Image

ആദരാഞ്ജലികളോടെ ആന്റണിച്ചേട്ടന് (ഡോ. നന്ദകുമാര്‍ ചാണയില്‍)

Published on 29 January, 2017
ആദരാഞ്ജലികളോടെ ആന്റണിച്ചേട്ടന് (ഡോ. നന്ദകുമാര്‍ ചാണയില്‍)
ആദ്യകാല മലയാളി കുടിയേറ്റക്കാരില്‍ എന്തുകൊണ്ടും അഗ്രഗണ്യനും വിശിഷ്ട വ്യക്തിത്വത്തിനു ഉടമയുമായ പ്രഫസ്സര്‍ എം.ടി ആന്റണി ഇഹലോകവാസം വെടിഞ്ഞിട്ട് ഒരു വര്‍ഷം തികയുന്നു. ഈ ഹ്രസ്വ കുറിപ്പിലൂടെ അദ്ദേഹത്തിന്റെ ഒന്നാം ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തോടുള്ള സ്‌നേഹാദരസൂചകമായി പ്രണാമങ്ങളര്‍പ്പിക്കട്ടെ. ആന്റണി ചേട്ടനെ ഞാനാദ്യം പരിചയപ്പെടുന്നത് ന്യൂയോര്‍ക്കിലെ "സര്‍ഗ്ഗവേദിയില്‍' വെച്ചാണ്. അവസാന കൂടിക്കാഴ്ചയായിരിക്കുമെന്നറിയാതെ അവസാനമായി കണ്ടതും സര്‍ഗ്ഗവേദിയില്‍ വച്ചുതന്നെ.

ഭാരതീയ സംസ്കൃതിയേയും മലയാള ഭാഷയേയും അദ്ദേഹം അതിരറ്റ് സ്‌നേഹിച്ചിരുന്നു. എന്നാല്‍ അതേസമയം മലയാളികളുടെ അന്തസ്സാരവിഹീനങ്ങളായ ചെയ്തികളോടും അല്പത്വസ്വഭാവങ്ങളോടും അദ്ദേഹത്തിന് പരമപുച്ഛമായിരുന്നു. ഭാരതീയ സംസ്കൃതി അങ്ങേയറ്റം ഉള്‍ക്കൊണ്ടതിന്റെ ബഹിര്‍സ്ഫുരണങ്ങളാണ് അദ്ദേഹത്തിന്റെ വിശ്വപൗരാദര്‍ശങ്ങള്‍ എന്നു നല്ല വാഗ്മിയായ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളില്‍ നിന്നും ലേഖനങ്ങളില്‍ നിന്നും മനസ്സിലാവും. വിശാലയമായ വായനകൊണ്ട് നേടിയെടുത്ത പാണ്ഡിത്യവും ഒന്നു വേറെതന്നെ. അറിവിന്റെ ഒരു നിറകുടമായിരുന്നിട്ടും ഒരു വിജ്ഞാനപ്രദര്‍ശനത്തിനോ, ഖ്യാതിയുടേയും പ്രശസ്തിയുടേയും പുറകെ പോകുന്നതിനോ വളരെ വിമുഖനായിരുന്നു. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ നിരവധി ലേഖനങ്ങളും കവിതകളും എഴുതി കൈരളിയെ ധന്യമാക്കിയിട്ടുണ്ടെങ്കിലും, അവയെല്ലാം ക്രോഢീകരിച്ച് പുസ്തകങ്ങളാക്കുന്നതില്‍ ഉദാസീനതകാണിച്ചും, പ്രൊഫസ്സര്‍ അത്യധികം സ്‌നേഹിച്ചിരുന്ന പ്രിയതമയുടെ ഓമനപ്പേരില്‍ (അമ്മിണിക്കവിതകള്‍) ഒരു കവിതാസരണി തന്നെ തുറന്നിരുന്നു. അവരും മറ്റു പല സുഹൃത്തുക്കളും നിര്‍ബന്ധിച്ചിട്ടും ആന്റണി ചേട്ടന്‍ തന്റെ കൃതികള്‍ പുസ്തകങ്ങളാക്കാഞ്ഞത് നമുക്കെല്ലാം ഒരു തീരാനഷ്ടമാണ്. 

പേരിനോടും പെരുമയോടുമുള്ള അവജ്ഞകൊണ്ടാണോ എന്നറിയില്ല, പല രചനകളും പലപല തൂലികാനാമങ്ങളില്‍ അദ്ദേഹം എഴുതിയിട്ടുള്ളത്. നിര്യാണത്തിനു മുമ്പായി പ്രശസ്ത നിരൂപകന്‍ ശ്രീ സുധീര്‍ പണിക്കവട്ടിലിനു ടെലിഫോണിലുടെ നല്‍കിയ ഏതാനും ഓര്‍മ്മക്കുറിപ്പുകള്‍ (നാഴികക്കല്ലുകള്‍) ഇ-മലയാളിയില്‍ പ്രസിദ്ധീകരിച്ചിരുന്നത് പ്രിയ വായനക്കാര്‍ വായിച്ചിരിക്കുമല്ലോ. ജനനംകൊണ്ട് ഒരു കത്തോലിക്കനെങ്കിലും, സാധാരണ ഹിന്ദുക്കള്‍ക്ക് അറിയുന്നതിനേക്കാള്‍ സനാതനധര്‍മ്മം, ഭാരതീയ സംസ്കാരം, തത്വദീക്ഷ, വേദാന്തം എന്നിവയെക്കുറിച്ച് അവഗാഹമായ പരിജ്ഞാനം അദ്ദേഹത്തിനുണ്ടായിരുന്നു. യശ:ശ്ശരീരനായ ഈ സവിശേഷ പ്രതിഭയ്ക്ക് വീണ്ടും പ്രണാമത്തോടെ ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ. 
ആദരാഞ്ജലികളോടെ ആന്റണിച്ചേട്ടന് (ഡോ. നന്ദകുമാര്‍ ചാണയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക