Image

ജിഷ്‌ണുവിന്റെ മരണം : പ്രതികള്‍ക്കെതിരെ ലുക്ക്‌ഔട്ട്‌ നോട്ടീസ്‌

Published on 18 February, 2017
 ജിഷ്‌ണുവിന്റെ മരണം : പ്രതികള്‍ക്കെതിരെ ലുക്ക്‌ഔട്ട്‌ നോട്ടീസ്‌


തൃശൂര്‍: പാമ്പാടി നെഹ്‌റു കോളേജില്‍ ജിഷ്‌ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിപ്പട്ടികയിലുള്ളവര്‍ക്കെതിരെ ലുക്ക്‌ ഔട്ട്‌ നോട്ടീസ്‌. 

നെഹ്‌റു ഗ്രൂപ്പ്‌ ചെയര്‍മാന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെയാണ്‌ നോട്ടീസ്‌. കോളേജിലെ സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ്‌ ഡിസ്‌ക്‌ ഫോറന്‍സിക്‌ പരിശോധനയ്‌ക്കയച്ചു. ഇതിനിടെ ചെയര്‍മാന്‍ പി കൃഷ്‌ണദാസ്‌ താല്‍ക്കാലിക ജാമ്യം നേടിയത്‌ കോടതിയെ തെറ്റിദ്ധരിപ്പിച്ചാണെന്ന്‌ ജിഷണുവിന്റെ ബന്ധുക്കള്‍ ആരോപിച്ചു.

കൃഷ്‌ണദാസ്‌, വൈസ്‌ പ്രിന്‍സിപ്പല്‍ എന്‍ കെ ശക്തിവേല്‍, പി ആര്‍ ഒ സഞ്‌ജിത്ത്‌, അധ്യാപകരായ സി പി പ്രവീണ്‍, ഡിബിന്‍ എന്നീ അഞ്ചുപേര്‍ക്കെതിരെയാണ്‌ അറസ്റ്റ്‌ വാറണ്ട്‌ പുറപ്പെടുവിച്ചത്‌. ഇവര്‍ ഒളിവില്‍ പോയതിനെത്തുടര്‍ന്നാണിത്‌. കൃഷ്‌ണദാസ്‌്‌ അഞ്ച്‌ ദിവസത്തെ താല്‍ക്കാലിക ജാമ്യം നേടിയിരുന്നു. വിമാനത്താവളങ്ങളിലും ജാഗ്രതാനിര്‍ദേശം നല്‍കും.

കോളേജ്‌ തുറക്കുന്നതു സംബന്ധിച്ച്‌ കലക്ടര്‍ വിളിച്ച യോഗത്തില്‍ പങ്കെടുക്കണമെന്ന്‌ കാണിച്ചാണ്‌ ചെയര്‍മാന്‍ ജാമ്യം നേടിയതെന്ന്‌ ജിഷ്‌ണുവിന്റെ ബന്ധുക്കള്‍ പറഞ്ഞു. പാലക്കാട്‌, തൃശൂര്‍ കലക്ടര്‍മാര്‍ വിളിച്ച സര്‍വകക്ഷിയോഗത്തിന്റെ പിറ്റേന്നാണ്‌ ജാമ്യാപേക്ഷ നല്‍കിയതെന്നും ഇല്ലാത്ത യോഗത്തിന്റെ പേരിലാണിതെന്നുമാണ്‌ ആരോപണം. 

 സര്‍വകക്ഷിയോഗത്തിലേക്ക്‌ കോളേജ്‌ ചെയര്‍മാനെ ക്ഷണിച്ചിരുന്നില്ലെന്നും കോളേജ്‌ പ്രതിനിധികളെ അയക്കണമെന്നേ ആവശ്യപ്പെട്ടുള്ളൂവെന്നും തൃശൂര്‍ കലക്ടര്‍ ഡോ. എ കൌശിഗന്‍ അറിയിച്ചു.

സിസിടിവി ദൃശ്യങ്ങള്‍ റെക്കോഡ്‌ ചെയ്‌ത ഹാര്‍ഡ്‌ ഡിസ്‌ക്‌ തിരുവനന്തപുരത്തെ ഫോറന്‍സിക്‌ ലാബിലേക്കയച്ചു. ജിഷ്‌ണു മരിച്ച ദിവസത്തെയും പിറ്റേന്നത്തെയും ദൃശ്യങ്ങള്‍ ഇതില്‍നിന്ന്‌ നീക്കം ചെയ്‌തതായി കണ്ടെത്തിയിരുന്നു. ഇവ വീണ്ടെടുക്കാനാണ്‌ ലാബിലേക്കയച്ചത്‌. മൂന്നാഴ്‌ചക്കകം ഇത്‌ സാധ്യമാകുമെന്ന്‌ ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

കഴിഞ്ഞ ദിവസം പിആര്‍ഒയുടെ മുറി, ഹോസ്റ്റല്‍ മുറി എന്നിവിടങ്ങളില്‍ രക്തക്കറ കണ്ടെത്തിയ സാഹചര്യത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണായകമാണ്‌. രക്തക്കറ ജിഷ്‌ണുവിന്റേതാണോ എന്ന്‌ സ്ഥിരീകരിക്കാന്‍ ഫോറന്‍സിക്‌ ലാബിലേക്കയച്ചിട്ടുണ്ട്‌. അന്വേഷണം ഊര്‍ജിതമാക്കാന്‍ രണ്ട്‌ പൊലീസ്‌ ഉദ്യോഗസ്ഥരെ കൂടി അന്വേഷകസംഘത്തില്‍ ഉള്‍പ്പെടുത്തി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക