Image

ഫോമ അംഗസംഘടനകളുടെ സെഞ്ച്വറിയടിക്കും: ജിബി തോമസ് (അഭിമുഖം-എ.എസ് ശ്രീകുമാര്‍)

Published on 15 February, 2017
ഫോമ അംഗസംഘടനകളുടെ സെഞ്ച്വറിയടിക്കും: ജിബി തോമസ് (അഭിമുഖം-എ.എസ് ശ്രീകുമാര്‍)
അമേരിക്കന്‍ മലയാളികള്‍ സംഘബോധത്തോടെ ഹൃദയത്തിലേറ്റിയ ഫോമയെ 2018ഓടെ 100 അംഗസംഘടനകളുടെ ബൃഹത്തായ ഫെഡറേഷനായി വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യമെന്ന് സംഘടനയുടെ ഊര്‍ജ്വസ്വലനായ ജനറല്‍ സെക്രട്ടറി ജിബി തോമസ് ശുഭാപ്തിവിശ്വാസത്തോടെ പറയുന്നു. 'നിലവില്‍ ഫോമയുടെ വിശാലമായ കുടക്കീഴില്‍ 65 അസോസിയേഷനുകളാണുള്ളത്. 2018ല്‍ ചിക്കാഗോയില്‍ നാഷണല്‍ കണ്‍വന്‍ഷന് തിരി തെളിയുമ്പോള്‍ 100 അംഗസംഘടനകളുടെ വലിയൊരു കൂടാരമാക്കി ഫോമയെ വികസിപ്പിക്കുകയെന്നതാണ് സുപ്രധാന ലക്ഷ്യവും ഏറ്റവും വലിയ സ്വപ്നവും. ഈ ലക്ഷ്യപ്രാപ്തിയിലേക്കുള്ള ജൈത്രയാത്രയില്‍ പല കര്‍മപരിപാടികള്‍ക്കും തുടക്കം കുറിച്ചിട്ടുണ്ട്. ഭാവനാ പൂര്‍ണമായ പ്രോജക്ടുകള്‍ക്ക് ഇനി രൂപം നല്‍കുകയും ചെയ്യും. ഒട്ടേറെ സംഘടനകള്‍ ഫോമയില്‍ ചേരാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അങ്ങനെ മലയാളികളെല്ലാം ഫോമയുടെ പ്ലാറ്റ്‌ഫോമിലെത്തും...' ജിബി തോമസ് പ്രത്യാശ പ്രകടിപ്പിച്ചു.

നോര്‍ത്ത് അമേരിക്കയിലെയും കാനഡയിലെയും ഏഴ് ലക്ഷം മലയാളികളെ പ്രതിനിധീകരിക്കുന്ന ലോകമലയാളികളുടെ ഏറ്റവും വലിയ, സംഘടനകളുടെ സംഘടനയായി ഫോമയെ വളര്‍ത്തിയെടുക്കുകയാണ് ആത്യന്തിക ലക്ഷ്യമെന്ന് പ്രതിബദ്ധതയുടെയും പ്രതിജ്ഞാബദ്ധതയുടെയും ഉറച്ച ശബ്ദത്തില്‍ സെക്രട്ടറി വ്യക്തമാക്കുന്നു. നാട്ടില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതു രംഗത്തെത്തിയ, 'യങ് പ്രൊഫഷണല്‍ സമ്മിറ്റ്' എന്ന നവ മുന്നേറ്റത്തിലൂടെ ഫോമയുടെ കര്‍മധാരയിലേക്ക് പദം വച്ച ജിബി തോമസ് തന്റെ അനുകരണീയമായ സംഘടനാപ്രവര്‍ത്തന വിശേഷങ്ങള്‍ ഇ മലയാളിയുടെ മാന്യവായനക്കാര്‍ക്കായി പങ്കു വച്ചു. സംഭാഷണത്തിന്റെ പ്രസക്തഭാഗങ്ങള്‍...

? ഫോമയിലേക്കുള്ള താങ്കളുടെ പ്രവേശനത്തെപ്പറ്റി...
* 2013ല്‍ അമേരിക്കയിലെമ്പാടുമുള്ള യുവ മലയാളി പ്രൊഫഷണലുകളെ സംഘടിപ്പിച്ച് ഫോമയ്ക്കു വേണ്ടി നടത്തിയ 'യങ് പ്രൊഫഷണല്‍ സമ്മിറ്റി'ലൂടെയാണ് തുടക്കം. ഫോമയുടെ വളര്‍ച്ചയ്ക്ക് ഗതിവേഗം നല്‍കിയ ഈ  മുന്നേറ്റത്തിലൂടെ ഒരുപാട് യുവജനങ്ങള്‍ സംഘടനയിലേക്ക് വരികയുണ്ടായി. ഒരുപാട് പേര്‍ക്ക് ജോലി കൊടുക്കുവാനും വിജയം വെട്ടിപ്പിടിച്ച പ്രൊഫഷണലുകളെ തമ്മില്‍ പരിചയപ്പെടുത്താനും ഇതിലൂടെ സാധിച്ചു. ഞാന്‍ കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയുടെ പ്രസിഡന്റായിരുന്ന സമയത്തായിരുന്നു ശ്രദ്ധേയമായ ഈ പരിപാടി നടത്തിയത്. തുടര്‍ന്ന് 2014 മുതല്‍ 2016 ടേമിലേക്ക് ഫോമയുടെ മിഡ് അറ്റ്‌ലാന്റിക് റീജിയന്റെ വൈസ് പ്രസിഡന്റായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ തവണത്തെ വാശിയേറിയ തിരഞ്ഞെടുപ്പിലൂടെ ജനറല്‍ സെക്രട്ടറിയാവുകയും ചെയ്തു. 

? കഴിഞ്ഞ നാലു മാസക്കാലം ആഗ്രഹിച്ചതു പോലുള്ള പ്രവര്‍ത്തനം കാഴ്ച വയ്ക്കുവാന്‍ സാധിച്ചിട്ടുണ്ടോ...
* ഔദ്യോഗികമായി ചുമതലയേറ്റിട്ട് നാലു മാസമേ ആയിട്ടുള്ളുവെങ്കിലും തിരഞ്ഞെടുക്കപ്പെട്ട അന്നു മുതല്‍ തന്നെ അനൗദ്യോഗികമായി പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് സത്യപ്രതിജ്ഞ ചെയ്തതു മുതല്‍ ഫുള്‍ സ്വിങ്ങില്‍ പോകാന്‍ പറ്റി. 

? സെക്രട്ടറിയുടെ ഉത്തരവാദിത്വങ്ങളെപ്പറ്റിയുള്ള കാഴ്ചപ്പാടുകള്‍...
* സംഘടനാ പ്രവര്‍ത്തനം പിഴവില്ലാതെയും സൂക്ഷ്മമായും നടത്തേണ്ട ഭാരിച്ച ഉത്തരവാദിത്വമാണ് സെക്രട്ടറിയുടേത്. ഫോമയുടെ പതാകയ്ക്കു താഴെയുള്ള അസോസിയേഷനുകളെ  പരസ്പരം ബന്ധിപ്പിക്കുവാനും ആശയവിനിമയം നടത്താനും ഓരോ പരിപാടികളും ആസൂത്രണം ചെയ്യാനും അത് യഥാസമയത്ത് എല്ലാവരെയും അറിയിക്കുവാനും ഓരോന്നിനും പറ്റിയ വ്യക്തികളെ കണ്ടുപിടിച്ച് ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിക്കുവാനും ഈ പദവിയിലിരിക്കുന്ന ആള്‍ക്ക് വേഗത്തില്‍ കഴിയണം. സെക്രട്ടറി ഒരു നല്ല വിഷണറി ആയിരിക്കണം. ഓരോരുത്തര്‍ക്കും ചേരുന്ന കാര്യങ്ങളേ എല്‍പ്പിക്കാവൂ. അത് മുന്നില്‍ കണ്ട് അവരെ കൊണ്ട് സാധിക്കുമെന്നുറപ്പു വരുത്തി കാര്യങ്ങള്‍ ചെയ്‌തെടുക്കുന്നതിലാണ് സെക്രട്ടറിയുടെ വൈഭവം പ്രകടമാകുന്നത്. ഈ കുറഞ്ഞ സമയം കൊണ്ട് പ്രകടന പത്രികയിലുണ്ടായിരുന്ന പദ്ധതികള്‍ക്കും പരിപാടികള്‍ക്കും തുടക്കമിടാന്‍ പറ്റി. 

? മുന്‍വിധിയോടെ തന്നെയാണോ ചുമതല ഏറ്റെടുത്തത്...
* തീര്‍ച്ചയായും. പൂര്‍ണമായി ബോധ്യമുള്ളതും പൂര്‍ണമായി ചെയ്യാവുന്നതും നമ്മുടെ ആശയങ്ങള്‍ പ്രകടമാക്കുന്നതുമായ നയങ്ങള്‍ക്കു രൂപം നല്‍കുവാനാണ് ശ്രമിച്ചുവരുന്നത്. അതിനു പറ്റിയ പശ്ചാത്തലം ഫോമയ്ക്കിന്നുണ്ട്. നല്ലൊരു ടീമിനെയാണിപ്പോള്‍ കിട്ടിയിരിക്കുന്നത്. അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ നാളിതുവരെയുള്ള ചരിത്രത്തില്‍ ഏതൊരു സംഘടനയും  ഏറ്റെടുക്കാന്‍ മടിക്കുന്ന, അഥവാ നടപ്പാക്കാന്‍ കെല്‍പ്പില്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ കഴിഞ്ഞു. അമേരിക്കന്‍ മലയാളികളുടെ വിവിധങ്ങളായ പ്രശ്‌നങ്ങളില്‍ ഇടപെടുവാന്‍ ഫോമയ്ക്കു സാധിക്കുമെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്. അവര്‍ക്കീ സംഘടന ആവശ്യമാണ് എന്ന ചിന്തയും വളര്‍ന്നു കഴിഞ്ഞു. 

? സെക്രട്ടറിയുടെ വീക്ഷണത്തില്‍ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാല്‍...
* ഇലക്ഷനു മുമ്പ് ഞാനേറ്റെടുത്ത വലിയൊരു ഉത്തരവാദിത്വമായിരുന്നു ചിക്കാഗോയിലെ പ്രവീണിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട വിഷയം. ഇലക്ഷന്‍ കഴിഞ്ഞ ഉടന്‍ തന്നെ മലയാളികളെയും ഇതര ഇന്ത്യക്കാരെയും കോര്‍ത്തിണക്കി ചിക്കാഗോ ഗവര്‍ണറുടെ ഓഫീസിലേക്കൊരു വന്‍ മാര്‍ച്ച് സംഘടിപ്പിച്ചു. നമ്മുടെ സമൂഹത്തിന്റെ ഇദംപ്രഥമമായ വലിയൊരു മുന്നേറ്റത്തിനാണ് ഡൗണ്‍ടൗണ്‍ അന്ന് സാക്ഷ്യം വഹിച്ചത്. ഇപ്പോള്‍ ഒരുപാട് മലയാളികളെ അമേരിക്കന്‍ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാനുള്ള തീവ്രയജ്ഞ പരിപാടി നടക്കുന്നുണ്ട്. അവര്‍ക്കുവേണ്ട പിന്തുണയും ധനസഹായവും കാമ്പെയ്‌നിങ്ങും എല്ലാം ഇതില്‍ പെടും. തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ യുവാക്കളെ സജ്ജരാക്കിക്കൊണ്ട് നമ്മുടെ ശക്തി കാണിച്ചു കൊടുക്കേണ്ടതുണ്ട്. അതുപോലെ അപകടങ്ങള്‍, മരണങ്ങള്‍, സമൂഹത്തിലുണ്ടാകുന്ന പലവിധ പ്രശ്‌നങ്ങള്‍ തുടങ്ങിയവയിലെല്ലാം ജനപങ്കാളിത്തത്തോടെ, പബ്ലിക് ഫണ്ടിങ്ങോടെ ഇടപെടുന്നതിനും സമാശ്വാസമെത്തിക്കുന്നതിനും ഫോമയ്ക്ക് ക്രിയാത്മക നേതൃത്വം നല്‍കാന്‍ സാധിച്ചു.

? ഫോമയുമായി ബന്ധപ്പെട്ടാല്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ക്കും പരാതികള്‍ക്കും പരിഹാരം ഉണ്ടാക്കാനാവുമെന്ന വിശ്വാസം രൂപപ്പെട്ടുവെന്നാണോ...
* ഉറപ്പായിട്ടും. എപ്പോഴും ആളുകള്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ അറിയിച്ചുകൊണ്ട് നിരന്തരം വിളിക്കുന്നു. തങ്ങള്‍ക്ക് ഫോമയില്‍ നിന്ന് സഹായം ലഭിക്കുമെന്ന് അവര്‍ക്ക് വിശ്വാസമുണ്ട്. ഒരാള്‍ക്കൊരു വിഷയമുണ്ടായാല്‍ ഫോമയുടെ നിസ്വാര്‍ത്ഥ സേവകര്‍ അവര്‍ക്കൊപ്പമുണ്ട് എന്നൊരു ബോധ്യം വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞു.

? ഇതുവരെ ചെയ്തതും ഇനി ചെയ്യാനുദ്ദേശിക്കുന്നതുമായ ഫോമയുടെ അഭിമാന പദ്ധതികളും സ്വപ്നങ്ങളും...
* ഒന്നാമത്തേത് ഫോമ ലീഗല്‍ അഡൈ്വസറി ഫോറമാണ്. നിരവധി പേര്‍ കൃത്യമായ നിയമോപദേശം കിട്ടാതെ വലയുന്നുണ്ട്. അതിനാല്‍ പലപ്പോഴും അവര്‍ക്ക് നീതി ലഭിക്കാറില്ല. ആ പ്രശ്‌നം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്കയിലെ ഒന്നും രണ്ടും മലയാളി തലമുറയിലെ മിടുക്കരായ അഭിഭാഷകരുടെയും പോലീസ് ഓഫീസര്‍മാരുടെയും നെറ്റ്‌വര്‍ക്ക് ഉണ്ടാക്കി. ഇത് രാജ്യം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന ഒന്നാണ്. വ്യക്തികള്‍ക്കൊരു പ്രശ്‌നം വന്നാല്‍ സഹായിക്കാനും മതിയായ ഉപദേശം കൊടുക്കാനും ഒരു ഫസ്റ്റ് ഹാന്‍ഡ് ബോക്‌സ് പോലെ ഈ നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തിക്കുന്നു. ഇതിന് ശുഭാരംഭം കുറിച്ച ഉടന്‍ തന്നെയായിരുന്നു ന്യൂയോര്‍ക്കില്‍ രണ്ട് മലയാളി നേഴ്‌സുമാരെ, അവരുടെ ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത സംഭവം ഉണ്ടായത്. ഈ വിഷയത്തില്‍ കാഴ്ചക്കാരായി സമൂഹം മാറി നിന്ന സമയത്ത് അവര്‍ക്ക് കൃത്യമായ ലീഗല്‍ ഒപ്പീനിയന്‍ കൊടുക്കുവാന്‍ ഈ ഫോറത്തിന് കഴിഞ്ഞു. അതായാത് അറ്റോര്‍ണിമാരുമായി സംസാരിക്കാനും മറ്റുമുള്ള ഒരു വേദി ഫോമ ഒരുക്കിക്കൊടുത്തു. ഇതുപോലെ വിവിധ മേഖലകളില്‍ നിയമക്കുരുക്കിലകപ്പെടുന്നവര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കി അവരെ ഫ്രീയാക്കുകയെന്നതാണ് ഫോറത്തിന്റെ ആത്യന്തിക ലക്ഷ്യം. 

? സാന്ത്വനം എന്ന പ്രോജക്ട് വളരെയധികം ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണല്ലോ...
* മയക്കുമരുന്ന് ഉപയോഗം, ഗാര്‍ഹിക പീഡനം, മെന്റല്‍ ഡിപ്രഷന്‍,  ആരും പരിചരിക്കാനില്ലാതെ വൃദ്ധ ജനങ്ങളുടെ ഒറ്റപ്പെടല്‍ ഇങ്ങനെയുള്ള ദുരവസ്ഥയില്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് മാറിപ്പോകുന്ന ഒട്ടനവധി മലയാളികളുണ്ട്. അവരെ ഏതെങ്കിലും സംഘടനയോ, അവരവരുടെ തന്നെ സമുദായ പ്രവര്‍ത്തകരോ തിരിഞ്ഞു നോക്കാറില്ല. ഇത് നമ്മുടെ സമൂഹത്തില്‍ അടിയന്തിര പ്രാധാന്യമര്‍ഹിക്കുന്ന ഗൗരവതരമായ ഒരു വിഷയമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് ആരംഭിച്ച പ്രോജക്ടാണ് സാന്ത്വനം. പദ്ധതിയുടെ നെറ്റ്‌വര്‍ക്കില്‍ സൈക്യാട്രിസ്റ്റുകള്‍, സൈക്കോളജിസ്റ്റുകള്‍, സോഷ്യല്‍ വര്‍ക്കര്‍മാര്‍ തുടങ്ങിയ ലൈസന്‍സ്ഡായ വിദഗ്ധരായ മലയാളി പ്രൊഫഷണലുകള്‍ ഉള്‍പ്പെടുന്നു. ദുരിതമനുഭവിക്കുന്നവര്‍ സാന്ത്വനവുമായി ബന്ധപ്പെട്ടാല്‍ ആവശ്യമായ കൗണ്‍സലിംഗും ഗൈഡന്‍സുമൊക്കെ ലഭിക്കും. ഇതിനോടകം തന്നെ നിരവധി ആളുകള്‍ക്ക് ധനസഹായം ഉള്‍പ്പെടെയുള്ള സാന്ത്വനം ഏകാന്‍ കഴിഞ്ഞു എന്നത് സന്തോഷകരമാണ്. 

? യുവാക്കളെ സംഘടിപ്പിച്ചുകൊണ്ടാണ് താങ്കള്‍ ഫോമയില്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. യുവാക്കളുടെ പ്രാധാന്യം ഫോമയില്‍ വളര്‍ത്തുവാന്‍ എന്തൊക്കെ പരിപാടികള്‍...
* നാഷണല്‍ ലെവലില്‍ യൂത്ത് ഫോറം തുടങ്ങിക്കഴിഞ്ഞു. ഇനി എല്ലാ റീജണലുകളിലും ഫോറം രൂപീകരിക്കും. 30 വയസ്സില്‍ താഴെയുള്ളവരെയാണ് ഇതിലേക്ക് പരിഗണിക്കുന്നത്. അവരെ സംഘടിതരാക്കി വരും കാല നേതൃനിരയിലേക്ക് പാകപ്പെടുത്തിയെടുക്കുക എന്നതാണ് ലക്ഷ്യം. ഒരുപാട് കഴിവുകളുള്ള കുട്ടികളും, കൗമാരപ്രായക്കാരും യുവാക്കളും നമ്മുടെ സമൂഹത്തിലുണ്ട്. അവര്‍ക്ക് കരിയര്‍ ഗൈഡന്‍സ് കൊടുക്കുവാന്‍ പ്ലാനുണ്ട്. മറ്റൊന്ന് അക്കാദമി കൗണ്‍സലിംഗാണ്. 

? ഫോമയുടെ മുന്‍കാല പദ്ധതികളുടെ ഫോളോ അപ്പുകള്‍ നടക്കുന്നുണ്ടോ... 
* ഉണ്ട്. ഫോമയ്ക്ക് ഏറ്റവും പേര് കിട്ടിയ ഒന്നാണ് നാട്ടില്‍ ചെയ്ത ആര്‍.സി.സി പ്രോജക്ട്. ഏതാനും ആഴ്ചകള്‍ക്കു മുമ്പ് ഫോമ പ്രസിഡന്റും ട്രഷററും ഞാനും നാട്ടില്‍ പോയപ്പോള്‍ ആദ്യം സന്ദര്‍ശിച്ചത് ആര്‍.സി.സിയാണ്. അതിന്റെ തുടര്‍ പ്രോജക്ടുകള്‍ സാധ്യമാകുമോ എന്ന് അവരുമായി ചര്‍ച്ച ചെയ്തു. ഏതൊരു നല്ല പ്രോജക്ടും ഇടയ്ക്കു വച്ച് നിര്‍ത്തിക്കളയില്ല. ആര്‍.സി.സിയുടെ തുടര്‍ പ്രോജക്ട് തീര്‍ച്ചയായും ഉണ്ടാകും. അതോടൊപ്പം പുതിയ ആശയങ്ങള്‍ സ്വരൂപിക്കുകയും ചെയ്യും. ഫോമയുടേത് ഒരു ലോങ് ടേം കാഴ്ചപ്പാടാണ്. വരുന്ന 10 വര്‍ഷത്തേക്കുള്ള വികസനം മുന്നില്‍ കണ്ടാണ് ഇപ്പോഴത്തെ പ്രവര്‍ത്തനം.

? ചിക്കാഗോയിലെ നാഷണല്‍ കണ്‍വന്‍ഷനെ പറ്റിയുള്ള പ്രതീക്ഷകള്‍...
* 2018ലെ കണ്‍വന്‍ഷനില്‍ 5000 പേരെ പങ്കെടുപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. കുറേ കാലങ്ങളായി കുടുംബങ്ങള്‍ കണ്‍വന്‍ഷനുകളില്‍ നിന്ന് അകന്നു മാറി നില്‍ക്കുന്നു. ഫോമയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുന്നു. അതുകൊണ്ടാണ് നമ്മള്‍ റീജിയനുകളെ ഉത്തേജിപ്പിച്ചുകൊണ്ടും അതോടൊപ്പം വിമന്‍സ് ഫോറവും യൂത്ത് ഫോറവുമൊക്കെ ശക്തിപ്പെടുത്തി ക്കൊണ്ടും കുടുംബാംഗങ്ങളുടെ മൊത്തത്തിലുള്ള പങ്കാളിത്തം ഉറപ്പാക്കാന്‍ ശ്രദ്ധിക്കുന്നത്. സാമുദായിക സംഘടനകളുടെ കണ്‍വന്‍ഷനുകളിലും കൂട്ടായ്മകളിലും ആരും ഒറ്റയ്ക്ക് പോകാറില്ല. കുടുംബസമേതമാണ് പങ്കെടുക്കുന്നത്. അത് ഫോമയില്‍ സാധ്യമാകണം. അതുകൊണ്ടാണ് 2018ലെ കണ്‍വന്‍ഷന് ഫോമ ഫാമിലി കണ്‍വന്‍ഷന്‍ എന്ന് പേരിട്ടിരിക്കുന്നത്. 

? മറ്റ് പ്രധാന ആശയങ്ങള്‍...
* എല്ലാ റീജിയനുകളിലും യൂത്ത് ഫെസ്റ്റ് നടത്തുക എന്നതാണത്. ഏറ്റവും കഴിവുളളവരെ കണ്ടെത്തുകയാണ് ഈ ടാലന്റ് ഹണ്ടിലൂടെ ഉദ്ദേശിക്കുന്നത്. 2017 വര്‍ഷത്തില്‍ 12 റീജിയനുകളിലും കള്‍ച്ചറല്‍ ഫെസ്റ്റ് നടത്തും. അതില്‍ യോഗ്യത നേടുന്നവര്‍ക്ക് നാഷണല്‍ കണ്‍വന്‍ഷനില്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കുവാന്‍ അവസരം ഒരുക്കും. കലാപ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു ദിവസം മുഴുവനായി തന്നെ മാറ്റി വയ്ക്കും. ഈ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ വിജയകരമാകുമ്പോള്‍ കണ്‍വന്‍ഷനിലേക്ക് കുടുംബങ്ങളുടെ കുത്തൊഴുക്കായിരിക്കും.

? കേരള കണ്‍വന്‍ഷനെ പറ്റി...
* വരുന്ന ആഗസ്റ്റു മാസം നടത്താനാണ് ഉദ്ദേശിക്കുന്നത്. കണ്‍വന്‍ഷന്റെ വിജയത്തിനായുള്ള പരിപാടികളെ പറ്റി കൂടിയാലോചനയിലാണിപ്പോള്‍. താമസിയാതെ അന്തിമ തീരുമാനമുണ്ടാകും. എന്തായാലും അമേരിക്കന്‍ മലയാളികള്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള, അവര്‍ക്ക് അഭിമാനിക്കത്തക്കതായ അവിസ്മരണീയമായ ഒരു കേരള കണ്‍വഷനായിരിക്കും ഇത്തവണത്തേത്.

? നവീനമായ ഒരുപാട് കാഴ്ചപ്പാടുകളുള്ള ഭാരവാഹി എന്ന നിലയില്‍ മലയാളി സമൂഹത്തോട് പറയുവാനുള്ളത്...
* നമ്മള്‍ മാറി നിന്നിട്ട് കാര്യമില്ല. പ്രവര്‍ത്തിച്ച് തെളിയിക്കണം. ഏത് നല്ല കാര്യത്തേയും വിമര്‍ശിക്കാന്‍ നാവുകളുണ്ടാവും അത് സ്വാഭാവികമാണ്. ഏതൊരു പദ്ധതിയിലും അടങ്ങിയിരിക്കുന്ന നല്ല കാര്യങ്ങളെ സമൂഹത്തിന് നന്മ ചൊരിയാന്‍ പറ്റുന്ന അംശങ്ങളെ ആ കണ്ണോടു കൂടി കാണണം. അങ്ങനെയായിരിക്കണം സാമൂഹിക പ്രവര്‍ത്തനം. അമേരിക്കന്‍ മലയാളി സമൂഹത്തിന് ആശയും ആശ്വാസവുമാകുന്ന ഒരു വലിയ നെറ്റ്‌വര്‍ക്ക് ഫോമയ്ക്കുണ്ട്. അത് വളര്‍ത്തിയെടുക്കും. സഹജീവികളുടെ ദുരവസ്ഥയില്‍ കൈനീട്ടി സഹായിക്കാന്‍ സന്‍മനസ്സുള്ള ഒരുപാട് മലയാളികള്‍ ഇവിടെയുണ്ട്. അവരെയെല്ലാം ഏകോപിപ്പിച്ച് ഒരു ജനകീയ ശക്തിയാക്കി മാറ്റാന്‍ ഫോമയ്‌ക്കേ കഴിയൂ. അത്തരത്തില്‍ ഫോമയ്ക്ക് അനന്തമായി സാധ്യതകളാണുള്ളത്. 
***
കാഞ്ഞിരപ്പള്ളി മൊളോപറമ്പില്‍ കുടുംബാംഗമായ ജിബി അലഹബാദില്‍ നിന്ന് അഗ്രിക്കള്‍ച്ചറില്‍ ബിരുദവും പോണ്ടിച്ചേരിയില്‍ നിന്ന് എം.ബി.എയും നേടിയ ശേഷം 2004-ലാണ് അമേരിക്കയിലെത്തിയത്. കേരളത്തില്‍ വച്ചു തന്നെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ സാമൂഹിക പ്രവര്‍ത്തന മേഖലയില്‍ തിളങ്ങിയ ജിബി ഹോര്‍ട്ടി കള്‍ച്ചര്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍, മില്‍മ ഓഫീസേഴ്‌സ് യൂണിയന്‍ എന്നിവയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു. ആദ്യം ന്യൂയോര്‍ക്കിലെത്തിയ ഇദ്ദേഹം ന്യൂജേഴ്‌സിയിലേക്ക് മാറി ബിസിനസ് വിപുലപ്പെടുത്തുകയായിരുന്നു. സാമൂഹിക പ്രവര്‍ത്തനം ഒരു നിയോഗമാക്കിയ ജിബി നിരവധി സംഘടകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിലൊന്നായ കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയുടെ ജോയിന്റ് സെക്രട്ടറി, സെക്രട്ടറി, പ്രസിഡന്റ് സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. പിന്നീട് 2013ല്‍ ഫോമയുടെ ദിശ തന്നെ മാറ്റിക്കുറിച്ച 'യങ് പ്രൊഫണല്‍ സമ്മിറ്റി'നായി അമേരിക്കയിലെമ്പാടുമുള്ള യുവ പ്രൊഫണലുകളെ സംഘടിപ്പിച്ചുകൊണ്ടാണ് ഫോമയിലേക്കെത്തുന്നത്.

മോര്‍ട്ട്‌ഗേജ് ലെന്‍ഡറും ഫിനാന്‍ഷ്യല്‍ പ്ലാനറുമായ ജിബി തോമസ്, അമേരിക്കയിലെ പ്രമുഖ സ്റ്റേറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന 'ക്വിക്ക് മോര്‍ട്ട്‌ഗേജ് കോര്‍പ്പറേഷന്റെ' പാര്‍ട്ണറാണ്. ഭാര്യ മാര്‍ലി, ന്യൂജേഴ്‌സിയിലെ റോബര്‍ട്ട് വുഡ് ജോണ്‍സണ്‍ ഹോസ്പിറ്റലിലെ യൂണിയന്‍ റെപ്രസെന്റിറ്റീവും സൈക്യാട്രിയില്‍ നേഴ്‌സ് പ്രാക്ടീഷണര്‍ വിദ്യാര്‍ത്ഥിനിയുമാണ്. എലിറ്റ, ആരോണ്‍, ക്രിസ്റ്റ്യന്‍ എന്നിവര്‍ മക്കള്‍. ജിബിയുടെ പൊതു പ്രവര്‍ത്ത കാഴ്ചപ്പാടുകള്‍ക്കെന്നും ദീര്‍ഘവീക്ഷണത്തിന്റെ പ്രൊഫണല്‍ സ്വാഭാവമുണ്ട്. അത് ഫോമയുടെ സര്‍വതോന്മുഖമായ വളര്‍ച്ചയ്ക്കും വികാസത്തിനും വളമാകുന്നതോടൊപ്പം അമേരിക്കന്‍ മലയാളികള്‍ക്ക് ഇച്ഛാശക്തിയുടെ ചൂണ്ടുപലകയുമാകട്ടെ എന്ന് ഹൃദയപൂര്‍വം ആശംസിക്കുന്നു.

ഫോമ അംഗസംഘടനകളുടെ സെഞ്ച്വറിയടിക്കും: ജിബി തോമസ് (അഭിമുഖം-എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക