Image

മാരത്തണ്‍ കുളിരണിയിക്കുന്ന മൂന്നാറിന്റെ കുതിപ്പും കിതപ്പും; ഹൈ ആള്‍റ്റിറ്റിയൂഡ് സെന്റര്‍ വെറുമൊരു ഭാര്‍ഗവീനിലയം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)

Published on 15 February, 2017
മാരത്തണ്‍ കുളിരണിയിക്കുന്ന മൂന്നാറിന്റെ കുതിപ്പും കിതപ്പും; ഹൈ ആള്‍റ്റിറ്റിയൂഡ് സെന്റര്‍ വെറുമൊരു ഭാര്‍ഗവീനിലയം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
ദക്ഷിണേന്ത്യയിലെ ഏറ്റം മികച്ച ഹില്‍ സ്റ്റേഷനായ മൂന്നാറിന്റെ ഏറ്റവും പുതിയ മുഖം ചരിത്രത്തിലാദ്യമായി ജനുവരി 28ന് അവിടെ അരങ്ങേറിയ മാരത്തണ്‍ ഓട്ടമാണ്. സമുദ്രനിരപ്പിന് 5200 അടി (1600 മീറ്റര്‍) ഉയരത്തില്‍ കിടക്കുന്ന ഈ ഹരിതഭൂമിയിലെ സുഖശീതളമായ തണുപ്പില്‍ വിദ്യാര്‍ഥികളും വനിതകളും വിദേശികളുമടക്കം എണ്ണൂറോളം പേര്‍ പങ്കെടുത്തു.

പതിനഞ്ചു വര്‍ഷമായി മൂന്നാറില്‍ പ്രവര്‍ത്തിക്കുന്ന കെസ്ട്രല്‍ എന്ന അഡ്വഞ്ചര്‍ ടൂര്‍ കമ്പനി മുന്‍കൈയെടുത്ത് ഡി.ടി.പി.സി, കണ്ണന്‍ദേവന്‍ കമ്പനി, സ്‌പോര്‍ട്‌സ് അഥോറിറ്റി ഓഫ് ഇന്ത്യ, അസോസിയേഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ മാരത്തണ്‍ ആന്‍ഡ് ഡിസ്റ്റന്‍സ് റേസ് തുടങ്ങിയവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഓട്ടത്തില്‍ ഇടുക്കി ജില്ലയില്‍നിന്ന് ധാരാളം പേരുണ്ടായിരുന്നു; ഇതര സംസ്ഥാനക്കാരും ധാരാളം. വിദ്യാര്‍ഥികള്‍, വനിതകള്‍, പുരുഷന്മാര്‍ തുടങ്ങി വിവിധ വിഭാഗങ്ങളില്‍ ആദ്യമെത്തിയ പത്തു പേര്‍ക്ക് സമ്മാനങ്ങളും ലഭിച്ചു.

സഹ്യപര്‍വത നിരകളിലെ ഏറ്റം പുതിയ ആകര്‍ഷണമെന്ന നിലയില്‍ മൂന്നാര്‍ മാരത്തണ്‍ എല്ലാ വര്‍ഷവും നടത്താനാണു പദ്ധതിയെന്ന് മൂന്നാറില്‍ ജനിച്ചുവളര്‍ന്ന കെസ്ട്രല്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സെന്തില്‍കുമാര്‍ പറയുന്നു. ആദ്യത്തേതിന് പതിനാറു ലക്ഷം രൂപ ചെലവായി.

മൂന്നാറും തേയിലയുമായുള്ള ബന്ധം തുടങ്ങിയിട്ട് ഒന്നര നൂറ്റാണ്ടായി. ബ്രിട്ടീഷ് പ്ലാന്റര്‍മാര്‍ അവിടെ വൈദ്യുതിയും റെയില്‍വേയും റോപ്‌വേയും കൊണ്ടുവന്നു. അവിടെ നല്ലതണ്ണി മൈതാനത്ത് കുതിരപ്പന്തയവും ഉണ്ടായിരുന്നു. ആദ്യത്തെ പ്ലാന്റര്‍മാരില്‍ മിക്കവരും എന്‍ജിനീയര്‍മാരും സാങ്കേതികവിദ്യയില്‍ അത്ഭുതകരമായ മികവു പുലര്‍ത്തുന്നവരുമായിരുന്നു. പക്ഷേ...

മൂന്നാറില്‍ ഒരു എന്‍ജിനീയറിംഗ് കോളേജ് വന്നിട്ട് പതിനേഴു വര്‍ഷമേ ആയിട്ടുള്ളൂ. ഗവണ്‍മെന്റ് ആഭിമുഖ്യത്തിലുള്ള സി.സി.ഇ.കെ (സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ കേരള) രണ്ടായിരാമാണ്ടിലാണു ടൗണിലെ ഒരു മലമുകളില്‍ 26 ഏക്കറില്‍ കോളേജ് തുറന്നത്. കേരള ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഈ സ്ഥാപനത്തില്‍ നാലു വിഷയങ്ങളില്‍ ബിരുദവും മൂന്നു വിഷയങ്ങളില്‍ പി.ജി കോഴ്‌സുകളും നടത്തുന്നു.

ഒരേസമയം 750 വിദ്യാര്‍ഥികള്‍ പഠിച്ചുല്ലസിക്കുന്ന കാമ്പസിലാണ് ഈ ലേഖകന്‍ ചെന്നുകയറിയത്. കോളജ് ഇതിനകം രണ്ടായിരം ബിരുദധാരികളെ പുറത്തിറക്കിയിട്ടുണ്ട്. അവരില്‍ നല്ലൊരു ശതമാനം ഇന്ത്യയിലും വിദേശങ്ങളിലുമുള്ള മികച്ച സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നതായി കോളജിന്റെ ആരംഭകാലം മുതല്‍ അധ്യാപകനും വൈസ് പ്രിന്‍സിപ്പലുമായ പ്രൊഫ. സി.വി. ബിജു പറയുന്നു. കാമ്പസ് സെലക്ഷനു വരുന്ന ടെക്‌നോപാര്‍ക്കിലെ ട്രാവന്‍കൂര്‍ അനലിറ്റിക്‌സ് എന്ന സ്ഥാപനത്തെ സ്വാഗതം ചെയ്യുന്ന ബാനര്‍ കണ്ടുകൊണ്ടാണ് പ്രിന്‍സിപ്പലിന്റെ മുറിയിലേക്കു കയറിയത്. കാമ്പസില്‍ മുപ്പതു ശതമാനം പേര്‍ പെണ്‍കുട്ടികളാണ്.

ദേവികുളം റോഡില്‍ ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജ് തുടങ്ങിയത് 1995ലാണ്. മാത്‌സ്, ഇക്കണോമിക്‌സ്, കൊമേഴ്‌സ്, തമിഴ് എന്നീ വിഷയങ്ങളില്‍ ബിരുദവും ഇക്കണോമിക്‌സിലും കൊമേഴ്‌സിലും തമിഴിലും പി.ജി ബിരുദങ്ങളും ഓഫര്‍ ചെയ്യുന്ന സ്ഥാപനമാണിത്. ഡോ. ടി. ചന്ദ്രനാണു പ്രിന്‍സിപ്പല്‍. ""സംഘകാല കൃതികളില്‍ ഓണാഘോഷം ഉണ്ടായിരുന്നു'' എന്ന് ആഹ്ലാദപൂര്‍വം പറയുന്ന ഡോ. എസ്.പി. ശ്രീനിവാസ് വൈസ് പ്രിന്‍സിപ്പല്‍. കാര്യവട്ടം കാമ്പസിലെ ഡോ. ഗ്ലോറിയ സുന്ദരമണി ആയിരുന്നു ഡോക്ടറല്‍ ഗൈഡ്. വൈഗയുടെ തീരത്താണ് ജനിച്ചത്. ഇപ്പോള്‍ തികച്ചും മൂന്നാര്‍കാരന്‍.

കോളജുകളുടെ നേട്ടങ്ങള്‍ പറഞ്ഞുകേട്ടപ്പോള്‍ അഭിമാനപൂരിതമായ അന്തരംഗവുമായാണ് ദേവികുളം റോഡില്‍നിന്നു താഴേക്കു പോയി കെ.എസ്.ആര്‍.ടി.സി സ്റ്റേഷനിലെത്തിയത്. എതിര്‍വശത്ത് ഇരുപത് ഏക്കറില്‍ വ്യാപിച്ചുകിടക്കുന്നു പഴയ കുതിരപ്പന്തയത്തിന്റെ തട്ടകം. മാട്ടുപ്പെട്ടി എസ്റ്റേറ്റിലെ ഇരുപതു ചെറുപ്പക്കാര്‍ അവിടെ മേയുന്ന കാലികള്‍ക്കിടയില്‍ ഫുട്‌ബോള്‍ പരിശീലനം നടത്തുന്നു. തിരുമേനി ശെല്‍വന്‍ എന്ന് കോച്ച് സ്വയം പരിചയപ്പെടുത്തി. അടുത്തു നടക്കുന്ന ടാറ്റാ കപ്പ് ഫുട്‌ബോളിനുവേണ്ടിയാണു പരിശീലനം.

മൈതാനത്തിനു പിന്നാമ്പുറത്ത് 5 കോടിമുടക്കി 2008ല്‍ തുറന്നുകൊടുത്ത ഹൈ ആള്‍റ്റിറ്റിയൂഡ് ട്രെയ്‌നിംഗ് സെന്റര്‍ ഒരു ഭാര്‍ഗവീനിലയം പോലെ. പൊളിഞ്ഞു ദ്രവിച്ച്, ജനാലകള്‍ തൂങ്ങിയാടുന്ന മൂന്നുനിലക്കെട്ടിടം. തൊട്ടുചേര്‍ന്ന് തുരുമ്പിച്ച കമ്പികള്‍ ആകാശത്തേക്കുയര്‍ത്തി പണിതീരാതെ മറ്റൊരു കെട്ടിടം. ഫുട്‌ബോള്‍ പരിശീലനത്തിനെത്തിയ 14 കുട്ടികള്‍ അവിടെ തറയില്‍ കിടക്കുന്നതു കണ്ട് മാതാപിതാക്കള്‍ തിരികെ കൊണ്ടുപോയത്രെ. ഇന്ത്യയിലെ ഏറ്റം വലിയ ഹൈ ആള്‍റ്റിറ്റിയൂഡ് പരിശീലനകേന്ദ്രമായി വികസിപ്പിക്കുമെന്ന് ഉദ്ഘാടകനായെത്തിയ സ്‌പോര്‍ട്‌സ് മന്ത്രി എം. വിജയകുമാര്‍ പ്രഖ്യാപിച്ചു പോയിട്ട് ഒരു പതിറ്റാണ്ട്. മൂന്നാര്‍ സന്ദര്‍ശിക്കുന്ന ആയിരക്കണക്കിന് മലയാളികള്‍ക്ക് അപമാനമായി തുടരുന്നു ആ പരിശീലനകേന്ദ്രം.

മൂന്നാറിനോടു വിടപറയുമ്പോള്‍ മനസില്‍ മായാതെ നിന്ന രണ്ടു ചിത്രങ്ങളുണ്ട്. ഒന്ന്, ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളജില്‍ സെക്യൂരിറ്റിയായി സേവനം ചെയ്തശേഷം ടൗണില്‍ പച്ചക്കറിക്കട നടത്തുന്ന ഷണ്‍മുഖയ്യ എന്ന ചെറുപ്പക്കാരന്‍. ദിവസം 15,000 രൂപയുടെ കച്ചവടം. അതില്‍ 50 ശതമാനം ലാഭമാണെന്ന് അയാള്‍ പറഞ്ഞു. മാര്‍ക്കറ്റില്‍ അത്തരം 80 കടകളുണ്ട്. നാല്പതു കിലോമീറ്റര്‍ അകലെ കോവിലൂരില്‍ നാലു രൂപയ്ക്കു കിട്ടുന്ന കാരറ്റിന് കടയിലെ വില 30 രൂപ! എട്ടാംക്ലാസ് വരെ പഠിച്ച ഷണ്‍മുഖയ്യ മോശക്കാരനല്ല. ഇളയ മകള്‍ കല്പന പിഎച്ച്.ഡി എടുത്ത് ചെന്നൈയില്‍ ഉദ്യോഗസ്ഥയാണ്. ഭര്‍ത്താവ് രാജേഷ് ടി.സി.എസില്‍!

രണ്ടാമത്തെയാളെ ടൗണിനു നടുവില്‍ ഇഴഞ്ഞുകയറാവുന്ന ഇടവഴിക്കപ്പുറം മുതിരപ്പുഴയാറിന്റെ തീരത്തെ ഒരിടുക്കുമുറിയില്‍ കണ്ടു, 75ലെത്തിയ ബി.എം. റഹിം. മൂന്നാറിലെ ഏറ്റം മുതിര്‍ന്ന പത്രം ഏജന്റാണ.് തമിഴ് ഉള്‍പ്പെടെ പല ഭാഷകളിലായി 5000 പത്രങ്ങള്‍. എസ്റ്റേറ്റുകളിലേക്ക് പത്രങ്ങള്‍ കെട്ടി അയയ്ക്കാനുള്ള റാപ്പറില്‍ വിലാസം എഴുതുന്ന തിരക്കിലായിരുന്നു റഹിം. മകന്‍ ആര്‍. ഷാനു തൊട്ടടുത്ത് നല്ല കച്ചവടമുള്ള ഒരു ബുക്സ്റ്റാള്‍ നടത്തുന്നു.
മാരത്തണ്‍ കുളിരണിയിക്കുന്ന മൂന്നാറിന്റെ കുതിപ്പും കിതപ്പും; ഹൈ ആള്‍റ്റിറ്റിയൂഡ് സെന്റര്‍ വെറുമൊരു ഭാര്‍ഗവീനിലയം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മാരത്തണ്‍ കുളിരണിയിക്കുന്ന മൂന്നാറിന്റെ കുതിപ്പും കിതപ്പും; ഹൈ ആള്‍റ്റിറ്റിയൂഡ് സെന്റര്‍ വെറുമൊരു ഭാര്‍ഗവീനിലയം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മാരത്തണ്‍ കുളിരണിയിക്കുന്ന മൂന്നാറിന്റെ കുതിപ്പും കിതപ്പും; ഹൈ ആള്‍റ്റിറ്റിയൂഡ് സെന്റര്‍ വെറുമൊരു ഭാര്‍ഗവീനിലയം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മാരത്തണ്‍ കുളിരണിയിക്കുന്ന മൂന്നാറിന്റെ കുതിപ്പും കിതപ്പും; ഹൈ ആള്‍റ്റിറ്റിയൂഡ് സെന്റര്‍ വെറുമൊരു ഭാര്‍ഗവീനിലയം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മാരത്തണ്‍ കുളിരണിയിക്കുന്ന മൂന്നാറിന്റെ കുതിപ്പും കിതപ്പും; ഹൈ ആള്‍റ്റിറ്റിയൂഡ് സെന്റര്‍ വെറുമൊരു ഭാര്‍ഗവീനിലയം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മാരത്തണ്‍ കുളിരണിയിക്കുന്ന മൂന്നാറിന്റെ കുതിപ്പും കിതപ്പും; ഹൈ ആള്‍റ്റിറ്റിയൂഡ് സെന്റര്‍ വെറുമൊരു ഭാര്‍ഗവീനിലയം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മാരത്തണ്‍ കുളിരണിയിക്കുന്ന മൂന്നാറിന്റെ കുതിപ്പും കിതപ്പും; ഹൈ ആള്‍റ്റിറ്റിയൂഡ് സെന്റര്‍ വെറുമൊരു ഭാര്‍ഗവീനിലയം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മാരത്തണ്‍ കുളിരണിയിക്കുന്ന മൂന്നാറിന്റെ കുതിപ്പും കിതപ്പും; ഹൈ ആള്‍റ്റിറ്റിയൂഡ് സെന്റര്‍ വെറുമൊരു ഭാര്‍ഗവീനിലയം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മാരത്തണ്‍ കുളിരണിയിക്കുന്ന മൂന്നാറിന്റെ കുതിപ്പും കിതപ്പും; ഹൈ ആള്‍റ്റിറ്റിയൂഡ് സെന്റര്‍ വെറുമൊരു ഭാര്‍ഗവീനിലയം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മാരത്തണ്‍ കുളിരണിയിക്കുന്ന മൂന്നാറിന്റെ കുതിപ്പും കിതപ്പും; ഹൈ ആള്‍റ്റിറ്റിയൂഡ് സെന്റര്‍ വെറുമൊരു ഭാര്‍ഗവീനിലയം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക