Image

വിസ പരിഷ്‌കാരമില്ലെങ്കില്‍ ഇന്ത്യ – ബ്രിട്ടന്‍ വ്യാപാര കരാര്‍ പ്രയോജനകരമാകില്ല

Published on 31 January, 2017
വിസ പരിഷ്‌കാരമില്ലെങ്കില്‍ ഇന്ത്യ – ബ്രിട്ടന്‍ വ്യാപാര കരാര്‍ പ്രയോജനകരമാകില്ല


      ലണ്ടന്‍: വിസ നല്‍കുന്നതില്‍ പരിഷ്‌കാരം കൊണ്ടുവന്നില്ലെങ്കില്‍ ബ്രെക്‌സിറ്റ് വ്യാപാര കരാര്‍ ഇന്ത്യക്ക് പ്രയോജനം ചെയ്യില്ലെന്ന ആശങ്ക ശക്തിപ്പെട്ടു. യൂറോപ്യന്‍ യൂനിയനില്‍നിന്ന് വിട്ടുപോകാനള്ള ഹിതപരിശോധനക്കുശേഷം യൂറോപ്പിന് പുറത്ത് ബ്രിട്ടീഷ് പ്രധാന മന്ത്രി തെരേസ മേയുടെ ആദ്യ വിദേശയാത്ര ഇന്ത്യയിലേക്കായിരുന്നു. വ്യാപാര, വ്യവസായ മേഖലയില്‍നിന്നുള്ള ബ്രിട്ടീഷ് പ്രതിനിധി സംഘവും അവരെ അനുഗമിച്ചിരുന്നു. ഇന്ത്യയുമായി വലിയതോതിലുള്ള വ്യാപാരകരാറുകള്‍ ഉറപ്പിച്ചാണ് സംഘം മടങ്ങിയത്. എന്നാല്‍, വിസ നടപടികളില്‍ ഉടന്‍ മാറ്റങ്ങള്‍ക്ക് ഉദ്ദേശിക്കുന്നില്ലെന്ന തെരേസ മേയുടെ നിലപാട് ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി.

ഇന്ത്യക്കാര്‍ക്കുള്ള വിസയുടെ കാര്യത്തില്‍ ഇളവുകള്‍ ലഭിച്ചില്ലെങ്കില്‍ ഉഭയകക്ഷി കരാറുകളുടെ ഫലം കിട്ടാത്ത സാഹചര്യമായിരിക്കുമെന്ന് ഇന്ത്യന്‍ നയതന്ത്ര വൃത്തങ്ങള്‍ വ്യക്തമാക്കി. കോമണ്‍വെല്‍ത്ത് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍ ആണ് ബ്രെക്‌സിറ്റ് സംബന്ധിച്ച് ബ്രിട്ടെന്റ നിലപാട് അറിയിച്ചത്.

അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥ എന്ന നിലയില്‍ ബ്രെക്‌സിറ്റിനുശേഷം ഇന്ത്യയാണ് ബ്രിട്ടെന്റ പ്രധാന വ്യാപാരപങ്കാളി. വിസ പരിഷ്‌കാരം നിരസിച്ച പ്രധാനമന്ത്രി മേയുടെ അപ്രതീക്ഷിത നിലപാട് ഇന്ത്യന്‍ പൗരന്മാര്‍ക്കുമേലുള്ള കടുത്ത നിയന്ത്രണമായി. ഇതിനെതിരെ പ്രതികരണവുമായി മുതിര്‍ന്ന നയതന്ത്രജ്ഞരും ഇന്ത്യന്‍ ഉദ്യോഗസ്ഥരും രംഗത്തുവന്നു.

ചരക്ക്, സേവനം, നിക്ഷേപങ്ങള്‍ എന്നിവയുടെ സ്വതന്ത്ര നീക്കത്തില്‍നിന്ന് വിദഗ്ധരെയും ജോലിക്കാരെയും വിദ്യാര്‍ഥികളെയും അകറ്റിനിര്‍ത്തുന്നതിനെ കുടിയേറ്റ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ഇന്ത്യയുടെ ഉപദേശകനായ എസ്. ഇരുദയ രാജന്‍ കടുത്ത ഭാഷയില്‍ ചോദ്യം ചെയ്തു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക