Image

തിന്മയെ അരിഞ്ഞുവീഴ്ത്തുന്ന പടവാളാകണം തൂലിക: പ്രൊഫ:എം.എസ്.ടി. നമ്പൂതിരി

പി.പി.ചെറിയാന്‍ Published on 21 February, 2012
തിന്മയെ അരിഞ്ഞുവീഴ്ത്തുന്ന പടവാളാകണം തൂലിക: പ്രൊഫ:എം.എസ്.ടി. നമ്പൂതിരി
ചോക്ക്‌ടൊ(ഡാളസ്): സാമൂഹ്യ-സാംസ്‌ക്കാരിക-സാഹിത്യ-മത-രാഷ്ട്രീയ രംഗങ്ങളില്‍ അധികരിച്ചുവരുന്ന അനീതിയും, ചൂഷണവും, ഉച്ഛനീചത്വവും, അസമത്വവും, അവിശുദ്ധിയും അരിഞ്ഞുവീഴ്ത്തുവാന്‍ കെല്പുള്ള പടവാളുകളുമായി തൂലികയെ സാഹിത്യക്കാരന്മാര്‍ പ്രയോജനപ്പെടുത്തണമെന്ന് അമേരിക്കന്‍ പ്രവാസി മലയാളി സാഹിത്യ തറവാട്ടിലെ കാരണവരായ പ്രൊഫ. എം.എസ്.ടി. നമ്പൂതിരി ഉദ്‌ബോധിപ്പിച്ചു.

ഫെബ്രുവരി 18 ശനിയാഴ്ച വൈകീട്ട് 6 മണിക്ക് ചോക്ക്‌ടൊയില്‍ (ഡാളസ്) കേരള ലിറ്ററി സൊസൈറ്റി ഓഫ് ഡാളസ് സംഘടിപ്പിച്ച സുകുമാര്‍ അഴീക്കോട് സാഹിത്യരചകളെക്കുറിച്ചു നടന്ന സിംബോസിയത്തില്‍ മുഖ്യ പ്രസംഗം നടത്തുകയായിരുന്നു പ്രൊഫ.എം.എസ്.ടി.

അധരങ്ങളില്‍ നിന്നും അഭംഗുരം ഒഴുകിയെത്തിയിരുന്ന വാഗ്ധാരണികൊണ്ടും, നിര്‍ത്താതെ ചലിച്ചിരുന്ന തൂലികയില്‍ നിന്നും ഉതിര്‍ന്നു വീണ കറുത്ത അക്ഷരങ്ങളുടെ വശ്യതകൊണ്ടും കേരളജനതയുടെ മനം കവര്‍ന്ന പ്രസംഗ കലക്കു പുതിയൊരു മാനം കണ്ടെത്തിയ ചുരുക്കം ചില സാഹിത്യക്കാരന്മാരില്‍ പ്രമുഖനായിരുന്നു സുകുമാര്‍ അഴീക്കോടെന്ന്, ഒരേ കാലഘട്ടത്തില്‍ അഴീക്കോടിനോടൊപ്പം കോഴിക്കോട് ഫറൂക്ക് കോളേജിലും, ദേവഗിരി കോളേജിലും അദ്ധ്യാപകനായി സേവനം അനുഷ്ഠിക്കുവാന്‍ ഭാഗ്യം ലഭിച്ച എം.എസ്.ടി, വ്യക്തിപരമായ അനുഭവങ്ങള്‍ ഓര്‍മ്മയുടെ താളുകളില്‍ നിന്നും ചികഞ്ഞെടുത്തുകൊണ്ട് അഭിപ്രായപ്പെട്ടു.

ലോകസാഹിത്യ പ്രതിഭകളുടെ കൃതികള്‍ അനുകരിച്ചും, അപഹരിച്ചും മഹാന്മാരാകുവാന്‍ ശ്രമിക്കുന്ന സാഹിത്യക്കാരന്മാരെ മുഖം നോക്കാതെ വിമര്‍ശിക്കാന്‍ ചങ്കൂറ്റം കാണിച്ചിരുന്നു എന്നതിന് തെളിവാണ് ജ്ഞാനപീഠം അവാര്‍ഡ് ജേതാവായ "ജി. ശങ്കരകുറുപ്പ് വിമര്‍ശിക്കപ്പെടുന്നു" എന്ന കൃതിയിലൂടെ ഡോ. സുകുമാര്‍ അഴീക്കോട് വ്യക്തമാക്കിയതെന്ന് ലാനാ മുന്‍പ്രസിഡന്റും, കവിയും സാഹിത്യകാരനുമായ ജോസഫ് നമ്പിമഠം അഭിപ്രായപ്പെട്ടു.

പ്രവാസി മലയാളികള്‍ കുടിയേറി പാര്‍ക്കുന്ന രാജ്യങ്ങളില്‍ അനുദിനം വര്‍ദ്ധിച്ചു വരുന്ന മൂല്യച്ഛ്യുതിയെക്കുറിച്ചും, സാംസ്‌ക്കാരിക അധ:പതനത്തെക്കുറിച്ചും തുറന്ന് പ്രതികരിക്കുവാന്‍ തന്റേടം കാണിക്കാതെ മൗനം അവലംബിക്കുകയും, ശീതീകരിച്ച വീടുകളില്‍ ഇരുന്ന് കേരളത്തിന്റെ ദൈന്യദിന പ്രശ്‌നങ്ങളില്‍ ഇടപെടുന്നു എന്ന വ്യാജേന പ്രസ്താവനകള്‍ തയ്യാറാക്കി പത്രമാപ്പീസുകളിലും, ദൃശ്യമാധ്യമങ്ങളിലും അയച്ചുകൊടുക്കുന്നവരെ അതിനിശിത ഭാഷയില്‍ വിമര്‍ശിച്ച സാഹിത്യക്കാരന്‍ അബ്രഹാം തെക്കേമുറി, ഡോ. സുകുമാര്‍ അഴീക്കോടിന്റെ ജീവിതദര്‍ശനവും, പ്രതകരണശേഷിയും മാതൃകയാക്കി സ്വീകരിക്കുവാന്‍ പ്രവാസി സാഹിത്യക്കാരന്മാര്‍ തയ്യാറാകണമെന്ന് അഭ്യര്‍ത്ഥിച്ചു.

മരിക്കുന്നതുവരെ കോണ്‍ഗ്രസുക്കാരനായി ഇരിക്കണമെന്ന് ആഗ്രഹിക്കുന്നുവെങ്കിലും അതിനുമുമ്പേ "കോണ്‍ഗ്രസ് മരിച്ചു" എന്ന് തുറന്നു പറഞ്ഞ സുകുമാര്‍ അഴീക്കോട് ജനലക്ഷങ്ങളെ വാക്കുകളും, അക്ഷരങ്ങളും കൊണ്ട് സ്വന്തമാക്കിയ സാഹിത്യ സാംസ്‌ക്കാരിക രംഗത്തെ വേറിട്ടശബ്ദമായിരുന്നുവെന്നു ലാനട്രഷററും സാഹിത്യക്കാരനുമായ ജോസ് ഓച്ചാലില്‍ പറഞ്ഞു.

യോഗത്തില്‍ കെ.എല്‍. എസ്സ് പ്രസിഡന്റ് ജോവന്‍ ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി തോമസ് മാത്യൂ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചും ബിജു. ഒി. ജോര്‍ജ്ജ്, സി.വി. ജോര്‍ജ്ജ്, മീന മാത്യൂ തുടങ്ങിയവരും ചര്‍ച്ചകളില്‍ പങ്കെടുത്തു. സന്തോഷ് ശാമുവേലിന്റെ ഗാനങ്ങള്‍ ചടങ്ങിന് മാറ്റുകൂട്ടി.
തിന്മയെ അരിഞ്ഞുവീഴ്ത്തുന്ന പടവാളാകണം തൂലിക: പ്രൊഫ:എം.എസ്.ടി. നമ്പൂതിരി തിന്മയെ അരിഞ്ഞുവീഴ്ത്തുന്ന പടവാളാകണം തൂലിക: പ്രൊഫ:എം.എസ്.ടി. നമ്പൂതിരി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക