Image

മഹാത്മാജി ഉണര്‍ത്തുന്ന ചിന്തകള്‍ (ജയശങ്കര്‍ പിള്ള)

Published on 30 January, 2017
മഹാത്മാജി ഉണര്‍ത്തുന്ന ചിന്തകള്‍ (ജയശങ്കര്‍ പിള്ള)
ഇന്ന് (ജനുവരി 30) മഹാത്മജിയുടെ രക്ത സാക്ഷി ദിനം ആണ്.ഒരോ ഇന്ത്യന്‍ പൗരനും ചരിത്രങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ഇന്ത്യയെ മനസ്സിലാക്കേണ്ട ദിനം. മത വല്‍ക്കരിക്കപ്പെടുന്ന ദൈനദിന രാഷ്ട്രീയത്തില്‍,ജീവിതത്തില്‍ ,ലോകത്തിലെ ഏറ്റവും വലിയ മതേതര രാഷ്ടത്തിന്റെ ഭാവി എന്താവും? ഇവിട മത നിരപേക്ഷതക്ക് നേരെ വെല്ലുവിളികള്‍ ഉയര്‍ന്നു കഴിഞ്ഞിരിക്കുന്നു.എന്ന് പറഞ്ഞാല്‍ ഇന്ത്യന്‍ ഭരണ ഘടനയെ ചോദ്യം ചെയ്യുന്നതിന് തുല്യം ആണ് ഇന്ന് നാം കാണുന്ന വിവിധ മത വിഭാഗ അജണ്ടകള്‍. മഹാത്മാ ഗാന്ധിയുടെ വരെ മൂല്യം ഇടിച്ചു കാണിക്കുന്ന ഭാരത മക്കള്‍ രാജ്യത്തിന്റെ അടിത്തറ ഇളക്കി ചിഹ്നഭിന്നം ആക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നു എന്നതിന് തെളിവാണ്.രാജ്യം മത സൗഹാര്‍ദത്തിലേയ്ക്കു തിരിച്ചുപോവാനും ലോകത്തിന്റെ മുമ്പില്‍ മാതൃക ആയി ഉയര്‍ന്നു വരുവാനും,നിലനില്‍ക്കുവാനും ഇന്ത്യക്കാരനു കഴിയണം. രാഷ്ട്രനിര്‍മാണ പ്രക്രിയയില്‍,മത മൈത്രിയില്‍,രാഷ്ട്രീയ സാമൂഹികസാംസ്കാരിക വളര്‍ച്ചയില്‍ ഓരോ പൗരനും പങ്കാളിത്തം വഹിക്കാന്‍ പാകത്തിനു പുതു തലമുറയെ വാര്‍ത്തു എടുക്കാന്‍ നമുക്ക് സാധിക്കണം. വിദ്വേഷവും സംശയവും അക്രമവും,കൊള്ളിവയ്പ്പും വളര്‍ത്താന്‍ ആരു ശ്രമിച്ചാലും അതിനെ മറികടക്കാനും വ്യവസ്ഥാപിത വഴികളിലൂടെ പ്രതീക്ഷാപൂര്‍വം മുന്നേറാന്‍ പുതിയ തലമുറയ്ക്ക് പ്രചോദനം നല്കുന്നതായിരിക്കണം ഓരോ പൗരന്റെ പ്രവര്‍ത്തിയും വീക്ഷണവും.വര്‍ണ്ണവല്‍ക്കരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ ഒറ്റപ്പെടുത്തേണ്ടിയിരിക്കുന്നു.
മഹാത്മാ ഗാന്ധി യുടെ അഹിംസാ സിദ്ധാന്തത്തിലൂടെ ജനാധിപത്യം കൈയാളുമ്പോള്‍ ഉണ്ടായിരുന്ന മൂല്യങ്ങള്‍ ഇന്ന് ഇന്ത്യക്കു നഷ്ടപ്പെട്ടിരിക്കുന്നു.ഓരോ തിരഞ്ഞെടുപ്പുകളിലും മത വര്‍ഗ്ഗീയ കൂട്ട് കെട്ടുകളില്‍ ഭരണം മാറി മറിയുന്നു.മതത്തിന്റെ കൂട്ട് പിടിച്ചു അധികാരം ഉറപ്പിക്കുന്നവരെ അസാധു ആക്കാന്‍ സുപ്രീം കോടതിക്ക് എന്ന് കഴിയുന്നുവോ അന്ന് മാത്രമേ മഹാത്മജി കണ്ട സ്വതന്ത്ര സമത്വ സ്യന്ദരമായ ഇന്ത്യ സ്വായത്തം ആകുകയുള്ളൂ.

മഹാത്മജിയുടെ സ്വപ്നങ്ങളില്‍ ബ്രിട്ടീഷുകാരില്‍നിന്ന് ഇന്ത്യക്കാരിലേക്കുള്ള ഭരണമാറ്റം മാത്രമായിരുന്നില്ല ഗാന്ധിജിക്കു സ്വാതന്ത്ര്യം. അധികാരം കിട്ടാന്‍വേണ്ടി സമരം ചെയ്ത നേതാവുമായിരുന്നില്ല ഗാന്ധിജി. നെഹ്രുവും,ജിന്നയും ഉയര്‍ത്തിയ മുദ്രാവാക്യങ്ങളില്‍ നമുക്ക് ഗാന്ധിജിയെ കാണുവാന്‍ കഴിയുമോ?ഒരിക്കലും ഇല്ല.ഗ്രാമീണജനതയ്ക്ക് നിര്‍ണായകാവകാശമുള്ള, മതേതരമൂല്യങ്ങളില്‍ അധിഷ്ഠിതമായ, സാഹോദര്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സഹാനുഭൂതിയുടെയും സഹനത്തിന്റെയും പാവനപാരമ്പര്യം കാത്തുസൂക്ഷിക്കുന്ന ഭരണക്രമത്തിലേക്കുള്ള ചുവടുമാറ്റമായിരുന്നു ഗാന്ധിജിയുടെ കണ്ണില്‍ സ്വാതന്ത്ര്യം.ഒരു തീരുമാനം എടുക്കുമ്പോള്‍ അത് രാജ്യത്തെ ഏറ്റവും,പാവപ്പെട്ടവനെയു0 ദരിദ്രനെയും മനസ്സില്‍ കണ്ടുകൊണ്ടാവണം എന്ന് അദ്ദേഹം ഭരണാധിപന്‍മാരെ പലപ്പോഴും ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്.ദേശഭേദവും ഭാഷാഭേദവും ജാതിഭേദവും മതഭേദവുമൊന്നും പരിഗണിക്കപ്പെടാതെ, എല്ലാവര്‍ക്കും ഒരേ അവകാശത്തോടെ, ഒരേ പങ്കാളിത്തത്തോടെ, വിവേചനവും,ഉച്ചനീചത്വവും ഇല്ലാതെ ഒരുമിച്ചു ജീവിക്കാന്‍ കഴിയുന്ന വ്യവസ്ഥിതിയുണ്ടാകാനാണ് ഗാന്ധിജി പരിശ്രെമിച്ചതു.മഹാത്മാവിനെ തമസ്കരിക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തിനു എന്ത് സമത്വ ചിന്ത,സോഷ്യലിസം,സംസ്കാരം ആണ് ജനതയ്ക്ക് പകര്‍ന്നു നല്‍കുവാനും,വളര്‍ത്തി എടുക്കുവാനും ഉള്ളത്?ഇന്ത്യന്‍ ജനത രാഷ്ട്രീയ അജണ്ടകള്‍ക്കു മുന്‍പില്‍ അടിയറവു വെക്കാതെ നട്ടെല്ലുയര്‍ത്തി മതേതരത്വ ഇന്ത്യ നാം ഒറ്റ ജനത എന്ന പേരില്‍ ഇനി എന്ന് നാമിക്ക് കാണുവാന്‍ കഴിയും.?
മഹാത്മജിയുടെ ഓര്‍മ്മകളില്‍, അദ്ദേഹത്തിന്റെ രാജ്യസ്‌നേഹത്തോടും,മാനുഷിക സ്‌നേഹത്തോടുമാദരവ് പ്രകടിപ്പിക്കുവാനും,അഹിംസാ സിദ്ധാന്ധം ഉയര്‍ത്തിപ്പിടിക്കുകയും,രാഷ്ട്രീയ സംവാദങ്ങളില്‍ ഉള്‍ പ്പെടാതെ ദളിതിന്റെ ഉന്നമനത്തിനു വേണ്ടി വാദിച്ചു രാജ്യത്തിന് വേണ്ടി ജീവന്‍ ബലി അര്‍പ്പിച്ച പുണ്യ ത്മാവിനു ബാഷ്പാഅഞ്ജലികള്‍ അര്‍പ്പിക്കുന്നു.

ജയശങ്കര്‍ പിള്ള
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക