ഒരാള്‍ക്കൊപ്പം, ഒഴിവുദിവസത്തെകളി എന്നീ ചിത്രങ്ങളിലൂടെ ദേശീയ, അന്തര്‍ദേശീയ അവാര്‍ഡുകള്‍ വരിക്കൂട്ടിയ സനല്‍കുമാര്‍ ശശീധരന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'സെക്സിദുര്‍ഗ' തിരുവനന്തപുരത്ത് ചിത്രീകരണം കഴിഞ്ഞ ഈ ചിത്രം, ഗോവ അന്തരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഫിലിം ബസാറില്‍ മികച്ച അഭിപ്രായം നേടിയശേഷം, റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലിലേക്കും തിരഞ്ഞെടുത്തിരിക്കുന്നു. ഏഷ്യയില്‍ നിന്ന് 'സെക്സിദുര്‍ഗ' മാത്രമാണ് ഈ ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത് എന്നത് ഒരു പ്രത്യേകതയാണ്. ബോളിവുഡ് സംവിധായകനായ അനുരാഗ് കശ്യപ് സെക്സിദുര്‍ഗ, കണ്ണെടുക്കാതെ കാണാനാവുന്ന 2017-ലെ മികച്ച ത്രില്ലര്‍ ചിത്രമെന്ന് വിശേഷിപ്പിച്ച് ട്വിറ്ററില്‍ കുറിച്ചതോടെ, 'സെക്സിദുര്‍ഗ' അന്തര്‍ദേശീയതലത്തില്‍ കൂടുതല്‍ ശ്രദ്ധേയമായിരിക്കുകയാണ്. ഗോവ ഫിലിം ബസാറില്‍ പ്രദര്‍ശിപ്പിച്ച ഈ ചിത്രത്തെ വിദേശ സംവിധായകന് പോലും വിശേഷിപ്പിച്ചത് ഇങ്ങനെയാണ്. ''ചട്ടക്കൂടുകള്ക്കപ്പുറത്തെ, ഇറോട്ടിക് ത്രില്ലര്‍ സിനിമാശ്രമം''.
'ഭയം, വയലന്‍സില്ലാതെ തന്നെ വ്യക്തികളില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതാണ് ചിത്രത്തിലൂടെ പകര്‍ത്താന്‍ ശ്രമിച്ചതെന്ന്'സംവിധായകന് സനല്‍കുമാര്‍ ശശിധരന് ചിത്രത്തെക്കുറിച്ച് പറഞ്ഞ അഭിപ്രായം ഇതാണ്. ദുര്‍ഗ എന്ന പെണ്‍കുട്ടി, കാമുകന് കബീറിനൊപ്പം ചെന്നൈയിലേക്ക് ഒരു രാത്രിയില്‍ ഒളിച്ചോടാന്‍ ശ്രമിക്കുന്നിടത്തുനിന്നാണ് 'സെക്സിദുര്‍ഗ' ആരംഭിക്കുന്നത്. അപരിചിതരായവരുടെ ഒരു വണ്ടിയില്‍ അഭയം തേടുന്ന അവര്‍, സങ്കീര്‍ണവും, ആശങ്ക ഉണര്‍ത്തുന്നതുമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നു. വണ്ടിയിലുള്ളവരുടെ പെരുമാറ്റ രീതികള്‍ കബീറിനെയും, ദുര്‍ഗയെയും അസ്വസ്ഥരാക്കുന്നു.
ഗരുഡന് തൂക്കത്തിലൂടെയും മറ്റും നമ്മള് ദുര്‍ഗാദേവിയെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുന്നു, പക്ഷേ, ദുര്‍ഗ എന്ന സാധാരണസ്ത്രീ രാത്രിയുടെ യാമങ്ങളില്‍ നമ്മുടെനാട്ടില്‍ വേട്ടയാടപ്പെടുന്നു. ഈ നഗ്നസത്യം പ്രേക്ഷകരെ ബോധ്യപ്പെടുത്തുകയാണ് 'സെക്സിദുര്‍ഗ'യിലൂടെ സനല്‍കുമാര്‍ ശശിധരന്. 'ഒഴിവുദിവസത്തെകളി' പോലെ 'സെക്സിദുര്‍ഗ' യും തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറെടുത്തു വരികയാണെന്ന് സനല്‍കുമാര്‍ ശശിധരന് പറഞ്ഞു. ബോളിവുഡ് നടി രാജശ്രീദേശ്പാണ്ഡേയാണ് ദുര്‍ഗയായി വേഷമിടുന്നത്.
ന്യൂ ആര്‍ട്ട് മൂവീസിനുവേണ്ടി ഷാജിമാത്യു, അരുണമാത്യു എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. സനല്‍കുമാര്‍ ശശിധരന് സംവിധാനം ചെയ്യുന്ന 'സെക്സിദുര്‍ഗ'യുടെ ഫോട്ടോഗ്രാഫി പ്രതാപ് ജോസഫ്, എഡിറ്റിംഗ് സനല്‍കുമാര്‍ ശശിധരന്, സംഗീതം ബസില്‍ ജോസഫ്, കല മുരുകന് എ., സൗണ്ട് റെക്കാര്‍ഡ് ഹരികുമാര്‍ മാധവന്‍നായര്‍, സൗണ്ട് മിക്സിംഗ് ടി.കൃഷ്ണനുണ്ണി, പോസ്റ്റര്‍ ഡിസൈനര്‍ ദിലീപ്ദാസ്, പി. ആര്. ഒ.- അയ്മനം സാജന്. രാജ്ശ്രീ ദേശ്പാണ്ഡേ, വേദ, സുജേഷ് കെ. എസ്. ബിലാസ്നായര്, കണ്ണന് നായര്‍, അരുണ്‍ സോള്‍, ബൈജുനീറ്റൊ, സുജിത്ത് കോയിക്കല്‍, വിഷ്ണുജിത്ത് എന്നിവര്‍ അഭിനയിക്കുന്നു.