Image

പളനിസ്വാമിക്ക്‌ ഗവര്‍ണറുടെ പച്ചക്കൊടി..

Published on 16 February, 2017
പളനിസ്വാമിക്ക്‌ ഗവര്‍ണറുടെ പച്ചക്കൊടി..
 ചെന്നൈ: എടപ്പാടി പളനിസ്വാമി തമിഴ്‌നാട്‌ മുഖ്യമന്ത്രിയാകും. ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവുമായി രാജ്‌ഭവനില്‍ നടത്തിയ ചര്‍ച്ചയില്‍ സര്‍ക്കാരുണ്ടാക്കാന്‍ പളനിസ്വാമിക്ക്‌ ക്ഷണം ലഭിച്ചു. ഇന്ന്‌ വൈകിട്ട്‌ 5 മണിക്ക്‌ സത്യപ്രതിജ്ഞ നടക്കുമെന്നാണ്‌ രാജ്‌ഭവന്‍ അറിയിക്കുന്നത്‌. 

കൂവത്തൂരിലെ റിസോട്ടില്‍ എംഎല്‍എമാരും സംസ്ഥാനത്തെ എഐഎഡിഎംകെ പ്രവര്‍ത്തകരും ആഹ്‌ളാദ പ്രകടനം തുടങ്ങി. 

പളനിസ്വാമിയെ സത്യപ്രതിജ്ഞയ്‌ക്ക്‌ ഗവര്‍ണര്‍ ക്ഷണിച്ചത്‌ കേന്ദ്ര ഇടപെടല്‍ മൂലമാണ്‌ എന്നും വാര്‍ത്തകള്‍ വരുന്നുണ്ട്‌. വരാനിരിക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പടക്കം മുന്നില്‍ കണ്ടാണ്‌ കേന്ദ്രസര്‍ക്കാര്‍ നീക്കം എന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌. 

 അതേസമയം അണ്ണാഡിഎംകെയില്‍ പ്രശ്‌നപരിഹാരത്തിന്‌ നീക്കങ്ങള്‍ നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്‌. പനീര്‍ശെല്‍വവും എടപ്പാടി പളനിസ്വാമിയും ഒത്തുതീര്‍പ്പ്‌ ചര്‍ച്ചകള്‍ നടത്തിയേക്കുമെന്നും സൂചനയുണ്ട്‌. 


തനിക്ക്‌ 124 എഐഎഡിഎംകെ എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന്‌ അവകാശപ്പെട്ട്‌ പളനിസ്വാമി ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിന്‌ കത്ത്‌ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട്‌ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ പളനിസ്വാമിയെ ഗവര്‍ണര്‍ ക്ഷണിച്ചിരിക്കുന്നത്‌. 


ഇതോടെ പനീര്‍ശെല്‍വത്തിന്റെ മുഖ്യമന്ത്രി മോഹങ്ങള്‍ക്കാണ്‌ കനത്ത തിരിച്ചടിയേറ്റിരിക്കുന്നത്‌. പനീര്‍ശെല്‍വത്തിന്‌ എട്ട്‌ എംഎല്‍എമാരുടെ മാത്രം പിന്തുണയേ ഉള്ളൂ. അതുകൊണ്ടുതന്നെ 124 എംഎല്‍എമാരുണ്ടെന്ന പളനിസ്വാമിയുടെ വാദം ഗവര്‍ണര്‍ക്ക്‌ അംഗീകരിക്കാതിരിക്കാനാവില്ല. 


പളനി സ്വാമി സമര്‍പ്പിച്ച പിന്തുണക്കത്തിലെ ഒപ്പുകളുടെ സാധുത പക്ഷേ സംശയത്തിന്റെ നിഴലിലാണ്‌. മാത്രമല്ല റിസോര്‍ട്ടില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന എംഎല്‍എമാരില്‍ പലരും സ്വതന്ത്രമായല്ല തീരുമാനം എടുത്തിരിക്കുന്നത്‌ എന്നും ആരോപണമുണ്ട്‌. കോടതി വിധി വന്നതിന്‌ പിന്നാലെ വെള്ളക്കടലാസില്‍ എംഎല്‍എമാരെക്കൊണ്ട ഒപ്പിടീച്ചതായും പരാതിയുണ്ട്‌. 


 അധികാരമേറ്റെടുത്ത്‌ 15 ദിവസത്തിനകം പളനിസ്വാമി ഭൂരിപക്ഷം തെളിയിക്കണം. ജയലളിതയുടെ മരണത്തിന്‌ ശേഷം ഇത്‌ രണ്ടാമത്തെ മുഖ്യമന്ത്രിയാണ്‌ തമിഴ്‌നാടിന്‌. 

 പളനിസ്വാമിഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവുമായി നടത്തിയ ചര്‍ച്ച ഏറെ നേരം നീണ്ടുനിന്നിരുന്നു. 
 ജയകുമാര്‍, കെ എ സെങ്കോട്ടയ്യന്‍, എസ്‌പി വേലുമണി, ടിടി ദിനകരന്‍, കെപി അന്‍പഴകന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു


അനധികൃത സ്വത്ത്‌ സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട്‌ ശശികല നടരാജന്‍ അകത്തുപോകുന്നതിന്‌ മുന്‍പേ ഭരണം തങ്ങളുടെ കയ്യില്‍ത്തന്നെയാണ്‌ എന്നുറപ്പാക്കാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞിരുന്നു. 


പനീര്‍ശെല്‍വത്തെയും പിന്തുണച്ച 20 നേതാക്കളെയും  പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയിട്ടാണ്‌ ശശികലമടങ്ങിയത്‌. വിശ്വസ്‌ത സേവകനായ പൊതുമരാമത്ത്‌ മന്ത്രി എടപ്പാടി പളനിസ്വാമിയെ നിയമസഭാ കക്ഷി നേതാവായി അവരോധിക്കുകയും ചെയ്‌തു. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക