Image

ബി.സി.സി.ഐയെ വെല്ലുവിളിച്ച്‌ ശ്രീശാന്ത്‌ ക്രിക്കറ്റ്‌ പിച്ചിലേക്ക്‌

Published on 16 February, 2017
ബി.സി.സി.ഐയെ വെല്ലുവിളിച്ച്‌ ശ്രീശാന്ത്‌ ക്രിക്കറ്റ്‌ പിച്ചിലേക്ക്‌

കൊച്ചി: ബി.സി.സി.ഐയെ വെല്ലുവിളിച്ച്‌ എസ്‌. ശ്രീശാന്ത്‌ ക്രിക്കറ്റ്‌ പിച്ചിലേക്ക്‌. ഫെബ്രുവരി 19 മുതല്‍ ആരംഭിക്കുന്ന ഒന്നാം ഡിവിഷന്‍ മത്സരത്തില്‍ എറണാകുളത്തെ പ്രതിനിധീകരിച്ചു കൊണ്ടാണ്‌ ശ്രീ ക്രിക്കറ്റ്‌ മൈതാനത്തേക്ക്‌ തിരികെ വരുന്നത്‌.

നേരത്തെ സ്‌കോട്ട്‌ലാന്‍ഡ്‌ ലീഗില്‍ കളിക്കാന്‍ അനുവദിക്കണമെന്ന ശ്രീയുടെ അപേക്ഷ ബി.സി.സി.ഐ തള്ളിക്കളഞ്ഞിരുന്നു. ഒത്ത്‌ കളി വിവാദത്തെ തുടര്‍ന്ന്‌ ഏര്‍പ്പെടുത്തിയ വിലക്ക്‌ നിലനില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു ബി.സി.സി.ഐ കളിക്കാന്‍ അനുവദിക്കാതിരുന്നത്‌. ബി.സി.സി.ഐ വിലക്ക്‌ ലംഘിച്ചു കൊണ്ടായിരിക്കും ശ്രീ 19 ന്‌ കളിക്കാനിറങ്ങുക.


ബി.സി.സി.ഐ നിലപാടിനെതിരെ നേരത്തേയും താരം രംഗത്തെത്തിയിരുന്നു. ആജീവനാന്ത വിലക്ക്‌ ഏര്‍പ്പെടുത്തി എന്ന്‌ കാണിച്ച്‌ ഔദ്യോഗികമായി കത്തുകളൊന്നും തനിക്ക്‌ ഇതുവരെ ലഭിച്ചിട്ടില്ലെന്നും പിന്നെന്താണ്‌ മത്സരിക്കാന്‍ അനുവദിക്കാത്തതെന്നും ശ്രീ പറയുന്നു.


കേസുമായി ബന്ധപ്പെട്ട്‌ തിഹാര്‍ ജയിലില്‍ കഴിയുമ്പോള്‍ സസ്‌പെന്റ്‌ ചെയ്‌തു കൊണ്ടുള്ള കത്ത്‌ മാത്രമാണ്‌ ലഭിച്ചത്‌. സസ്‌പെന്‍ഷന്‍ കാലാവധി 90 ദിവസമായിരുന്നുവെന്നും ശ്രീശാന്ത്‌ വ്യക്തമാക്കി. തനിക്കെതിരെ ആജീവനാന്ത വിലക്ക്‌ ഏര്‍പ്പെടുത്തിയെന്ന്‌ ബി.സി.സി.ഐ മാധ്യമങ്ങളില്‍ മാത്രമേ പറഞ്ഞിട്ടുള്ളുവെന്നും ഔദ്യോഗികമായി യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

2013 ലായിരുന്നു ശ്രീശാന്തുള്‍പ്പടെയുള്ള മൂന്ന്‌ താരങ്ങള്‍ ഐ.പി.എല്‍ വാതുവെപ്പ്‌ കേസില്‍ അറസ്റ്റിലാകുന്നത്‌. പിന്നീട്‌ 2015 ല്‍ ദല്‍ഹി കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയെങ്കിലും വിലക്ക്‌ നീക്കാന്‍ ബി.സി.സി.ഐ തയ്യാറാകാതെ വരികയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക