Image

അഖിയുടെ സ്വന്തം (കഥ- റോബിന്‍ കൈതപ്പറമ്പ്‌)

റോബിന്‍ കൈതപ്പറമ്പ്‌ Published on 18 February, 2017
അഖിയുടെ സ്വന്തം (കഥ- റോബിന്‍ കൈതപ്പറമ്പ്‌)
ട്രയിന്‍ ഇറങ്ങി റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോള്‍ ഹൃദയമിടിപ്പിന്റെ വേഗത വര്‍ദ്ധിക്കുന്നതുപോലെ തോന്നി. ' നീ എത്രയും പെട്ടന്ന് തറവാട്ടില്‍ ത്തെണം കാര്യമുണ്ട്' എന്നുള്ള ഫോണ്‍ നാട്ടില്‍ നിന്നും എത്തി. തിരിച്ച് ഒരു ചോദ്യത്തിന് പോലും ഇടം നല്‍കാതെ ഫോണ്‍ വെക്കുകയും ചെയ്തു. ഉടന്‍ തന്നെ ശ്രീനിയ വിളിച്ചു. ടിക്കറ്റ് എടുക്കാനും അവധിയുടെ കാര്യങ്ങള്‍ക്കും എല്ലാം അവന്‍ തന്നെ കൂടെ വന്നു. ട്രയിന്‍ കയറുമ്പോള്‍ അവന്‍ ആശ്വസിപ്പിച്ചു 'പേടിക്കാനൊന്നുമുണ്ടാകില്ല നീ ധൈര്യമായി പോയിട്ടു വാ'.

അച്ഛന്‍ മരിക്കുമ്പോള്‍ തനിക്ക് 7 ഉം അനുജത്തിക്ക് 2 ഉം ആയിരുന്നു പ്രായം. അമ്മാവന്‍ ആണ് തറവാട്ടിലെ കാരണവര്‍. അദ്ധേഹത്തിന്റെ വാക്കിന് ആരും എതിര്‍വാക്ക് പറയാറില്ല. തറവാട്ടിലെ എല്ലാ കാര്യങ്ങള്‍ക്കും തീര്‍പ്പ് കല്‍പ്പിക്കുന്നത് അമ്മാവനാണ്. ഇപ്പോഴും നാട്ടിലെ പല പ്രശ്‌നങ്ങള്‍ക്കും ആള്‍ക്കാര്‍ സമീപിക്കുന്നത് അമ്മാവനെയാണ്. അതിര്‍ത്ഥി തര്‍ക്കമായാലും, അടിപിടി ആയാലും കല്ല്യാണം ആയാലും എല്ലാറ്റിനും അവിടെ ഒരു തീര്‍പ്പ് ഉണ്ടാകും. അമ്മാവന്‍ ഉമ്മറുത്തുള്ളപ്പോള്‍ ഞങ്ങള്‍ കുട്ടികള്‍ അങ്ങോട്ട് എത്തിനോക്കാന്‍ പോലും ഭയന്നിരുന്നു. എങ്കിലും കാഴ്ചയില്‍ സൗമ്യനും സുമുഖനും ആയിരുന്ന അമ്മാവന്‍ മറ്റുള്ളവരില്‍ നിന്നും വേറിട്ടു നിന്നിരുന്നു.

സ്‌റ്റേഷന്‍ ഇറങ്ങി കുറച്ച് ദൂരം പോകണം തറവാട്ടിലേക്ക്. കൂട്ടിക്കൊണ്ട് പോകുവാന്‍ ഡ്രൈവറെ കൂടാതെ നാണുവേട്ടനെ കൂടെ കണ്ടപ്പോള്‍ നെഞ്ചിടിപ്പിന് ആക്കം കൂടി. എന്തിനും ഏതിനും അമ്മാവന്റെ വലം കയ്യാണ് തറവാട്ടില്‍ നാണുവേട്ടന്‍... എന്നെ കണ്ടതും നാണുവേട്ടന്‍ ചിരിച്ചുകൊണ്ട് ഓടിവന്നു. 'വാ കുഞ്ഞെ, യാത്രയൊക്കെ സുഖമായിരുന്നോ' എന്ന കുശലാന്വേഷണവുമായി. 'എന്തു പറ്റി നാണുവേട്ടാ, തറവാട്ടില്‍ എന്തേലും കുഴപ്പമുണ്ടോ' എന്റെ ചോദ്യങ്ങള്‍ക്കെല്ലാം ഒരു ചിരിയില്‍ മറുപടി ഒതുക്കി നാണുവേട്ടന്‍. പെട്ടന്നുള്ള യാത്ര ആയതിനാല്‍ അധികം ലെഗേജും ഉണ്ടായിരുന്നില്ല. പുറകിലെ ഡോര്‍ തുറന്ന് കയറി. കാറ് നീങ്ങി തുടങ്ങി. പുറത്തെ കാഴ്ചകളിലേക്ക് നോക്കി നാണുവേട്ടനെക്കുറിച്ച് ഓര്‍ത്തു. ഒരു മാറ്റവുമില്ല ആളിന്. കാണുന്ന നാള്‍ മുതല്‍ അങ്ങനെ തന്നെ. തറവാട്ടിലെ കാര്യങ്ങള്‍ ഓടി നടന്ന് ചെയ്യും. അമ്മാവനിലേക്കുള്ള വഴി എന്നും നാണുവേട്ടന്‍ ആയിരുന്നു. ചിലപ്പോഴൊക്കെ നാണുവേട്ടനോട് അമ്മാവന്‍ ദേഷ്യപ്പെടുന്നതും കണ്ടിട്ടുണ്ട്. പാവം ഒന്നും മിണ്ടാതെ നിന്ന് കേള്‍ക്കും, എങ്കിലും എന്താവശ്യത്തിനും അമ്മാവന്റെ വായില്‍ ആദ്യം വരുന്ന പേര് നാണു എന്നായിരിക്കും.

അച്ഛന്റെ വീട്ടില്‍ നിന്നും തറവാട്ടിലേക്ക് അമ്മാവന്‍ കൂട്ടിക്കൊണ്ട് വന്നതിന് ശേഷം തിരിച്ച് അങ്ങോട്ടുള്ള യാത്ര വളരെ കുറവായിരുന്നു. സ്‌കൂള്‍ അവധിക്ക് ആരെങ്കിലും വന്ന് കൂട്ടിക്കൊണ്ട് പോകും, കുറേ കഴിഞ്ഞപ്പോള്‍ അതും നിലച്ചു. ഇപ്പോള്‍ അച്ഛന്റെ തറവാട് ചെറിയ ഓര്‍മ്മ മാത്രം. ഞങ്ങളുടെ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് അമ്മാവനാണ്. അമ്മയ്ക്ക് പ്രത്യേകിച്ച് ഒരു അഭിപ്രായവുമുണ്ടായിരുന്നില്ല. അച്ഛന്റെ മരണ ശേഷം പുറം ലോകവുമായി അമ്മ വ്ല്ല്യ ബന്ധം പുലര്‍ത്തിയിരുന്നില്ല. എന്തിനും അമ്മാവനോട്‌ചോദിക്കാന്‍ പറയും. അനന്തരവന്‍ മാരില്‍ തന്നോട് ഒരു പ്രത്യേക വാത്സല്യം അമ്മാവന് ഉണ്ടാിരുന്നു. Degree കഴിഞ്ഞ് Engineering നു പോകണം എന്നു പറഞ്ഞപ്പോള്‍ അമ്മ എതിര്‍ത്തു. ഇത്രയും കാലം അമ്മാവന്റെ കാരുണ്യത്തിലാമ് പഠിച്ചത് ഇനിയും അമ്മാവനെ ബുദ്ധിമുട്ടിക്കാതെ തറവാട്ടിലെ കാര്യങ്ങളില്‍ അമ്മാവനെ സഹായിക്കാന്‍ പറഞ്ഞു. പക്ഷെ അദ്ധേഹം സമ്മതിച്ചില്ല. എത്രത്തോളം പഠിക്കാമോ അത്രയും പഠിക്കാന്‍ പറഞ്ഞു. തറവാട്ടില്‍ ഒരു Engineer  ഉണ്ടാകുന്നതില്‍ അമ്മാവനും സന്തോഷം ആണെന്ന് തോന്നി. ഒരിക്കല്‍ മാത്രം അമ്മാവന്റെ മുഖം മ്ലാനമായി കണ്ടു. അത് തന്റെ പഠനം കഴിഞ്ഞ് ജോലിക്കായി തറവാട് വിട്ട് ഇറങ്ങാന്‍ നേരം യാത്ര അയക്കാന്‍ ഉമ്മറത്തേക്ക് പോലും ത്തെിയില്ല.

നാണുവേട്ടന്‍ അപ്പോഴും ഡ്രൈവറോട് എന്തൊക്കയോ പറഞ്ഞുകൊണ്ടിരുന്നു. പറമ്പിലെ തേങ്ങായുടെ കണക്കും, കുരുമുളകിന്റെ വില ഇടിഞ്ഞതും മറ്റെന്തൊക്കയോ... ചിന്തകള്‍ ഒരിടത്തും ഉറച്ച് നില്‍ക്കാതെ ഒന്നില്‍ നിന്നും ഒന്നിലേക്ക് തെന്നി നീങ്ങുന്നു. പെട്ടന്ന് അഖിയുടെ മുഖം മനസ്സിലേക്ക് തെളിഞ്ഞു വന്നു. 'നാട്ടിലേക്ക് പോകുന്നു അത്യാവശ്യമാണ്' എന്ന് മാത്രമേ അവളോട് പറഞ്ഞുള്ളു. അല്ലെങ്കില്‍ തന്നെ എന്തിനെന്ന് തനിക്കും അറിയില്ലല്ലോ. സ്‌റ്റേഷനിലേക്ക് വരാമെന്ന് പറഞ്ഞപ്പോള്‍ താനാണ് വിലക്കിയത്. ശ്രീനി ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ പിന്നെ ഒന്നും പറഞ്ഞില്ല. പാവം വളരെ വിഷമം ആയിക്കാണും. ഓഫീസിലേക്കുള്ള യാത്ര എന്നും ഒരുമിച്ചായിരുന്നു. യാത്രയിലെ പരിചയം സൗഹൃദവും, സൗഹൃദം പ്രണയവും ആയി മാറി. ഇപ്പോള്‍ ഒരു നിമിഷം പോലും കാണാതിരിക്കാന്‍ പറ്റാത്ത അവസ്ഥയിലായി കാര്യങ്ങള്‍.

അഖിയുടെ വീട് പാലക്കാടിനടുത്തുള്ള ഒരു കൊച്ചു ഗ്രാമത്തിലാണ്. അച്ഛനും അമ്മയ്ക്കും ഒരു മകള്‍. Parents  2 പേരും വിദേശത്ത്. നാട്ടില്‍ വല്ല്യച്ഛന്റെയും വല്ലയമ്മയുടെയും കൂടെ നിന്നാണ് പഠിച്ചതും വളര്‍ന്നതും. പൊതുവെ അടഞ്ഞ പ്രകൃതമാണ് അഖിയുടേത്. അധികം ആരോടും സംസാരിക്കാറില്ല. തന്നോട് തന്നെ ചിരിച്ചതും പരിചയം ഭാവിച്ചതും എത്ര നാളുകള്‍ക്ക് ശേഷമാണ്. അഖിയെ കുറിച്ച് ഓര്‍ക്കുമ്പോഴെല്ലാം മനസ്സില്‍ ഒരു തണുത്ത കാറ്റ് വീശുന്ന പ്രതീതിയാണ്. ട്രയിന്‍ ഇറങ്ങിയ ഉടന്‍ അവളെ വിളിക്കണമെന് പറഞ്ഞിരുന്നതാണ്. അതിനുള്ള സാഹചര്യം കിട്ടിയില്ല. ഇനി തറവാട്ടില്‍ ചെന്ന് കാര്യങ്ങള്‍ അറിഞ്ഞിട്ട് വിളിക്കാം സ്വയം ആശ്വസിച്ചു.

കാറ് വന്ന് മുറ്റത്ത് നിന്നത് അറിഞ്ഞില്ല. ഒന്നു മയങ്ങിപ്പോയോ എന്ന് തോന്നി. നാണുവേട്ടന്‍ വന്ന് തട്ടി വിളിച്ചപ്പോഴാണ് ഉണര്‍ന്നത്. മുറ്റത്തും തൊടിയിലും പറയത്തക്ക ആരവങ്ങളോ തിരക്കോ ഒന്നും കണ്ടില്ല. പുറം പണി ചെയ്യുന്നവരും , ഒന്നു രണ്ടു നാട്ടുകാരും മാത്രം. അമ്മാവനെ കാണാന്‍ വന്നതാണെന്ന് തോന്നുന്നു. അന്തിച്ച് നാണുവേട്ടനെ നോക്കി. ഒന്നും മിണ്ടാതെ നാണുവേട്ടന്‍ bag ഉം എടുത്ത് അകത്തേക്ക് നടന്നു. ഉമ്മറത്ത് ചാരുകസാലയില്‍ നിന്നും അമ്മാവന്‍ തലപൊന്തിച്ച് ഒന്ന് നോക്കി. വണ്ടി വന്ന ശബ്ദം കേട്ടതായിരിക്കണം അമ്മയും അനിയത്തിയും ഇറങ്ങി വന്നു. എന്നെ കണ്ടതും 'ഏട്ടാ' എന്നവിളിയോടെ അവള്‍ ഓടി വന്നു. എന്താടീ എന്തിനാ എന്നെ ഇത്ര ധൃതി പിടിച്ച് വരാന്‍ പറഞ്ഞത് ഞാന്‍ ചോദിച്ചു. 'വാ എല്ലാം പറയാം' എന്ന് പറഞ്ഞ് കൈയ്യും പിടിച്ച് അവള്‍ അകത്തേക്ക് നടന്നു.

വന്നവരെ യാത്രയാക്കി അമ്മാവനും അകത്തളത്തിലേക്ക് എത്തി.'യാത്രയൊക്കെ സുഖമായിരുന്നോ ഉണ്ണിയേ' അമ്മാവന്‍ ചോദിച്ചു. വ്യതയോടെ ഞാന്‍ നിന്നു. അനുജത്തിക്ക് കല്ല്യാണാലോചന പെണ്ണു കാണാന്‍ ആള്‍ക്കാര്‍ വരുന്നു. ഈ തറവാടു പോലെ തന്നെ പേരു കേട്ട തറവാട്ടുകാരാണ് ചെറുക്കന്‍ കോളേജ് അധ്യാപകനാണ്.ജോലിക്ക് കയറിയിട്ട് അധികം ആയില്ല. ഇതിന്റെ കൂടെ തന്െ നിന്റെയും നടത്തണം ആലോചനകള്‍ വരുന്നുണ്ട്. അഖിയുടെ മുഖം ഉള്ളില്‍ ഒന്നു മിന്നി മറഞ്ഞു. അമ്മാവനോട് ഇതുവരെ ഒന്നും എതിര്‍ പറഞ്ഞിട്ടില്ല. നാണുവേട്ടനോട് സംസാരിച്ച് കാര്യം അമ്മാവനെ ധരിപ്പിച്ച് എല്ലാം ശരിയാക്കാം എന്നൊക്കെ വിചാരിച്ചതാണ്. എല്ലാം വ്യഥാവിലാകുമല്ലോ. ആദ്യം അനിയത്തിയുടേതാകട്ടെ പിന്നീടാകാം എനിക്ക് എന്ന് ഒരു വിധം പറഞ്ഞൊപ്പിച്ചു. തലയുയര്‍ത്തി ഒന്നു നോക്കിയിട്ട് അമ്മാവന്‍ തിരിഞ്ഞു നടന്നു. അമ്മ കണ്ണുമുഴപ്പിക്കുന്നത് കണ്ടില്ലെന്ന് നടിച്ചു.

അനിയത്തിക്ക് കല്ല്യാണാലോചന! എന്തു പെട്ടന്നാണ് കാലങ്ങള്‍ കടന്നു പോയത്. തന്റെ വിരല്‍ത്തുമ്പും പിടിച്ച് തൊടിയിലും, പാടത്തും പൂക്കള്‍ പറിക്കാനും, തുമ്പിയെ പിടിക്കാനും ഓണത്തിന് ഊഞ്ഞാലില്‍ ചില്ലാട്ടം ആടാനുമെല്ലാം അനിയേട്ടാ അനിയേട്ടാ എന്നുംം വിളിച്ച് പിറകെ നടന്നിരുന്ന കുട്ടിയാണ് ഇപ്പോള്‍ കല്ല്യാണ പ്രായമായിരിക്കുന്നു. അനിയത്തിയേം കൂട്ടി മുറിയിലേക്ക് നടന്നു. എന്നത്തേയും അവള്‍ ബാഗ് പരിശോദന തുടങ്ങി. പെട്ടന്നുള്ള യാത്രയായതിനാല്‍ അവള്‍ക്ക് ഒന്നും മേടിക്കാന്‍ കഴിഞ്ഞില്ല. മുഖവും ചുവപ്പിച്ച് ചാടി തുള്ളി അവള്‍ പോയി. പുറകെ അമ്മ കയറി വന്ന് കട്ടിലില്‍ അരികത്തായി ഇരുന്നു. കുറേ നേരം കൈയ്യില്‍ മുറുകെ പിടിച്ച് കവിളില്‍ ഒന്ന് തലോടി അമ്മയും പോയി. അമ്മയുടെ കണ്ണു നിറഞ്ഞിരുന്നത് സാരിത്തലപ്പുകൊണ്ട് ഒപ്പുന്നത് കണ്ടു. എന്ന് അവധിക്കു വന്നാലും അമ്മ ഇങ്ങനെയാണ്. ഒന്നും ചോദിക്കുകയോ, പറയുകയോ ഇല്ല. കുറച്ച് നേരം അടുത്തിരുന്നിട്ട് കണ്ണ് നിറഞ്ഞ് ഇറങ്ങിപ്പോകും. എന്തിനാണെന്ന് ഇതുവരെ തനിക്കും മനസ്സിലായിട്ടില്ല.

ഡ്രസ് മാറി തൊടിയിലേക്ക് ഇറങ്ങി. നാണുവേട്ടന്‍ പറമ്പില്‍ ജോലിക്കാരുമായി എന്തൊക്കെയോ പറഞ്ഞുകൊണ്ടിരിക്കുന്നു. ഇതാണോ പറ്റിയ സമയം, ഏതായാലും ചെന്നു നോക്കാം. താന്‍ വരുന്നത് കണ്ടാവണം നാണുവേട്ടന്‍ അടുത്തേക്ക് വന്നു. എന്താ കുഞ്ഞേ ഞാന്‍ സ്‌റ്റേഷനില്‍ വന്നതാണോ, പട്ടണത്തില്‍ വരേണ്ട കാര്യമുണ്ടായിരുന്നു.അതുകൊണ്ട് ഞാന്‍ തന്നെ വന്നു എന്നേ ഉള്ളൂ. ഞാന്‍ പറഞ്ഞു അതൊന്നുമല്ല നാണുവേട്ടാ കല്ല്യാണത്തെക്കുറിച്ച് അമ്മാവന്‍ പറയുന്നു. എന്റെയും അനിയത്തിയുടെം ഒരുമിച്ച് നടത്തണം എന്നാണത്രെ. എനിക്ക് ഇപ്പോള്‍ വിവാഹം വേണ്ട. അത് അമ്മാവനോട് നാണുവേട്ടന്‍ തന്നെ പറയണം. എന്നെ ഒരു ചിരിയോടെ നോക്കിയിട്ട് അപ്പോളടര്‍ത്തിയ ഒരു നാളികേരം കുലുക്കിനോക്കി തെങ്ങിലിരിക്കുന്ന കേശവനോടായി നാണുവേട്ടന്‍ പറഞ്ഞു 'കുറച്ചൂടി മൂപ്പ് കൂടിയത് ഇടൂ കേശവാ'. തന്റെ മനസ്സ് വായിച്ച പോലെ നാണുവേട്ടന്‍ ചോദിച്ചു 'കുഞ്ഞിന് ആരോടെങ്കിലും സ്‌നേഹമുണ്ടോ' ഒന്നും മിണ്ടാതെ ഞാന്‍ തല കുമ്പിട്ടു നിന്നു. 'ഉണ്ടെങ്കില്‍ പറഞ്ഞോ ഞാന്‍ അങ്ങുന്നോട് അറിയിക്കാം, അങ്ങുന്നിനും ജോലി കുറഞ്ഞിരിക്കുമല്ലോ'. ഇനി കാത്തിരിക്കുന്നതില്‍ അര്‍ത്ഥമില്ല നാണുവേട്ടനോട് എല്ലാം പറഞ്ഞു.അഖിയെ കുറിച്ചും വീട്ടുകാാരെ കുറിച്ചും, അഖിയുടെ ജോലിയെകുറിച്ചും, തമ്മില്‍ ഇശ്ടത്തിലായതും എല്ലാം കേട്ടതിനു ശേഷം ഒന്നും മിണ്ടാതെ നാണുവേട്ടന്‍ ഉമ്മറത്തേക്ക് പോയി.

കുറച്ച് നേരം കൂടി പറമ്പില്‍ തന്നെ കഴിച്ചു കൂട്ടി, അനിയത്തി വന്നു വിളിച്ചു.'അമ്മാവന്‍ പറഞ്ഞു കൂട്ടിക്കൊണ്ടുവരാന്‍'  നെഞ്ചില്‍ പെരുമ്പറ മുഴങ്ങി. എന്താവും അമ്മാവന്റെ പ്രതികരണം എന്നോര്‍ത്തു ഉമ്മറത്തേക്ക് ചെന്നു. അനിയത്തിയോട് പൊയ്‌ക്കൊള്ളാനും പറഞ്ഞു. ഞാന്‍ അകത്തേക്ക് കയറി. അമ്മാവനോടൊപ്പം നാണുവേട്ടനുമുണ്ട്. 
'നാണു ഉണ്ണിയുടെ ചില കാര്യങ്ങള്‍ പറഞ്ഞു ശരിയാണോ? 
ഈ തറവാടിന് ചേരുന്ന ബന്ധമായിരിക്കണം എനിക്ക് മറ്റ് എതിര്‍പ്പുകള# ഒന്നുമില്ല. നിങ്ങള്‍ ഒരുമിച്ച് ജോലി ചെയ്യുന്നവരല്ലേ, നമുക്ക് വേണ്ടതുപോലെ ആലോചിക്കാം' അമ്മാവന്‍ പറഞ്ഞു നിര്‍ത്തി. മനസ്സില്‍ ഒരായിരം പൂത്തിരികള്‍ വിരിഞ്ഞപോലെ തോന്നി. അമ്മാവെ കെട്ടിപ്പിടിച്ച് ഒരുമ്മകൊടുക്കാനും. പക്ഷെ അത്രയും സ്വാതന്ത്രം ഇല്ലാത്തതുകൊണ്ട് അതിന് മുതിര്‍ന്നില്ല.

പിറ്റേന്ന് തന്നെ അനിയത്തിയെ കാണാന്‍ ആള്‍ക്കാറെത്തി. ഒരു കോളേജ് അദ്ധ്യാപകന് വേണ്ടുന്ന അടക്കവുംഒതുക്കവും. എല്ലാവര്‍ക്കും ചെറുക്കനെ ഇഷ്ടമായി. അനിയത്തിക്കും. മൂന്ന് മാസത്തിന് ശേഷം കല്ല്യാണം. എല്ലാവര്‍ക്കും സമ്മതം തനിക്കും ചെന്നിട്ട് അവധി ശരിയാക്കി വരാന്‍ സമയമുണ്ട്. അതിനിടക്ക് അഖിയുടെ വീട്ടുകാരോടും സംസാരിക്കാന്‍ പറ്റും.എല്ലാം മംഗളമായി അവസാനിച്ചിരിക്കുന്നു. പേടിക്കാനായിട്ട് ഒന്നുമില്ല. ആഗ്രഹിച്ച പോലെ തന്നെ അഖിയുമായിച്ചുള്ള വിവാഹത്തിന് തറവാട്ടില്‍ എതിര്‍പ്പുമില്ല. നിറഞ്ഞ മനസ്സോടും അതിലേറെ സന്തോഷത്തോടും കൂടെ തിരിച്ച് ജോസിസ്ഥലത്തേക്ക്... അഖിയുടെ അടുത്തേയ്ക്ക്...


റോബിന്‍ കൈതപ്പറമ്പ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക