Image

ലോ അക്കാദമി സമരം ആരുജയിച്ചു? ആരു തോറ്റു?

സുനിതാ ദേവദാസ് Published on 31 January, 2017
ലോ അക്കാദമി സമരം ആരുജയിച്ചു? ആരു തോറ്റു?
1. കുട്ടികള്‍ സമരം തുടങ്ങിയപ്പോള്‍ പ്രിന്‍സിപ്പലിന്റെ രാജി അവരുടെ മുദ്രാവാക്യമായിരുന്നില്ല. എന്നാല്‍ സമരം തുടങ്ങിയതിനു ശേഷം ഇടക്കെപ്പോഴോ
പ്രിന്‍സിപ്പലിന്റെ രാജി കുട്ടികളുടെ മുദ്രാവാക്യമാവുകയും എസ് എഫ് ഐ പിന്നീട്  സമരത്തില്‍ വന്നു ചേരുകയുംചെയ്തു. പ്രിന്‍സിപ്പല്‍ രാജിവക്കുക എന്ന കുട്ടികളുടെ മുദ്രാവാക്യം സമരത്തിനു പിന്തുണ നല്‍കിയ എല്ലാവരുടേയും മുദ്രാവാക്യമായി.

2. എന്നാല്‍ ലോ അക്കാദമി ഇപ്പോഴും പ്രൈവറ്റ് കോളേജ് സ്റ്റാറ്റസുള്ള കോളേജാണ്. തീരുമാനങ്ങളൊക്കെ അച്ഛനും മകളും മകനും കൂടിയാണ് എടുക്കുന്നത്.
സര്‍ക്കാരിന് പ്രിന്‍സിപ്പലിനെ പിരിച്ചു വിടാനോ രാജി ആവശ്യപ്പെടാനോ നിയമപരമായി ഇപ്പോള്‍ അവകാശമില്ല. എന്നാല്‍ സര്‍വകലാശാല ചട്ടങ്ങളുടെ
ലംഘനങ്ങള്‍ പരിശോധിക്കപ്പെടേണ്ടതും തിരുത്തപ്പെടേണ്ടതുമാണ്. സര്‍ക്കാര്‍ ആ നടപടികളുമായി മുന്നോട്ടു പോകുമെന്നു കരുതുന്നു.

3. ലോ അക്കാദമിയുടെ ഭൂമി സംബന്ധിച്ച രേഖകള്‍ സര്‍ക്കാരിന്റെ പക്കലില്ല.
ഭൂമി പാട്ടത്തിനു നല്‍കിയതാണോ പതിച്ചു നല്‍കിയതാണോ എന്ന വിവരം
കളക്ടറേറ്റിലും തിരുവനന്തപുരം തഹസീല്‍ദാറുടെ ഓഫീസിലും ലഭ്യമല്ല. കൂടാതെ കോളേജിന്റെ അഫിലിയേഷന്‍ സംബന്ധിച്ച ഫയല്‍ നിലവില്‍ കേരളാ സര്‍വ്വകലാശാലയില്‍ ലഭ്യമല്ല. ഇക്കാര്യത്തിലും അന്വേഷണവും നടപടികളും ആവശ്യമാണ്. സര്‍ക്കാര്‍ അന്വേഷണവുമായി മുന്നോട്ടു പോകേണ്ടതാണ്.

4. എന്നാല്‍ ലക്ഷ്മി നായരുടെ ആങ്ങള നാഗരാജ് നാരായണന്‍ സി പി ഐയുടെ വനം മന്ത്രിയുടെ സ്‌പെഷല്‍ ഗവണ്‍മെന്റ് പ്‌ളീഡറാണ്. ... സര്‍ക്കാര്‍
ശമ്പളം പറ്റുന്ന വ്യക്തി. ഈ വ്യക്തി ഇവിടിരിക്കുന്നിടത്തോളം കാലം ലോ
അക്കാദമിയുടെ ഭൂമിയില്‍ സര്‍ക്കാര്‍ എങ്ങനെ തൊടും എന്ന പൊള്ളുന്ന ചോദ്യമാണ് നമ്മുടെ മുന്നിലുള്ളത്. 

ലക്ഷ്മി കൈരളിയില്‍ പാചകം നടത്തുന്നതല്ല നമ്മെ അലട്ടേണ്ട പ്രധാന വിഷയം. പ്രധാനപ്പെട്ട അധികാര
സ്ഥാനത്ത് അവരുടെ ആങ്ങള ഇരിക്കുമ്പോള്‍ ഭൂമി വിഷയത്തില്‍ എങ്ങനെ സത്യസന്ധവും സുതാര്യവുമായ അന്വേഷണം നടക്കുമെന്നതാണ്.

5. കൂടെ സമരം ചെയ്ത മറ്റു വിദ്യാര്‍ത്ഥികളെ തങ്ങള്‍ എന്തുകൊണ്ട് പിന്‍മാറുന്നുവെന്ന് ബോധ്യപ്പെടുത്താന്‍ കഴിയാതെ പോയതാണ് എസ് എഫ് ഐക്കു പറ്റിയ ക്ഷീണം. ഒന്നിച്ചിരുന്ന് സമരം ചെയ്തു മുദ്രാവാക്യം
വിളിച്ചവര്‍ക്ക് ഈയൊരു കാര്യം പരസ്പരം മനസിലാക്കാന്‍ കഴിയുന്നില്ലായെന്നതാണ് വിചിത്രം. ഒന്നിച്ചു സമരം ചെയ്തു ഒറ്റക്കു വഴിപിരിയുന്നത് സമരത്തെ ദുര്‍ബലപ്പെടുത്തിയിട്ടുണ്ട്.
സമരം ചെയ്ത വിദ്യാര്‍ത്ഥികളെ രണ്ടായി പിളര്‍ത്തുന്നതിലും ദുര്‍ബലപ്പെടുത്തുന്നതിലും മാനേജ്‌മെന്റും സര്‍ക്കാരും വിജയിച്ചിരിക്കുന്നു. ചുരുക്കത്തില്‍ ഇടക്കു വന്നു സമരത്തില്‍
ചേര്‍ന്നവര്‍ ഇടക്കു പിരിഞ്ഞു പോവുമ്പോള്‍ സമരം ദുര്‍ബലമായി. കുട്ടികള്‍ കണ്‍ഷ്യൂഷനിലായി. 

പതറാതെ സമരം തുടരണോ അവസാനിപ്പിക്കണോ എന്ന അരക്ഷിതാവസ്ഥ ചില കുട്ടികളുടെ കണ്ണിലെങ്കിലും വ്യക്തമാണ്.
സമരം തുടങ്ങാന്‍ എളുപ്പമാണ്. എന്നാല്‍ അവസാനിപ്പിക്കാന്‍ അത്ര എളുപ്പമല്ല. തല്‍ക്കാലം അവസാനിപ്പിക്കാവുന്ന ഒരു കാരണം കിട്ടിയപ്പോള്‍
എസ് എഫ് ഐ സമരം നിര്‍ത്തി വീട്ടില്‍ പോയി. ഇതു ശരിയായ രാഷ്ട്രീയമാണോ ഇതാണോ വിദ്യാര്‍ത്ഥി രാഷ്ട്രീയം എന്നതിനൊക്കെ കൃത്യമായി ഉത്തരം പറയാന്‍ ദൈവം തമ്പുരാനു പോലും കഴിയില്ല.

 എന്നാല്‍ മറ്റു കുട്ടികളെക്കൂടി ഇക്കാര്യം ബോധ്യപ്പെടുത്തി അവരുടെ കൂടി സമ്മതത്തോടെ സമരം അവസാനിപ്പിക്കേണ്ട ധാര്‍മിക ഉത്തരവാദിത്തം എസ് എഫ് ഐക്കുണ്ടെന്ന് ഞാന്‍ കരുതുന്നു.

6. അഞ്ചുവര്‍ഷത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനല്ല എസ് എഫ് ഐ സമരം ചെയ്തത്.
ലക്ഷ്മിയെ അഞ്ചു വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്തതുകൊണ്ട് കേസു നടത്താനും മറ്റുമായി സ്വാഭാവികമായി മാറി നില്‍ക്കേണ്ട കാലയളവാണ് ലക്ഷ്മി മാറി നില്‍ക്കുന്നത്. അല്ലാതെ വിദ്യാര്‍ത്ഥി സമരമൊന്നുമല്ല അവര്‍ അഞ്ചുവര്‍ഷം മാറി നില്‍ക്കാനുള്ള കാരണം.

പ്രൈവറ്റ് കോളേജ് പ്രിന്‍സിപ്പലായ അവരെ രാജി വപ്പിക്കാനോ പുറത്താക്കാനോ സര്‍ക്കാരിനു കഴിയില്ല എന്നതിനാല്‍ സത്യത്തില്‍ അവര്‍ മാറി നില്‍ക്കാമെന്നു തീരുമാനിച്ചതോടെ സര്‍ക്കാരും എസ് എഫ് ഐയും
രക്ഷപ്പെടുകയാണ് ചെയ്തത്. കാരണം ഒരു പ്രൈവറ്റ് കോളേജിനെതിരെ സമരം ചെയ്യാം. എന്നാല്‍ അവരെക്കൊണ്ട് തീരുമാനമെടുപ്പിക്കുന്നത് അത്ര
എളുപ്പമല്ല. എല്ലാവര്‍ക്കും സ്വീകാര്യമായ ഒരു പരിഹാരമുണ്ടായപ്പോള്‍ എസ് എഫ് ഐ സമരം അവസാനിപ്പിച്ചു തലയൂരി.
എന്നാല്‍ ഈ രാഷ്ട്രീയം മറ്റു കുട്ടികള്‍ക്കു മനസിലായില്ല. അവരോട് തുറന്നു
പറയാന്‍ എസ് എഫ് ഐക്കു കഴിഞ്ഞുമില്ല.

7. പ്രിന്‍സിപ്പല്‍ മാറി നില്‍ക്കുന്നുവെന്ന പത്രക്കുറിപ്പിനു നിയമപരമായി യാതൊരു വിലയുമില്ല. അതില്‍ ലക്ഷ്മി ഒപ്പിട്ടിട്ടില്ല. ധാര്‍മിത എന്നത്
തൊട്ടു തീണ്ടാത്ത കൂട്ടരായതിനാല്‍ ഈ തീരുമാനത്തിന് ഒരു വിലയുമില്ല എന്നതാണ് സത്യം. ലക്ഷ്മിക്ക് എപ്പോള്‍ വേണമെങ്കിലും തിരിച്ചു വരാം. അതിനു യാതൊരു നിയമ തടസവുമില്ല. ലക്ഷ്മിയെ മുമ്പും ഗുരുതര ആരോപണത്തത്തെുടര്‍ന്ന് ഒന്നര വര്‍ഷത്തേക്ക് കോളേജില്‍ നിന്നും മാറ്റി നിര്‍തിയിരുന്നൂ. അവര്‍ പിന്നീട് പുഷ്പം പോലെ തിരിച്ചു വന്നു.

മാറി നില്‍ക്കുക എന്നു വച്ചാല്‍ രാജി വക്കുക എന്നാണോ ലീവ് എടുക്കുക എന്നാണോ സ്ഥാനം മാറുക എന്നാണോ മാനേജ്‌മെന്റ് ഉദ്ദേശിക്കുന്നത് എന്ന് ഈ കുറിപ്പില്‍ നിന്നും വ്യക്തവുമല്ല.
ഇനി എന്തു ചെയ്യാന്‍ കഴിയും?

1. സര്‍ക്കാര്‍ നിയമനടപടികളുമായി മുന്നോട്ടു പോവണം. ഭൂമി തട്ടിപ്പ്, സര്‍വകലാശാല ചട്ട ലംഘനങ്ങള്‍, ദളിത് പീഡനം എന്നീ വിഷയങ്ങളില്‍ അന്വേഷണം നടക്കണം. ശിക്ഷിക്കപ്പെടണം.

2. കോളേജിനു യോഗ്യതയുള്ള പുതിയ പ്രിന്‍സിപ്പല്‍ വരണം. പുറത്തു നിന്നൊരാള്‍.

3. വിദ്യാര്‍ത്ഥികള്‍ക്കു നല്‍കിയ ഉറപ്പുകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരാന്‍ ഒരു സമിതി പ്രവര്‍ത്തിക്കണം.

4. വി മുരളീധരനും പറ്റുമെങ്കില്‍ കെ മുരളീധരനും സമരം തുടരണം. ഭൂമി തട്ടിപ്പിലും സര്‍വകലാശാല ചട്ടം ലംഘിച്ചതിലും അന്വേഷണവും നടപടിയും
ഉണ്ടാവാന്‍ ഇവരുടെ സമരം ഉപകരിക്കട്ടെ.

നിയമം പഠിനാഗ്രഹിക്കുന്ന കേരളതിലെ വിദ്യാര്‍ത്ഥികളോട് പുതിയ ഒരു കുട്ടിയും ഇനി ഈ കോളേജില്‍ ചേരരുത്. വെറുതെ എന്തിനാ ഭാവി
കളയുന്നത്? പരോള്‍ പരമാവധി അഞ്ചു വര്‍ഷത്തേക്കാണ്. ഇപ്പോഴുള്ളവര്‍ക്ക്
പഠിച്ചു  ജീവനും കൊണ്ടു പോവാനുള്ള സമയമാണത്. നിങ്ങളൊക്കെ വേറെ എവിടേലും പോയി പഠിക്കു... ഇങ്ങനൊരു കോളേജ് ഉണ്ടെന്നത് മറക്കു....

സമരം ചെയ്യുന്ന കുട്ടികള്‍ക്കും നേതാക്കള്‍ക്കുമൊപ്പം.. നിങ്ങള്‍ പോരാട്ടം തുടരുക. എല്ലാ പോരാട്ടവും ലക്ഷ്യം കാണില്ലായിരിക്കാം...
എന്നാലും മനസാക്ഷിയെ വഞ്ചിക്കരുത്. നിങ്ങളുടെ മനസാക്ഷി പറയുന്നതു വരെ സമരം തുടരൂ... ഐക്യധാര്‍ഡ്യം.
ലോ അക്കാദമി സമരം ആരുജയിച്ചു? ആരു തോറ്റു?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക