Image

ജര്‍മനിയില്‍ ആറു കൗമാരക്കാരെ മരിച്ച നിലയില്‍ കണ്ടെത്തി

Published on 30 January, 2017
ജര്‍മനിയില്‍ ആറു കൗമാരക്കാരെ മരിച്ച നിലയില്‍ കണ്ടെത്തി
 ബെര്‍ലിന്‍: ജര്‍മനിയിലെ ബവേറിയയില്‍ ആറു കൗമാരക്കാരെ മരിച്ച നിലയില്‍ കണ്ടെത്തി. വാരാന്ത്യത്തില്‍ ഗാര്‍ഡന്‍ പാര്‍ട്ടിക്കായി ഒത്തുകൂടിയ പതിനെട്ടും പത്തൊന്പതും വയസുള്ളവരാണ് മരിച്ചത്. 

തെക്കന്‍ ബവേറിയയിലെ ആന്‍സ്‌റ്റൈനിലാണ് സംഭവം. ഞായറാഴ്ച ഗാര്‍ഡന്‍ ഷെഡിലാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മരിച്ച ആറുപേരില്‍ ഒരാളുടെ സഹോദരിയും ഉള്‍പ്പെടുന്നു. മരണകാരണം ഇനിയും വ്യക്തമായിട്ടില്ലെന്ന് പോലീസ്. അക്രമങ്ങളൊന്നും നടന്നതിനു സൂചനയും ലഭിച്ചിട്ടില്ല. 

മരംകൊണ്ടു നിര്‍മിച്ച ഗാര്‍ഡന്‍ ഹൗസില്‍ മരക്കരിയിട്ട് തീയുണ്ടാക്കിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൊടും തണുപ്പില്‍ നിന്നും രക്ഷനേടാന്‍ കല്‍ക്കരി പോലുള്ള വസ്തുക്കള്‍ കത്തിച്ചപ്പോഴുണ്ടായ കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചാവും മരണം സംഭവിച്ചതെന്നു പോലീസ് അനുമാനിക്കുന്നു. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞാലേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ.

നൈറ്റ് പാര്‍ട്ടി കഴിഞ്ഞു കുട്ടികള്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ടെലഫോണില്‍ ബന്ധപ്പെട്ടുവെങ്കിലും മറുപടിയില്ലാതെ വന്നപ്പോള്‍ ഗാര്‍ഡന്‍ ഹൗസിന്റെ ഉടമ അന്വേഷിച്ചു ചെന്നപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇയാളുടെ മക്കളാണ് മരിച്ച സഹോദരങ്ങളായ ഫ്‌ളോറിയാനും (19) റബേക്കയും. റബേക്കയുടെ പതിനെട്ടാം ജന്മദിനം ആഘോഷിക്കാനാണ് കൗമാരക്കാര്‍ ഒത്തുകൂടിയത്. സംഭവമറിഞ്ഞ് ആംബുലന്‍സും രക്ഷപ്രവര്‍ത്തകരും എത്തും മുന്‌പേ മരണം സംഭവിച്ചിരുന്നു.

സംഭവം 8200 ആളുകള്‍ താമസിക്കുന്ന ആന്‍സ്‌റ്റൈല്‍ എന്ന കൊച്ചുഗ്രാമത്തെ കണ്ണീരിലാഴ്ത്തി. സംഭവദിവസം ആന്‍സ്‌റ്റൈനില്‍ മൈനസ് 11 ഡ്രിഗ്രിയായിരുന്നു അന്തരീക്ഷ താപനില. 

മരിച്ചവരുടെ ആത്മശാന്തിക്കായി ആന്‍സ്‌റ്റൈന്‍ സെന്റ് നിക്കോളാസ് പള്ളിയില്‍ തിങ്കളാഴ്ച വൈകുന്നേരം ആറിന് ദിവ്യബലിയും നടക്കും. 

ഇതുപോലെ സമാനമായ ഒരു സംഭവം കൊടൈക്കനാലില്‍ ഇക്കഴിഞ്ഞ ഡിസംബറില്‍ ഉണ്ടായതായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരുന്നു. കൊച്ചിയില്‍ നിന്നും ടൂറിനുപോയ 12 വിദ്യാര്‍ഥികളില്‍ രണ്ടു ആലപ്പുഴ സ്വദേശികള്‍ മരിച്ചിരുന്നു. അതും കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചാണ് മരിച്ചതെന്നായിരുന്നു കണ്ടെത്തല്‍.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക