Image

ഫ്യൂഷന്റെ മാജിക്കും പ്രകമ്പനംകൊള്ളുന്ന ഷോയും

Published on 21 February, 2012
ഫ്യൂഷന്റെ മാജിക്കും പ്രകമ്പനംകൊള്ളുന്ന ഷോയും
ന്യൂയോര്‍ക്ക്‌: താരനിബിഡമായ പല സ്റ്റേജുഷോകളും കഴിയുമ്പോള്‍ `വെറുതെ കാശു കളഞ്ഞല്ലോ' എന്ന ചിന്താഗതികളുമായാണ്‌ മിക്കപ്പോഴും കാണികള്‍ ഇറങ്ങിപ്പോകുന്നത്‌. പരിശീലനമൊന്നുമില്ലാതെ കുറെ കൂത്താട്ടം, മിമിക്രി എന്ന പേരില്‍ ആവര്‍ത്തന വിരസത, താരങ്ങളുടെ ചിറികോട്ടല്‍ അഥവാ ലിപ്‌ സിഞ്ചിംഗ്‌. കാസറ്റിലെ പാട്ടിനൊപ്പിച്ച്‌ ചിറി അനക്കുക എന്നര്‍ത്ഥം.

ഈ പതിവൊന്നു തെറ്റിക്കാനാണ്‌ ഇവന്റ്‌ കാറ്റ്‌സ്‌ ഒരുങ്ങുന്നത്‌. വ്യത്യസ്‌തമായ കര്‍മ്മരംഗത്ത്‌ പ്രവര്‍ത്തിക്കുന്ന മൂന്നു ചെറുപ്പക്കാര്‍ കലയോടുള്ള സ്‌നേഹം മൂത്താണ്‌ നൂതനമായ ഒരു ഷോയ്‌ക്ക്‌ വേദിയൊരുക്കുന്നത്‌.

ഒരു ഹൈ വോള്‍ട്ടേജ്‌ പ്രകടനം. മനസ്സും ശരീരവും മൂന്നു മണിക്കൂര്‍ ലയിച്ചിരിക്കുന്ന ഷോ. ഇറങ്ങിപ്പോകുമ്പോള്‍ പുതിയൊരു ഉണര്‍വുണ്ടായ പ്രതീതി- ഏപ്രില്‍ 10 മുതല്‍ വിവിധ സ്റ്റേജുകളില്‍ അവതരിപ്പിക്കുന്ന മാജിക്‌ മിക്‌സ്‌ ഓഫ്‌ ഫ്യൂഷന്‍ ആന്‍ഡ്‌ ഫാഷന്റെ ശില്‍പികളിലൊരാളായ സഞ്‌ജു തോമസ്‌ ചെറിയാന്‍ ഉറപ്പു പറയുന്നു.

വയലിന്‍ മാന്ത്രികന്‍ ബാലഭാസ്‌കറിന്റെ ഫ്യൂഷന്‍ മ്യൂസിക്‌ കച്ചേരിയാണ്‌ മുഖ്യ ആകര്‍ഷണം. ഇവന്റ്‌ കാറ്റ്‌സിന്‌ മാത്രമായുള്ള സ്റ്റേജ്‌ സംവിധാനങ്ങളും, ലൈറ്റ്‌സ്‌ ആന്‍ഡ്‌ സൗണ്ട്‌ സിസ്റ്റവും ചേരുമ്പോള്‍ ഈ പ്രകടനം ഹൃദയത്തേയും മനസ്സിനേയും ത്രസിപ്പിക്കും.

രാജമൂര്‍ത്തിയുടെ മായാജാല പ്രകടനം ലോക നിലവാരമുള്ളതാണ്‌. കേരളത്തിന്റെ തനത്‌ വേഷങ്ങളിലുള്ള ഫാഷന്‍ ഷോ, ഷാനും രശ്‌മിയും വിജയനും ഒരുക്കുന്ന സംഗീത വിരുന്ന്‌. കൃഷ്‌ണപ്രിയയും ഭര്‍ത്താവ്‌ നസീറും അവതരിപ്പിക്കുന്ന നൃത്തങ്ങള്‍, ആത്മ ഗ്രൂപ്പിന്റെ ഫ്യൂഷന്‍ ഡാന്‍സ്‌ എന്നിവയൊക്കെ കാണികളെ പുതിയൊരു തലത്തിലേക്ക്‌ ഉയര്‍ത്തുന്നതാണ്‌.

വ്യത്യസ്‌ത മുഖമുദ്രയായ ഷോയില്‍ മന:പ്പൂര്‍വ്വം മിമിക്രി ഒഴിവാക്കുകയായിരുന്നുവെന്ന്‌ മുന്നംഗ സംഘത്തിലൊരാളായ വിജി ജോണ്‍ പറഞ്ഞു. ഇതൊരു മാറ്റത്തിന്റെ പ്രകാശമാണ്‌. മിമിക്രി ഇല്ലാതെ തന്നെ കാണികളെ രസിപ്പിക്കുകയാണ്‌ ലക്ഷ്യം.

ബോളിവുഡ്‌ ഷോയുടെ രീതിയിലുള്ള ലൈറ്റ്‌ ആന്‍ഡ്‌ സൗണ്ട്‌ സംവിധാനമാണ്‌. അതും പുതുമ തന്നെ. നാട്ടില്‍ കാറ്റലിസ്റ്റ്‌ എന്ന ഇവന്റ്‌ മാനേജ്‌മെന്റ്‌ സ്ഥാപനത്തില്‍ വിജി പ്രവര്‍ത്തിച്ചിരുന്നു. ആ പേരില്‍ നിന്ന്‌ പ്രചോദനമുള്‍ക്കൊണ്ടാണ്‌ ഇവന്റ്‌ കാറ്റ്‌സ്‌ എന്ന പേര്‌ ഉരുത്തിരിഞ്ഞത്‌. തിരുവല്ല സ്വദേശികളായ സഞ്‌ജുവും വിജിയും തൊട്ടയല്‍പക്കം. എല്‍കെജി മുതല്‍ ഒരുമിച്ച്‌ പഠിച്ചവര്‍. സഞ്‌ജു ബാങ്കര്‍. വിജി സോഷ്യല്‍ വര്‍ക്കര്‍. മൂന്നാമനായ ബിജു സര്‍ക്കാര്‍ സര്‍വീസില്‍.

രണ്ടുവര്‍ഷത്തെ തയാറെടുപ്പോടെയാണ്‌ മൂന്നംഗ സംഘം ഷോ അണിയിച്ചൊരുക്കുന്നത്‌. ലാഭ നഷ്‌ടങ്ങളേക്കാള്‍ കലാരംഗത്ത്‌ ചലനമുണ്ടാക്കുക എന്ന ലക്ഷ്യം.

ഷോയുടെ ലോഞ്ചിംഗ്‌ സമ്മേളനത്തില്‍ ഫോമാ പ്രസിഡന്റ്‌ ബേബി ഊരാളില്‍, ഫൊക്കാനാ ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍ പോള്‍ കറുകപ്പള്ളില്‍, കൈരളി ടിവി ഡയറക്‌ടര്‍ ജോസ്‌ കാടാപുറം, ഐഎന്‍ഒസി കേരളാ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ കളത്തില്‍ വര്‍ഗീസ്‌, സുനില്‍ ട്രൈസ്റ്റാര്‍ (മലയാളം ടിവി), ഫിലിപ്പ്‌ മഠത്തില്‍ (എംസിഎന്‍ ടിവി), ഇന്ത്യന്‍ ക്രിസ്‌ത്യന്‍ ഫോറം പ്രസിഡന്റ്‌ തോമസ്‌ ടി. ഉമ്മന്‍, സ്റ്റാന്‍ലി, കുര്യന്‍ ടി. ഉമ്മന്‍ തുടങ്ങിയവര്‍ വിജയാശംസകള്‍ നേര്‍ന്നു.
ഫ്യൂഷന്റെ മാജിക്കും പ്രകമ്പനംകൊള്ളുന്ന ഷോയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക