Image

ചുവപ്പ് വസ്ത്രങ്ങളണിഞ്ഞ് ഹൃദയത്തെ പരിപാലിക്കാം (എ.എസ് ശ്രീകുമാര്‍)

Published on 31 January, 2017
ചുവപ്പ് വസ്ത്രങ്ങളണിഞ്ഞ് ഹൃദയത്തെ പരിപാലിക്കാം (എ.എസ് ശ്രീകുമാര്‍)
ഹൃദ്രോഗത്തെക്കുറിച്ചും രോഗപ്രതിരോധത്തെപ്പറ്റിയും ചികില്‍സാ രീതി, വ്യായാമം, ഭക്ഷണ നിയന്ത്രണം എന്നിവ സംബന്ധിച്ചും നമ്മെ ബോധവല്‍ക്കരിക്കുന്ന ദിനമാണ് നാഷണല്‍ വെയര്‍ റെഡ് ഡേ. ഇക്കുറി ഫെബ്രുവരി മൂന്നിനാണ് അമേരിക്കയിലെമ്പാടും ഈ ദിനം ആചരിക്കുന്നത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ  നമ്പര്‍വണ്‍ കൊലയാളിയാണ് ഹൃദ്രോഗം. അത് നിശബ്ദമായി രംഗബോധമില്ലാത്ത കോമാളിയെപ്പോലെ കടന്നുവരുന്നു. ഇനി നമുക്ക് ചുവപ്പ് വസ്ത്രങ്ങള്‍ ധരിച്ച് സ്വന്തം ഹൃദയത്തെ സംരക്ഷിക്കാം...മനുഷ്യന്റെ വികാരവിചാരങ്ങള്‍ക്കും കാഴ്ചപ്പാടുകള്‍ക്കും, ഭൗതികവും ആധ്യാത്മികവുമായ സുഖത്തിനും നിറങ്ങള്‍ക്ക് വലിയ സ്വാധീനമുണ്ട്. നാം ഏറ്റവുമധികം ഇഷ്ടപ്പെടുന്ന നിറം നമ്മുടെ വ്യക്തിത്വത്തെ, കര്‍മത്തെ, നമ്മുടെ സന്ദേശത്തെ പ്രതിനിധാനം ചെയ്യുന്നു.

അമേരിക്കന്‍ മണ്ണില്‍ ചുവപ്പുനിറം കൂടുതല്‍ പ്രസക്തമാവുന്ന ആ ദിനത്തിലേയ്ക്ക് നമ്മള്‍ അടുത്തുകൊണ്ടിരിക്കുകയാണ്. ഇതു പക്ഷേ കമ്മ്യൂണിസ്റ്റ് ചുവപ്പല്ല. റോസാപ്പൂവിന്റെ പരിമളത്തോടുള്ള നിറമാണ്. ചുവപ്പിന്റെ അര്‍ത്ഥവും ശക്തിയുമെന്താണെന്ന് പരിശോധിച്ചുകൊണ്ട് വിഷയത്തിലേക്ക് കടക്കാം. മനുഷ്യന്റെ നിലനില്‍പ്പിനു വേണ്ടിയുള്ള ഇഛാശക്തി, ഭൗതികമായ ആവശ്യകതകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടുനില്‍ക്കുന്ന ഇളം ചൂടുള്ള, സുനിശ്ചിതത്വത്തിന്റെ,  ഉറപ്പിന്റെ നിറമാണ് ചുവപ്പ്. ഇത് ശകതമായ പുരുഷ ഊര്‍ജം പുറംതള്ളുന്നു. നമ്മെ ഊര്‍ജസ്വലമാക്കുന്ന നിറം. ചുവപ്പ്, വികാരങ്ങളെ ഉത്തേജിപ്പിക്കുകയും ആരോഗ്യകരമായി പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. അഭിലാഷങ്ങള്‍ക്കും ദൃഢ നിശ്ചയങ്ങള്‍ക്കും പിന്‍ബലമേകുന്ന രക്തവര്‍ണം നേതൃഗുണങ്ങളെ പ്രകാശിപ്പിക്കുകയും ജീവന്റെ തുടിപ്പിന് മാര്‍ഗനിര്‍ദേശം നല്‍കയും ചെയ്യും. ഇഛാശക്തിയില്ലാത്തവര്‍ക്കും നാണംകുണുങ്ങികള്‍ക്കും ആത്മവിശ്വാസം പകരുന്ന കരുത്തിന്റെ കടുംകളറാണിത്.

യഥാര്‍ത്ഥ കാമുകീ കാമുകന്മാര്‍ അവരുടെ ഹൃദയരക്തത്തിലാണ് പ്രണയലേഖനങ്ങള്‍ പരസ്പരമെഴുതാറ്. അങ്ങനെയുള്ള ഹൃദയങ്ങള്‍ ഒരിക്കലും അകാലത്തില്‍ സ്തംഭിച്ചു പോവരുത്. ഹൃദയത്തെ രക്ഷിച്ചെടുക്കാനുള്ള ബോധവത്കരണ പരിപാടികള്‍ ഉള്‍ക്കൊള്ളിച്ച് എല്ലാവര്‍ഷവും ഫെബ്രുവരി മാസത്തെ ആദ്യ വെള്ളിയാഴ്ചയാണ് അമേരിക്കയില്‍ 'നാഷണല്‍ വെയര്‍ റെഡ് ഡേ' ആചരിച്ചു വരുന്നത്. വിവിധതരം കാന്‍സറുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഹൃദ്രോഗം ഒരു നിശബ്ദ കൊലയാളിയാണ്. ഇതാകട്ടെ വയോധികരുടെ മാത്രം രോഗവുമല്ല. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളാണ് കൂടുതലായി ഹൃദ്രോഗം മൂലം മരിക്കുന്നതെന്ന് പഠനങ്ങളിലൂടെ നാം മനസ്സിലാക്കിയിട്ടുണ്ട്. ഗുരുതരമായ ഈ വിഷയം സംബന്ധിച്ച ബോധവല്‍ക്കരണത്തിനും വിലപ്പെട്ട ജീവനുകള്‍ രക്ഷിക്കാനുമൊക്കെയായി അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ ആവിഷ്‌കരിച്ച പരിപാടിയാണ് 'ഗോ റെഡ് ഫോര്‍ വുമണ്‍'. അങ്ങനെ സ്ത്രീകളിലെ ഹൃദ്രോഗബാധയ്‌ക്കെതിരെയുള്ള യുദ്ധത്തില്‍ ചുവപ്പുനിറമുള്ള വസ്ത്രം പ്രതീകാത്മക അടയാളമായി മാറി.

'ഹൃദ്' എന്ന സംസ്‌കൃത പദത്തില്‍ നിന്നുത്ഭവിച്ച പദമാണ് ഹൃദയം. കേന്ദ്രം, മദ്ധ്യം എന്നൊക്കെയാണ് അര്‍ത്ഥം. വിശ്രമമില്ലാതെ പണിയെടുക്കുന്ന ഹൃദയം മനോനിയന്ത്രണത്തിന്റെ പരിധിക്ക് പുറത്താണ്. ഓരോ മിനിറ്റിലും പുരുഷന്മാര്‍ക്ക് 70-72 തവണയും സ്ത്രീകള്‍ക്ക് 78-82 തവണയും (വിശ്രമാവസ്ഥയില്‍) സ്പന്ദിക്കേണ്ടിയിരിക്കുന്ന ഹൃദയത്തെ പണ്ട് കാലങ്ങളില്‍ മനസ്സിന്റെ മൂലസ്ഥാനമെന്ന് കല്പിച്ചിരുന്നു. ഇന്നും സ്‌നേഹത്തിന്റെ പ്രതീകമായി ഹൃദയത്തെയാണ് കണക്കാക്കുന്നത്. കുഞ്ഞുങ്ങളില്‍ ഹൃദയം ഏകദേശം 130 പ്രാവശ്യവും സ്പന്ദിക്കുന്നുണ്ട്. ഓരോ സ്പന്ദനത്തിലും 72 മില്ലീലിറ്റര്‍ രക്തം പമ്പുചെയ്യുന്നു. അതായത് ഒരു മിനിറ്റില്‍ ഏകദേശം അഞ്ച് ലിറ്റര്‍. ശരാശരി 9800 ലിറ്റര്‍ മുതല്‍ 12600 ലിറ്റര്‍ വരെ രക്തം ഓരോ ദിവസവും ഹൃദയം പമ്പ് ചെയ്യുന്നു എന്നറിയുമ്പോള്‍ ഹൃദയത്തിന്റെ വര്‍ക്ക് ലോഡും ജോലിയിലുള്ള ആര്‍മാര്‍ത്ഥതയും മനസിലാക്കാം. സ്‌നേഹത്തിനു പുറമെ, ഐക്യം, പവിത്രം, ചേര്‍ച്ച, ഇന്ദ്രിയ സുഖം, സ്ത്രീത്വം, വശ്യത, പ്രതിഫലനം എന്നിവയുടെയും പ്രതീകമാണ് ഹൃദയം.

നാഷണല്‍ വെയര്‍ റെഡ് ഡേയില്‍ വനിതകളെല്ലാം ചുവപ്പ് വസ്ത്രങ്ങള്‍ ധരിക്കാന്‍ ആഹ്വാനം ചെയ്യപ്പെടുന്നു. ഹൃദ്രോഗത്തിന്റെ അപകട സാധ്യതകളെപ്പറ്റി ബോധ്യപ്പെടാനുള്ള ചര്‍ച്ചകളും സെമിനാറുകളും സംഘടിപ്പിക്കുകയും ആരോഗ്യത്തോടെ ജീവിക്കാനുള്ള കര്‍മപരിപാടികള്‍ കൂടുതല്‍ ഊര്‍ജസ്വലമാക്കുകയുമാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യങ്ങള്‍. ആദ്യത്തെ ദിനാചരണം 2003ലായിരുന്നു. അന്നുതൊട്ട് ഇന്നുവരെയുള്ള ട്രാക് റെക്കോഡ് പരിശോധിച്ചാല്‍ ജനങ്ങളുടെ ജീവിതരീതിയില്‍ പ്രകടമായ മാറ്റമുണ്ടായതായി കാണാം. ഹൃദയാഘാതം മൂലം മരിക്കുന്ന സ്ത്രീകളുടെ എണ്ണം 34 ശതമാനമായി കുറഞ്ഞു. മുന്‍കാലങ്ങളെ അപേക്ഷിച്ച് പ്രതിദിനം 330 ജീവനുകളാണിപ്പോള്‍ രക്ഷപ്പെടുന്നത്. ഹൃദയാരോഗ്യത്തെ കുറിച്ച് സ്ത്രീകള്‍ തീര്‍ത്തും ബോധവതികളായിരിക്കുന്നു. 37 ശതമാനം പേര്‍ തടി കുറയ്ക്കുകയും 43 ശതമാനം വനിതകള്‍ നിരന്തരം കൊളസ്‌ട്രോള്‍ പരിശോധിക്കുകയും ചെയ്യുന്നു. 50 ശതമാനം കൃത്യമായ വ്യായാമമുറകളില്‍ ഏര്‍പ്പെടുമ്പോള്‍ 60 ശതമാനം തങ്ങളുടെ ഭക്ഷണക്രമത്തില്‍ ആരോഗ്യകരമായ മാറ്റം വരുത്തിയിരിക്കുന്നുവെന്ന് കാണാം. തങ്ങളുടെ ഡോക്ടറുമായി ചേര്‍ന്ന് 33 ശതമാനം പേര്‍ ഹാര്‍ട്ട് ഹെല്‍ത്ത് പ്ലാന്‍ തയ്യാറാക്കിയിരിക്കുകയാണ്.

അങ്ങനെ ഹൃദയാരോഗ്യ ബോധവത്ക്കരണത്തിന്റെ ഗ്രാഫ് മുകളിലേയ്ക്ക് കുതിക്കുന്നു. 23 ശതമാനം അമേരിക്കക്കാര്‍ കൂടി ഇത് സ്ത്രീകളുടെ ഒന്നാം നമ്പര്‍ കൊലയാളിയാണെന്ന് തിരിച്ചറിഞ്ഞു. പുകവലി പാടേ ഉപേക്ഷിച്ചവര്‍ 15 ശതമാനം. 18 ശതമാനം പേരുടെ കൊളസ്‌ട്രോള്‍ ലെവല്‍ ആശാവഹമായി താഴ്ന്നു. നിരവധി കമ്മ്യൂണിറ്റികള്‍ 'ഗോ റെഡ് ഫോര്‍ വുമണ്‍' പരിപാടിയില്‍ അംഗങ്ങളായിക്കൊണ്ടിരിക്കുന്നു. രജിസ്‌ട്രേഷന്‍ 1.95 മില്യണ്‍ കവിഞ്ഞു. 194 നഗരങ്ങള്‍ ഈ പരിപാടി വിജയകരമായി സംഘടിപ്പിച്ചു വരുന്നു. ഇതിന് സമാന്തരമായി നിയമപരമായ പരിശ്രമങ്ങളും ഒരു ഭാഗത്തുണ്ട്. ഹെല്‍ത്ത് കവറേജിനുള്ള പോളിസികളും ആവിഷ്‌കരിക്കപ്പെടുന്നു. ഇനി ലിംഗ വിവേചനപരമായ കൂടുതല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ടാവേണ്ടതുണ്ടെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. കാരണം മരുന്നുകളോടും ചികിത്സയോടുമുള്ള സ്ത്രീകളുടെ പ്രതികരണവും ലക്ഷണങ്ങളും പുരുഷന്മാരുടേതില്‍ നിന്നും വ്യത്യസ്തമാണ്. ഇതു സംബന്ധിച്ച ഗവേഷണങ്ങങ്ങളും ദ്രുതഗതിയിലാണെന്ന് മനസിലാക്കാം.

ഇതൊക്കെയാണെങ്കിലും സ്ത്രീകളുടെ ഒന്നാം നമ്പര്‍ കൊലയാളിയായി ഹൃദ്രോഗം ഇപ്പോഴും വിലസുന്നു. 1,100 പേരെയാണ് ഒരു ദിവസം ഈ കൊലയാളി കവര്‍ന്നു കൊണ്ടുപോകുന്നത്. രംഗബോധമില്ലാത്ത കോമാളിയാണിവന്‍. പ്രത്യേകിച്ചൊരു ലക്ഷണവുമില്ലാതെ നിമിഷാര്‍ത്ഥത്തില്‍ ഒരാള്‍ ഹൃദയം തകര്‍ന്ന് മരിക്കുന്നു. ചുവന്ന വസ്ത്രം ഹൃദയരക്ഷയുടെ ആവശ്യകതയെയും അനിവാര്യതയെയും വനിതകളെ ഓര്‍മപ്പെടുത്തുന്നു...മുന്‍കരുതലുകളെടുക്കാന്‍ അവരെ പ്രാപ്തമാക്കുന്നു...അത് ഹൃദയത്തിന്റെ പടച്ചട്ടയാവുന്നു...

ഏവര്‍ക്കും ഹൃദയപൂര്‍വം
നാഷണല്‍ വെയര്‍ റെഡ് ഡേ
ആശംസകള്‍...!

ചുവപ്പ് വസ്ത്രങ്ങളണിഞ്ഞ് ഹൃദയത്തെ പരിപാലിക്കാം (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക