Image

മൂന്ന് വര്‍ഷത്തെ അലച്ചില്‍ അവസാനിച്ചു; തമിഴ്‌നാട് സ്വദേശി മടങ്ങി

Published on 05 February, 2017
മൂന്ന് വര്‍ഷത്തെ അലച്ചില്‍ അവസാനിച്ചു;  തമിഴ്‌നാട് സ്വദേശി  മടങ്ങി
ദമ്മാം: സ്‌പോണ്‍സറും ഏജന്റും ചതിച്ചത് കാരണം നാട്ടില്‍ പോകാനാകാതെ മൂന്നു വര്‍ഷത്തോളം നിയമനടപടികള്‍ക്ക് പുറകെ നടക്കേണ്ടി വന്ന തമിഴ്‌നാട് സ്വദേശിയായ ഹൌസ്‌ഡ്രൈവര്‍, നവയുഗം സാംസ്‌കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.

തമിഴ്!നാട് തൂത്തുക്കുടി സ്വദേശിയായ ആറുമുഖനാടാര്‍ ഇളയപെരുമാള്‍ അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2012 ഏപ്രില്‍ മാസത്തിലാണ് കത്തീഫിലുള്ള ഒരു സൗദിപൗരന്റെ വീട്ടില്‍ ഹൌസ് ഡ്രൈവറായി ജോലിയ്‌ക്കെത്തിയത്. സ്‌പോണ്‍സര്‍ നല്ലവനായിരുന്നതിനാല്‍ വലിയ കുഴപ്പമില്ലാതെ, രണ്ടു കൊല്ലവും നാലു മാസവും ആ വീട്ടില്‍ പെരുമാള്‍ ജോലി ചെയ്തു. എന്നാല്‍ അതിനുശേഷം, തനിയ്ക്ക് ഹൌസ് ഡ്രൈവറെ ഇനി ആവശ്യമില്ലെന്നും, മറ്റൊരു സ്‌പോണ്‍സറെ കണ്ടെത്തി, വിസ മാറ്റി പോകാനും സ്‌പോണ്‍സര്‍ പെരുമാളിനോട് പറഞ്ഞു. പെരുമാളിന്റെ ദുരിതകാലം അവിടെ തുടങ്ങുകയായി.

ഒരു ഏജന്റ് വഴി സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാനായി മറ്റൊരു സൗദി പൗരനെ പരിചയപ്പെട്ട പെരുമാള്‍ അയാള്‍ക്ക് കീഴില്‍ അഞ്ചു മാസം ജോലി ചെയ്തു. എന്നാല്‍ പുതിയ 'സ്‌പോണ്‍സര്‍' ഒരു റിയാല്‍ പോലും ശമ്പളം കൊടുത്തില്ല എന്ന് മാത്രമല്ല, വിസ മാറുന്നതിന്റെ നടപടികള്‍ പൂര്‍ത്തിയ്ക്കുകയോ,ഇക്കാമ എടുത്തു കൊടുക്കുകയോ ചെയ്തില്ല. പ്രതിഷേധിച്ച പെരുമാള്‍ ഒന്നുകില്‍ തന്റെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തിന്റെ നടപടികള്‍ പൂര്‍ത്തിയാക്കി കുടിശ്ശിക ശമ്പളം മുഴുവന്‍ തന്ന് ജോലിയ്ക്ക് വയ്ക്കണമെന്നും, അല്ലെങ്കില്‍ പാസ്സ്‌പോര്‍ട്ടും രേഖകളും തിരികെ നല്‍കണമെന്നും ഏജന്റിനോടും, സൗദി പൗരനോടും ആവശ്യപ്പെട്ടു. ആയിരം റിയാല്‍ നല്‍കുകയാണെങ്കില്‍ ഇക്കാമ എടുത്തു തരാമെന്നും, പെരുമാളെ സ്വതന്ത്രമായി പുറത്തു മറ്റുള്ള ജോലി ചെയ്യാന്‍ അനുവദിയ്ക്കാമെന്നും അവര്‍ പറഞ്ഞു. തുടര്‍ന്ന് പണം നല്‍കിയ പെരുമാളിനെ പറ്റിച്ച് അവര്‍ കടന്നു കളഞ്ഞു. 2014 ഡിസംബറില്‍ ഇതിനെതിരെ പെരുമാള്‍ ലേബര്‍ കോടതിയില്‍ പരാതി നല്‍കി.

നീണ്ട നിയമനടപടികള്‍ക്ക് ശേഷം, പെരുമാളിന് അനുകൂലമായ കോടതിവിധി വന്നു. എന്നാല്‍ സ്‌പോണ്‍സര്‍ കോടതിവിധി നടപ്പാക്കാത്തത് കാരണം, പെരുമാളിന് മേല്‍ക്കോടതികളും സൗദി സര്‍ക്കാര്‍ഓഫീസുകളും നിരന്തരമായി കയറി ഇറങ്ങേണ്ടി വന്നു. ഇക്കാമ പുതുക്കി കിട്ടാത്തത് കാരണം ജോലി ചെയ്യാനാകാതെ, ഭക്ഷണത്തിനുള്ള വക പോലും കണ്ടെത്താനാകാതെ അയാള്‍ ശരിയ്ക്കും ദുരിതത്തിലായി. മൂന്നു വര്‍ഷത്തോളം ഈ നിയമപോരാട്ടങ്ങള്‍ തുടര്‍ന്നു. നിയമസഹായത്തിനായി ചില ഇന്ത്യന്‍ എംബസ്സി വോളന്റീര്‍മാരെ സമീപിച്ചെങ്കിലും, അവര്‍ സഹായിച്ചില്ലെന്ന് പെരുമാള്‍ പറയുന്നു.

മറ്റു പ്രവാസി കേസുകള്‍ക്കായി ദമ്മാമിലെ ലേബര്‍ കോടതിയില്‍ വരാറുള്ള നവയുഗം ജീവകാരുണ്യവിഭാഗം കണ്‍വീനറായ ഷാജി മതിലകം, ലേബര്‍ കോടതിയുടെ വരാന്തയില്‍ ദിവസവും രാവിലെ വന്ന് വൈകുന്നേരം വരെ ഇരിയ്ക്കുന്ന പെരുമാളിനെ ശ്രദ്ധിയ്ക്കുകയും, എന്താണ് പ്രശ്‌നം എന്ന് തിരക്കുകയും ചെയ്തു. നിറഞ്ഞ കണ്ണുകളോടെ തന്റെ ദുരവസ്ഥ വിശദമായി പറഞ്ഞ പെരുമാള്‍, തനിയ്ക്ക് കുടിശ്ശികശമ്പളമോ, ഒരു ആനുകൂല്യമോ വേണ്ട, നാട്ടിലേയ്ക്ക് എങ്ങനെയും തിരിച്ചു പോയാല്‍ മതി എന്ന് പറഞ്ഞ്, സഹായം അഭ്യര്‍ത്ഥിച്ചു.

പെരുമാളിന്റെ കോടതിവിധി രേഖകളുമായി ലേബര്‍ കോടതിയിലെ മുതിര്‍ന്ന അധികാരികളെ നേരിട്ട് കണ്ട ഷാജി മതിലകം, മനുഷ്യത്വത്തിന്റെ പേരില്‍ അയാളെ സഹായിയ്ക്കണമെന്നും, ഫൈനല്‍ എക്‌സിറ്റ് അനുവദിയ്ക്കണമെന്നും അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് ഉടനെത്തന്നെ, കോടതി അധികാരികള്‍ പെരുമാളിന് ഫൈനല്‍ എക്‌സിറ്റ് അടിച്ചു നല്‍കി പാസ്സ്‌പോര്‍ട്ട് ഷാജി മതിലകത്തിന് കൈമാറി.

പെരുമാളിന് നാട്ടിലെ ബന്ധുക്കള്‍ വിമാനടിക്കറ്റ് അയച്ചു കൊടുത്തു. അങ്ങനെ മൂന്നു വര്‍ഷം നീണ്ട നിയമപോരാട്ടം അവസാനിപ്പിച്ച്, എല്ലാവര്‍ക്കും നന്ദി പറഞ്ഞ്, അഞ്ചു വര്‍ഷത്തിന് ശേഷം കുടുംബത്തെ കാണാന്‍, വെറും കൈയ്യോടെ ഇളയപെരുമാള്‍ നാട്ടിലേയ്ക്ക് മടങ്ങി.

മൂന്ന് വര്‍ഷത്തെ അലച്ചില്‍ അവസാനിച്ചു;  തമിഴ്‌നാട് സ്വദേശി  മടങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക