Image

മതിലുകള്‍ ഉണ്ടാവുമ്പോള്‍ (പകല്‍ക്കിനാവ്-34- ജോര്‍ജ് തുമ്പയില്‍ )

Published on 16 January, 2017
മതിലുകള്‍ ഉണ്ടാവുമ്പോള്‍ (പകല്‍ക്കിനാവ്-34- ജോര്‍ജ് തുമ്പയില്‍ )
വൈക്കം മുഹമ്മദ് ബഷീര്‍ രചിച്ച പ്രശസ്ത നോവലുകളിലൊന്നാണ് മതിലുകള്‍. 'കൗമുദി ' ആഴ്ചപതിപ്പിന്റെ 1964-ലെ ഓണം വിശേഷാല്‍ പ്രതിയിലാണ് മതിലുകള്‍ ആദ്യമായി പ്രസിദ്ധീകരിച്ചത്. ഞാനത് ആര്‍ത്തിയോടെ വായിച്ചത് ഇന്നുമോര്‍ക്കുന്നു. മതിലുകള്‍ പ്രസിദ്ധീകരിച്ചതു കൊണ്ടു ഈ വിശേഷാല്‍പ്രതിക്ക് ഉടന്‍ ഒരു രണ്ടാം പതിപ്പും അച്ചടിക്കേണ്ടി വന്നു. ഈ നോവലിനെ അടിസ്ഥാനമാക്കി ഇതേ പേരില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ 1989-ല്‍ സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. മമ്മൂട്ടിയാണ് സിനിമയില്‍ ബഷീര്‍ ആയി അഭിനയിച്ചത്. മറ്റ് കൃതികളെപ്പോലെ തന്നെ ആത്മകഥാപരമാണ് ഈ നോവലും. രാഷ്ട്രീയത്തടവുകാരനായി ജയിലിലെത്തുന്ന ബഷീര്‍ അവിടെ നേരിടുന്ന ചില അനുഭവങ്ങളാണു ഈ ലഘുനോവലില്‍ ആവിഷ്‌കരിക്കുന്നത്. ഒരു മതിലിനപ്പുറത്തുള്ള സ്ത്രീ ജയിലിലെ നാരായണി എന്ന സ്ത്രീയുമായി പ്രണയത്തിലാവുകയും എന്നാല്‍ അതൊരിക്കലും സഫലമാകാതെ പോവുകയും ചെയ്യുന്നു. ഒരു നഷ്ടപ്രണയത്തിന്റെ വേദനയാണു നോവല്‍ നമുക്ക് പകര്‍ന്നുതരുന്നത്.
ഈ മതിലാണ് മലയാളി എന്ന നിലയില്‍ നമുക്ക് പരിചം. മതിലുകളെക്കുറിച്ച് ഇപ്പോള്‍ പറയാന്‍ കാര്യമുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് അമേരിക്ക-മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ പടുത്തയര്‍ത്താന്‍ പോകുന്നത് വന്മതില്‍ ഏറെ ചര്‍ച്ചയായി കഴിഞ്ഞു. അന്യന്മാര്‍ കടന്നുവരുന്നത് തടയാന്‍ മതില്‍ പണിയുന്ന പരിപാടി പണ്ടേയുള്ളതാണ്. ചൈനയിലേക്ക് മംഗോളികളും മറ്റും കയറിവരുന്നതു തടയാനാണ് അവിടെ പ്രാചീനകാലത്ത് മതില്‍ നിര്‍മിച്ചത്. അത് ഇന്നും നിലനില്‍ക്കുന്നു. ലോകത്തിലെ ഏറ്റവും ഉയരത്തില്‍ നിര്‍മ്മിച്ച വലിയ മതിലായിരുന്നു ബര്‍ലിന്‍ മതില്‍. ശീതസമര കാലത്ത് 1961-ല്‍ ഈസ്റ്റ് ജര്‍മ്മനിയും വെസ്റ്റ് ജര്‍മ്മനിയും തമ്മില്‍ വേര്‍തിരിക്കാന്‍ വേണ്ടി കെട്ടിപ്പടുത്ത ഈ മതില്‍ മറികടക്കാനുള്ള ശ്രമത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത് അയ്യായിരത്തിലേറെ പേര്‍ക്കാണ്. പിന്നീട് സോവിയറ്റ് റഷ്യയുടെ തകര്‍ച്ചയോടെയാണ് ബര്‍ലിന്‍ മതില്‍ ഇല്ലാതായത്. ചൈനയിലെ വന്മതിലാണ് ലോകാത്ഭുതങ്ങളുടെ പട്ടികയില്‍ ഉള്ളത്. മനുഷ്യന്‍ നിര്‍മ്മിച്ച ഏറ്റവും ദൈര്‍ഘമേറിയ വസ്തു എന്ന നിലയിലാണ് ഇതിന്റെ സ്ഥാനം. 5500 മൈലുകള്‍ (8850 കിലോമീറ്റര്‍). 
ചൈനയുടെ ഉത്തരമേഖലയില്‍ ബോഹായ് ഉള്‍ക്കടലിനു സമീപത്തുള്ള ഷാന്‍ഹായ് ഗുവാന്‍ എന്ന സ്ഥലത്തു നിന്നാണിതാരംഭിക്കുന്നത്. പിന്നീട്, ഹാബെയ്, ഷന്‍സി, നിങ്‌സിയ, ഗന്‍സു എന്നീ ചൈനീസ് പ്രവിശ്യകളിലൂടെയും മംഗോളിയയിലൂടെയും കടന്നു പോകുന്നു. അവസാനം ഗോബി മരുഭൂമിയിലെ ജിയായു ഗുവാനില്‍ അവസാനിക്കുന്നു. പ്രധാന കെട്ട് ഷാന്‍ഹായ് ഗുവാനില്‍ ആരംഭിച്ച് ഗോബിയിലെ യുമെനില്‍ അവസാനിക്കുന്നു. പ്രധാന കെട്ടിന് 3460 കി.മീ. നീളമുണ്ട്. ശാഖകളുടെ നീളം 2465 കി.മീ വരും. വന്മതില്‍ വലിയൊരു സംഭവമാണ്. മാനവചരിത്രവുമായി തന്നെ ബന്ധപ്പെട്ടു നില്‍ക്കുന്നു. ഇതിന്റെ നിര്‍മ്മാണത്തിന് അഞ്ചുലക്ഷത്തോളം കര്‍ഷകരും കുറ്റവാളികളുമായിരുന്നു നിയോഗിക്കപ്പെട്ടത്. പിന്നീട് വേയ് രാജവംശം അധികാരത്തില്‍ വന്നപ്പോള്‍ (ക്രി.പി. 386-534) മൂന്നു ലക്ഷത്തോളം ആള്‍ക്കാര്‍ വന്മതിലിനായി പണിയെടുത്തുവെന്നാണ് ചരിത്രം. ക്രി.പി. 607-ല്‍ പത്തുലക്ഷത്തിലധികം ആളുകള്‍ വന്മതിലിനായി പണിയെടുത്തു എന്ന് രേഖകളിലുണ്ട്. പിന്നീടുണ്ടായ മിങ് രാജവംശം ദശലക്ഷക്കണക്കിനാളുകളെയാണ് പണിക്കായി നിയോഗിച്ചത്. നൂറിലധികം വര്‍ഷമാണ് അതിനായി എടുത്തത്. 

ക്രി.മു. മൂന്നാം നൂറ്റാണ്ടില്‍ ക്വിന്‍ സമ്രാജ്യ കാലത്താണ് വന്മതിലിന്റെ പണി ആരംഭിക്കുന്നത്. എന്നാല്‍ അതിനുമുമ്പുതന്നെ പ്രതിരോധത്തിനായി പ്രാകൃതമായ മണ്‍മതിലുകള്‍ ഉണ്ടാക്കാന്‍ ചൈനക്കാര്‍ക്ക് അറിയാമായിരുന്നു. അക്കാലത്തെ ഗോത്രവര്‍ഗ്ഗക്കാരായിരുന്നു ഇവ നിര്‍മ്മിച്ചിരുന്നത്. ക്രി.മു. ഏഴാം നൂറ്റാണ്ടില്‍ ചു രാജവംശം ഇത്തരം മതിലുകളെ ബലപ്പെടുത്തിയിരുന്നതായി രേഖകളില്‍ കാണാം. ഇങ്ങനെ പല രാജവംശങ്ങള്‍ നിര്‍മ്മിച്ച മതിലുകള്‍ യോജിപ്പിച്ച് ഒന്നാക്കി ബലപ്പെടുത്തുവാന്‍ ആരംഭിക്കുകയാണ് യഥാര്‍ത്ഥത്തില്‍ ക്വിന്‍ സാമ്രാജ്യകാലത്ത് ചെയ്തത്. നശിച്ചു തുടങ്ങിയെങ്കിലും ചൈനീസ് ഭരണകൂടം വന്മതിലിനെ ആവുന്നതുപോലെ ഇന്നും സംരക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ജനങ്ങള്‍ വീടും മറ്റും പണിയാന്‍ വന്മതിലിന്റെ ഭാഗങ്ങള്‍ ഇളക്കിക്കൊണ്ടു പോകുന്നത് വന്മതിലിന്റെ സുരക്ഷയെ ബാധിക്കുന്നുണ്ടെന്നാണ് സമീപകാല റിപ്പോര്‍ട്ടുകള്‍. അപ്രകാരം ചെയ്യുന്നത് ചൈനയില്‍ രാജ്യദ്രോഹക്കുറ്റത്തിനു സമമായ കുറ്റമായി ഇന്നു കരുതുന്നു.

രണ്ടാം ലോകയുദ്ധാനന്തരം സോവിയറ്റ് യൂണിയനും അമേരിക്കയും ലോകം പങ്കിട്ടെടുത്ത കാലത്ത് അതിന്റെ അതിരടയാളമായി പണിതതാണ് ബര്‍ലിന്‍ മതില്‍. സോവിയറ്റ് യൂണിയന്റെയും അവരുടെ ലോകസഖ്യത്തിന്റെയും തകര്‍ച്ച തുടങ്ങുന്നത് 1989-ല്‍ ബര്‍ലിന്‍ മതിലിന്റെ തകര്‍ച്ചയോടെയാണ്. പിന്നീടുള്ള വര്‍ഷങ്ങളില്‍ ലോകം മതിലുകള്‍ ഒഴിവാക്കി ഒറ്റക്കമ്പോളമായി മാറുന്ന തിരക്കിലായിരുന്നു. അന്നും ചില മതിലുകള്‍ അവശേഷിച്ചു. ഗസയില്‍ ഫലസ്തീനികളെ അകറ്റിനിര്‍ത്താന്‍ ഇസ്രായേലികള്‍ പണിത മതില്‍ ഉദാഹരണം. എന്നാലും 'മതിലുകളില്ലാത്ത ലോകം' എന്നാണ് ആഗോളവല്‍ക്കരണ കാലത്തെക്കുറിച്ചു ചിലര്‍ പറഞ്ഞത്. അക്കാലം പോയെന്നതിന്റെ തെളിവ് മതിലുകളുടെ തിരിച്ചുവരവു തന്നെ. മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ കെട്ടുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. പാക് അതിര്‍ത്തിയില്‍ മതില്‍ പണിയുമെന്ന് ഇന്ത്യന്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. അങ്ങനെ ലോകം മതില്‍ പണിയുന്ന തിരക്കിലാണ്. 2015 ലോകചരിത്രത്തില്‍ മതില്‍ പണിയലിന്റെ റെക്കോഡ് വര്‍ഷമായിരുന്നുവെന്ന് വാഷിങ്ടണ്‍ പോസ്റ്റ് പറയുന്നു. ഇപ്പോള്‍ ലോകത്ത് 63 രാജ്യങ്ങളുടെ അതിര്‍ത്തികളില്‍ മതിലുകള്‍ ഉയര്‍ന്നുനില്‍ക്കുന്നു. വരുംവര്‍ഷങ്ങളില്‍ ഈ സംഖ്യ ഇനിയും വര്‍ധിക്കുമെന്നാണ് മതില്‍പണിക്കാരുടെ തിക്കും തിരക്കും നോക്കിയാല്‍ ഉറപ്പിച്ചുപറയാനാവുന്നത്.

എങ്കിലും മലയാളി നമ്മുടെ മതിലുകളെ നെഞ്ചോടു ചേര്‍ത്തു വയ്ക്കുന്നു. അതില്‍ ഇങ്ങനെ പറയുന്നത് കേള്‍ക്കുമ്പോള്‍ ലോകത്തിലെ മതിലുകള്‍ ഇല്ലാത്ത കാലത്തെക്കുറിച്ച് അറിയാതെ ഓര്‍ത്തു പോയേക്കാം...

ബഷീര്‍, ''പ്രിയപ്പെട്ട നാരായണീ, മരണത്തെപ്പറ്റി ഒന്നും പറയുക സാധ്യമല്ല. ആരെപ്പോള്‍ എങ്ങനെ മരിക്കുമെന്ന് ഈശ്വരന് മാത്രമേ അറിയൂ. ഞാനായിരിക്കും ആദ്യം മരിക്കുന്നത്.'' അവള്‍, ''അല്ല ഞാനായിരിക്കും. എന്നെ ഓര്‍ക്കുമോ?'' ബഷീര്‍, ''ഓര്‍ക്കും.'' അവള്‍, ''എങ്ങനെ? എന്റെ ദൈവമേ,...അങ്ങെന്നെ എങ്ങനെ ഓര്‍ക്കും? അങ്ങെന്നെ കണ്ടിട്ടില്ല. തൊട്ടിട്ടില്ല. എങ്ങനെ ഓര്‍ക്കും?'' ബഷീര്‍, ''നാരായണിയുടെ അടയാളം ഈ ഭൂഗോളത്തിലെങ്ങുമുണ്ട്.'' അവള്‍, ''ഭൂഗോളത്തിലെങ്ങുമോ? അങ്ങ് മുഖസ്തുതി പറയുന്നതെന്തിന്?'' ബഷീര്‍, ''നാരായണീ, മുഖസ്തുതിയല്ല. പരമസത്യം. മതിലുകള്‍! മതിലുകള്‍! നോക്കൂ ഈ മതിലുകള്‍ ലോകം മുഴുവന്‍ ചുറ്റി പോകുന്നു.'' അവള്‍, ''ഞാനൊന്നു പൊട്ടിക്കരയട്ടേ?'' ബഷീര്‍, ''ഇപ്പോള്‍ വേണ്ട. ഓര്‍ത്ത് രാത്രി കരഞ്ഞോളൂ.''

അതെ, മെക്‌സിക്കന്‍ മതിലിന്റെ ചുവട്ടിലിരുന്ന് കരയുന്ന എത്രയോ പോരുടെ കദനകഥ നാം ഇനി വായിക്കാനിരിക്കുന്നു...

Join WhatsApp News
Sudhir 2017-01-16 08:39:58
മതിലുകൾ അധികാരത്തിന്റെ അടയാളങ്ങളാണ്. അത് പണിയുന്നതോ പാവങ്ങളും. അവർക്കറിയില്ല അത് അവരെ
അകറ്റാനോ അകത്താക്കാനോ ഉള്ളതാണെന്ന്. മതിലുകളില്ലാത്ത ഒരു ലോകം സ്വപനം കാണുകയും അതിനായി പ്രവർത്തിക്കുകയും വേണം. ഇത്തരം ലേഖനങ്ങൾ അത്തരം സ്വപ്‍ന സാക്ഷാത്കാരത്തിന് സഹായകമാകും.അഭിനന്ദങ്ങൾ  ശ്രീ തുമ്പയിൽ.
നൈനാൻ 2017-01-16 09:25:34
എന്തിനു മതിൽ, എന്തിനു വാതിൽ.. 
ശ്രീ തുമ്പയിൽ... വീടിന്റെ വാതിലുകൾ പൊളിച്ചുനീക്കി മാതൃക കാണിക്കു മലയാളികൾക്ക്
Vayanakkaran 2017-01-16 12:33:28
If there is a walls there is a tendency to jump over the walls. It look like thumayil george also has a tendency to jump over the walls/Mathilukal. In USA all religious, especiall Indian religious fundamentislts build so many religious fundamentlist walls by collecting  believers money, especially the priests. Our secular Associations are also being captured by religious fundamental groups or priests. So walls doing more harm than the good things. Some how I want to jump over the walls. While I try to jump the walls my pants and underwear was hooked up on the nails oft he wall, so please help me out George Thumpayil Saar.
വിദ്യാധരൻ 2017-01-16 13:24:29
മതിലുകളെത്ര തീർത്തെന്നാലും 
അതിനു പഴുതുകൾ ഉണ്ടായീടേണം 
കല്യാണിബഷീർ പ്രണയബന്ധം 
ഉലയുവാൻ കാരണം മതിലുതന്നെ  
എത്രത്രെ മതിലുകൾ ഉയർന്നുവന്നു
എത്രത്രെ ബന്ധങ്ങൾ തകർന്നു വീണു
സ്വാർത്ഥത ഉള്ളിൽ കുരുത്തിടുമ്പോൾ 
തീർത്തിടും മർത്ത്യർ  മതിലു ചുറ്റും
ഭയമെന്ന ശെയിത്താൻ ഉള്ളിൽ വന്നാൽ 
അയയ്യില്ലൊട്ടും  മനം കഠിനമാകും 
വിരൽചൂണ്ടും അന്യരെ കുറ്റം ചാർത്തും    
നരനൊരു നരിയായി മാറും വേഗം 
കാരുണ്യം അനുകമ്പ സ്നേഹമെല്ലാം
പാരിൽ നിന്നന്നേക്കും  മാഞ്ഞുപോവും 
അതുകൊണ്ടു ഏവരുമുള്ളിൽ നിന്ന് 
മതിലുകൾ പൊളിച്ചുടൻ  മാറ്റിടേണം 
ഇതുപോലെയുള്ള ലേഖനങ്ങൾ 
മതിലുപോളിക്കുന്ന തൂമ്പതന്നെ 
 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക