Image

മലയാളിയുടെ വിദ്യാഭ്യാസ സ്ഥാപനത്തിന് ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ അംഗീകാരം

Published on 30 January, 2017
മലയാളിയുടെ വിദ്യാഭ്യാസ സ്ഥാപനത്തിന് ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ അംഗീകാരം
 മെല്‍ബണ്‍: മെല്‍ബണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളിയുടെ വിദ്യാഭ്യാസ സ്ഥാപനത്തിന് ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ അംഗീകാരം. ആരോഗ്യ മേഖലയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് ആന്‍ഡ് മാനേജ്‌മെന്റിനാണ് (ഐഎച്ച്എം) വിക്ടോറിയന്‍ സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഇന്റര്‍നാഷണല്‍ എഡ്യൂക്കേഷന്‍ അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ടത്. ഗവണ്‍മെന്റ് ഹൗസ് ഓഫ് മെല്‍ബണില്‍ നടന്ന ചടങ്ങില്‍ വിക്ടോറിയ ഗവര്‍ണര്‍ ലിന്‍ഡാ ദെസയുവില്‍ നിന്നും ബിജോ അവാര്‍ഡ് ഏറ്റുവാങ്ങി.

ഇന്ത്യയില്‍ നിന്നുള്ള ഒരു സ്ഥാപനത്തിന് ആദ്യമായിട്ടാണ് ഇത്തരമൊരു അംഗീകാരം ലഭിക്കുന്നത്. ആരോഗ്യ പരിപാലന രംഗത്ത് നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇന്ത്യ, ഫിലിപ്പീന്‍സ്, മലേഷ്യ, നേപ്പാള്‍, വിയറ്റ്‌നാം എന്നീ രാജ്യങ്ങളില്‍ ട്രെയിനിംഗ് സെന്ററുകള്‍ നടത്തിവരുകയാണ് ഐഎച്ച്എം. ഇതോടെപ്പം ഓസ്‌ട്രേലിയന്‍ നഗരങ്ങളായ മെല്‍ബണ്‍, സിഡ്‌നി, പെര്‍ത്ത് എന്നിവിടങ്ങളിലും കാന്പസുകള്‍ പ്രവര്‍ത്തിക്കുന്നു. ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് ഓസ്‌ട്രേലിയയിലെ ആരോഗ്യ മേഖലയില്‍ തൊഴില്‍ ലഭിക്കുന്ന സ്ഥാപനമായി ഐഎച്ച്എം ഇതിനകം മാറിക്കഴിഞ്ഞു. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് ആന്‍ഡ് നഴ്‌സിംഗ് (ഐഎച്ച്എന്‍എ), എഡ്യു സിസ്റ്റംസ് തുടങ്ങിയ ഇതര സ്ഥാപനങ്ങളും ഇതോടെപ്പം പ്രവര്‍ത്തിക്കുന്നു. ഉന്നത നിലവാരമുള്ള പാഠ്യ പദ്ധതി, നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പഠന രീതി, ലോകോത്തര നിലവാരമുള്ള കാന്പസുകള്‍, ഓണ്‍ലൈന്‍ ട്യൂട്ടോറിയല്‍, മികച്ച അധ്യാപകര്‍ എന്നിവയാണ് സ്ഥാപനത്തിന്റെ സവിശേഷത. 2005 ല്‍ സ്ഥാപിതമായ ഈ സ്ഥാപനത്തിന്റെ സിഇഒ മലയാളിയായ ബിജോ കുന്നുംപുറത്താണ്. 

ഈ വര്‍ഷം തന്നെ സിംഗപുര്‍, യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ഈസ്‌റ്റേണ്‍ യൂറോപ്പ് എന്നിവിടങ്ങളിലും കാന്പസുകള്‍ ആരംഭിക്കുമെന്ന് ബിജോ അറിയിച്ചു.

റിപ്പോര്‍ട്ട്: എബി പൊയ്ക്കാട്ടില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക