Image

ലഹരിവിരുദ്ധ സന്ദേശവുമായി വഴികാട്ടാന്‍ മമ്മൂട്ടി

Published on 23 January, 2017
ലഹരിവിരുദ്ധ സന്ദേശവുമായി വഴികാട്ടാന്‍ മമ്മൂട്ടി


ആഭ്യന്തര വകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി നടന്‍ മമ്മൂട്ടി സ്‌കൂളുകളിലെത്തും. റിപ്പബ്ലിക് ദിനത്തില്‍ ‘വഴികാട്ടി’യെന്ന ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി ലഹരിവിരുദ്ധ സന്ദേശവുമായാണ് മമ്മൂട്ടി സ്‌കൂളുകളിലെത്തുക.

കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ നടന്ന മൂന്നു വ്യത്യസ്ത സംഭവങ്ങള്‍ കോര്‍ത്തിണക്കി കേരളാ പൊലീസ് തയ്യാറാക്കിയ ഹ്രസ്വചിത്രവും ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി പ്രദര്‍ശിപ്പിക്കും. ഫോര്‍ട്ട് കൊച്ചി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാജ്കുമാര്‍ തിരക്കഥ ഒരുക്കിയ ചിത്രത്തില്‍ ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ മുതല്‍ കോണ്‍സ്റ്റബിള്‍മാര്‍ വരെ അഭിനയിച്ചിട്ടുണ്ട്. ബൈജു ടി.ഡി. സംവിധാനം ചെയ്ത ഹ്രസ്വചിത്രം കെയര്‍ ആന്‍ഡ് ഷെയറിനു വേണ്ടി മമ്മൂട്ടിയാണ് നിര്‍മിച്ചത്.

കേരളത്തിലെ പന്ത്രണ്ടായിരം സ്‌കൂളുകളിലും ഒരേസമയം പ്രദര്‍ശിപ്പിക്കുന്ന ചിത്രം വിക്ടേഴ്‌സ് ചാനലാണ് തത്സമയം എത്തിക്കുന്നത്. ഒരേസമയം മുപ്പത് ലക്ഷം കുട്ടികളിലേക്ക് സന്ദേശം എത്തുമെന്ന് കരുതുന്ന ഈ പ്രചാരണത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യാഴാഴ്ച തിരുവനന്തപുരത്ത് നിര്‍വഹിക്കും. മമ്മൂട്ടിയും ചടങ്ങില്‍ പങ്കെടുക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക