Image

കപട പരിസ്ഥിതി വാദം: കേരളത്തിന് വലിയവിലകൊടുക്കേണ്ടിവരും: റെജി ലൂക്കോസ്

Published on 16 January, 2017
കപട പരിസ്ഥിതി വാദം: കേരളത്തിന് വലിയവിലകൊടുക്കേണ്ടിവരും: റെജി ലൂക്കോസ്
പരിസ്ഥിതിയുടെ സംതുലിതാവസ്ഥ നിലനില്‍ക്കേണ്ടത് മനുഷ്യനുള്‍പ്പെടെയുള്ള ജീവജാലങ്ങളുടെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ്. അതിനാല്‍ത്തന്നെ പരിസ്ഥിതിസംരക്ഷകര്‍ നാടിന്റെ അവിഭാജ്യഘടകങ്ങളാണ്. എന്നാല്‍, പരിസ്ഥിതിവാദം കച്ചവടമാക്കുന്നവര്‍ രംഗം കൈയടക്കിയാലോ? അത് അപകടമാണ്.

അത്തരത്തിലുള്ള കപടപരിസ്ഥിതി വാദക്കാര്‍ കേരളത്തില്‍ കൂണുപോലെ മുളച്ചുകൊണ്ടിരിക്കുന്നു. ഏതു വികസനപദ്ധതിയെയും കൊലചെയ്യാനുള്ള ഉല്‍പന്നമായി കപടപരിസ്ഥിതി വാദം മാറിക്കഴിഞ്ഞിരിക്കുന്നു. പ്രകൃതിസംരക്ഷണമെന്ന പേരില്‍ പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുള്ള വികസനങ്ങളെ തകര്‍ക്കുന്നതു ശരിയാണോ. 'പരിസ്ഥിതി വാദ'മെന്നതു മാര്‍ക്കറ്റ് ചെയ്യാവുന്ന തൊഴിലായി ചിലര്‍ മാറ്റിയിരിക്കുകയാണ്. കേരളത്തിന്റ സ്വാഭാവികവികസനങ്ങളെപ്പോലും തടയിടുകയാണ് അവര്‍ ചെയ്യുന്നത്. നാടിന്റെ അനിവാര്യമായ മുന്നേറ്റത്തെ തകര്‍ക്കുന്ന മാഫിയകളെ തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

പരിസ്ഥിതിയെയും ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയെയും നശിപ്പിച്ചുള്ള വികസനത്തോട് ആര്‍ക്കും എതിര്‍പ്പുണ്ടാകില്ല. പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം കേരളീയര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. നമ്മുടെ തനത് സമ്പത്തുക്കളായ വയലും മലനിരയും നദിയും കുളവും സംരക്ഷിക്കുകയെന്നത് ഓരോ പൗരന്റെയും കടമയാണ്. അനിയന്ത്രിതമായി മണല്‍വാരലും പാറപൊട്ടിക്കലും ആസൂത്രിതമല്ലാതെ കെട്ടിപ്പൊക്കുന്ന കെട്ടിടങ്ങളും പ്രകൃതിയുടെ സംതുലിതാവസ്ഥ തകര്‍ക്കുമെന്നതില്‍ സംശയമില്ല.

എന്നാല്‍, കേരളത്തില്‍ പരിസ്ഥിതിയെ തകര്‍ക്കാതെയുള്ള വികസനനിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നേ തീരു. ലോകം മുഴുവന്‍ ഇന്നു പരിസ്ഥിതിസൗഹൃദവികസനവുമായി മുന്നേറുകയാണ്. നല്ല റോഡുകള്‍, വീടുകള്‍, മറ്റു നിര്‍മാണമേഖലകള്‍ എന്നിവ സമൂഹത്തിന്റെ മുന്നോട്ടുളള പ്രയാണത്തിന് അത്യന്ത്യാപേക്ഷിതമാണ്.

ഇവിടെയാണ്, അനിവാര്യമായ ഏതു വികസനപദ്ധതിയെയും (അതു വിമാനത്താവളമായാലും തുറമുഖപദ്ധതിയായാലും ഐ.ടി പാര്‍ക്കോ മെട്രോയോ ആയാലും) പരിസ്ഥിതിയുടെ പേരുപറഞ്ഞ് എതിര്‍പ്പുമായി ഇറങ്ങുന്നതിന്റെ സാംഗത്യം മനസ്സിലാകാത്തത്. കേരളം കാളവണ്ടിയുഗത്തിലേയ്ക്കു മടങ്ങണമെന്നാണോ ഈ പരിസ്ഥിതി കപടമാഫിയകള്‍ ആഗ്രഹിക്കുന്നത്.

കേരളത്തിന്റെ നിര്‍മാണമേഖലകളില്‍ 20 ലക്ഷത്തോളം തൊഴിലാളികള്‍ ജോലിചെയ്യുന്നുണ്ട്. ഇവരില്‍ ഏതാണ്ട് 60 ശതമാനം അന്യസംസ്ഥാന തൊഴിലാളികളാണ്. അസംസ്‌കൃതവസ്തുക്കളായ മണല്‍, കരിങ്കല്ല് എന്നിവ കേരളത്തില്‍ കിട്ടാക്കനികളായി മാറുകയാണ്. അയല്‍സംസ്ഥാനങ്ങളില്‍ മണല്‍സുലഭമാണെങ്കിലും കേരളത്തില്‍ ഇവയെത്തിക്കാന്‍ തടസ്സമുണ്ട്.  ഈ അവസ്ഥയില്‍ ഈ അസംസ്‌കൃത വസ്തുക്കള്‍ കേരളത്തില്‍ നിന്നുതന്നെ കണ്ടെത്തേണ്ടിയിരിക്കുന്നു.
മണല്‍വാരല്‍ നദികളെ നശിപ്പിക്കുന്നതിനാല്‍ പകരം കരിങ്കല്‍പൊടിയാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. നിര്‍ഭാഗ്യമെന്നു പറയട്ടെ ഇതിന്റെ ലഭ്യതയും ഏതാണ്ട് അവസാനിക്കുന്നിടത്തേയ്ക്കാണു  കേരളത്തിന്റെ സഞ്ചാരം.

സുപ്രിംകോടതി വിധിപ്രകാരം ഇനി കേരളത്തില്‍ നൂറോളം കരിങ്കല്‍ ക്വാറികള്‍ക്കു മാത്രമേ പ്രവര്‍ത്തിക്കാനാകൂ. 1400 ഓളം ക്വാറികള്‍ ഉണ്ടായിരുന്നിടത്താണിത്. ഇതില്‍നിന്നുതന്നെ ഈ മേഖല നേരിടുന്ന ഭീതിജനകമായ അവസ്ഥ നമുക്കു വ്യക്തമാണ്.

നാടിന്റെ വളര്‍ച്ചയ്ക്ക് കരിങ്കല്‍ അനിവാര്യമായ നിര്‍മാണവസ്തുവാണെന്നതിലും തര്‍ക്കമില്ല. നിര്‍മാണമേഖല സ്തംഭിച്ചാല്‍ വികസനം സ്തംഭിക്കും. ലക്ഷക്കണക്കിനു തൊഴിലാളികളുടെ തൊഴില്‍ നഷ്ടപ്പെടും. ഇവിടെയാണു മനുഷ്യന്റെ ജീവിക്കാനുള്ള ന്യായമായ അവകാശത്തെ കപടപരിസ്ഥിതിവാദത്തിന്റെ പേരില്‍ വെല്ലുവിളിക്കുന്നത്. പരിസ്ഥിതിയുടെ പേരില്‍ ഇല്ലാക്കഥകള്‍ ചമച്ചു സമൂഹത്തില്‍ ഭീതിപരത്തി നാടിനെ തകര്‍ക്കുന്ന സാമൂഹികവിരുദ്ധത തിരിച്ചറിയേണ്ടതാണ്.

'കൊച്ചി'യെന്ന കേരളത്തിന്റെ സാമ്പത്തിക തലസ്ഥാനം നിര്‍മാണമേഖലയിലെ സ്തംഭനത്താല്‍ തകരുകയാണ്. ഇവിടേയ്ക്കുളള കരിങ്കല്‍പ്പൊടി, പാറ എന്നിവ എത്തിച്ചുകൊണ്ടിരിക്കുന്നത് കൂടുതലും കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ നിന്നാണ്. സുപ്രിംകോടതി വിധി  ഈ രണ്ടു ജില്ലകളിലെയും പാറ ഖനനത്തെ പൂര്‍ണമായും ബാധിച്ചുകഴിഞ്ഞിരിക്കുന്നു.
എന്നാല്‍, എല്ലാ പാരിസ്ഥിതികനിയമങ്ങളുടെയും ദുരന്തനിവാരണ മാനേജ്‌മെന്റിന്റെയും പൂര്‍ണാനുമതി ലഭിക്കുകയും പരിസ്ഥിതിയെ കാര്യമായ ദ്രോഹംചെയ്യാതെന്നപേരില്‍ സുപ്രിംകോടതിയുടെ ഖന നാനുമതി ലഭിക്കുകയും ചെയ്ത കോട്ടയം രാമപുരത്തെ (കോട്ടമല) നിര്‍ദിഷ്ട പാറഖന നം തടയപ്പെട്ടിരിക്കുന്നത് ഇവിടെ ഉദാഹരണമായി പറയാവുന്നതാണ്. ഭീതിജനകമായ കഥകള്‍ പറഞ്ഞു ഭയപ്പെടുത്തി, വര്‍ഗീയതയും സാമുദായികസ്പര്‍ദയും കുത്തിവച്ചു വികസനത്തിനും തൊഴിലിനും വെല്ലുവിളിയുയര്‍ത്തുകയാണു ചിലര്‍. ഈ സ്ഥലം ഈ ലേഖകന്‍ ഈ പദ്ധതിയെ എതിര്‍ക്കുന്നവരോടൊപ്പം സന്ദര്‍ശിച്ചു. അപ്പോഴാണ് നാട്ടുകാര്‍ വ്യാജപരിസ്ഥിതിവാദക്കാരുടെ കെണിയില്‍പെട്ടതാണെന്നു ബോധ്യമായത്.

നിയമപരമായ എല്ലാ അനുമതി ഉണ്ടായിരിക്കുകയും സുപ്രിംകോടതി ഉത്തരവിടുകയുംചെയ്ത ഈ പരിസ്ഥിതി സൗഹാര്‍ദ പാറഖന നത്തെ എതിര്‍ക്കുന്നവര്‍ പരമോന്നതകോടതിയുടെ ഉത്തരവിനെ എതിര്‍ക്കുകയും വെല്ലുവിളിക്കുകയും ചെയ്യുകയാണ്. മുഖ്യമന്ത്രി ഈ ക്വാറികളുടെ നിയമസാധുത നിയമസഭയില്‍ ഒരു സബ്മിഷന് മറുപടിയായി അവതരിപ്പിച്ചതാണ്. അതിനാല്‍ ഇതു ജനാധിപത്യസംവിധാനത്തോടുള്ള വെല്ലുവിളികൂടിയാണ്. 'പരിസ്ഥിതി'യെന്ന എവിടെയും ചെലവാകുന്ന കാര്‍ഡുപയോഗിച്ചാണ് നാടിന്റെ വികസനത്തെ നശിപ്പിക്കുന്നത്. മനുഷ്യസമൂഹത്തെ നല്ലരീതിയില്‍ ജീവിക്കുവാന്‍ പ്രേരിപ്പിക്കേണ്ടവരാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്.

കേരളത്തെപ്പോലെ മലനിരകളാല്‍ സമ്പന്നമാണു സ്വിറ്റ്‌സര്‍ലന്‍ഡ്, ആസ്‌ത്രേലിയ തുടങ്ങി പല യൂറോപ്യന്‍ രാജ്യങ്ങളും. അവിടെ പ്രകൃതിയുടെ സംതുലിതാവസ്ഥ നിലനിര്‍ത്തിക്കൊണ്ടാണു പാറ ഖനനവും നിര്‍മാണപ്രവര്‍ത്തനങ്ങളും അതിവേഗം നടക്കുന്നത്. ഈ ലേഖകന്‍ ഈ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇവ നേരില്‍കണ്ടിട്ടുള്ളതാണ്. ഇതേ മാതൃകയിലുള്ള ഖന നത്തിനാണ് രാമപുരത്തേതുള്‍പ്പെടെയുള്ള ക്വാറികള്‍ക്ക് സര്‍ക്കാരിന്റെയും സുപ്രിംകോടതിയുടെയും അനുമതി ലഭിച്ചിരിക്കുന്നത്.

നമ്മുടെ പാവപ്പെട്ട തൊഴിലാളികള്‍ക്കും അവരുടെ കുഞ്ഞുങ്ങള്‍ക്കും നല്ല വിദ്യാഭ്യാസത്തിന് അവകാശമില്ലേ. പാര്‍പ്പിടം, വസ്ത്രം എന്നിവയ്ക്കും അവകാശമില്ലേ. അതിനവര്‍ക്കു വരുമാനം നല്‍കുന്ന തൊഴിലാണ് അനാവശ്യപരിസ്ഥിതിവാദം മൂലം നഷ്ടപ്പെടുന്നത്. നാടിനു ശാപമായി മാറിയ വ്യാജ പരിസ്ഥിതി പ്രവര്‍ത്തകരെ ഒറ്റപ്പെടുത്തിയില്ലെങ്കില്‍ കേരളം വലിയവിലകൊടുക്കേണ്ടിവരും.

കപട പരിസ്ഥിതി വാദം: കേരളത്തിന് വലിയവിലകൊടുക്കേണ്ടിവരും: റെജി ലൂക്കോസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക