Image

ലോ അക്കാദമി സമരം പൊളിക്കാന്‍ ന്യൂ ജനറേഷന്‍ കൊളോണിയല്‍ തന്ത്രം

എ.എസ് ശ്രീകുമാര്‍ Published on 31 January, 2017
ലോ അക്കാദമി സമരം പൊളിക്കാന്‍ ന്യൂ ജനറേഷന്‍ കൊളോണിയല്‍ തന്ത്രം
തിരുവനന്തപുരത്തെ ലോ അക്കാദമി ക്യാമ്പസിനു മുമ്പിലെ സമരപ്പന്തലില്‍ നിന്ന് സി.പി.എമ്മിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എസ്.എഫ്.ഐ കഴിഞ്ഞ 20 ദിവസത്തെ പ്രതിഷേധം അവസാനിപ്പിച്ച് വ്യാജവിജയത്തിന്റെ ഇങ്ക്വിലാബ് വിളിച്ച് സ്ഥലം കാലിയാക്കിയപ്പോള്‍ അവിടെ നടന്നത് ഒത്തുതീര്‍പ്പല്ല, ഒത്തുകളിയാണെന്ന് മനസ്സിലാക്കാന്‍ വലിയ നിയമപരിജ്ഞാനമൊന്നും വേണ്ട. ഇത് നമ്മള്‍ പ്രതീക്ഷിച്ചതു തന്നെയാണ്. നേരത്തെ സി.പി.എം തിരുവനന്തപുരം ജില്ലാ ഘടകം എസ്.എഫ്.ഐയോട് സമരം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ രാജിയൊഴിച്ചുള്ള യാതൊരു വിട്ടുവീഴ്ചയ്ക്കും തങ്ങള്‍ തയ്യാറല്ല എന്ന നിലപാടില്‍ നിന്നാണ് വിദ്യാര്‍ത്ഥി സഖാക്കള്‍ ഇപ്പോള്‍ മലക്കം മറിഞ്ഞിരിക്കുന്നത്. സമര മുഖത്ത് കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കെ.എസ്.യു, ബി.ജെ.പിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എ.ബി.വി.പി, ഇടതുപക്ഷ ഭരണത്തില്‍ പങ്കാളിത്തമുള്ള സി.പി.ഐയുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എ.ഐ.എസ്.എഫ്, മുസ്ലിം ലീഗിന്റെ എം.എസ്.എഫ് തുടങ്ങിയ സംഘടനകള്‍ക്കൊപ്പമാണ് എസ്.എഫ്.ഐയും സമരപ്പന്തലില്‍ കിടക്ക വിരിച്ച് ഉപവാസം കടുപ്പിച്ചത്.

ലോ അക്കാദമി സമരത്തിലേക്ക് ഏറെ വൈകിയാണ് എസ്.എഫ്.ഐ എത്തിയത്. അക്കാദമിയുടെ വനിതാ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രിന്‍സിപ്പലിന്റെയും മാനേജ്‌മെന്റിന്റെയും ധിക്കാരപരവും നീതീകരിക്കാനാവാത്തതുമായ ഒരുപാട് പ്രശ്‌നങ്ങളുടെ പേരില്‍ പ്രക്ഷോഭം ആരംഭിച്ചിരുന്നു. ഇടതുപക്ഷ സര്‍ക്കാരിന് പ്രത്യേകിച്ച് സി.പി.എമ്മിന് ഈ അക്കാദമിയോടും അവിടെ അനധികൃതമായി കാര്യങ്ങള്‍ നടത്തുന്ന മാനേജ്‌മെന്റിനോടും സെലിബ്രിറ്റിയായ ലക്ഷ്മി നായരോടും എന്തെന്നില്ലാത്ത ഒരു സോഫ്റ്റ് കോര്‍ണര്‍ ഉണ്ടെന്നുള്ളത് ഇന്നാട്ടില്‍ അരിയാഹാരം കഴിക്കുന്നവര്‍ക്കെല്ലാം ബോധ്യപ്പെട്ടിട്ടുണ്ട്. അതിന്റെ പിന്നാമ്പുറ വിശേഷങ്ങള്‍ താമസിയാതെ പുറം ലോകം അറിയും. അറിയുമ്പോള്‍ റേഷനരി പോലെ നാറുകയും ചെയ്യും. ഏതായാലും ഈ വിഷയത്തില്‍ സി.പി.എം, ലോ അക്കാദമി മാനേജ്‌മെന്റിന്റെ മേശപ്പുറത്തേക്കിട്ടുകൊടുത്തത് ഭിന്നിപ്പിച്ചു ഭരിക്കുക എന്ന പഴയ ബ്രിട്ടീഷ് കൊളോണിയല്‍ തന്ത്രത്തിന്റെ ഫോര്‍മുലയായിരുന്നു. 

സമരപ്പന്തിലിലേക്ക് വൈകി മാത്രം എത്തിയ എസ്.എഫ്.ഐക്കാരെ മാത്രം ഇന്ന് വട്ടമേശസമ്മേളനത്തിലേക്ക് വിളിച്ച് സമരം ഒത്തുതീര്‍ക്കാനുള്ള ഒത്തുകളിയുടെ ഭാഗഭാക്കുകളാക്കുകയായിരുന്നു. സി.പി.എമ്മും ലോ അക്കാദമി മാനേജ്‌മെന്റും ഓതിക്കൊടുത്ത പ്രശ്‌നപരിഹാരമെന്ന് തോന്നിപ്പിക്കുന്ന തീരുമാനങ്ങള്‍ അപ്പാടെ വിഴുങ്ങി പുറത്തേക്ക് വന്ന എസ്.എഫ്.ഐക്കാര്‍ സമരം പിന്‍വലിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. കുട്ടിക്കുരങ്ങനെ കൊണ്ട് ചുടുചോറ് വാരിപ്പിക്കുന്നതു പോലെ അവരെ മുന്നില്‍ നിര്‍ത്തി സി.പി.എം ഈ പ്രശ്‌നത്തില്‍ നിന്ന് വിദഗ്ധമായി കൈ കഴുകാന്‍ ശ്രമിക്കുകയായിരുന്നു. നാണക്കേടിന്റെ ലേബലുകള്‍ നെറ്റിയില്‍ ഒട്ടിച്ചുകൊണ്ട് മറ്റ് വിദ്യാര്‍ത്ഥിസംഘടനകളുടെ ആക്ഷേപങ്ങള്‍ക്ക് ഇരയായിക്കൊണ്ട് ഒറ്റുകാരുടെ വേഷത്തില്‍ എസ്.എഫ്.ഐക്കാര്‍ സമരഭൂമിയില്‍ നിന്ന് പോകുന്ന കാഴ്ച പരമ ദയനീയമായിരുന്നു. അവര്‍ അക്കാദമിക്ക് മുന്നില്‍ ആഹ്ലാദ പ്രകടനം നടത്തി. പ്രകടനത്തിന് ശേഷം സമരപ്പന്തല്‍ പൊളിച്ചുമാറ്റുകയും ചെയ്തു.

നമ്മുടെ നാട്ടിലെ ചില പഴഞ്ചൊല്ലുകള്‍ ഈ നിലപാടിന്റെ വെളിച്ചത്തില്‍ അന്വര്‍ത്ഥമാവുകയാണ്. കൂടെ നിന്ന് കാല്‍ ചവിട്ടുക, കുതികാല്‍ വെട്ടുക എന്നൊക്കെയുള്ള ശൈലി പ്രയോഗങ്ങള്‍ എസ്.എഫ്.ഐയ്ക്ക് ചേരുന്നു. പക്ഷേ, ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്ന് ലക്ഷ്മി നായര്‍ സ്വമേധയാ രാജി വയ്ക്കുന്നതു വരെ സമരം ശക്തമായിത്തന്നെ മുന്നോട്ടു കൊണ്ടുപോകുമെന്ന് പ്രഖ്യാപിച്ചു കൊണ്ട് മറ്റ് സംഘടനകള്‍ തങ്ങളുടെ ലക്ഷ്യത്തില്‍ മാത്രം കേന്ദ്രീകരിക്കുന്നു. നാളിതുവരെയുള്ള ചരിത്രത്തില്‍ വിദ്യാര്‍ത്ഥി സമരങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടിട്ടുണ്ടെങ്കിലും അന്തിമ വിജയം നേടാതെ  പോയിട്ടില്ല. തെരുവ് നിറഞ്ഞ ആളിക്കത്തിയ പ്രക്ഷോഭങ്ങളുടെ അഗ്നിയില്‍ ഭരണകൂടത്തിന്റെ ലാത്തി പ്രഹരമേറ്റ് രക്തസാക്ഷികളായവരും ജീവിക്കുന്ന രക്തസാക്ഷികളായവരും കേരളത്തിലുണ്ട്. അവരുടെ ചങ്കൂറ്റത്തിന്റെയും നിശ്ചയധാര്‍ഢ്യത്തിന്റെയും സഹനത്തിന്റെയും മുന്നില്‍ ലോ അക്കാദമിയും ലക്ഷ്മി നായരും പിന്നെ അവര്‍ക്ക് ഏതോ കുടില ചിന്തയുടെ പേരില്‍ സംരക്ഷണം ഒരുക്കുന്നവരും മാപ്പര്‍ഹിക്കുന്നില്ല. 
***
ലോ അക്കാദമി മാനേജ്‌മെന്റ് തീരുമാനം സംബന്ധിച്ച വാര്‍ത്തയിതാണ്....ലക്ഷ്മി നായരെ ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്നു അഞ്ച് വര്‍ഷത്തേയ്ക്ക് നീക്കി. ഇക്കാര്യത്തില്‍ മാനേജ്‌മെന്റില്‍ നിന്ന് ഉറപ്പു ലഭിച്ചതായി എസ്.എഫ് ഐയാണ് ആദ്യം പ്രഖ്യാപിച്ചത്. സമരം പിന്‍വലിക്കുന്നതായും എസ്.എഫ്.ഐ അറിയിച്ചു. തൊട്ടുപിന്നാലെ ഡയറക്ടര്‍ബോര്‍ഡ് വാര്‍ത്താസമ്മേളനം നടത്തി കാര്യങ്ങള്‍ സ്ഥിരീകരിക്കുകയായിരുന്നു. അതേസമയം തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതായും ലക്ഷ്മി നായര്‍ രാജിവെച്ചതായും രേഖാമൂലം ഉറപ്പു കിട്ടുന്നതു വരെ സമരം തുടരുമെന്ന നിലപാടിലാണ് മറ്റു വിദ്യാര്‍ഥി സംഘടനകള്‍. എത്രകാലത്തേക്കാണ് ല്ക്ഷ്മി നായരെ സ്ഥാനത്തുനിന്നും മാറ്റിനിറുത്തിയതെന്ന കാര്യത്തില്‍ യാതൊരു വ്യക്തതയും ഇപ്പോഴില്ലെന്നും സമരക്കാര്‍ ചൂണ്ടിക്കാട്ടി. ലക്ഷ്മി നായരെ ലോ അക്കാദമി പ്രിന്‍സിപ്പാള്‍ സ്ഥാനത്തു നിന്ന് നീക്കിയതായും അഞ്ചു വര്‍ഷത്തേക്ക് അധ്യാപികയെന്ന നിലയില്‍പ്പോലും കോളജില്‍ പ്രവേശിക്കുകയില്ലെന്നുമാണ് മാനേജ്മെന്റ് അറിയിച്ചത്. വൈസ് പ്രിന്‍സിപ്പാള്‍ മാധവന്‍ പോറ്റിയെ പ്രിന്‍സിപ്പലായി നിയമിച്ചതായും അറിയിച്ചു. കോളജ് നാളെമുതല്‍ (ഫെബ്രുവരി ഒന്ന്) തുറന്നു പ്രവര്‍ത്തിക്കും.
***
എസ്.എഫ്.ഐ സമരം അവസാനിപ്പിച്ചതിന് പിന്നാലെ നിലപാട് കടുപ്പിച്ച് വി.എസ് അച്യുതാനന്ദന്‍ വീണ്ടും രംഗത്തുവന്നു. ലോ അക്കാദമിയിലെ പ്രശ്‌നങ്ങള്‍ തീര്‍ന്നിട്ടില്ലെന്നും, ഭൂമി പ്രശ്‌നവും, വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പീഡനവും ഇപ്പോഴും തുടരുകയാണെന്നും വി.എസ് പറഞ്ഞു. നേരത്തെ ലോ അക്കാദമി അധികമായി കൈവശം വെച്ചിരിക്കുന്ന ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് വി.എസ് റവന്യൂ മന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. മാത്രമല്ല, ലക്ഷ്മി നായര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും വി.എസ് ആവശ്യപ്പെട്ടിരുന്നു. അതേസമയം, ലോ അക്കാദമിയില്‍ ലക്ഷ്മി നായര്‍ക്ക് പകരം പുതുതായി ചുമതലയേല്‍ക്കുന്ന പ്രിന്‍സിപ്പലിനെതിരെയും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. പ്രിന്‍സിപ്പലിന്റെ പ്രായപരിധി 65 വയസ്സും, പി.എച്ച്.ഡിയും വേണമെന്നാണ് ചട്ടം. എന്നാല്‍ പുതിയ പ്രിന്‍സിപ്പല്‍ മാധവന്‍ പോറ്റിക്ക് 67 വയസായെന്നും, അദ്ദേഹത്തിന് പി.എച്ച്.ഡി ബിരുദമില്ലെന്നുമാണ് ആരോപണമുയരുന്നത്.

എസ്എഫ്.ഐ നിലപാടിനെ കെ.എ.സ്.യു, എ.ബി.വി.പി, എ.ഐ.എസ്.എഫ്, എം.എസ്.എഫ് എന്നിവര്‍ ആക്ഷേപിച്ചു. പ്രിന്‍സിപ്പല്‍ രാജിവെയ്ക്കും വരെ സമരം തുടരുമെന്നും നേതാക്കള്‍ അറിയിച്ചു. ലോ അക്കാദമി വിഷയത്തില്‍ ബുധനാഴ്ച സെക്രട്ടേറിയേറ്റ് മാര്‍ച്ചും, വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദും സംഘടിപ്പിക്കുമെന്ന് എ.ബി.വി.പി നേതാക്കള്‍ അറിയിച്ചു. ലക്ഷ്മി നായര്‍ രാജിവെയ്ക്കും വരെ ലോ അക്കാദമിയിലെ സമരം തുടരുമെന്ന് ബി.ജെ.പിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ ലോ അക്കാദമിക്ക് മുന്നില്‍ റോഡ് ഉപരോധം നടത്തിയ ബി.ജെ.പി പ്രവര്‍ത്തകരെ പോലീസ് തല്ലിച്ചതച്ചതില്‍ പ്രതിഷേധിച്ച് ബി.ജെ.പി ബുധനാഴ്ച തിരുവനന്തപുരം ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രനടക്കമുള്ള നിരവധി പ്രവര്‍ത്തകര്‍ക്ക് ലാത്തിച്ചാര്‍ജിലും കണ്ണീര്‍വാതക പ്രയോഗത്തിലും പരിക്കേറ്റിരുന്നു. ഒരു മണിക്കൂറോളം ലോ അക്കാദമി പരിസരം യുദ്ധക്കളമായി മാറി.

ലോ അക്കാദമിക്കെതിരെ പുതിയ ആരോപണങ്ങള്‍ ഉയര്‍ന്നു. ലോ അക്കാദമി കള്ളപ്പണം വെളിപ്പിച്ചെന്നാണ് പരാതി ലഭിച്ചിരിക്കുന്നത്. നോട്ട് അസാധു ആക്കല്‍ പ്രഖ്യാപനം വന്ന നവംബര്‍ എട്ടിന് ശേഷം ലോ അക്കാദമി പേരൂര്‍ക്കട സഹകരണ ബാങ്കില്‍ രണ്ടര കോടി രൂപ നിക്ഷേപിച്ചെന്നാണ് പരാതി. സഹകരണ ബാങ്കിലെ രണ്ട് അക്കൗണ്ടുകളില്‍ ആയാണ് പണം നിക്ഷേപിച്ചിരിക്കുന്നത്. നവംബറില്‍ ഒരു അക്കൗണ്ടില്‍ 73 ലക്ഷം രൂപയും ഡിസംബര്‍ 30ന് മറ്റൊരു അക്കൗണ്ടില്‍ ഒന്നരകോടി രൂപയുമാണ് നിക്ഷേപിച്ചത്. എന്നാല്‍ ഇത് കോളേജിലെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ നടത്താന്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് പിരിച്ചതാണെന്നാണ് മാനേജ്‌മെന്റ് പറയുന്നത്. എന്നാല്‍ കോളേജിന്റെ വാര്‍ഷിക ആഘോഷങ്ങള്‍ക്കായി പണപ്പിരിവ് നടത്തിയിട്ടില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ലക്ഷ്മി നായരും അച്ഛന്‍ നാരായണന്‍ നായരും അവരുടെ കള്ളപ്പണം വെളിപ്പിക്കുകയാണ് ചെയ്തതെന്ന് വിദ്യാര്‍ത്ഥികള്‍ കുറ്റപ്പെടുത്തി. സംഭവത്തെ കുറിച്ച് ആദായ നികുതി വകുപ്പ് അന്വേഷണം തുടങ്ങി. 

ലക്ഷ്മി നായര്‍ക്ക് പട്ടികജാതി-വര്‍ഗ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. അക്കാദമിയിലെ നാലാം വര്‍ഷ വിദ്യാര്‍ത്ഥിയായ വിവേകിനെ ജാതി പറഞ്ഞ് അധിക്ഷേപിച്ചെന്ന പരാതിയിലാണ് പേരൂര്‍ക്കട പോലീസ് കേസെടുത്തത്. ലക്ഷ്മി നായരുടെ മകളുടെ ഒന്നാം റാങ്ക് മൂന്നാം റാങ്കായി മാറിയതും ചര്‍ച്ച ചെയ്യപ്പെട്ടു. ഇന്റേണല്‍ മാര്‍ക്കിലെ തിരിമറി വെളിച്ചത്തായതോടെയാണിത്. അക്കാദമിയുടെ സ്ഥലം സര്‍ക്കാരിന്റേതാണെന്ന ഔദ്യോഗികരേഖകളും വെളിച്ചത്തു വന്നു. എന്നാല്‍ ഇതു സംബന്ധിച്ച ഫയല്‍ കേരള സര്‍വകലാശാലയില്‍ നിന്നും സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും മുക്കുകയായിരുന്നു. അക്കാദമിക്കു മുമ്പിലെ സമരപ്പന്തല്‍ പൊളിച്ചു നീക്കാന്‍ ലക്ഷ്മി നായരും മാനേജ്‌മെന്റും നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയതും മറ്റൊരു തിരിച്ചടിയായി. ലോ അക്കാദമി ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന പല കെട്ടിടങ്ങളും അനധികൃതമാണെന്ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ കണ്ടെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ സ്ഥലത്ത് ലക്ഷ്മി നായരും കൂട്ടരും ഫ്‌ളാറ്റ് പണിത് കച്ചവടം നടത്തിയെന്ന ആരോപണവും ശക്തമാണ്. ഇതുപോലെ ലോ അക്കാദമിക്കെതിരെയും ലക്ഷ്മി നായര്‍ക്കെതിരെയുമുള്ള ഗുരുതരമായ ആക്ഷേപങ്ങള്‍ നിലനില്‍ക്കുകയാണ്. ഒരു നിയമ അധ്യാപിക നിയമം കയ്യിലിട്ട് അമ്മാനമാടി ഭൗതിക നേട്ടങ്ങള്‍ ഉണ്ടാക്കുമ്പോള്‍ ജനാധിപത്യ സര്‍ക്കാരിന് മിണ്ടാട്ടം മുട്ടുന്നതിനെ എങ്ങിനെയാണ് അപലപിക്കുക... 

ലോ അക്കാദമി സമരം പൊളിക്കാന്‍ ന്യൂ ജനറേഷന്‍ കൊളോണിയല്‍ തന്ത്രം
Join WhatsApp News
Vayanakkaran 2017-01-31 11:08:52
For the last Kerala Election we the good number of people worked very hard for LDF win, because we we were tired of UDF corruption and mismanagement. Now we are changing and we are shifting, the LDF rule, even for the short period of time is very bad, they are siding with the evils like Laksmi Nair. Where is justice for the students and the common people? As a previous LDF supporters we are asking? We can list so many injustices committed by LDF within short soan of time. This vayanakkaran has reasonable base in India and in USA. If they conduct kerala election now the LDF is going to loose. No doubt there are some unreasonable backers/supporters for LDF and UDF here in USA also. They are just unreasonable political biased people. We do not care their biased utterings in the social media also. We do not vote for UDF or UDF or BJP we will vote for NOTA  for some years. Poltically corrupted polticians and politics. Do not import that politics to USA. Do not carry Indian politicians on your head here in USA. We do not like to stand along with any dirty politicians for photos. Laksmi Nair should resign. Shame on SFI boys. Shame Pianarai. V. S. Achuthanadan is better. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക