Image

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ രാജ്യം പുതിയ വഴികള്‍ തേടേണ്ടിവരും (ജോയ് ഇട്ടന്‍)

Published on 23 January, 2017
ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ രാജ്യം പുതിയ വഴികള്‍ തേടേണ്ടിവരും (ജോയ് ഇട്ടന്‍)
നരേന്ദ്ര ദാമോദര്‍ മോഡിയുടെ അഭിനയശേഷി എത്ര മനോഹരമാണ്.ഒരു ഇരുത്തം വന്ന നടന്റെ സര്‍ഗ്ഗ വൈഭവത്തോടെയാണ് അദ്ദേഹത്തിന്റെ ഇപ്പോളത്തെ പ്രസംഗങ്ങള്‍ .ലോകത്തുള്ള എല്ലാ ഇന്‍ഡ്യാക്കാരെയും ബാധിച്ചിരിക്കുന്ന നോട്ടു വിവാദവുമായി ഉണ്ടായ എല്ലാ പ്രശ്‌നങ്ങളും 50 ദിവസത്തിനകം പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ തന്നെ പച്ചക്ക് കത്തിച്ചു കൊള്ളാനാണ് മോഡി പറഞ്ഞിരുന്നത്.പക്ഷെ ഗര്‍ഭിണികള്‍ക്ക് ആറായിരം രൂപാ കൊടുക്കാമെന്നു പറഞ്ഞതല്ലാതെ ഒന്നും സംഭവിച്ചില്ല.ഇന്ത്യ സ്വാതന്ത്രയായതിനു ശേഷം പഞ്ചവത്സരപദ്ധതികളിലൂടെയും ദീര്‍ഘവീക്ഷണമുള്ള സാമ്പത്തികനയരൂപീകരണങ്ങളിലൂടെയും ഇന്ത്യ കെട്ടിപ്പടുത്ത സുശക്തമായ അടിത്തറയില്‍ രാജ്യം കൈവരിച്ച അതിവേഗവളര്‍ച്ചയുടെ ഗതിവേഗം നിലച്ചുപോയെന്നതാണ് മോദിയുടെ നോട്ടുപിന്‍വലിക്കലിന്റെ പ്രഥമനേട്ടമായി എനിക്ക് തോന്നിയത്.രാഷ്ട്രീയമായ ഈ തീരുമാനത്തിന്റെ നടത്തിപ്പുകാരായ റിസര്‍വ് ബാങ്കുപോലും രാജ്യത്തിന്റെ വളര്‍ച്ചാനിരക്കില്‍ കുറവുണ്ടാകുമെന്നു പറയുമ്പോള്‍ വരാന്‍ പോകുന്ന സാമ്പത്തിക പ്രതിസന്ധി നമുക്ക് ഊഹിക്കാവുന്നതേ ഉള്ളു.സ്വദേശികള്‍ മാത്രമല്ല, വിനോദസഞ്ചാരം, വാണിജ്യം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ഇന്ത്യയിലെത്തിയ വിദേശികളും നോട്ടുപിന്‍വലിക്കലില്‍ ഗതികെട്ടു. ഉല്‍പാദന, സേവനമേഖലകള്‍ നിശ്ചലമായി. ബാങ്കുകളിലും എ.ടി.എമ്മുകളിലും പണമില്ല.കൃഷി, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളെ സാമ്പത്തികപ്രതിസന്ധി ഗുരുതരമായി ബാധിച്ചുകഴിഞ്ഞു. ചെറുകിട കച്ചവടക്കാര്‍, മത്സ്യത്തൊഴിലാളികള്‍, കര്‍ഷകര്‍, തൊഴിലാളികള്‍ തുടങ്ങി സാധാരണക്കാരെല്ലാം സര്‍ക്കാര്‍ നടപടിയില്‍ നട്ടംതിരിയുകയാണ്.

കള്ളപ്പണം പിടിക്കുവാനാണല്ലോ മോഡി ഈ നിരോധനം നടത്തിയത് .ഇന്ത്യയില്‍ ആകെയുണ്ടെന്നു കരുതപ്പെടുന്ന കള്ളപ്പണം 90 ലക്ഷം കോടിയെന്നു സാമ്പത്തികവിദഗ്ധര്‍. ഇതില്‍ ചെറിയൊരു ശതമാനമാണു കറന്‍സിയായി സൂക്ഷിക്കുന്നത്. ബാക്കി വിദേശബാങ്ക് നിക്ഷേപത്തിലും സ്വര്‍ണം, ഭൂമി, ബിനാമി നിക്ഷേപങ്ങളിലുമാണ്. ജന്‍ധന്‍ അക്കൗണ്ടുകളിലൂടെയാണു കള്ളപ്പണം വെളുപ്പിക്കുന്നതിനുളള ശ്രമങ്ങള്‍ നടക്കുന്നത്. 25.51 കോടി ജന്‍ധന്‍ അക്കൗണ്ടുകളില്‍ നവംബര്‍ എട്ടിനു ശേഷമെത്തിയത് 20,000 കോടിയിലധികം പഴയനോട്ടുകളാണ്. ഡിസംബര്‍ 23 വരെ വിവിധ റെയ്ഡുകളിലായി പിടിച്ചെടുത്തത് 3590 കോടി രൂപയാണെന്ന് ആദായനികുതിവകുപ്പ്. ഇതില്‍ ഭൂരിഭാഗവും പുതിയ 2000 ത്തിന്റെ നോട്ടുകള്‍.കണക്കുകളില്‍ കൂടി കണ്ണോടിച്ചാല്‍ രാജ്യം പുറത്തിറക്കിയ ഭൂരിപക്ഷം നോട്ടുകളും തിരിച്ചെത്തി എന്ന് അര്‍ഥം.

നിയമനിര്‍മാണത്തിലും നയരൂപീകരണത്തിലും അടിസ്ഥാനമാക്കേണ്ടതു ഭൂരിപക്ഷതാല്‍പര്യമാണെങ്കില്‍ ഈ തീരുമാനം ഇന്ത്യയിലെ മഹാഭൂരിപക്ഷത്തിന്റെ താല്‍പര്യങ്ങള്‍ക്കെതിരേയുള്ള യുദ്ധപ്രഖ്യാപനമാണ്. അസാധു നോട്ട് മാറിയെടുക്കുന്നതിനും ക്രയവിക്രയം ചെയ്യുന്നതിനുമുള്ള നിബന്ധനകളും തിയതികളും പലതവണ മാറ്റിക്കൊണ്ടിരുന്നു. ഒന്നിനെക്കുറിച്ചും സര്‍ക്കാരിനു വ്യക്തമായ കാഴ്ചപ്പാടും ധാരണയുമുണ്ടായില്ല. രാജ്യം നേരിടുന്ന സാമ്പത്തികാനിശ്ചിതാവസ്ഥയ്ക്ക് ഇതില്‍പ്പരം തെളിവുവേണ്ട.നമ്മള്‍ പ്രവാസികളും കുഴഞ്ഞു പോകുന്നു .കയ്യില്‍ ഉണ്ടായിരുന്ന പഴയ നോട്ടുകളുടെ കാര്യത്തില്‍ ഗള്‍ഫ് മേഖലയെക്കാള്‍ ദുരിതം അമേരിക്കന്‍ മലയാളികള്‍ക്ക് ഉണ്ട്.ഇതിനൊന്നും ഫലപ്രദമായ തീരുമാനം ഉണ്ടായിട്ടില്ല.

പ്രഖ്യാപിതലക്ഷ്യങ്ങള്‍ കറന്‍സിരഹിത രാജ്യവും ഡിജിറ്റല്‍ പണമിടപാടുകളുടെ സാര്‍വത്രീകരണവുമാണെന്നായി വാദം.

ലോകംകണ്ട സാമ്പത്തികവിദഗ്ധരില്‍ പ്രമുഖനായ മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ്് മോദിയെ മുന്‍പിലിരുത്തി രാജ്യസഭയില്‍ നടത്തിയ പ്രസംഗം രാജ്യത്തെ യഥാര്‍ഥ അവസ്ഥ പ്രതിഫലിപ്പിക്കുന്നതാണ്. നോട്ടു പിന്‍വലിക്കല്‍ ജനങ്ങളുടെ മേലുള്ള സംഘടിതകൊള്ളയും നിയമപരമായ കവര്‍ച്ചയുമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.അദ്ദേഹം മോദിയോട് ഒരു ചോദ്യം ചോദിച്ചിരുന്നു. ജനങ്ങള്‍ ബാങ്കില്‍ നിക്ഷേപിച്ച പണം പിന്‍വലിക്കാന്‍ അനുവദിക്കാത്ത ഏതു രാജ്യമാണ് ലോകത്തുള്ളതെന്ന ആ ചോദ്യം ഓരോ ഇന്ത്യക്കാരനും പ്രധാനമന്ത്രിയോടു ചോദിക്കാന്‍ ആഗ്രഹിക്കുന്നതാണ്. ഒരുകാര്യം ഉറപ്പാണ്, തളര്‍ന്നുപോയ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ രാജ്യം പുതിയ വഴികള്‍ തേടേണ്ടിവരും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക