Image

മൂരി (കഥ: ജോണ്‍ ഇളമത)

Published on 07 February, 2017
മൂരി (കഥ: ജോണ്‍ ഇളമത)

ഇതു പണ്ടു നടന്ന കഥയാണ്ഏതാണ്ട് അറുപതുകളിലെ കഥ.

സുന്ദരമായൊരു ഗ്രാമം. പമ്പാനദി ഒഴുകുന്നു. കണ്ണീർ പോലെ തെളിനീർഅവയുടെ കുഞ്ഞോളങ്ങളിൽ പ്രഭാതകിരണങ്ങൾ വെള്ളിനാഗങ്ങളെപ്പോലെ ഇഴയുന്നു. പൂവൻകോഴികൾ ഗ്രാമത്തെ കൂകിയുണർത്തിയിരിക്കുന്നു. മുറ്റത്തരികിലെ പൂവരശിൽ പ്രഭാതകിരണങ്ങൾ ചിത്രങ്ങൾ വരയ്ക്കുന്നു. ഗൃഹനായികകൾ മുറ്റമടിച്ച് കോഴിക്കൂടുകൾ തുറന്നുവിടുന്നു. പൊരുന്നക്കോഴികളൊഴികെആബാലവൃദ്ധം കോഴികൾ പുറത്തിറങ്ങി മരച്ചുവടുകൾ ചിക്കിച്ചികഞ്ഞു കൊത്തിപ്പെറുക്കുന്നു. വൈലോപ്പിള്ളി പാടിയതുപോലെപുളിമരക്കൊമ്പുകളിലിരുന്നു കാക്കകൾ കാകനാദം ആലപിച്ചുകൊണ്ടിരിക്കുന്നു.

അപ്പോഴാണു പാപ്പന്റെ വരവ്. മുമ്പിൽ ഒട്ടകത്തിന്റെ മാതിരി വലിയ ഉപ്പൂണിയുള്ള മൂരി. നാടനല്ലസിന്ധി. സിന്ധുനദീതീരത്തു നിന്നാണ് അവന്റെ അമ്മ ചനയോടെ കേരളത്തിലേക്കു കുടിയേറിയത്. അവളു പെറ്റ മൂരിക്കിടാവിനെ പാപ്പൻ ഓച്ചിറച്ചന്തയിൽ നിന്നാണു വാങ്ങിവളർത്തിയത്. കിടാവു വളർന്ന് തടക്കാളയായിരിക്കുന്നു. ഗ്രാമത്തിലെ സകല നാടൻവെച്ചൂർപാണ്ടിപ്പശുക്കളും അവന്റെ ഭാര്യാപദം അലങ്കരിച്ച്, ഒരു ബീജസങ്കലനത്തിലൂടെ നാടിന്റെ മുഖഛായ മാറ്റും എന്നാണു പാപ്പന്റെ പ്രഖ്യാപനം!

തിരുനെറ്റിക്കു കറുത്ത ചുട്ടിയുള്ള വെള്ളക്കാളഅതോ ക്രീംകളറോ എന്നും തോന്നാം. വൃത്താകാരമായി വളഞ്ഞ കൊമ്പുകളെന്നു തോന്നാമെങ്കിലും അവയുടെ കൂർത്ത അറ്റങ്ങൾ മുമ്പിലേക്കു ചൂണ്ടി നിൽക്കുന്നു. കണ്ടാൽ അവന് ഒരുഗ്രൻ കാട്ടുപോത്തിന്റെ മുഖഛായ തോന്നുമെങ്കിലുംശാന്തം പാവം! കൊച്ചുപിള്ളേർക്കു പോലും തൊടാംതീറ്റകൊടുക്കാം. എന്നാലോജോലിയുടെ കാര്യത്തിൽ തികഞ്ഞ ശുഷ്കാന്തിയുള്ളവനും. ശാന്തനെങ്കിലും നല്ല കരുത്തു കാരണം ഒരു മൂക്കുകയറുണ്ട്. എന്നാലേഒറ്റപ്പിടിത്തത്തിന് അവനെ നിയന്ത്രിക്കാനാകൂ. കഴുത്തിൽ ചെറുമണികൾ കിലുക്കി ഒരു യാഗാശ്വത്തെപ്പോലെ അവൻ താളം ചവിട്ടിവരുമ്പോൾ ഗ്രാമം കുളിരുകോരും. അപ്പോൾ ഗ്രാമത്തിലെ പട്ടികളും പൂച്ചകളും കോഴികളും ബൗ ബൗ എന്നു കുരച്ചും മ്യാവു പറഞ്ഞും കൊക്കരക്കോ പാടിയും മറ്റും അവനെ സ്വീകരിക്കും. ‘കൗകുമാരികൾ’ - എന്നു പറഞ്ഞാൽ കൗമാരത്തിലെത്തിയ പശുക്കുട്ടികൾ എന്നർത്ഥം - അവനെ നാണത്തിൽ കടക്കണ്ണിട്ടു നോക്കും. യുവതികളും മദ്ധ്യവയസ്കകളും വെകിളി പിടിച്ച് അമറുംഭീതികൊണ്ടോഅതോ പ്രേമപാരവശ്യം കൊണ്ടോ!

ഇങ്ങനെയുള്ള കാളയും പാപ്പനും കിഴക്കു നിന്നു വന്നപ്പോൾ സംഗതിവശാൽ ഞങ്ങളുടെ പശുവൊന്നമറി. കാര്യസ്ഥൻ കുര്യാക്കോച്ചേട്ടനാണു ഞങ്ങളുടെ വീട്ടുകാര്യങ്ങൾ നോക്കുന്നത്. കുര്യാക്കോച്ചേട്ടൻ ഒന്നമർത്തി മൂളി. എന്നിട്ടോതി, ”പെണ്ണമ്മേ ചവിട്ടിക്കാറായി”. ടീനേജിലോട്ടു പ്രവേശിച്ചോണ്ടിരുന്ന എനിക്കു സംഗതി പിടിത്തം കിട്ടി. പെണ്ണമ്മഅതാണു ഞങ്ങടെ പശൂന്റെ ഓമനപ്പേര്. പെണ്ണമ്മയ്ക്കു തന്നെ ഒരു ചരിത്രമുണ്ട്. ഗോപാലൻ പണ്ടു കൊണ്ടുനടന്ന കറാച്ചിക്കാളയ്ക്ക് ചെറിയ വെച്ചൂർപ്പശുവിലുണ്ടായ മഹിളാരത്നമാണു പെണ്ണമ്മ. പെണ്ണമ്മ വളർന്നുകറാച്ചിപോലെ. പക്ഷേപെറ്റിട്ടു പാലില്ല. നാലുവട്ടം കറന്നാൽ കഷ്ടി നാഴിപ്പാൽ. ഒരു തുറു മുഴുവൻ തിന്നുംഒരു കൊട്ട ചാണകമിടും. പക്ഷേപശുവിനെ വളർത്തുന്നതു ചാണകത്തിനല്ലല്ലോപാലിനല്ലേ!

അപ്പോൾ കുര്യാക്കോച്ചേട്ടന്റെ ആത്മഗതം വീണ്ടും കേട്ടു: “പാപ്പന്റെ കാളേക്കൊണ്ടൊന്നു നോക്കാം. അവൻ വേറെ വിത്താണല്ലോ.” പാപ്പന്റെ വാദം.

ഓയ്പാപ്പാഇങ്ങോട്ടൊന്നു വാ.”

പാപ്പൻ തലേക്കെട്ടഴിച്ച് കുര്യാക്കോച്ചേട്ടനെ ഭവ്യതയോടെ കുനിഞ്ഞൊന്നു വണങ്ങി.

എന്താ അച്ചാ കാര്യം?”

കാര്യം കാണാൻ കഴുതക്കാലും പിടിക്കുന്നോനാ പാപ്പൻ. അതാ ഇത്ര ഭവ്യത. എന്നാൽ ജോലിയൊക്കെക്കഴിഞ്ഞു തളർന്ന കാളേം കൊണ്ടു പാപ്പൻ വരുന്ന വരവൊന്നു കാണേണ്ടതാണ്: അടിച്ച് പിപ്പിരിയായി. എന്നു പറഞ്ഞാൽഅങ്ങു പടിഞ്ഞാറ് കാവേരിഷാപ്പിലെ അന്തിക്കള്ളുമോന്തി ഭള്ളുപറഞ്ഞു വരുന്ന കാഴ്ച! അപ്പോ നാക്കേൽ പായും പൂയുമൊക്കെയേ വരൂ. ഇടയ്ക്കിടെ ഈണത്തിൽ സിനിമാപ്പാട്ടു പാടും. മിക്കപ്പോഴും എം എസ് ബാബുരാജിന്റെ പാട്ടാ ഇഷ്ടനിഷ്ടം:

പ്രാണസഖീഞാൻ വെറുമൊരു

പാമരനാം പാട്ടുകാരൻ

ഗാനലോകവീഥികളിൽ

വേണുവൂതു...“

ഈ പാട്ട് യൗവനയുക്തകളായ ഗ്രാമത്തിലെ എല്ലാ യുവതികളുടേയും മദ്ധ്യവയസ്കകളുടേയും ശ്രദ്ധ ക്ഷണിക്കാൻ വേണ്ടി പാടുന്നതാണ്. അപ്പോഴൊക്കെ അവർ ജനലിലൂടെ തലയിട്ടു പാപ്പനെ നോക്കിപ്പറയും: “താണ്ടെ നോക്കിക്കേപാപ്പൻ ഫിറ്റായി. ഇനി സരസ്വതി കേക്കാം.” എന്നു പറഞ്ഞാൽ കല്ലുവെച്ച തെറി. അതാ പാപ്പൻ.

പാപ്പനും കാളയും കുര്യാക്കോച്ചേട്ടന്റെ മുമ്പിലെത്തി നിന്നു. ചേട്ടൻ ചോദിച്ചു:

എടാ പാപ്പാനിന്റെ കാള ചവിട്ടിയാ ചനയേക്കുവോ?”

കൊള്ളാം ഏക്കുവോന്ന്! ഇതുവരെ ഒരബോർഷൻ പോലുമുണ്ടായിട്ടില്ല.”

ഈ ഇംഗ്ലീഷ് വാക്ക് പാപ്പൻ മനപ്പാഠമാക്കി വെച്ചിരിക്കയാണ്. തടത്തിലെ കോരുതുവക്കീലിൽ നിന്നു കേട്ട് അർത്ഥം മനസ്സിലാക്കി പാപ്പൻ സന്ദർഭോചിതമായി കുര്യാക്കോച്ചേട്ടനെപ്പോലുള്ള നിരക്ഷരകുക്ഷികളുടെ മേൽ പ്രയോഗിക്കും. അവൻ പറഞ്ഞതു മനസ്സിലായില്ലെങ്കിലും മനസ്സിലായ മട്ടു വരുത്തി ചേട്ടൻ കല്പിച്ചു:

എന്നാ നീ കടമ്പ കെട്ടിക്കോ.” കുഴികുത്തുന്ന കമ്പിപ്പാരേം കുറേ മുളങ്കുറ്റികളും പാപ്പന്റെ മുമ്പിലേക്കിട്ടുകൊടുത്തു. പാപ്പൻ നിമിഷനേരം കൊണ്ട് ഒന്നാന്തരം കടമ്പ കെട്ടി. കടമ്പ എന്താന്നേൽപശുവിന് ഇടംവലം തിരിയാൻ കഴിയാത്തത്രികോണാകൃതിയിലുള്ള വേലി. അതിൽ പാപ്പൻ ഞങ്ങടെ വലിയ കറാച്ചിപ്പശുവിനെ തള്ളിക്കയറ്റികുറുക്കിക്കെട്ടിസിന്ധിമൂരിയെ പ്രോത്സാഹിപ്പിച്ചു. ഒറ്റ നിമിഷം കൊണ്ടു കാര്യം നടന്നു. പശു ഗ്രാമത്തെ ഞെട്ടിച്ച് ഒരമറൽ!

ആയിടെ ഒരു വാർത്ത കേട്ടു ഗ്രാമം ഞെട്ടി. പാപ്പൻ തിരുവനന്തോരത്ത് സെൻട്രൽ ജെയിലിലെന്ന്. ഒരു വധക്കേസിനെത്തുടർന്ന് തൂക്കാൻ വിധിച്ചുപിന്നതു വെട്ടിക്കുറച്ച് ജീവപര്യന്തമാക്കി. ദൃക്‌സാക്ഷി ഇല്ലാതിരുന്നതുകൊണ്ട് എന്താ കാര്യം എന്നല്ലേ! അതും ഞാൻ ഒളിഞ്ഞു നിന്നു കേട്ടുകുര്യാക്കോച്ചേട്ടൻ അപ്പനോടു പറഞ്ഞപ്പം; അതിപ്രകാരം:

ഞങ്ങടെ ഗ്രാമം വികസിച്ചു. ഗ്രാമത്തിന്റെ മുഖഛായ മാറി. അപ്പോൾ അവിടെ എൻ ഈ എസ് ബ്ലോക്കുണ്ടായി: ഗ്രാമവികസന ബ്ലോക്ക്. ബ്ലോക്കിൽ മൃഗഡോക്ടർ ചാർജെടുത്തു. ‘കൃത്രിമബീജസങ്കലനം പശുക്കൾക്ക് എന്ന പ്രഖ്യാപനവുമായി. പാപ്പൻ കാളേംകൊണ്ടു നടന്നു ബീജസങ്കലനം ചെയ്തപ്പം പുതുതായി ചാർജെടുത്ത മൃഗഡോക്ടർ ജർമ്മനിയിൽ നിന്ന് ഇറക്കുമതി ചെയ്ത മൂരിയെ ബ്ലോക്കിൽ നിർത്തിയിട്ട്അതിന്റെ ബീജവുമായി സൈക്കിളിൽ യാത്ര ചെയ്തു ഗ്രാമത്തെയാകെ സങ്കലനം നടത്താനാരംഭിച്ചു. ഒരു കാര്യം പറയട്ടേസൈക്കിളും കാളവണ്ടിയും മാത്രം പോകുന്ന കുടുക്കുവഴിയേ അന്നു ഗ്രാമത്തിലുണ്ടായിരുന്നുള്ളൂ.

പാപ്പന്റെ കഞ്ഞികുടി മൃഗഡോക്ടർ മുട്ടിച്ചു. എന്തിനധികംസൈക്കിളിൽ സഞ്ചരിച്ചിരുന്ന മൃഗഡോക്ടർ ഒരു സായംസന്ധ്യയ്ക്ക് ഒഴിഞ്ഞ സ്ഥലത്ത്ഒരു കലുങ്കിൽ ചത്തുമലച്ചു കിടക്കുന്നു. അദ്ദേഹത്തിന്റെ സൈക്കിളും കൃത്രിമബീജം സൂക്ഷിക്കുന്ന ഐസ് പെട്ടിയും അതിനടുത്തായി ചിതറിക്കിടക്കുന്നു. സംഭവം ആദ്യം കണ്ടത് സെക്കന്റ് ഷോയ്ക്കു നടന്നുപോയ ദാമോദരനാണ്. ദാമോദരൻ ഗ്രാമത്തെ അറിയിച്ചു. അവരെല്ലാം ഞെട്ടി. സംഭവത്തിനല്പം മുമ്പ് കലുങ്കു കടന്നു വന്ന പാപ്പനേയും മൂരിയേയും കണ്ടവരുണ്ട്. എന്നാൽ പാപ്പൻ കള്ളടിച്ചു ഫിറ്റായി പൂരപ്പാട്ടും പാടി വരികയായിരുന്നതുകൊണ്ട് കണ്ടവരെല്ലാം പാപ്പനെ കാണാതെ ഉണ്ടയിട്ടു നടന്നു.

പിറ്റേന്നു ഹേഡു മൂത്തറൂൾത്തടിയുരുട്ടിൽ കേമനായ ലംബോധരൻപിള്ള പാപ്പനെ കസ്റ്റഡിയിലെടുത്തുറൂൾത്തടിയുരുട്ടി സത്യം പറയിച്ചു. പക്ഷേകോടതി വിസ്തരിച്ചപ്പം പാപ്പൻ പറഞ്ഞതു മറ്റൊന്നാണ്. “ആ ഹേഡേമാൻ റൂളിത്തടിയുരുട്ടി കുറ്റം എന്റെ മേൽ കേറ്റിയതാണ്. സംഗതി ഞാൻ കണ്ടതാണ്. ഞാനാണു ദൃക്സാക്ഷി. സൈക്കളേൽ എതിരേ വന്ന മൃഗഡോക്ടറെ എന്റെ മൂരിയാണു കുത്തിക്കൊന്നത്. അവൻ ശാന്തനാണേലും പരബീജം മണത്തതാ അതിനു കാരണം. കുത്തും കഴിഞ്ഞുഡോക്ടറു ചത്തും പോയി. അതിനു ഞാനെന്നാ ചെയ്യാനാ?

വാദിഭാഗം വക്കീലു തെളിയിച്ചുഅതു പാപ്പന്റെ കൈയിലെ കഠാരക്കുത്തെന്ന്.

കാലം തികഞ്ഞപ്പോൾ ഞങ്ങടെ പശു പെറ്റുപാപ്പന്റെ കാളേടെ ഓമനപ്പുത്രൻഅതേ പാൽനിറംതിരുനെറ്റിക്കു കറുത്ത ചുട്ടിപൊങ്ങിനിൽക്കുന്ന കൊച്ച് ഉപ്പൂണി! അപ്പോഴേക്കും മറ്റൊരു മൃഗഡോക്ടർ ചാർജെടുത്തിരുന്നു. ഗ്രാമം കുറേക്കൂടി വികസിച്ചുഅദ്ദേഹത്തിന്റെ യാത്ര സ്കൂട്ടറിലായിരുന്നു. എന്നാൽ പാപ്പന്റെ മൂരിയെപ്പറ്റി പിന്നീടൊന്നും കേട്ടില്ല!

Join WhatsApp News
നാരദന്‍ 2017-02-08 04:21:50
ആരാ  മൂരി 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക