Image

മനുഷ്യനില്‍ ദുഷ്ടത വര്‍ധിച്ചിരിക്കുന്നുവെന്ന വേദവാക്യം അന്വര്‍ഥമായി: ഫാ. ചിറമേല്‍

Published on 16 February, 2017
മനുഷ്യനില്‍ ദുഷ്ടത വര്‍ധിച്ചിരിക്കുന്നുവെന്ന വേദവാക്യം അന്വര്‍ഥമായി: ഫാ. ചിറമേല്‍
മാരാമണ്‍: മനുഷ്യത്വം നഷ്ടപ്പെട്ടതോടെ മനുഷ്യനില്‍ ദുഷ്ടത തഴച്ചുവളര്‍ന്നുവെന്ന് ഫാ. ഡേവിസ് ചിറമേല്‍. മാരാമണ്‍ കണ്‍വന്‍ഷനില്‍ 16-ാം തീയതി വൈകുന്നേരം നടന്ന യുവവേദി യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭൂമിയില്‍ മനുഷ്യന്റെ ദുഷ്ടത വര്‍ധിച്ചിരിക്കുന്നുവെന്ന വേദവാക്യം അന്വര്‍ഥമായ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഒരുവന്റെ മനസില്‍ മനുഷ്യത്വമുണ്ടാകുമ്പോഴാണ് അവന്‍ മനുഷ്യനാകുന്നതെന്ന് ഫാ. ചിറമേല്‍ ചൂണ്ടിക്കാട്ടി. മനസില്‍ സ്‌നേഹം വറ്റുമ്പോള്‍ അരാജകത്വവും ദുഷ്ടതയും വര്‍ധിക്കും. അധികാരവും സമ്പത്തുമല്ല, മനുഷ്യത്വമാണ് വേണ്ടതെന്ന ബോധ്യം ഉണ്ടാകണം.

ദൈവം ഭൂമിയില്‍ സൃഷ്ടിച്ച സുന്ദരമായ ഒന്നാണ് മനുഷ്യന്‍. നല്ല മനുഷ്യനായി ജീവിക്കുകയെന്നതാണ് ചെറുജീവിതം കൊണ്ട് അര്‍ഥമാക്കുന്നത്. സ്വന്തം വര്‍ഗത്തില്‍പെട്ട ജീവികളെ ഭൂമിയില്‍ കൊല്ലുന്നത് മനുഷ്യന്‍ മാത്രമാണ്. സഹോദരനെ കൊല്ലുന്നതിന് മനുഷ്യന് ഇന്നു യാതൊരു ബുദ്ധിമുട്ടുമില്ലാതായിരിക്കുന്നു. മനുഷ്യത്വം മരവിച്ച കാലഘട്ടത്തില്‍ സനേഹത്തിന്റെയും കാരുണ്യത്തിന്റെയും വക്താക്കളാകാന്‍ യുവജനങ്ങള്‍ ശ്രമിക്കണമെന്നും ഫാ.ഡേവിസ് ചിറമേല്‍ ഉദ്‌ബോധിപ്പിച്ചു. ഡോ.തോമസ് മാര്‍ തീത്തോസ് എപ്പിസ്‌കോപ്പ അധ്യക്ഷത വഹിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക