Image

സ്വദേശി ബാലനെ നായ കടിച്ചു; ടോമിന്‍ തച്ചങ്കരിയുടെ സഹോദരന്‍ ജയിലിലായി

Published on 21 February, 2012
സ്വദേശി ബാലനെ നായ കടിച്ചു; ടോമിന്‍ തച്ചങ്കരിയുടെ സഹോദരന്‍ ജയിലിലായി
മനാമ: വീട്ടിലെ നായ സ്വദേശി ബാലനെ കടിച്ചതിന്‌ കേരള പൊലീസ്‌ ഐ.ജി ടോമിന്‍ ജെ. തച്ചങ്കരിയുടെ സഹോദരന്‍ ടോംസണ്‍ തോമസ്‌ എന്ന ടോം ബഹ്‌റൈനില്‍ ജയിലിലായി. ഒരാഴ്‌ച ജയിലില്‍ കിടന്ന ഇദ്ദേഹത്തെ പിന്നീട്‌ ജാമ്യത്തില്‍ വിട്ടു. അറബി ബാലനെ കടിച്ച ടോമിന്റെ വെള്ള ജര്‍മന്‍ ഷെപ്പേര്‍ഡ്‌ ഇപ്പോഴും പൊലീസ്‌ കസ്റ്റഡിയിലാണ്‌.

കഴിഞ്ഞ ഒമ്പതിനാണ്‌ കേസിനാസ്‌പദമായ സംഭവം. 33 വര്‍ഷമായി ബഹ്‌റൈനില്‍ ബിസിനസ്‌ ചെയ്യുന്ന ടോം ഇസാ ടൗണിലുള്ള ജര്‍ദാവിലെ വില്ലയിലാണ്‌ താമസം. ഇവിടെ വളര്‍ത്തുന്ന രണ്ട്‌ വയസ്സുകാരന്‍ ജര്‍മന്‍ ഷെപ്പേര്‍ഡാണ്‌ പണിയൊപ്പിച്ചത്‌. നായയെ കൂട്ടില്‍ അടച്ചിടുകയാണ്‌ പതിവ്‌. അധ്യാപികയായ ഭാര്യയും വിദ്യാര്‍ഥിയായ മകളും സ്‌കൂളില്‍ പോയ സമയത്ത്‌ നായയെ അഴിച്ചിട്ടിരുന്നു. അന്ന്‌ വൈകീട്ട്‌ 4.30ന്‌ പുറത്ത്‌ കളിക്കുകയായിരുന്ന സ്വദേശി കുട്ടികള്‍ വീട്ടിലേക്ക്‌ കയറിയത്രെ. ഇത്‌ നായക്ക്‌ പിടിച്ചില്ല. സംഘത്തിലെ ആറു വയസ്സുകാരനെ നായ കയറിപ്പിടിച്ചു. തലക്ക്‌ പരിക്കേറ്റ ബാലന്‍ ആശുപത്രിയിലായി. കുട്ടിയുടെ പിതാവ്‌ ഇസാ ടൗണ്‍ പൊലീസില്‍ പരാതി നല്‍കി. സ്‌റ്റേഷനിലേക്ക്‌ വിളിപ്പിച്ച ടോമിനെ പൊലീസ്‌ ലോക്കപ്പിലാക്കി. മൂന്ന്‌ ദിവസം ലോക്കപ്പില്‍ പാര്‍പ്പിച്ച ശേഷമാണ്‌ പ്രോസിക്യൂഷന്‌ മുന്നില്‍ ഹാജരാക്കിയത്‌. പിന്നീട്‌ ഒരാഴ്‌ചക്കാലം ടോമിനെ റിമാന്റ്‌ ചെയ്‌തു. അഡ്വ. വഫ ആല്‍അന്‍സാരി ഇടപെട്ട്‌ 100 ദിനാര്‍ കെട്ടിവെച്ച ശേഷമാണ്‌ കോടതി ടോമിന്‌ ജാമ്യം അനുവദിച്ചത്‌. നായ പുറത്തിറങ്ങി കുട്ടിയെ ഓടിച്ചു കടിച്ചെന്ന രീതിയില്‍ പരാതി നല്‍കിയതാണ്‌ തനിക്ക്‌ വിനയായതെന്ന്‌ ടോം 'ഗള്‍ഫ്‌ മാധ്യമ'ത്തോട്‌ പറഞ്ഞു.

തന്റെ വീട്ടിലേക്ക്‌ കുട്ടികള്‍ കയറി വന്നപ്പോഴാണ്‌ സംഭവം ഉണ്ടായത്‌. പൊതുവെ ശാന്തശീലനായ നായക്ക്‌ അക്രമിക്കാനുള്ള പ്രകോപനമുണ്ടായതെങ്ങനെയെന്ന്‌ അറിയില്ല. എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ടാണ്‌ വീട്ടില്‍ നായയെ വളര്‍ത്തുന്നത്‌. സമയത്തിന്‌ വൈദ്യ പരിശോധനയും നടത്തിയിട്ടുണ്ട്‌. ആശുപത്രി ചെലവ്‌ മുഴുവന്‍ വഹിക്കാമെന്ന്‌ പറഞ്ഞിട്ടും കുട്ടിയുടെ ബന്ധുക്കള്‍ സമ്മതിച്ചില്ല. പിന്നീട്‌ അനുരജ്ഞനത്തിന്‌ വരികയും 7000 ദിനാര്‍ നഷ്ടപരിഹാരം തന്നാല്‍ കേസ്‌ അവസാനിപ്പിക്കാമെന്ന്‌ അറിയിക്കുകയും ചെയ്‌തു. തുക പിന്നീട്‌ അവര്‍ 8000 ദിനാറാക്കി ഉയര്‍ത്തി. പിന്നീട്‌ അനുരജ്ഞനം വേണ്ടെന്ന നിലപാട്‌ എടുക്കുകയും കേസുമായി അവര്‍ മുന്നോട്ട്‌ പോവുകയുമായിരുന്നു. കോടതിയില്‍ തനിക്ക്‌ നീതി ലഭിക്കുമെന്നാണ്‌ പ്രതീക്ഷയെന്നും ടോം കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക