Image

ഒരൊറ്റ റോക്കറ്റില്‍ 104 ഉപഗ്രഹങ്ങള്‍ : ഐഎസ്‌ആര്‍ഒയുടെ മഹാദൗത്യം നാളെ

Published on 13 February, 2017
ഒരൊറ്റ റോക്കറ്റില്‍ 104 ഉപഗ്രഹങ്ങള്‍ :  ഐഎസ്‌ആര്‍ഒയുടെ മഹാദൗത്യം നാളെ

ബെംഗളൂരു: ഒരൊറ്റ റോക്കറ്റില്‍ 104 ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത്‌ എത്തിക്കുകയെന്ന ഐഎസ്‌ആര്‍ഒയുടെ മഹാദൗത്യം നാളെ. ഭാരതത്തിന്റെ അഭിമാന വിക്ഷേപണ വാഹനമായ പിഎസ്‌എല്‍വിയിലാണ്‌ ഇവ വിക്ഷേപിക്കുക.

 ലോകത്ത്‌ ഒരു രാജ്യവും ഇതുവരെ നേടിയിട്ടില്ലാത്ത റെക്കാഡ്‌ കുറിക്കാനാണ്‌ രാജ്യം ഒരുങ്ങുന്നത്‌. റഷ്യ 37 ഉപഗ്രഹങ്ങള്‍ ഒന്നിച്ച്‌ വിക്ഷേപിച്ചതാണ്‌ നിലവിലുള്ള റെക്കാഡ്‌.

നാളെ വിക്ഷേപിക്കുന്നവയില്‍ മൂന്നെണ്ണം മാത്രമാണ്‌ ഭാരതത്തിന്റേത്‌. കാര്‍ട്ടോസാറ്റ്‌ രണ്ടും മൊത്തം പത്തു കിലോ മാത്രം വരുന്ന രണ്ട്‌ നാനോ ഉപഗ്രങ്ങളും.

അമേരിക്ക, ഇസ്രായേല്‍, യുഎഇ, കസാക്കിസ്ഥാന്‍, നെതര്‍ലാന്‍ഡ്‌സ്‌, സ്വിറ്റ്‌സര്‍ലാന്‍ഡ്‌ എന്നീ രാജ്യങ്ങളുടേതാണ്‌ ബാക്കി. 96 ഉപഗ്രഹങ്ങള്‍ അമേരിക്കയുടേത്‌. കാലിഫോര്‍ണിയയിലെ പ്ലാനറ്റ്‌ എന്ന സംഘടനയുടേതാണ്‌ ഇവയില്‍ 88 എണ്ണവും. ഓരോന്നിനും ഭാരം നാലരക്കിലോ മാത്രം. 

(മൊത്തം 664 കിലോ). ഈ 88 പ്രാവു (ചെറു ഉപഗ്രഹങ്ങള്‍ക്ക്‌ നല്‍കിയിരിക്കുന്ന ഓമനപ്പേര്‌) കളും ചേര്‍ന്ന്‌ മുന്‍പുണ്ടായിട്ടില്ലാത്തത്ര വ്യക്തതയോടെ ഭൂമിയുടെ ചിത്രം പകര്‍ത്തും.
പിഎസ്‌എല്‍വിയുടെ 39ാമത്‌ വിക്ഷേപണമാണിത്‌. മൊത്തം 1,378 കിലോ ഭാരമാണ്‌ 104 ഉപഗ്രഹങ്ങള്‍ക്കും കൂടിയുള്ളത്‌.

ആദ്യം കാര്‍ട്ടോസാറ്റാകും ഭ്രമണപഥത്തിലേക്ക്‌ തള്ളിവിടുക. പിന്നെ രണ്ട്‌ നാനോ ഉപഗ്രഹങ്ങളും. അടുത്തതായി ഭൂമിക്ക്‌ 500 കിലോമീറ്റര്‍ മുകളില്‍ വച്ച്‌ 101 ഉപഗ്രഹങ്ങളും അതത്‌ ഭ്രമണപഥങ്ങളിലേക്ക്‌ ഉയര്‍ത്തിവിടും.

 സ്‌കൂള്‍ കുട്ടികളെ അടുത്തടുത്ത സ്റ്റോപ്പുകളില്‍ ഇറക്കിവിടുന്നതുപോലെ. വെറും 600 സെക്കന്‍ഡുകള്‍ കൊണ്ട്‌ 101 എണ്ണത്തെയും പറഞ്ഞുവിടും. ഓരോന്നും മണിക്കൂറില്‍ 27,000 കിലോമീറ്റര്‍ വേഗത്തിലാകും (വിമാനത്തിന്റെ 40 ഇരട്ടി വേഗത) ഭ്രമണം ചെയ്യുക.




Join WhatsApp News
Tom Abraham 2017-02-14 04:13:51

A ' giant leap ' for Mother India, our Valentine day adventure. We love India. We love ISRO, God bless our great technology, work with America.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക