Image

ഷെയ്ഖ് സല്‍മാന്‍ സാലം അല്‍ സബാഹ് രാജിവച്ചു

Published on 07 February, 2017
ഷെയ്ഖ് സല്‍മാന്‍ സാലം അല്‍ സബാഹ് രാജിവച്ചു


      കുവൈത്ത് : കുറെ ദിവസങ്ങളായി ഉരുണ്ടുകൂടിയ രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമമിട്ടുകൊണ്ട് വാര്‍ത്താവിതരണ സ്‌പോര്‍ട്‌സ് മന്ത്രി ഷെയ്ഖ് സല്‍മാന്‍ സാലം അല്‍ സബാഹ് രാജിവച്ചു. പാര്‍ലിമെന്റില്‍ എംപിമാര്‍ നല്‍കിയ അവിശ്വാസ പ്രമേയം നാളെ ചര്‍ച്ചചെയ്യാനിരിക്കെയാണു മന്ത്രിയുടെ രാജി. 50 അംഗങ്ങളുള്ള ജനപ്രതിനിധിസഭയില്‍ പകുതിയിലേറെപേരുടെ പിന്തുണയുണ്ടെങ്കില്‍ അവിശ്വാസപ്രമേയം പാസാകും. 

അന്താരാഷ്ട്ര സ്‌പോര്‍ട്‌സ് രംഗത്ത് കുവൈത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കുന്നതില്‍ കായിക മന്ത്രി പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പാര്‍ലിമെന്റ് അംഗങ്ങള്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പ്രതിപക്ഷ കക്ഷികള്‍ക്ക് മേല്‍ക്കോയ്മയുള്ള പാര്‍ലിമെന്റില്‍ അവിശ്വാസപ്രമേയം പരാജയപ്പെടുകയാണെങ്കില്‍ സര്‍ക്കാര്‍ രാജിവയ്‌ക്കേണ്ട സ്ഥിതി വരുമായിരുന്നു. ഇതാണ് മന്ത്രിയുടെ രാജിയിലൂടെ ഇപ്പോള്‍ ഒഴിവായിരിക്കുന്നത്. 

അതേസമയം കുവൈത്തിലെ കായിക സംഘടനകളുടെ തലപ്പത്തുണ്ടായിരുന്നവരുടെ നീക്കങ്ങളാണ് സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ഘട്ടങ്ങളിലേക്ക് നയിച്ചതെന്നും തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും കഴിഞ്ഞ ദിവസം ഷെയ്ഖ് സല്‍മാന്‍ സാലം അല്‍ സബാഹ് പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക