Image

സുനില്‍ എന്ന പെണ്‍കരുത്തിന് അര്‍ച്ചന; 66-ാമത്തെ വീട് സോപാനസംഗീതത്തോടെ തുറന്നുകൊടുത്തു (കുര്യന്‍ പാമ്പാടി)

രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി Published on 14 January, 2017
സുനില്‍ എന്ന പെണ്‍കരുത്തിന് അര്‍ച്ചന; 66-ാമത്തെ വീട് സോപാനസംഗീതത്തോടെ തുറന്നുകൊടുത്തു (കുര്യന്‍ പാമ്പാടി)
വിദേശപണംകൊണ്ടു ശ്വാസംമുട്ടിക്കഴിയുന്ന പത്തനംതിട്ട ജില്ലയില്‍ വീടില്ലാത്തവര്‍ ഒട്ടേറെയുണ്ടെന്നത് ആരെയും വിസ്മയിപ്പിക്കും. പ്രത്യേകിച്ച്, പ്രായംചെന്ന മാതാപിതാക്കളെ കുടിയിരുത്താന്‍ കോടികള്‍ മുടക്കി മണിമാളികകള്‍ പണികഴിപ്പിക്കുന്ന നാട്ടില്‍. ഈ 'കോണ്‍ക്രീറ്റ് കല്ലറകള്‍'ക്കിടയില്‍ തലചായ്ക്കാനിടമില്ലാത്തവര്‍ക്ക് സൗജന്യമായി വീടുകള്‍ പണിതു സമ്മാനിക്കുന്ന ഒരാളുണ്ട് - എം.എസ്. സുനില്‍. സ്ത്രീയാണ്; പക്ഷേ, പത്തനംതിട്ടയിലെ സ്ത്രീജനങ്ങള്‍ അവരെ വിളിക്കുന്നത് ഉശിരുള്ള ആണ്‍കുട്ടി എന്നാണ്.

സുനില്‍ 2005ല്‍ ആരംഭിച്ച യജ്ഞം 66-ാമത്തെ വീട്ടിലെത്തി നില്‍ക്കുന്നു. ഓമല്ലൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ മണ്ണാറമല ദേവീക്ഷേത്രത്തിനടുത്ത് പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ കുടിലില്‍ താമസിക്കുന്ന രവി-ഷീല ദമ്പതികള്‍ക്കാണ് ഈ വീടു ലഭിച്ചത്. പതിവുപോലെ പ്രസംഗങ്ങള്‍ക്കു പകരം ഇടയ്ക്ക കൊട്ടി സോപാനസംഗീതം ആലപിച്ച മുസ്ലിം കലാകാരന്‍ റെഷി വലിയകത്ത് അവര്‍ക്ക് താക്കോല്‍ കൈമാറി.

മണ്ഡലകാലമായതിനാല്‍ ദേവീക്ഷേത്രത്തില്‍നിന്ന് ഹരിവരാസനം ഒഴുകിവന്നപ്പോഴും റെഷിയുടെ ''അരാജമുഖ പങ്കജാഭാഗോ ജയ...'' എന്ന ഗണപതിസ്‌തോത്രം ഇടയ്ക്കയുടെ താളത്തില്‍ ഉയര്‍ന്നുപൊങ്ങി. പിന്നെ നിലവിളക്കു കൊളുത്തലും താക്കോല്‍ദാനവും.
കാതോലിക്കേറ്റ് കോളജില്‍ സുവോളജി പ്രൊഫസറായിരുന്നു 2016ല്‍ വകുപ്പ് അധ്യക്ഷയായി റിട്ടയര്‍ ചെയ്ത ഡോ. സുനില്‍. 2005ല്‍ തന്റെ കീഴില്‍ എം.എസ്‌സിക്കു പഠിക്കുന്ന ആശ എന്ന നിരാലംബയായ പെണ്‍കുട്ടിക്ക് ശബരിലയുടെ താഴ്‌വരയിലെ കൊടുമണ്ണില്‍ വീടു കെട്ടിക്കൊണ്ടായിരുന്നു തുടക്കം. ''അറുപത്താറാമത്തെ ഈ വീട് ടീച്ചറിന്റെ അവിരാമമായ കര്‍മകുശലതയ്ക്കും നിറഞ്ഞ മനസ്സിനും നാടു നല്‍കുന്ന ഒരര്‍ച്ചനയാണ്'' -മുഖ്യപ്രസംഗം ചെയ്ത ജില്ലാ പഞ്ചായത്ത് ഉപാധ്യക്ഷന്‍ ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ പറഞ്ഞു. ടീച്ചര്‍ ഇപ്പോള്‍ ഇലന്തൂര്‍ ഗവ.കോളജില്‍ ഗസ്റ്റ് പ്രൊഫസര്‍കൂടിയാണ്.

ഈ വീടിന് 'ഒറ്റപ്ലാമൂട്ടില്‍ അര്‍ച്ചന' എന്നു പേരു വിളിക്കുമെന്ന് താക്കോല്‍ സ്വീകരിച്ചശേഷം രവിയും ഷീലയും ഒരുപോലെ പറഞ്ഞു. വേരിക്കോസ് വെയ്ന്‍ മൂലം ഇരുപതു വര്‍ഷം മുമ്പ് ഹോട്ടല്‍ പാചകത്തില്‍നിന്നു വിരമിച്ച രവിക്ക് രണ്ടു പുത്രന്മാരുണ്ട് - രാഹുല്‍, രാഗേഷ്. ''രണ്ടു പേരും പ്ലസ്ടു കഴിഞ്ഞ് ജോലിക്കു കയറി. ഞങ്ങളുടെ ജീവിതം പച്ചപിടിച്ചു വരുന്നു'' - നിറഞ്ഞ കണ്ണുകളോടെ ഷീല അറിയിച്ചു. രണ്ട് മുറി, സിറ്റൗട്ട്, അടുക്കള, ശുചിമുറി. സിമന്റിഷ്ടികകൊണ്ടു ഭിത്തി. ജി.ഐ ഷീറ്റിന്റെ മേല്‍ക്കൂര. വീടിന് രണ്ടു ലക്ഷമായി. 2005ല്‍ ആദ്യത്തെ വീടിന് 65,000 ചെലവായി.
കേട്ടറിഞ്ഞും കണ്ടറിഞ്ഞും ഒരുപാടു പേര്‍ സഹായവുമായെത്തി. മാര്‍ ക്രിസോസ്റ്റം, കെ.പി. യോഹന്നാന്‍ മെത്രാപ്പോലീത്ത, രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍, സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് എന്നിങ്ങനെ. ടെക്‌സാസിലെ ഷുഗര്‍ലാന്‍ഡില്‍ നിന്നു കെ.പി.ജോര്‍ജ് (കൊക്കാത്തോട്) എട്ടു വീടുകള്‍ക്കു സഹായമെത്തിച്ചു. അതോടൊപ്പം അമേരിക്കക്കാരനായ മറ്റൊരു മലയാളി 50,000 കൊടുക്കുമെന്നു പ്രഖ്യാപിച്ച ശേഷം ഒളിച്ചോടി. വലിയ ഒരു വീടു വച്ചശേഷം പാവപ്പെട്ട ഒരാള്‍ക്കായി മറ്റൊരു വീടിനു സഹായം നല്‍കിയ വ്യക്തിയുമുണ്ട്.
ആഫ്രിക്കയില്‍ അധ്യാപകനായിരുന്ന ഒരു 82-കാരന്‍ പേരു വെളിപ്പെടുത്തരുതെന്നു പറഞ്ഞ് സഹായം നല്‍കി. ആ തുക കൊണ്ടാണ് 66-ാമത്തെ വീടു പൂര്‍ത്തിയാക്കിയത്. പേരു പറയാതെതന്നെ അേേദ്ദഹത്തിന്റെ സഹായത്തെപ്പറ്റി സുനില്‍ എടുത്തുപറഞ്ഞു. അദ്ദേഹം ഇപ്പോള്‍ അമേരിക്കയില്‍ പെണ്‍മക്കള്‍ ക്കൊപ്പമാണ്.

കേരള യൂണിവേഴ്‌സിറ്റിയുടെ ശംഖുമുഖത്തെ അക്വാട്ടിക് ബയോളജി ആന്‍ഡ് ഫിഷറീസ് വകുപ്പിലാണ് സുനില്‍ ഡോക്ടറല്‍ ഗവേഷണം നടത്തിയത്. ഹോസ്റ്റലിലെ ഭക്ഷണം കടലോരത്തെ പാവപ്പെട്ട കുട്ടികള്‍ക്കു പങ്കുവച്ച ആളാണ്. സ്വന്തം വസ്ത്രങ്ങളും കൂട്ടുകാരികളില്‍നിന്നു ശേഖരിച്ച വസ്ത്രങ്ങളും അവര്‍ക്കിടയില്‍ വിതരണം ചെയ്തു. എന്തുവേണ്ടി, അന്നു തുടങ്ങിയ സാമൂഹ്യസേവന പ്രതിബദ്ധത, കോളജിലെഎന്‍.എസ്.എസ് പ്രോഗ്രാം ഓഫീസറെന്ന നിലയില്‍ എം.ജി യൂണിവേഴ്‌സിറ്റിയുടെ അവാര്‍ഡിലേക്കുനയിച്ചു. സി.എന്‍.എന്‍-ഐ.ബി.എന്‍ നടത്തിയ അഭിമുഖം കോളജിന്റെ വെബ്‌സൈറ്റില്‍ എന്നും കാണാം.

വീടു കിട്ടിയവരുടെ വൈവിധ്യം വിസ്മയം ജനിപ്പിക്കും. ചങ്ങമ്പുഴ പാടിയതുപോലെ, ''അവശന്മാര്‍ ആര്‍ത്തന്മാര്‍ ആലംബഹീനന്മാര്‍'' തന്നെയാണ് സുനിലിന്റെ ഗുണഭോക്താക്കള്‍. വീടില്ലാത്തതിനാല്‍ മഴക്കാലത്ത് കുടപിടിച്ചു രാത്രി കഴിച്ചുകൂട്ടിയ വൃദ്ധ അവരിലൊരാളാണ്. ശബരിമലയുടെ നിഴലില്‍ചാലക്കയത്തെ ആദിവാസിക്കും വീടു കിട്ടി. ''അവര്‍ക്ക് ഓണസദ്യ കൊടുത്തപ്പോള്‍ ചോറു മാത്രം ഉണ്ടിട്ട് എഴുന്നേല്‍ക്കുന്നതു കണ്ടു. അന്വേഷിച്ചപ്പോള്‍, കറി കൂട്ടി ശീലമില്ലത്രെ അവര്‍ക്ക് '' -ടീച്ചര്‍ ഓര്‍ക്കുന്നു.

 വീടിനു പുറമെ വീല്‍ചെയറും ശ്രവണസഹായിയും ടീച്ചര്‍ സൗജനൃമായി നല്‍കി വരുന്നു.
ഇരുപത്തിരണ്ടു ദിവസംകൊണ്ട് ഒരു വീടു പൂര്‍ത്തിയാക്കി അടുത്ത വീടിന്റെ പണി തുടങ്ങും. ടീച്ചറിനെ സഹായിക്കാന്‍ ഒരു പതിറ്റാണ്ടായി ടി.കെ. ജയലാല്‍ സാരഥിയായി കൂടെയുണ്ട്. നാല്പതു വര്‍ഷം വാടകവീട്ടിലായിരുന്നു താമസം. കോളജിനടുത്ത് അടുത്തകാലത്തു വച്ച വീടിന് സാര്‍ത്ഥകമായ പേര് - കൃപ. ജീവിതപങ്കാളി തോമസ് താവളത്തില്‍ എന്നും പിന്നണിയില്‍ നിന്നിട്ടേയുള്ളൂ. ടൗണില്‍ ഒരു മിനി സൂപ്പര്‍ മാര്‍ക്കറ്റ് നടത്തുന്നു. അയര്‍ലണ്ടിലെ ഡബ്ലിനില്‍ ഫിസിക്‌സില്‍ എം.എസ്‌സി ചെയ്ത പ്രിന്‍സ് ഏക മകന്‍. സ്‌കോളര്‍ഷിപ്പ് നേടി ജപ്പാനിലെ ഓക്കിനാവയില്‍ ഗവേഷണത്തിനു പോകുന്ന തിരക്കിലായിട്ടും പ്രിന്‍സ് ചടങ്ങിനുണ്ടായിരുന്നു.
റെഷി എന്ന സോപാന കലാകാരനെ കൂട്ടിക്കൊണ്ടുവന്ന സുഹൃദ്‌വലയത്തില്‍ നാലു പേര്‍ കൂടിയുണ്ടായിരുന്നു-റെഷിയുടെ കഥ അടിസ്ഥാനമാക്കി '1965 വിശാഖപട്ടണം' എന്ന സിനിമ ചെയ്യുന്ന ശ്രീനാഥ്, സുനിലിന്റെ അനുജത്തി സുജഅനു കുര്യന്റെ മകള്‍ അഞ്ജു കുര്യനെ (നേരം, പ്രേമം, ഓം ശാന്തി) നായികയാക്കി 'വാര്‍ഡ്15' എന്ന സിനിമ ചെയ്യുന്ന ഡാനി വയനാട്, തിരക്കഥയെഴുതുന്ന നിഷാദ് പീച്ചി, സുധീഷ് പീച്ചി എന്നിവര്‍.

പഞ്ചായത്തംഗം പി.എസ്. തോമസ് ആയിരുന്നു മറ്റൊരു അതിഥി. സുനില്‍ ഗസ്റ്റ് പ്രൊഫസറായ ഇലന്തൂര്‍ ഗവണ്‍മെന്റ് കോളജിലെ അധ്യാപകര്‍ ഡോ. എം. ഉദയകുമാറും സുമയ്യ റഹ്മാനും എത്തിയിരുന്നു. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്‍ സീനിയര്‍ മാനേജര്‍ രഞ്ജിത് സാമുവല്‍ ആയിരുന്നു മറ്റൊരാള്‍.

''ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവയാണല്ലോ മനുഷ്യന്റെ പ്രാഥമികാവശ്യങ്ങള്‍. പാര്‍പ്പിടമായാല്‍ ജീവിതത്തില്‍ സ്വപ്നങ്ങള്‍ കാണാനുള്ള അടിസ്ഥാനമായി'' -ടീച്ചര്‍ അല്പം ദാര്‍ശനികമായി സംസാരിച്ചു. ''ജീവിതത്തിന് സ്വപ്നങ്ങളുടെ നിറപ്പകിട്ടു നല്‍കാനുള്ള അടിസ്ഥാനം-അതാണു പാര്‍പ്പിടം. ഈ സ്പീഡില്‍ 2020 ആകുമ്പോഴേക്കും നൂറു വീടുകള്‍ പൂര്‍ത്തിയാക്കുകയാണ് എന്റെ സ്വപ്നം.''

സുനില്‍ എന്ന പെണ്‍കരുത്തിന് അര്‍ച്ചന; 66-ാമത്തെ വീട് സോപാനസംഗീതത്തോടെ തുറന്നുകൊടുത്തു (കുര്യന്‍ പാമ്പാടി)സുനില്‍ എന്ന പെണ്‍കരുത്തിന് അര്‍ച്ചന; 66-ാമത്തെ വീട് സോപാനസംഗീതത്തോടെ തുറന്നുകൊടുത്തു (കുര്യന്‍ പാമ്പാടി)സുനില്‍ എന്ന പെണ്‍കരുത്തിന് അര്‍ച്ചന; 66-ാമത്തെ വീട് സോപാനസംഗീതത്തോടെ തുറന്നുകൊടുത്തു (കുര്യന്‍ പാമ്പാടി)സുനില്‍ എന്ന പെണ്‍കരുത്തിന് അര്‍ച്ചന; 66-ാമത്തെ വീട് സോപാനസംഗീതത്തോടെ തുറന്നുകൊടുത്തു (കുര്യന്‍ പാമ്പാടി)സുനില്‍ എന്ന പെണ്‍കരുത്തിന് അര്‍ച്ചന; 66-ാമത്തെ വീട് സോപാനസംഗീതത്തോടെ തുറന്നുകൊടുത്തു (കുര്യന്‍ പാമ്പാടി)സുനില്‍ എന്ന പെണ്‍കരുത്തിന് അര്‍ച്ചന; 66-ാമത്തെ വീട് സോപാനസംഗീതത്തോടെ തുറന്നുകൊടുത്തു (കുര്യന്‍ പാമ്പാടി)സുനില്‍ എന്ന പെണ്‍കരുത്തിന് അര്‍ച്ചന; 66-ാമത്തെ വീട് സോപാനസംഗീതത്തോടെ തുറന്നുകൊടുത്തു (കുര്യന്‍ പാമ്പാടി)സുനില്‍ എന്ന പെണ്‍കരുത്തിന് അര്‍ച്ചന; 66-ാമത്തെ വീട് സോപാനസംഗീതത്തോടെ തുറന്നുകൊടുത്തു (കുര്യന്‍ പാമ്പാടി)സുനില്‍ എന്ന പെണ്‍കരുത്തിന് അര്‍ച്ചന; 66-ാമത്തെ വീട് സോപാനസംഗീതത്തോടെ തുറന്നുകൊടുത്തു (കുര്യന്‍ പാമ്പാടി)സുനില്‍ എന്ന പെണ്‍കരുത്തിന് അര്‍ച്ചന; 66-ാമത്തെ വീട് സോപാനസംഗീതത്തോടെ തുറന്നുകൊടുത്തു (കുര്യന്‍ പാമ്പാടി)
Join WhatsApp News
Jomy thomas 2017-01-17 09:51:07
God bless your family
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക