Image

ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ചരിത്രവും ദര്‍ശനങ്ങളും (ജോസഫ് പടന്നമാക്കല്‍)

Published on 10 February, 2017
ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ചരിത്രവും ദര്‍ശനങ്ങളും (ജോസഫ് പടന്നമാക്കല്‍)
ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു സ്വാതന്ത്ര്യത്തിനുമുമ്പും അതിനുശേഷവും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തിളങ്ങിനിന്നിരുന്ന ഉജ്വലപ്രതിഭയും സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ കെട്ടുകെട്ടിച്ച വീരനായകരില്‍ ഒരാളുമായിരുന്നു. നിത്യവും അണയാത്ത ദീപമായി ജനകോടികളുടെ ഹൃദയങ്ങളില്‍ കുടികൊള്ളുന്ന മഹാനുഭാവന്മാരില്‍ മഹാനുമാണ്. മഹാത്മാ ഗാന്ധിജിയുടെ രാഷ്ട്രീയ പിന്തുടര്‍ച്ചാവകാശി, ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ഐതിഹാസിക നായകന്‍, 1947 മുതല്‍ മരണം വരെ ഇന്ത്യയുടെ പ്രധാനമന്ത്രി എന്നീ നിലകളില്‍ നെഹ്‌റുവിനെ ചരിത്രത്തിലറിയപ്പെടുന്നു. മഹാത്മാ ഗാന്ധിജിയുടെ ബ്രിട്ടീഷ്കാര്‍ക്കെതിരെയുള്ള നിസഹകരണ പ്രസ്ഥാനത്തിലൂടെ ഉയര്‍ന്നുവന്ന നെഹ്‌റു 1947 മുതല്‍ 1967 മെയ് ഇരുപത്തിയേഴാംതീയതി മരിക്കുന്നതുവരെ ഇന്ത്യയുടെ പ്രധാനമന്ത്രിയെന്ന ഭരണസാരഥ്യം വഹിച്ചിരുന്നു. ആധുനിക ഇന്ത്യയുടെ ശില്പിയായി നെഹ്‌റുവിനെ രാഷ്ട്രം ബഹുമാനിക്കുന്നു. കാശ്മീരിലെ പണ്ഡിറ്റ് സമൂഹത്തിലുള്ള ബ്രാഹ്മണ കുടുബത്തില്‍ ജനിച്ചതിനാല്‍, അദ്ദേഹത്തെ പണ്ഡിറ്റ് ജവഹര്‍ലാല്‍ എന്നറിയപ്പെട്ടു. കുട്ടികള്‍ ബഹുമാന പുരസ്സരം ചാച്ചാ നെഹ്‌റുവെന്നു വിളിച്ചിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യ ലക്ഷ്യപ്രാപ്തിക്കായി നെഹ്‌റുവും കോണ്‍ഗ്രസ്സും 1930 മുതല്‍ നേതൃത്വം കൊടുത്തുകൊണ്ടിരുന്നു.

മഹാത്മാഗാന്ധി ഇന്ത്യയുടെ പിതാവെങ്കില്‍ ഇന്ത്യന്‍ ഭരണഘടനയുടെ പിതാവ് അംബേദ്ക്കറെങ്കില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പിതാവ് നെഹ്‌റുവെന്നും ഉച്ചത്തില്‍ നമുക്കോരോരുത്തര്‍ക്കും വിളിച്ചു പറയാന്‍ സാധിക്കും.വിവിധ സംസ്കാരങ്ങളും, ഭാഷകളും മതങ്ങളും ഉള്‍പ്പെട്ട ഒരു ജനതയെ നിയന്ത്രിക്കുകയെന്നത് അദ്ദേഹത്തെ സംബന്ധിച്ച് ഒരു വെല്ലുവിളിയായിരുന്നു. പ്രധാന മന്ത്രിയെന്ന നിലയില്‍ ഭാരതത്തിന്റെ സാമൂഹിക, സാംസ്ക്കാരിക വിദ്യാഭ്യാസ തലങ്ങളില്‍ ബൃഹത്തായ പലവിധ പദ്ധതികളും അദ്ദേഹത്തിന് നടപ്പാക്കാന്‍ സാധിച്ചു. കോടാനുകോടി ജനങ്ങള്‍ വിശ്വാസവും സ്‌നേഹവും അദ്ദേഹത്തിലര്‍പ്പിച്ചിരുന്നു. ചേരിചേരാ നയവും പഞ്ചശീല തത്വങ്ങളും നെഹ്‌റുവിനെ വിശ്വപൗരനാക്കിയിരുന്നു. 1962ലെ സീനോഇന്ത്യാ യുദ്ധം അദ്ദേഹത്തെ മാനസികമായി തകര്‍ത്തിരുന്നു. അന്നുമുതല്‍ ആരോഗ്യം ക്ഷയിക്കുകയും പതിനേഴു വര്‍ഷം പ്രധാന മന്ത്രിയായിരുന്ന ശേഷം 1964ല്‍ മരിക്കുകയും ചെയ്തു.

പൂക്കളെയും കുട്ടികളെയും ഇത്രമാത്രം സ്‌നേഹിച്ച ഒരു മഹാന്‍ ഉണ്ടായിരിക്കില്ല. ഏതു ജോലിത്തിരക്കിനിടയിലും സമയം കിട്ടുമ്പോഴൊക്കെ അദ്ദേഹം കുട്ടികളുമായി കളിക്കാന്‍ ഉത്സാഹം കാണിച്ചിരുന്നു. അതുകൊണ്ടാണ് സ്‌നേഹപൂര്‍വ്വം അദ്ദേഹത്തെ ചാച്ചാ നെഹ്‌റുവെന്നു അവര്‍ വിളിച്ചിരുന്നത്.

1889 നവംബര്‍ പതിനാലാം തിയതി ബ്രിട്ടീഷ് ഇന്ത്യയില്‍ അലഹാബാദില്‍ ഒരു ധനിക കുടുംമ്പത്തില്‍ നെഹ്‌റു ജനിച്ചു. അദ്ദേഹത്തിന്‍റെ പിതാവ് മോത്തിലാല്‍ നെഹ്‌റു (1861–1931) ക്രിമിനലും സിവിലുമായ നിയമങ്ങള്‍ കൈകാര്യം ചെയ്തുകൊണ്ടിരുന്ന ഒരു ബാരിസ്റ്ററായിരുന്നു. സ്വാതന്ത്ര്യത്തിനായി സമരം ചെയ്തുകൊണ്ടിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റ് പദം രണ്ടുതവണ മോത്തിലാല്‍ അലങ്കരിച്ചിരുന്നു. ജവഹര്‍ലാലിന്റെ അമ്മ 'സ്വരൂപറാണി തുശൂ(1868–1938)', കാശ്മീരില്‍ പേരും പെരുമയുമുണ്ടായിരുന്ന ഒരു കുടുംബത്തിലെ അംഗമായിരുന്നു. അവര്‍ മോത്തിലാലിന്റെ രണ്ടാമത്തെ ഭാര്യയും. ഒരു കുഞ്ഞിന്റെ ജനനത്തോടെ ആദ്യത്തെ ഭാര്യ മരിച്ചുപോയിരുന്നു. മൂന്നു മക്കളില്‍ ജവഹര്‍ലാല്‍ ഏറ്റവും മൂത്തയാളായിരുന്നു. മറ്റു രണ്ടു സഹോദരികളില്‍ വിജയലക്ഷ്മി പണ്ഡിറ്റ് യുണൈറ്റഡ് നാഷണല്‍ അസംബ്ലിയുടെ ആദ്യത്തെ വനിതാ പ്രസിഡണ്ടായിരുന്നു. ഇളയ സഹോദരി കൃഷ്ണ പ്രസിദ്ധയായ ഒരു എഴുത്തുകാരിയും അനേക പുസ്തകങ്ങളുടെ ഗ്രന്ഥകര്‍ത്രിയുമായിരുന്നു. രാജഹര്‍മ്മ്യോപമമായ ആനന്ദഭവനിലാണ് ജവഹര്‍ലാല്‍ വളര്‍ന്നത്. ജവഹറെന്ന വാക്കിന്റെ അര്‍ത്ഥം അമൂല്യമായ പവിഴ രത്‌നമെന്നാണ്.

കുഞ്ഞുനാളിലുള്ള നെഹ്‌റുവിന്റെ ജീവിതത്തെപ്പറ്റി എഴുതപ്പെടേണ്ടതായ സംഭവങ്ങളൊന്നും തന്നെയില്ല. പ്രാഥമിക വിദ്യാഭ്യാസം വീട്ടില്‍ വന്നു െ്രെപവറ്റായി പഠിപ്പിക്കുന്ന ട്യൂട്ടര്‍മാരിയില്‍ നിന്നായിരുന്നു.ശാസ്ത്രവും ബ്രഹ്മജ്ഞാനവും അദ്ദേഹത്തിന് പ്രിയങ്കരങ്ങളായ വിഷയങ്ങളായിരുന്നു. പിന്നീട് ദൈവശാസ്ത്രപരമായ വിഷയങ്ങളില്‍ തല്പരനായതുകൊണ്ട്, പതിമൂന്നാം വയസില്‍ തീയോസഫിക്കല്‍ സൊസൈറ്റിയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. കുടുംബ സുഹൃത്തായ ആനി ബസന്റായിരുന്നു ആ സംഘടനയെ നയിച്ചിരുന്നത്. പിന്നീട് അദ്ദേഹത്തിന് ദൈവിക വിഷയങ്ങളില്‍ താല്‍പ്പര്യം കുറയുകയും ആ സംഘടന വിടുകയും ചെയ്തു. ആനന്ദ ഭവനുമായി നിത്യം മൈത്രിയിലായിരുന്ന ആനിബസന്റിനെ ജവഹര്‍ലാല്‍ ഒരു അമ്മായിയുടെ സ്ഥാനത്തായിരുന്നു കണ്ടിരുന്നത്. ദൈവശാസ്ത്രപരമായ വിഷയങ്ങളില്‍ അഭിരുചിയുണ്ടായിരുന്ന നെഹ്‌റു പിന്നീട് ബുദ്ധമതത്തെപ്പറ്റിയും വേദങ്ങളെപ്പറ്റിയും പഠിക്കാനാരംഭിച്ചു. ഈ പഠനങ്ങളാണ് ആദ്യം അദ്ദേഹത്തിന് ഇന്ത്യയെ മനസിലാക്കാനുള്ള പ്രചോദനം ലഭിച്ചത്. ഇത്തരം വിഷയങ്ങളില്‍ അദ്ദേഹത്തിന്‍റെ മനസ് അഗാതമായും ബൗദ്ധിക തലങ്ങളിലും വ്യാപരിച്ചുകൊണ്ടിരുന്നു.

യുവാവായിരുന്നപ്പോള്‍ത്തന്നെ നെഹ്‌റു ഒരു ദേശീയവാദിയായി വളര്‍ന്നു കഴിഞ്ഞിരുന്നു. 1905ല്‍ അദ്ദേഹം ഇംഗ്ലണ്ടില്‍ പഠിക്കാന്‍ പോയി. അവിടെ ജി.എം.ട്രെവെല്യന്‍ (G.M. Trevelyan's) എഴുതിയ ഗാരിബാള്ഡിയെപ്പറ്റിയുള്ള പുസ്തകങ്ങള്‍ വായിക്കാന്‍ താല്പര്യപ്പെട്ടിരുന്നു. ഗാരിബാള്ഡിയെ ഒരു വിപ്ലവ നേതാവായി അദ്ദേഹം മനസ്സില്‍ സ്വീകരിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പടപൊരുതുന്നതിനായി ഉത്തേജനം നേടിയതും ഗാരിബാള്ഡിന്റെ വിപ്ലവചിന്തകളില്‍ നിന്നായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിലെ രണശൂരനായിരുന്ന ഗാരിബാള്‍ഡിയെ (Giuseppe Garibaldi) ചിന്നിച്ചിതറി കിടന്നിരുന്ന ഇറ്റലിയെ ഏകീകരിപ്പിച്ച ദേശീയ നേതാവായി ആദരിച്ചിരുന്നു.

1907ല്‍ ഇംഗ്ലണ്ടിലെ പ്രസിദ്ധിയേറിയ കെയിംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ നെഹ്‌റു പഠനം ആരംഭിച്ചു. 1910ല്‍ ട്രിനിറ്റി കോളേജില്‍ നിന്നും പ്രകൃതിശാസ്ത്രത്തില്‍ ഹോണേഴ്‌സോടുകൂടി ബിരുദം നേടി. ഈ കാലഘട്ടത്തില്‍ രാഷ്ട്രീയ തത്ത്വശാസ്ത്രം, സാമ്പത്തിക ശാസ്ത്രം, ചരിത്രം, സാഹിത്യം എന്നീ വിഷയങ്ങളും പഠിച്ചിരുന്നു. ബെര്‍ണാഡ് ഷാ, എച്ച്.ജി. വെല്‍സ്, കെയിന്‍സ്, ബെര്‍ട്രന്‍ റസ്സല്‍, ലൗസ് ഡിക്കിന്‍സന്‍ മുതലായ ചിന്തകരുടെ പുസ്തകങ്ങളും പഠിച്ചുകൊണ്ടിരുന്നു. ഇതിനിടയില്‍ വായിക്കുന്ന വിഷയങ്ങളിലെല്ലാം അഗാധമായ പാണ്ഡ്യത്യവും നേടിയിരുന്നു.

1910ല്‍ ഡിഗ്രി നേടിയശേഷം നിയമം പഠിക്കാന്‍ ലണ്ടനില്‍ രണ്ടു വര്‍ഷംകൂടി ചെലവഴിച്ചു. ഇന്‍സ് ഓഫ് കോര്‍ട്ട് ലോ സ്കൂളില്‍ (Inns of Court School of Law) നിയമം പഠിച്ചു. 1912ല്‍ ബാര്‍ അറ്റ് ലോ (Bar at Law) പരീക്ഷ പാസ്സായി. 1912ല്‍ ഇന്ത്യയിലെത്തി, അലഹബാദ് ഹൈകോര്‍ട്ടില്‍ പ്രാക്ടീസ് തുടങ്ങി. പക്ഷെ അദ്ദേഹത്തിന് നിയമത്തില്‍ തുടരാന്‍ താത്പര്യമുണ്ടായിരുന്നില്ല. അവിടെ അദ്ദേഹത്തിന്‍റെ അഭിരുചിയനുസരിച്ചും ബൗദ്ധികമായും ഉയരാനുള്ള സാഹചര്യങ്ങള്‍ ലഭിച്ചില്ലെന്നു ആത്മകഥാ പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. പിന്നീടുള്ള കാലങ്ങളിലെല്ലാം അദ്ദേഹം ദേശീയ രാഷ്ട്രീയത്തില്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കാന്‍ തുടങ്ങി. നിയമ പരിശീലനം പാടെ ഉപേക്ഷിക്കുകയും ചെയ്തു.

ബ്രിട്ടനില്‍ താമസിക്കുന്ന കാലം മുതല്‍ നെഹ്‌റുവിനു ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കണമെന്ന മോഹമുണ്ടായിരുന്നു. 1912ല്‍ ഇംഗ്ലണ്ടില്‍നിന്നും വന്നെത്തിയ അദ്ദേഹത്തിന് ഏതാനും ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍ തന്നെ പാറ്റ്‌നയില്‍ നടന്ന കോണ്‍ഗ്രസ്സിന്റെ വാര്‍ഷിക സമ്മേളനത്തില്‍ സംബന്ധിക്കാന്‍ സാധിച്ചു. ഇംഗ്ലീഷ് അറിയാവുന്ന ഉന്നതകുല ജാതരായവര്‍ മാത്രം സമ്മേളന സ്ഥലത്തില്‍ വന്നെത്തിയതില്‍ നെഹ്‌റുവിനു സമ്മേളനത്തോട് അന്ന് അതൃപ്തിയുണ്ടായി. എങ്കിലും ഇന്ത്യന്‍ പൗരാവകാശ ഫണ്ടിനായി പണം സമാഹരിക്കുന്ന കാര്യത്തില്‍ ഗാന്ധിജിയുമായി ഒത്തൊരുമിച്ചു സഹകരിച്ചു.

1914ല്‍ ഒന്നാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു. കോണ്‍ഗ്രസില്‍ ഒരു കൂട്ടര്‍ ജര്‍മ്മനിയുടെ ഭാഗം കൂടി പിന്തുണ നല്‍കാന്‍ ആഗ്രഹിച്ചു. എങ്കിലും വിദ്യാഭ്യാസമുള്ള ഉയര്‍ന്ന സമൂഹം ബ്രിട്ടീഷ് സഖ്യസേനയ്ക്ക് പിന്തുണ നല്‍കാനാണ് ആഗ്രഹിച്ചത്. നെഹ്‌റു അന്ന് ബ്രിട്ടന് പിന്തുണ നല്കുകയാണുണ്ടായത്. അക്കാലയളവില്‍ അലഹബാദിലുള്ള സെന്റ് ജോണ്‍ ആമ്പുലന്‍സ് വാനില്‍ നെഹ്‌റു വോളന്റീര്‍ ജോലി ചെയ്യുകയും ചെയ്തു. ബ്രിട്ടീഷ് സര്‍ക്കാര്‍ കൊണ്ടുവന്ന സെന്‍സര്‍ഷിപ് ആക്റ്റിനെയും അദ്ദേഹം എതിര്‍ത്തു. ആ നിയമം അനുസരിച്ചു ബ്രിട്ടീഷ് സര്‍ക്കാരിനെ ആരും വിമര്‍ശിക്കാന്‍ പാടില്ലായിരുന്നു.

യുവാവായ നെഹ്‌റുവിന്റെ ദേശീയ സ്വാതന്ത്ര്യത്തിനായുള്ള ആശയങ്ങള്‍ അക്കാലത്തു തികച്ചും വിപ്ലവകരങ്ങളായിരുന്നു. യുദ്ധകാല അവസ്ഥകളില്‍ സ്വാതന്ത്ര്യത്തിനുവേണ്ടി സമരം ചെയ്യുന്നത് വിവേകമല്ലെന്നു ഗോപാല കൃഷ്ണ ഗോഖലെയെപ്പോലുള്ള മിതവാദികള്‍ അക്കാലത്ത് വാദിച്ചിരുന്നു. നെഹ്‌റു ബ്രിട്ടീഷ് സര്‍ക്കാരിനോട് എല്ലാ വിധത്തിലും നിസഹകരണമാണ് വേണ്ടതെന്നും വാദിച്ചു. ബ്രിട്ടീഷ്കാരുടെ നയത്തെ പിന്തുടരുന്ന ഐ.സി.എസ് (I.C.S.) മുതലായ ഹോണററി സ്ഥാനമാനങ്ങളെ അദ്ദേഹം പരിഹസിച്ചു. ആ ബഹുമതി ഇന്ത്യനുമല്ല, (Indian) സിവിലുമല്ല(രശ്ശഹ) സേവനവുമല്ലെന്നു(Service) പറഞ്ഞുകൊണ്ട് ബ്രിട്ടീഷ് സിവില്‍ സര്‍വീസ് പരീക്ഷകളെ ഇന്ത്യന്‍ ജനത ബഹിഷ്ക്കരിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ പിതാവ് മിതവാദികളുടെ കൂടെയായിരുന്നെങ്കിലും നെഹ്‌റു അക്കാലത്തു തീവ്രവാദികളോടൊപ്പം പ്രവര്‍ത്തിക്കാനാണ് താല്പര്യപ്പെട്ടത്.

1915ല്‍ ഗോഖലെ മരിച്ചശേഷം സ്വാതന്ത്ര്യസമരത്തിനുവേണ്ടിയുള്ള മിതവാദികളുടെ സ്വാധീനം കുറഞ്ഞു. 'ലോകമാന്യ തിലകനെയും' 'ആനി ബസന്റി'നെയും പോലുള്ള തീവ്രചിന്താഗതിക്കാര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിനായുള്ള പുതിയ സമരമുഖങ്ങള്‍ തുറന്നുവിട്ടു. അവരുടെ സമരാഹ്വാനങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ സമ്മതം അന്ന് കിട്ടിയില്ല.1916ല്‍ തിലകനും ആനിബസന്റും കോണ്‍ഗ്രസിന് ബദലായി മറ്റൊരു സംഘടനയുണ്ടാക്കി. എന്നാല്‍ നെഹ്‌റു രണ്ടു പാര്‍ട്ടികള്‍ക്കും അനുകൂലമായി നിന്നു. അതിന്റെ കാരണവും നെഹ്‌റു പറഞ്ഞിട്ടുണ്ട്. കുഞ്ഞായിരുന്നപ്പോള്‍ മുതല്‍ ആനി ബസന്റ് തന്റെ ജീവിതത്തില്‍ ഏറ്റവും സ്വാധീനിച്ച വ്യക്തിയായിരുന്നുവെന്നും രാഷ്ട്രീയ കാല്‍വെപ്പിനും കാരണക്കാരി അവരായിരുന്നുവെന്നും നെഹ്‌റു പറയുമായിരുന്നു. 1916ല്‍ ഹിന്ദു മുസ്ലിം ഐക്യം സംബന്ധിച്ച ഒരു ഉടമ്പടി കോണ്‍ഗ്രസും മുസ്ലിം ലീഗും ഒപ്പുവെച്ചിരുന്നു. അന്ന് അത്തരം ഒരു ഉടമ്പടി ഒപ്പുവെച്ചതും ആനന്ദഭവനിലായിരുന്നു. നെഹ്രുവിന്റെ രാഷ്ട്രീയ ഭാവിക്ക് അതും ഒരു കാരണമായിരുന്നു. രണ്ടു മതങ്ങള്‍ തമ്മിലുള്ള ആ യോജിപ്പിനെ നെഹ്‌റു സ്വാഗതം ചെയ്തിരുന്നു. അതിനെ ലക്‌നൗ ഉടമ്പടിയെന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്.

1919 ലാണ് നെഹ്‌റു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത്. 1920ലെ ഗാന്ധിജിയുമൊത്തു പ്രവര്‍ത്തിച്ച നിസഹകരണ പ്രസ്ഥാനമാണ് നെഹ്‌റുവിനെ ദേശീയ രാഷ്ട്രീയത്തിന്റെ തലപ്പത്തിലെത്തിച്ചത്. ഉത്തര്‍പ്രദേശില്‍ അതിനു നേതൃത്വം കൊടുത്തത് നെഹ്‌റുവായിരുന്നു. സര്‍ക്കാരിനെതിരെ പ്രവര്‍ത്തിച്ചുവെന്ന പേരില്‍ അദ്ദേഹത്തെ അറസ്റ്റു ചെയ്തു. ഏതാനും മാസങ്ങള്‍ക്കുശേഷം ജയില്‍ വിമുക്തനാക്കി. നിസഹകരണ പ്രസ്ഥാനം പൊളിഞ്ഞതോടെ കോണ്‍ഗ്രസില്‍ തന്നെ പിളര്‍പ്പുണ്ടായി. തന്റെ പിതാവ് മോത്തിലാലും സി.ആര്‍. ദാസും നേതൃത്വം നല്‍കിയിരുന്ന സ്വരാജ് പാര്‍ട്ടിയില്‍ നെഹ്‌റു ചേരാതെ ഗാന്ധിജിയ്‌ക്കൊപ്പം നിന്നു. കൂടാതെ 'ചൗരി ചൗരാ' സംഭവവും ഉണ്ടായത് അക്കാലത്താണ്. നിസഹകരണ വിപ്ലവകാരികള്‍ ഗോരഖ്പൂരിലുള്ള 'ചൗരി ചൗരാ'യില്‍ ഒരു പോലീസ് സ്‌റ്റേഷന്‍ ആക്രമിക്കുകയും തീ വെക്കുകയും ചെയ്തു. അതിനുള്ളിലുള്ള ഇരുപത്തിയെട്ടു പോലീസുകാരും മൂന്നു പൗരജനങ്ങളും മരണമടഞ്ഞിരുന്നു. അതുമൂലം ദേശീയ ലെവലില്‍ നിസഹകരണ പ്രസ്ഥാനത്തില്‍നിന്നും കോണ്‍ഗ്രസ്സ് പിന്മാറി. 'ചൗരി ചൗരാ'യെന്ന ദുരന്തം സംഭവിച്ചില്ലായിരുന്നെങ്കില്‍ സ്വാതന്ത്ര്യത്തിന്റെ പോരാട്ടം മറ്റൊരു ദിശയില്‍ ആകുമായിരുന്നുവെന്നു ഗാന്ധിജി പറയുമായിരുന്നു.

1920 ലും 1930 ലും നെഹ്രുവിനു പൗരനിയമ ലംഘനം കൊണ്ട് ജയില്‍ശിക്ഷ അനുഭവിക്കേണ്ടി വന്നു. 1940 ഒക്ടോബര്‍ 31ന് അറസ്റ്റിലായ അദ്ദേഹത്തെ 1941 ഡിസംബറില്‍ !മോചിതനാക്കി. 1942 ഓഗസ്റ്റ് ഏഴിനു ചരിത്രപ്രസിദ്ധമായ ‘ക്വിറ്റ് ഇന്ത്യ’ സമരത്തിലും അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. ഇതായിരുന്നു ഏറ്റവും ദൈര്‍ഘ്യമേറിയ അദ്ദേഹത്തിന്റെ ജയില്‍വാസം. ആകെ ഒമ്പതു തവണകള്‍ ജയിലിലടയ്ക്കപ്പെട്ടു. 1946 ജൂലൈ ആറിന് നാലാമത്തെ തവണ കോണ്‍ഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 1951നും 54നും ഇടയില്‍ മൂന്നു തവണകള്‍കൂടി പണ്ഡിറ്റ് നെഹ്‌റു ആ പദവിയിലെത്തി. സ്വാതന്ത്ര്യ സമര കാലങ്ങള്‍ മുഴുവനും ഗാന്ധിജിയുടെ അഹിംസാ തത്ത്വങ്ങളായിരുന്നു അദ്ദേഹം പിന്തുടര്‍ന്നത്.

നെഹ്‌റു ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെ ഒരു ആഗോള കാഴ്ചപ്പാടില്‍ കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നു. ജനാധിപത്യത്തിന്റെ സന്ദേശവുമായി രാജ്യങ്ങള്‍ തോറും അക്കാലങ്ങളില്‍ യാത്ര ചെയ്തിരുന്നു.1927ല്‍ അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാകാന്‍ ബ്രസീലിലും ബെല്‍ജിയത്തിലും നടന്ന സമ്മേളനങ്ങളില്‍ പങ്കു ചേര്‍ന്നിരുന്നു. സാമ്രാജ്യ ശക്തികള്‍ക്കെതിരായുള്ള സമ്മേളനങ്ങളായിരുന്നു അതെല്ലാം. ഇന്ത്യയെ പ്രതിനിധികരിച്ചുകൊണ്ട് നെഹ്‌റുവിനെ ആ സംഘടനയുടെ എക്‌സിക്യൂട്ടീവ് അംഗമായി തെരഞ്ഞെടുത്തു.

1936ല്‍ നെഹ്‌റു ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ പിന്തുണകളും നേടി യൂറോപ്യന്‍ രാജ്യങ്ങളില്‍ സന്ദര്‍ശിച്ചിരുന്നു. അദ്ദേഹത്തിന്‍റെ ഭാര്യ കമല കൗള്‍ നെഹ്‌റു (Kamala Kaul Nehru) മരിക്കുന്നതിനു മുമ്പ് സ്വിറ്റ്‌സര്‍ലണ്ടിലെ ഒരു ആരോഗ്യകേന്ദ്രത്തില്‍ ചീകത്സയിലായിരുന്നു. ഇന്ത്യ സ്വതന്ത്രമായ ഒരു ജനാധിപത്യ രാജ്യമായാലും യുദ്ധത്തില്‍ ഫ്രാന്‍സിനെയും ബ്രിട്ടനേയും മാത്രമേ പിന്തുണയ്ക്കുള്ളൂവെന്നും അദ്ദേഹം പറയുമായിരുന്നു. ലോക രാജ്യങ്ങളുമായി അഭിപ്രായ ഐക്യത്തിനും പിന്തുണയ്ക്കുമായി അതാത് രാജ്യങ്ങളിലെ നേതാക്കന്മാരുമായി ആശയവിനിമയവും നടത്തിയിരുന്നു. സുഭാഷ് ചന്ദ്ര ബോസുമായി നെഹ്‌റു കോണ്‍ഗ്രസ് സംഘടനയ്ക്കുള്ളില്‍ ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചിരുന്നു. എങ്കിലും 1930ല്‍ അവര്‍ ഇരുവരും അഭിപ്രായ വ്യത്യസങ്ങള്‍മൂലം രണ്ടു ചേരികളിലായി പ്രവര്‍ത്തിച്ചിരുന്നു. ബ്രിട്ടീഷ്കാരെ പുറത്താക്കാന്‍ ജര്‍മ്മനി പോലുള്ള ഫാസിസ്റ്റു രാജ്യങ്ങളുമായി സുബാഷ് ചന്ദ്ര ബോസ് സഹകരിക്കുന്നതിലും സഹായം അന്വേഷിക്കുന്നതിലും നെഹ്‌റുവിന് എതിര്‍പ്പുണ്ടായിരുന്നു. ഇറ്റലിയിലെ ഏകാധിപതിയായ മുസ്സോലിനി നെഹ്‌റുവിനെ കാണാന്‍ താല്‍പ്പര്യം കാണിച്ചപ്പോള്‍ അദ്ദേഹം അത് നിരസിക്കുകയാണുണ്ടായത്.

സ്വാതന്ത്ര്യത്തിനു മുമ്പേ രാജകീയ സംസ്ഥാനങ്ങളെ ഏകോപിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ദാര്‍ വല്ലഭായി പട്ടേലുമൊത്തു നെഹ്‌റു ആരംഭിക്കുകയും ചെയ്തു. ഇന്ത്യ സ്വതന്ത്രമാവുമ്പോള്‍ രാജഭരണത്തിന്റെ കീഴില്‍ സ്വന്തമായ പട്ടാളം അനുവദിക്കില്ലെന്നു 1946ല്‍ നെഹ്‌റു വിളംബരം ചെയ്തു. ആരെങ്കിലും അതിനു ഒരുമ്പെടുമെങ്കില്‍ അത് ഇന്ത്യന്‍ യുണിയനോടുള്ള ശത്രുതയായി കണക്കാക്കുമെന്നും അദ്ദേഹം രാജാക്കന്മാര്‍ക്കു മുന്നറിയിപ്പു കൊടുക്കുകയുമുണ്ടായി. 1935ലെ ബ്രിട്ടീഷ് സര്‍ക്കാരുമായുണ്ടാക്കിയ ഒരു ഉടമ്പടിയില്‍ രാജഭരണ പ്രദേശങ്ങള്‍ക്ക് ഫെഡറല്‍പോലെ വേറിട്ട സ്വതന്ത്ര രാജ്യമായി നിലനില്‍ക്കാനുള്ള അവകാശമുണ്ടായിരുന്നു. അതിനെ അന്നത്തെ കോണ്‍ഗ്രസ്സില്‍ ഭൂരിഭാഗം നേതാക്കന്മാര്‍ അനുകൂലിച്ചപ്പോള്‍ നെഹ്‌റു എതിര്‍ക്കുകയാണുണ്ടായത്. എല്ലാ രാജസ്‌റ്റേറ്റുകളും ഇന്ത്യന്‍ യൂണിയനില്‍ ലയിക്കണമെന്ന ഭരണഘടനയുടെ നക്കലുണ്ടാക്കിയത് നെഹ്രുവിന്റെ സ്വാധീനം മൂലമായിരുന്നു.1971ല്‍ ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരിക്കേ രാജാക്കന്മാരുടെ പ്രിവി പേഴ്‌സ് ഇല്ലാതാക്കിയതും രാജകീയാവകാശങ്ങള്‍ എടുത്തു കളഞ്ഞതും നെഹ്‌റു തുടങ്ങിവെച്ച പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തികരിക്കലായിരുന്നു.

1947 ആഗസ്റ്റ് പതിനഞ്ചാംതീയതി ഇന്ത്യാ സ്വാതന്ത്ര്യം നേടിയ വേളകളില്‍, നാടുമുഴുവന്‍ കലാപവും രക്തപ്പുഴകളും ഒഴുകുകയായിരുന്നു. പാകിസ്ഥാന്‍ വിഭജനവും കാശ്മീര്‍ പ്രശ്‌നവും അനേകായിരങ്ങളുടെ ജീവന്‍ നഷ്ടപ്പെടുന്നതിനും സ്വത്തുക്കള്‍ നഷ്ടപ്പെടുന്നതിനും കാരണമായി.

പതിനേഴു വര്‍ഷത്തെ അദ്ദേഹത്തിന്‍റെ ഭരണകാലം സോഷ്യലിസ്റ്റു വ്യവസ്ഥയിലുള്ള ഒരു ജനാധിപത്യ സംവിധാനത്തിലായിരുന്നു. 1951 മുതല്‍ പഞ്ചവത്സര പദ്ധതികളില്‍ക്കൂടി വ്യവസായവല്‍ക്കരണത്തിന്റെ ആരംഭം കുറിച്ചു. ധാന്യവിളകള്‍ വര്‍ദ്ധിപ്പിക്കാന്‍ കൃഷിയേയും ജലസേചന പദ്ധതികളെയും പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. ശാസ്ത്ര സാങ്കേതിക വിദ്യകളെ പരിപോഷിപ്പിച്ചുകൊണ്ടുമിരുന്നു. സാമൂഹിക പരിഷ്ക്കാരങ്ങള്‍ നടപ്പാക്കുന്നതിനൊപ്പം പൊതു വിദ്യാഭ്യാസം സൗജന്യമാക്കിയിരുന്നു. സ്കൂളുകളില്‍ കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ഭക്ഷണവും വിതരണം ചെയ്യുന്നുണ്ടായിരുന്നു. പാരമ്പര്യ സ്വത്തുക്കളില്‍ സ്ത്രീകള്‍ക്കും ഭര്‍ത്താക്കന്മാര്‍ക്കൊപ്പം തുല്യമായ അവകാശങ്ങളും ലഭിച്ചു. ജാതി മത വര്‍ഗ വ്യവസ്ഥയിലുള്ള വിവേചനത്തിനെതിരായി സംവരണവും നിയമങ്ങളും പാസ്സാക്കികൊണ്ടിരുന്നു. ഇന്ത്യയുടെ ദരിദ്രരായ ജനങ്ങളുടെ ക്ഷേമത്തിനായി നെഹ്‌റു നല്‍കിയ സംഭാവന അതുല്യമാണ്. പഞ്ചവത്സര പദ്ധതികളില്‍കൂടി അദ്ദേഹം ഭാരതത്തിന്റെ സാധാരണ ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ ശ്രമിച്ചു. കൃഷിയും കുടില്‍വ്യവസായങ്ങളും പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. ഗ്രാമീണ ജീവിതം മെച്ചപ്പെടുത്താനുള്ള എല്ലാ ക്രമീകരണങ്ങളും നടപ്പാക്കികൊണ്ടിരുന്നു.

ശീതസമര കാലത്ത് നെഹ്‌റു ചേരിചേരാ നയമായിരുന്നു അവലംബിച്ചിരുന്നത്. എന്നാല്‍ 1956ല്‍ സോവിയറ്റ് യൂണിയന്‍ ഹംഗറിയെ ആക്രമിച്ചപ്പോള്‍ നിശ്ശബ്ദനായിരുന്നതില്‍ വിമര്‍ശനങ്ങളുണ്ടായിരുന്നു..

എഴുത്തുകാരനെന്ന നിലയില്‍ അനേക ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. കൂടുതല്‍ പുസ്തകങ്ങളും അദ്ദേഹത്തിന്‍റെ രാഷ്ട്രീയപരമായ ജീവിത പശ്ചാത്തലങ്ങളില്‍ രചിക്കപ്പെട്ടതായിരുന്നു. ജയില്‍വാസ കാലങ്ങളില്‍ മുഴുവന്‍ സമയവും പുസ്തക രചനയില്‍ വ്യാപൃതനായിരുന്നു. 1937ല്‍ അദ്ദേഹം സോവിയറ്റ് യൂണിയനെ സംബന്ധിച്ച യാത്രാ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു. ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍, ലോക ചരിത്ര അവലോകനം (Glimpses of World History) എന്നിവകളാണ് അദ്ദേഹത്തിന്‍റെ മറ്റു കൃതികള്‍. 'ഇന്ത്യയെ കണ്ടെത്തല്‍', 'ആത്മകഥ', 'ഇന്ത്യ ഇന്നും അന്നും നാളെയും' മുതലായ കൃതികള്‍ പ്രസിദ്ധങ്ങളാണ്. 'ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകളെ'ന്നത് പത്തുവയസ്സായ മകള്‍ ഇന്ദിരയ്ക്ക് എഴുതുന്ന ലേഖനങ്ങളായിരുന്നു. പ്രകൃതിയും സര്‍വ്വ ജീവജാലങ്ങളും അവകളുടെ ഉത്ഭവവും ആദ്യമുണ്ടായ ജീവികളും കത്തിലെ വിഷയങ്ങളായിരുന്നു. കൂടാതെ ചരിത്രം, ഭൂമിശാസ്ത്രം മുതലായവകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് മുപ്പത്തിയൊന്നു അദ്ധ്യായങ്ങളിലായി ഗവേഷണ പാടവത്തോടെ വിഷയങ്ങളെ തന്മയത്വമായി വിവരിച്ചിട്ടുണ്ട്. കഥകളുടെ രൂപത്തില്‍ സംഭവങ്ങളെയും ഹൃദ്യമായ രീതിയില്‍ വിവരിച്ചുകൊണ്ടായിരുന്നു ആ അച്ഛന്‍ മകള്‍ക്കുവേണ്ടി ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.

പതിനെട്ടാം നൂറ്റാണ്ടിലെ ഇന്ത്യയെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് ഒരു ദീര്‍ഘദൃഷ്ടിയോടെ എത്തിച്ചതാണ് നെഹ്‌റു രാഷ്ട്രത്തിനായി നല്‍കിയ ഏറ്റവും വലിയ സംഭാവന. കൊളോണിയല്‍ ഭരണത്തില്‍ അടിച്ചമര്‍ത്തപ്പെട്ട ഒരു ദരിദ്രജനതയെ പുനരുദ്ധരിച്ചുകൊണ്ടു നവോത്ഥാന പാതയില്‍ എത്തിച്ചതും നെഹ്‌റുവായിരുന്നു. പ്രധാന മന്ത്രിയെന്ന നിലയില്‍ നെഹ്‌റു ആദ്യമായി അമേരിക്കയില്‍ സന്ദര്‍ശനം തുടങ്ങുന്ന നാളുകളില്‍ ഇന്‍ഡ്യയില്‍ രൂക്ഷമായ ഭക്ഷ്യപ്രശ്!നമുണ്ടായിരുന്നു. ഗോതമ്പും അരിയും തുടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങള്‍ക്കായി അമേരിക്കയുടെ സഹായം അഭ്യര്‍ഥിക്കാന്‍ ചില ക്യാബിനറ്റ് മന്ത്രിമാര്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. 'ആദ്യമായി ഒരു രാജ്യം സന്ദര്‍ശിക്കുന്ന വേളയില്‍ താന്‍ ഒരു പിച്ചപാത്രവും കൈകളിലേന്തി പോകാന്‍ തയ്യാറല്ലെന്നും' നെഹ്‌റു മറുപടി കൊടുത്തു. 'അത്തരം പ്രശ്‌നങ്ങള്‍ നാം തന്നെ പരിഹരിക്കണമെന്നും' അദ്ദേഹം പറഞ്ഞു.

1954ല്‍ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടായ ഭക്രാനങ്കല്‍ നെഹ്‌റു ഉത്ഘാടനം ചെയ്തു. "ആധുനിക ഇന്ത്യയുടെ മഹത്തായ ഒരു പുണ്യസങ്കേതമെന്നാണ്" അദ്ദേഹം അണക്കെട്ടിനെ വിശേഷിപ്പിച്ചത്. വ്യവസായവല്‍ക്കരണമാണ് ഇന്‍ഡ്യയുടെ സാമ്പത്തിക പുരോഗതിക്ക് ആവശ്യമെന്നും അദ്ദേഹം വിശ്വസിച്ചു. എങ്കില്‍ മാത്രമേ സ്വന്തം ജനതയുടെ അഭിവൃത്തിക്കൊപ്പം ലോക രാഷ്ട്രങ്ങളോടും മത്സരിക്കാന്‍ സാധിക്കുള്ളൂവെന്നും നെഹ്‌റു പറഞ്ഞു.

നെഹ്‌റു ഒരു രാഷ്ട്രീയ ചിന്തകനുപരി ഒരു തത്ത്വചിന്തകനും കൂടിയായിരുന്നു. സ്വാതന്ത്ര്യത്തിനു മുമ്പും ഇന്ത്യയുടെ ഭാവിയെപ്പറ്റി ഗഹനമായി അദ്ദേഹം ചിന്തിക്കുമായിരുന്നു. അദ്ദേഹം ഗ്ലിമ്പ്‌സസ് ഓഫ് വേള്‍ഡ് ഹിസ്റ്ററിയില്‍ (glimpses of world history) എഴുതി, "സ്വാതന്ത്ര്യമെന്നു പറയുന്നത് നാം ബ്രിട്ടീഷ് കോളനിയില്‍ നിന്ന് വിമുക്തി നേടുന്നതില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല. തീര്‍ച്ചയായും നമുക്ക് സ്വാതന്ത്ര്യം വേണം. എന്നാല്‍ അതില്‍ കൂടുതലായും നാം നേടേണ്ടതായുണ്ട്. ആദ്യം അകം വെടിപ്പാക്കണം. സമ്പൂര്‍ണ്ണമായ ദാരിദ്ര്യവും ജനങ്ങളുടെ കഷ്ടപ്പാടും നമ്മുടെ പുണ്യഭൂമിയില്‍ നിന്നും ഇല്ലാതാക്കണം. താത്ത്വികനായ നെഹ്‌റുവില്‍ വന്ന വൈകാരിക ഭാവങ്ങളെ താത്ത്വികമായും പ്രായാഗികമായും രാഷ്ട്രീയ ചിന്തകളില്‍ക്കൂടിയും പിന്നീട് അദ്ദേഹത്തിനു അഭിമുഖീകരിക്കേണ്ടി വന്നു.

മതം മനുഷ്യന്റെ പുരോഗതിയില്‍ വളരെയേറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. നന്മയുടെയും മൂല്യതയുടെയും കാരണമായി മനുഷ്യരെ നയിച്ചിട്ടുണ്ട്. അതേ സമയം ഈ നന്മകള്‍ക്കെല്ലാം ഉപരി സത്യത്തെ അതിന്റെ തടവറയില്‍ ഒളിപ്പിച്ചും വെച്ചു. സത്യമെന്നത് ആരുടേയും കുത്തകയല്ലെന്ന് ശാസ്ത്രീയ ചിന്തകരും അറിയണം. ശാസ്ത്രീയ വീക്ഷണത്തോടെയായാലും മതമായാലും രണ്ടു തത്വങ്ങളും അപകടം പിടിച്ചതാണ്.

സത്യത്തെപ്പറ്റിയും അദ്ദേഹം തന്റെ ആത്മകഥയില്‍ സൂചിപ്പിച്ചിട്ടുണ്ട്. എന്താണ് സത്യമെന്നുള്ളത്? പൗരാണിക കാലം മുതലുള്ള ചോദ്യമാണത്. ഓരോരുത്തരുടെയും ഭാവനകളില്‍ ആയിരക്കണക്കിന് ഉത്തരങ്ങള്‍ ലഭിച്ചു കഴിഞ്ഞു. എങ്കിലും ആ ചോദ്യം ഇന്നും അവിടെയുണ്ട്. ചോദ്യങ്ങള്‍ സ്വയം ചോദിക്കുകയെന്നതാണ് അതിലേക്കുള്ള ശരിയായ വഴി. മറ്റുള്ളവരുടെ കാഴ്ചപ്പാടുകളെയും അംഗീകരിക്കണം. കാരണം സത്യമെന്നുള്ളത് അതിരില്ലാത്തതാണ്. സത്യത്തിലെ പൂര്‍ണ്ണതയുടെ അതിരിങ്കല്‍ നാം ഒരിക്കലും ചെന്നെത്തില്ല. നാം കണ്ടെത്താതിനെ കൈപ്പറ്റുവാന്‍ നിത്യം യാത്ര ചെയ്യുകയാണ്. ഭാരതത്തിന്റെ മഹാനായ ഈ പുത്രന്‍ തന്റെ അവസാന ശ്വാസം വരെയും ഇന്ത്യയുടെ ആത്മാവിനെ തേടിയുള്ള ഈ യാത്രയിലായിരുന്നു.
ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ചരിത്രവും ദര്‍ശനങ്ങളും (ജോസഫ് പടന്നമാക്കല്‍)ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ചരിത്രവും ദര്‍ശനങ്ങളും (ജോസഫ് പടന്നമാക്കല്‍)ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ചരിത്രവും ദര്‍ശനങ്ങളും (ജോസഫ് പടന്നമാക്കല്‍)ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ചരിത്രവും ദര്‍ശനങ്ങളും (ജോസഫ് പടന്നമാക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക