കുഞ്ഞാപ്പു
2013 ജാനുവരി 24ന് സുകുമാര്‍ അഴീക്കോടിന്റെ ഒന്നാം ചരമവാര്‍ഷികം ആചരിക്കുന്ന വേളയില്‍ കേരള സാഹിത്യ അക്കാദമിയില്‍ കേള്‍ക്കാനിടയുള്ള പ്രസംഗത്തില്‍ : സാഹിത്യവിമര്‍ശകനും പ്രഭാഷകനും ഗാന്ധിയനുമായിരുന്ന മണ്‍മറഞ്ഞ സുകുമാര്‍ അഴീക്കോടിന്റെ …
2017-ല്‍ അദ്ദേഹത്തിന്റെ 5-ാം ചരമവാര്‍ഷിക യോഗത്തില്‍ കാലിക്കട്ട് യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന സിമ്പോസിയത്തില്‍ കേള്‍ക്കാവുന്നത്: സാഹിത്യവിമര്‍ശകനും പ്രഭാഷകനുമായിരുന്ന സുകുമാര്‍ അഴീക്കോടിന്റെ …
2022 ജനുവരിയില്‍ സര്‍ഗ്ഗവിചാരം ചെയ്യുന്ന വേദികളില്‍ 10-ാം ചരമവാര്‍ഷികവേളയിലെ അവതരണപ്രഭാഷണത്തില്‍: സാഹിത്യവിമര്‍ശകനായിരുന്ന സുകുമാര്‍ അഴീക്കോടിന്റെ …
ഭാവിതലമുറ അഴീക്കോടിനെ നോക്കിക്കാണുക മഹാനായ സാഹിത്യനിരൂപകന്‍/വിമര്‍ശകന്‍ എന്ന നിലയിലായിരിക്കും. അന്നത്തെ ഉദ്ഘാടനപ്രസംഗത്തിലെ പ്രസക്തഭാഗങ്ങള്‍: വിമര്‍ശനം ഒരേ സമയം ശാസ്ത്രവും കലയുമാണ്. സര്‍ഗ്ഗാത്മക കൃതികളാണ് അതിന്റെ അസംസ്‌കൃത പദാര്‍ത്ഥം. തിരഞ്ഞെടുക്കുന്ന 'നല്ല' കൃതികളുടെ ഗുണദോഷവിചാരം ചെയ്യല്‍ മാത്രമല്ല വിമര്‍ശനത്തിന്റ ലക്ഷ്യം, അതിനു ചിരപ്രതിഷ്ഠ കൊടുത്ത് യഥാവിധം പീഠത്തിലിരുത്തലുമാണ്.
മലയാള സാഹിത്യനിരൂപണവേദിയില്‍ അഴീക്കോടിന്റെ സ്ഥാനം, അദ്ദേഹത്തിന്റെ കൃതികളുടെ പരിച്ഛേദം പരിശോധിച്ച്, മൂല്യനിര്‍ണ്ണയം നിങ്ങള്‍ക്ക് വിട്ട്, ഹോള്‍ ഓഫ് ഫെയ്മില്‍ കുടിയിരുത്തുന്നതിനു മുമ്പ് ചില സാഹിത്യവിചാരമാകാം. അതിലൂടെ അഴീക്കോടിന്റെ പ്രത്യേകതകളും ഉന്മീലനം ചെയ്യാം.
വിമര്‍ശനം പലവിധം - ആത്മവിമര്‍ശനം തൊട്ട് ക്രിയാത്മക വിമര്‍ശനം വരെ. മലയാളവിമര്‍ശനത്തില്‍ ഭാരതീയ-പാശ്ചാത്യ മാനദണ്ഡങ്ങള്‍ കാലമാറ്റമനുസരിച്ച് നിലനിന്നിരുന്നു. മാരാരില്‍ സ്വദേശീഭാവവും, പോളില്‍ വിദേശീഭാവവും, മുണ്ടശ്ശേരിയില്‍ മിശ്രഭാവവും തൂര്‍ന്നുനിന്നു.
വിമര്‍ശനത്തിന്റെ ആദ്യപടി ആസ്വാദനം; ആസ്വാദനത്തിന് സംവേദനം അനിവാര്യം; അര്‍ത്ഥം നുകര്‍ന്ന് ഭാവം വരിക്കണം; ബോധത്തില്‍ രമിച്ച് കൃതിയുടെ സൗന്ദര്യം പകരണം. അടുത്ത പടി വിശകലനം - യുക്തിഭദ്രതയുള്ള മനസ്സ് ഇതിനാവശ്യം. തുടര്‍ന്നുള്ള വിലയിരുത്തല്‍ ഘട്ടത്തില്‍ വിമര്‍ശകന്റെ വായന/ജീവിതാനുഭവങ്ങള്‍, വിവിധ വിജ്ഞാനമണ്ഡലത്തില്‍ വിഹരിച്ചാഗിരണം ചെയ്ത സാരാംശങ്ങള്‍ എന്നിവ അത്യന്താപേക്ഷിതം. ആസ്വാദനതലത്തില്‍ കുരുങ്ങാതെ അര്‍ഹതയെ അംഗീകരിച്ചും അനര്‍ഹതയെ തിരസ്‌കരിച്ചും വിമര്‍ശനചിത്രം നിറയ്ക്കണം.
ഭാരതീയചിന്തകര്‍ വിമര്‍ശകന് കല്‍പ്പിച്ചിരിക്കുന്ന പ്രധാന രണ്ടു ഗുണങ്ങള്‍ വാസനയും വ്യുല്‍പ്പത്തിയുമാണ്. വാസനയുടെ ഗന്ധം എളുപ്പം മണുക്കാം; വ്യുല്‍പ്പത്തിയുടെ ഗരിമ പാണ്ഡിത്യത്തില്‍ നിന്നും ലോകനിരീക്ഷണത്തില്‍ നിന്നും അചിരേണ ആര്‍ജ്ജിക്കാം. വാസന കുറഞ്ഞാലും വ്യുല്‍പ്പത്തിയും സരസ്വതീകടാക്ഷവും ഉണ്ടെങ്കില്‍ വിമര്‍ശകതല്പത്തിലിരിക്കാമെന്ന് ദണ്ഡി; വാസനയ്ക്കാണ് മുന്‍തൂക്കം കൊടുക്കേണ്ടതെന്ന് വാമനനും ആനന്ദവര്‍ദ്ധനനും മമ്മടനും. സര്‍ഗ്ഗസാഹിത്യനിര്‍മ്മാണത്തില്‍ എന്തായാലും 'വാസന തന്നെ മുന്നില്‍' എന്ന് നാം.
ആദ്യകാല നിരൂപണങ്ങള്‍ പുസ്തകങ്ങളുടെ അവതാരികയില്‍ ഒതുങ്ങി. നളിനിക്ക് എ. ആര്‍. 1911-ല്‍ എഴുതിയ 17 വാചകത്തിലൊതുങ്ങിയ അവതാരിക പ്രശസ്തമായ നിരൂപണമാണ്; അതുപോലെ, കവിത്രയത്തിന്റെ അവതാരികകളും. ഇടക്കാലത്ത് വടക്കുനിന്ന് മൂര്‍ക്കോത്ത് കുമാരനും തെക്കുനിന്ന് നാരായണ, രാമകൃഷ്ണ, ബാലകൃഷ്ണ എന്നീ പിള്ളമാരും തേരോട്ടം നടത്തി. മദ്ധ്യഘട്ടമായപ്പോള്‍ പോളും, മാരാരും, മുണ്ടശ്ശേരിയും വിലസി. അഴീക്കോട,് ഗുപ്തന്‍ നായര്‍, എം. എന്‍. വിജയന്‍, എം. കെ. സാനു തുടങ്ങിയവര്‍ ആധുനിക വിമര്‍ശനത്തിന്റെ വക്താക്കളുമായി.
നീലകണ്ഠനായ ശിവനേപ്പോലെ മൗലിയില്‍ ചന്ദ്രനും കണ്ഠത്തില്‍ വിഷവും വഹിച്ചാവണം സാഹിത്യവിമര്‍ശനം എന്ന പുരാതന പ്രമാണത്തെ തള്ളിക്കളഞ്ഞ്, അഴീക്കോട് എങ്ങിനെ ഖണ്ഡനവിമര്‍ശനത്തിന്റെ വക്താവായി മാറി? ദോഷവിചാരം ചെയ്യുന്ന കൂട്ടക്കാരുടെ ശലാകയേന്തി?
അഴീക്കോടിന്റെ മുഖമുദ്ര മണ്ഡനമാണോ ഖണ്ഡനമാണോ എന്ന് കണ്ടെത്താന്‍ 1 - 10 വരെയുള്ള തോതില്‍ ഈ രണ്ടു ഗുണങ്ങളും അടയാളപ്പെടുത്താന്‍ നിങ്ങളോട് പറഞ്ഞാല്‍, എന്തുത്തരം നിങ്ങള്‍ക്ക് കിട്ടും?
അഴീക്കോടിലെ ഗവേഷകന്‍, ആദ്യത്തെ മലയാള നിരൂപകന്‍ കേരളവര്‍മ്മയാണെന്ന് ഉമാകേരളത്തിന് 1913-ല്‍ എഴുതിയ അവതാരിക കാട്ടി കണ്ടെത്തി. പിന്നീടു വന്ന യുവാക്കള്‍ ആ പദവി 1889-ല്‍ വന്ന കല്യാണീനാടകനിരൂപണത്തിന്റെ അടിസ്ഥാനത്തില്‍ സി. പി. അച്യുതമേനോനു ചാര്‍ത്തിക്കൊടുത്തു. എന്നാല്‍ അഴീക്കോടിലെ നിരൂപകനാണ് ആ അന്വേഷണത്തിന് തുടക്കം വെച്ചത്.
അഴീക്കോടിനെ ഞാന്‍ ആദ്യമായറിയുന്നത്, ശങ്കയില്ലാതെ പറയാം, 40 വര്‍ഷം മുമ്പ് വായിച്ച “ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു” എന്ന കൃതിയിലൂടെയാണ്. വളരെയധികം ഇഷ്ടപ്പെട്ടിരുന്ന ശങ്കരക്കുറുപ്പിനെ യുക്തിഭദ്രമായി ഖണ്ഡിക്കുന്നത് പകപ്പോടെ വായിച്ചു. സാഗരഗീതങ്ങളുടെ സാമ്യം ഉദ്വേഗത്തോടെ കണ്ടു. ടാഗോര്‍കൃതികളുടെ സ്വാധീനം വംഗദേശത്തുനിന്ന് നായത്തോടിലേക്ക് കുടിയേറിയ കഥ കേള്‍ക്കാന്‍ കാത് കൂര്‍പ്പിച്ചു. അദ്ദേഹം വസ്തുനിഷ്ഠമായി ഗര്‍ജ്ജിച്ച് എല്ലാവരേയും നിരായുധരാക്കി. പ്രശസ്തിയും, ശത്രുവിന്റെ ശത്രുവായ മിത്രങ്ങളേയും കിട്ടി. ശ്രദ്ധിക്കപ്പെടാനും വായിക്കപ്പെടാനും അത് രാസത്വരംഗമായി. ഈ പുസ്തകത്തെക്കുറിച്ച് എം. എന്‍. വിജയന്‍, ശങ്കരക്കുറുപ്പിനെ തുണച്ചുകൊണ്ട് മാതൃഭൂമിയില്‍ എഴുതിയ നിരൂപണവും പ്രസിദ്ധമാണ്.
ആശാന്റെ സീതാകാവ്യം: ആശാനെക്കുറിച്ച് മലയാളത്തില്‍ എഴുതിയ എല്ലാ ഗ്രന്ഥങ്ങളും ഇംഗ്ലീഷിലായിരുന്നെങ്കില്‍, “ആശാന്‍ നിരൂപണം” എന്ന് ഗൂഗിള്‍ ചെയ്താല്‍ ആദ്യം പ്രത്യക്ഷപ്പെടുക ഈ കൃതിയായിരിക്കും. ആശാന്റെ വ്യക്തിജീവിതത്തില്‍ കടുത്ത പ്രയാസങ്ങളുണ്ടായിരുന്ന ഒരു കാലഘട്ടത്തിലാണ് ചിന്താവിഷടയായ സീത എഴുതിയത്. സ്ത്രീകളുമായി ബന്ധപ്പെടുത്തി പരദൂഷണം, എസ്. എന്‍. ഡി. പി. ഫണ്ടുമായി ബന്ധപ്പെടുത്തി ധനമോഷണക്കുറ്റം, നാരായണഗുരുവുമായുള്ള അകല്‍ച്ച എന്നിവയായിരുന്നു വൈഷമ്യഹേതുക്കള്‍. സത്യസന്ധനായ ആശാന്‍ ഈ കാലത്ത് ഉള്ളുരുകി എഴുതിയപ്പോള്‍ ഒരു ഉല്‍കൃഷ്ടകൃതി ഉടലെടുത്തു. രാമന്‍ നാരായണഗുരുവും, സീത ആശാനുമാണെന്നാണ് പറയപ്പെടുന്നത്. സീതാവിജയമായി ഇതിനെ അഴീക്കോടും കാണുന്നു. മനഃശാസ്ത്രശാഖയുടെ വെളിച്ചത്തില്‍ സീതയെ പഠിക്കുന്നു. “ആദികാവ്യത്തിന്റെ വിത്ത് നട്ട് ആദികാവ്യത്തിന്റെ ഫലം തന്നെ ആശാന്‍ പറിച്ചെടുത്തു,” എന്ന് അഴീക്കോട് നോക്കിക്കാണുന്നു. ഇതില്‍ ഖണ്ഡനം എവിടെയാണ് എന്ന ചോദ്യത്തിന്, ഖണ്ഡനം എറ്റുവാങ്ങിയത് മുമ്പുള്ള ആശാന്‍ നിരൂപകരാണെന്ന് ഡോക്ടര്‍ എം. എം. ബഷീര്‍ നിരീക്ഷിക്കുന്നു.
രമണനും മലയാളകവിതയും: കവിത്രയങ്ങള്‍ നീണ്ടുവാണ് സാഹിത്യരംഗം ഒരപചയത്തില്‍ പെട്ടിരുന്ന കാലം. ഉപരിയായി എനിക്ക് തോന്നുന്നത്, 1929-ലെ ദ ഗ്രേറ്റ് ഡിപ്രഷന്‍ വരുത്തിവെച്ച സാമ്പത്തികമാന്ദ്യം ജീവിതത്തിന്റെ എല്ലാ രംഗങ്ങളേയും തളര്‍ത്തിയിരുന്നുവെന്നാണ്. ഈ ഹിമനിപാതത്തില്‍ നിന്നും ഭാഷക്ക് ഊഷ്മളത കൊടുത്തത് രമണന്‍ തന്നെ. അഴീക്കോടിന്റെ കൃതിയില്‍ പൂര്‍വ്വഭാഗത്തെ ഖണ്ഡനദണ്ഡനം ഉത്തരഭാഗത്തെ മണ്ഡനമാര്‍ദ്ദവമായി മാറുന്നു. സുകുമാരപദങ്ങളെ ഭാവവുമായി കൂട്ടിയിണക്കിയതിനെ ശ്ലാഘിച്ചിരിക്കുന്നു. വാചാലതയെ താഴ്ത്തിക്കെട്ടിയിരിക്കുന്നു. അവതരണരീതിയെ പ്രശംസിച്ചിരിക്കുന്നു. ഗായകസംഘത്തെ തള്ളിപ്പറഞ്ഞെന്നു തോന്നുന്നു, കൂട്ടത്തില്‍ മുണ്ടശ്ശേരിയുടെ അവതാരികയേയും. നല്ല സ്ര്‍ട്ടിഫിക്കറ്റ് ഒടുവില്‍ ചങ്ങമ്പുഴക്കു കൊടുക്കുന്നു: “ഇമ്പമേറുന്ന പദങ്ങള്‍ തടവില്ലാതെ കുതിച്ചൊഴുകിപ്പരന്നു കിടക്കുന്ന ഈ പാലാഴിയിലെ അനന്തഫണവിതാനത്തിന്‍ കീഴിലാണ് ചങ്ങമ്പുഴയുടെ ശാശ്വത കീര്‍ത്തിതല്പം വിരിച്ചിരിക്കുന്നത്” എന്ന് പറഞ്ഞ്.
മറ്റു പ്രധാന വിമര്‍ശനകൃതികള്‍: പുരോഗമന സാഹിത്യവും മറ്റും (ലേഖനസമാഹാരം), മലയാളസാഹിത്യവിമര്‍ശനം, ഖണ്ഡനവും മണ്ഡനവും, തത്ത്വമസി എന്നിവ. ഇതില്‍ വിമര്‍ശനത്തിന്റെ മുന്നോടിയായ വിശകലനത്തിന്റെ സന്തതിയാണ് തത്ത്വമസി.
പ്രത്യേകതകള്‍:
1. മിക്ക നിരൂപകരും തലോടല്‍ ആദ്യവും അടി ഒടുവിലും കൊടുക്കുമ്പോള്‍, അഴീക്കോട് ദണ്ഡിപ്പിച്ച് സുഖചികിത്സ നല്‍കുന്നു. അതായത്, കൃതിയുടെ കുറ്റവും കുറവും ചൂണ്ടിക്കാട്ടി ഒടുവില്‍ മേന്മയെ വാഴ്ത്തുന്നു. അഴീക്കോടിന്റെ പൊതുസ്വഭാവവും അപ്രകാരമെന്ന് കൂടുതല്‍ അറിവുള്ളവര്‍ പറയുന്നു.
2. നല്ലതിനെ വാനോളം പുകഴ്ത്തുക, മോശപ്പെട്ടതിനെ ആഴത്തില്‍ താഴ്ത്തുക.
3. ക്ഷിപ്രകോപവാനായി ഇകഴ്ത്തുക, ശീഘ്രശീതളനായി വാഴ്ത്തുക.
4. പുസ്തകങ്ങളുടെ അവതാരികയില്‍ മാത്രം അല്പം മാര്‍ദ്ദവം കാട്ടുന്നു.
5. ഒരു കൃതിയെക്കുറിച്ചു മാത്രം സമഗ്രപ്രതിപാദനം ചെയ്യുമ്പോള്‍, ഇംഗ്ലീഷില്‍ പറയട്ടെ: “അഴീക്കോട് ഈസ് എറ്റ് ഹിസ് ബെസ്റ്റ്, ഏന്റ് നൊബെഡി കേന്‍ ബീറ്റ് ഹിം.”
അഭിനയരംഗത്തില്ലാഞ്ഞും ഒരു വലിയ താരമായി വിളങ്ങിയ അഴീക്കോടിന്റെ ആത്മസത്ത വിമര്‍ശനരംഗത്തും, ഭൗതികാംശം സാമൂഹിക, സാംസ്‌കാരിക മേഖലകളിലും തിളങ്ങി നില്ക്കും!
[പ്രാഥമികവും ഇതരവുമായ ഗ്രന്ഥങ്ങള്‍ ഈ ലേഖനരചനയ്ക്കു സഹായകമായിട്ടുണ്ട്.]
സാഹിത്യവിമര്‍ശനം, അഴീക്കോടന്‍ ശൈലിയില്‍: പ്രൊഫ ജോയ് ടി. കുഞ്ഞാപ്പു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക