Image

ഇന്ത്യയെ ശ്രദ്ധയോടെ ശ്രവിക്കും: അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ജാംബത്തിസ്ത ദിക്വാത്രോ

Published on 07 February, 2017
ഇന്ത്യയെ ശ്രദ്ധയോടെ ശ്രവിക്കും: അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ജാംബത്തിസ്ത ദിക്വാത്രോ
  റോം: ഇന്ത്യയിലെ ജനങ്ങളേയും അവിടുത്തെ സഭയേയും ശ്രദ്ധയോടെ ശ്രവിക്കുകയാണ് തന്റെ പ്രഥമ ദൗത്യമെന്ന് ഇന്ത്യയിലെ പുതിയ അപ്പസ്‌തോലിക് നൂണ്‍ഷ്യോ ആയി നിയമിതനായ ആര്‍ച്ച്ബിഷപ് ജാംബത്തിസ്ത ദിക്വാത്രോ. റോമിലെ ഇന്ത്യന്‍ കോളജ് ഡമഷീനോ സന്ദര്‍ശനത്തിനിടെ ഇന്യന്‍ വൈദികരെ അഭിസംബോധന ചെയ്യവേയാണ് അദ്ദേഹം നയം വ്യക്തമാക്കിയത്. 

കോളജ് സന്ദര്‍ശനത്തിനെത്തിയ ന്യൂണ്‍ഷ്യോയെ റെക്ടര്‍ റവ. ഫാ. വര്‍ഗീസ് കുരിശുതറ ഒസിഡി സ്വീകരിച്ചു. കോളജിലെ വൈദികര്‍ക്കൊപ്പം വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച ന്യൂണ്‍ഷ്യോ ഭാരതത്തിലെ വ്യത്യസ്ത സാഹചര്യങ്ങളെക്കുറിച്ച് ചോദിച്ചറിയാനും വൈദികരുമായി ആശയസംവാദനം നടത്താനും സമയം കണ്ടെത്തി. വൈവിധ്യം നിറഞ്ഞ ഇന്ത്യയില്‍ ഇതുവരെയും സന്ദര്‍ശനം നടത്തിയിട്ടില്ലെന്നും ഏറെ പ്രതീക്ഷയോടെയാണ് പുതിയ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ സഭയെ ശുശ്രൂഷിക്കുന്നതോടൊപ്പം ഇന്ത്യയും വത്തിക്കാനും തമ്മിലുള്ള നയതന്ത്ര ബന്ധം കാത്തുസൂക്ഷിക്കുകയുമാണ് അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോയുടെ ദൗത്യം. ഇറ്റലിയിലെ ബൊളോഞ്ഞയില്‍ ജനിച്ച് റഗൂസ രൂപതയ്ക്കുവേണ്ടി വൈദികപട്ടം സ്വീകരിച്ച അറുപത്തിമൂന്നുകാരനായ ആര്‍ച്ച്ബിഷപ് യുഎന്നിലെ നിരീഷകനായും പനാമയിലേയും ബൊളീവിയയിലേയും അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആയും സേവനം ചെയ്തിട്ടുണ്ട്. 

റിപ്പോര്‍ട്ട്: ജൂബി ജോയ്  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക