Image

രാജ്യം നിര്‍മ്മിച്ചതും രാഷ്ട്രപിതാവും താനാണെന്നാണ്‌ മോദിയുടെ ഭാവം: ഉദ്ധവ്‌ താക്കറെ

Published on 18 February, 2017
രാജ്യം നിര്‍മ്മിച്ചതും രാഷ്ട്രപിതാവും താനാണെന്നാണ്‌ മോദിയുടെ ഭാവം: ഉദ്ധവ്‌ താക്കറെ


താനെ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന ദേശീയ അധ്യക്ഷന്‍ ഉദ്ധവ്‌ താക്കറെ. രാജ്യം നിര്‍മ്മിച്ച വ്യക്തിയാണെന്നും രാഷ്ട്രപിതാവ്‌ താനാണെന്ന ഭാവവുമാണ്‌ മോദിക്കെന്നും താക്കറെ വിമര്‍ശിച്ചു. സര്‍ക്കാരിന്റെ നോട്ട്‌ നിരോധന നടപടിക്കെതിരെയും ശിവസേന അധ്യക്ഷന്‍ രൂക്ഷ വിമര്‍ശനങ്ങള്‍ നടത്തി.


കള്ളപ്പണം പുറത്തുകൊണ്ടുവരാന്‍ എന്നപേരിലാണ്‌ മോദി നോട്ട്‌ നിരോധനം നടപ്പിലാക്കിയത്‌. പക്ഷേ കള്ളപ്പണക്കാര്‍ക്ക്‌ കുഴപ്പമൊന്നുമുണ്ടായില്ലെന്നും സാധാരണക്കാരാണ്‌ ദുരിതം അനുഭവിച്ചതെന്നും താക്കറെ പറഞ്ഞു. താനെ മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക്‌ നടക്കുന്ന തെരഞ്ഞെടുപ്പ്‌ പ്രചരണ റാലിയില്‍ സംസാരിക്കവേയാണ്‌ താക്കറെ മോദിക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്‌.

നോട്ട്‌ നിരോധനത്തില്‍ ബുദ്ധിമുട്ടിയോ എന്ന്‌ എന്നോടാണ്‌ ചോദിക്കുന്നതെങ്കില്‍ അതെ എന്ന മറുപടിയായിരിക്കും താന്‍ പറയുക എന്നു പറഞ്ഞ താക്കറെ സാധാരണക്കാരായ ജനങ്ങള്‍ ക്യൂവില്‍ നിന്ന്‌ വലയുന്നത്‌ കണ്ട തനിക്ക്‌ ഏറെ വേദനയുണ്ടായെന്നും പറഞ്ഞു. മരിച്ചു വീണവര്‍ സാധാരണക്കാരാണെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു.

എന്‍.ഡി.എയില്‍ സഖ്യകക്ഷിയായ ശിവസേന നോട്ട്‌ നിരോധനത്തെ അനുകൂലിച്ച്‌ ആദ്യം രംഗത്തെത്തിയിരുന്നു. മഹാരാഷ്ട്രയില്‍ ഒറ്റയ്‌ക്ക്‌ മത്സരിക്കുന്ന ശിവസേന കേന്ദ്രത്തിലിപ്പോഴും ബി.ജെ.പിയുടെ സഖ്യകക്ഷിയാണ്‌.
മഹാരാഷ്ട്ര മുഖ്യ മന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെതിരെയും താക്കറെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക