Image

ലക്ഷ്‌മി നായരെ ഈ മാസം 23 വരെ അറസ്റ്റു ചെയ്യരുതെന്ന്‌ ഹൈക്കോടതി

Published on 16 February, 2017
ലക്ഷ്‌മി നായരെ ഈ മാസം 23 വരെ അറസ്റ്റു ചെയ്യരുതെന്ന്‌ ഹൈക്കോടതി



കൊച്ചി: ലോ അക്കാദമി ലോ കോളജ്‌ മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്‌മി നായരെ ഈ മാസം 23 വരെ അറസ്റ്റു ചെയ്യരുതെന്ന്‌ ഹൈക്കോടതി.
വിദ്യാര്‍ഥികളെ ജാതിപ്പേരു വിളിച്ചെന്ന കേസിലാണ്‌ നടപടി. കേസ്‌ റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ലക്ഷ്‌മി നായര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ്‌ കോടതിയുടെ ഉത്തരവ്‌.

ജാതിപ്പേരു വിളിച്ചെന്നാരോപിച്ച്‌ വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയിലാണ്‌ ലക്ഷ്‌മി നായര്‍ക്കെതിരെ കേസെടുത്തത്‌. ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥികളായ വിവേക്‌ വിജയഗിരിയും ശെല്‍വവുമാണ്‌ പേരൂര്‍ക്കട പൊലീസില്‍ ലക്ഷ്‌മി നായര്‍ക്കെതിരെ പരാതി നല്‍കിയിരുന്നത്‌. പൊലീസ്‌ കേസ്‌ എടുത്തെങ്കിലും ഇതുവരെ തുടര്‍നടപടികള്‍ സ്വീകരിച്ചിരുന്നില്ല.

പട്ടികജാതി പീഡനം നടത്തിയ ലക്ഷ്‌മി നായരെ അറസ്റ്റു ചെയ്യാത്ത പൊലീസ്‌ നടപടി വിചിത്രമാണെന്ന്‌, കഴിഞ്ഞദിവസം കുട്ടികളില്‍നിന്ന്‌ മൊഴിയെടുക്കാനെത്തിയ ദേശീയ വനിതാ കമ്മിഷന്‍ അംഗം സുഷമ സാഹു പറഞ്ഞിരുന്നു.

പീഡിപ്പിക്കപ്പെട്ടവരെ സംരക്ഷിക്കേണ്ട പൊലീസ്‌ ഇപ്പോള്‍ വേട്ടക്കാരോടൊപ്പം ചേര്‍ന്നിരിക്കുകയാണ്‌. സ്‌ത്രീവിരുദ്ധരെ സംരക്ഷിക്കുന്ന നിലപാടാണു സംസ്ഥാന സര്‍ക്കാരിന്റേത്‌. വിദ്യാര്‍ഥിനികളുടെ പരാതിയില്‍ ലക്ഷ്‌മി നായര്‍ക്കെതിരെ വനിതാ കമ്മിഷന്‍ കേസെടുക്കുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു


അതേസമയം തന്റെ പരാതിയില്‍ പൊലീസ്‌ അവധാനതയോടെയാണ്‌ കൈകാര്യം ചെയ്യുന്നതെന്നും മൊഴി രേഖപ്പെടുത്തിയത്‌ പോലും ഉത്തരവാദപ്പെട്ട രീതിയില്‍ അല്ലെന്നും വ്യക്തമാക്കി വിവേക്‌ വിജയഗിരി നാളെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക