Image

പളനിസാമിയും പിന്നെ പന്ത്രണ്ടുപേരും!(അനില്‍ പെണ്ണുക്കര )

Published on 18 February, 2017
പളനിസാമിയും പിന്നെ പന്ത്രണ്ടുപേരും!(അനില്‍ പെണ്ണുക്കര )
തമിഴ്‌നാട് നിയമസഭയില്‍ നാടകീയരംഗങ്ങളെന്ന് മാധ്യമങ്ങള്‍. എതിരാളികളെയെല്ലാം ഓടിച്ചുവിട്ടിട്ട് അന്ത ശശികലമ്മാവുക്കു തിരുമകന്‍ മുഖ്യനായി മൂടുറപ്പിച്ചു. പന്ത്രണ്ടു കുന്ത്രാണ്ടങ്ങള്‍ ആഞ്ഞുവലിച്ചിട്ടും ങുഹും, ഇളക്കം തരിമ്പില്ല... ചെറുപ്പത്തില്‍ കുഞ്ഞാളിത്തള്ള പാടത്തുനിന്നു പാടി കേട്ടിട്ടുള്ള പാട്ട് ഓര്‍മ്മവരുന്നു. ഇത്തിരി വികൃതിത്തരമുണ്ടെങ്കിലും വെറുതെ ഒന്നു പാടാം.
''കന്നാലിപിള്ളേരു വടിയിട്ടു തടുത്തു
എന്നിട്ടും മളി തെക്കോട്ട്...
കോട്ടേല്‍ ചാത്താവു കണയിട്ടു തടുത്തു
എന്നിട്ടും അമ്മളി തെക്കോട്ട്...''

സ്പീക്കറും വിപ്പും കൂവത്തൂരിലെ പിണ്ണാക്കും കഴിച്ചകൊഴുത്ത എം എല്‍ എമാരും ഉണ്ടെങ്കില്‍ ഏതു ശെല്‍വും ചെല്ലം... തുപ്പച്ചെല്ലം. ശശികലയും കുടിയും പിന്നെ ജയലളിത അമ്മയുടെ പണവും ഉണ്ടെങ്കില്‍ അന്ത വിപ്പല്ല ഏതു തിരുടനും ഉള്ളത്തെ അള്ളിക്കൊടുക്കും... ജയലളിത ജീവിച്ചിരുന്ന കാലത്തെല്ലാം അവരുടെ വിശ്വസ്തനായ പകരക്കാരനായിരുന്നു പനീര്‍ശെല്‍വം. അന്നും ഇന്ത ശശികല കൂടെ ഉണ്ടായിരുന്നു. അവരെ എം എല്‍ എ ആക്കാനോ മത്സരിപ്പിക്കാനോ മുഖ്യ ആക്കാനോ ആയമ്മ ശ്രമിച്ചിരുന്നില്ല. അപ്പോഴെല്ലാം ശെല്‍വമായിരുന്നു മുഖ്യനായത്. കാര്യം അവര്‍ക്കറിയമായിരുന്നു അന്ത പെരിയ തിരുട്ടുകലയെപ്പറ്റി. എന്തിനു തനിക്കുപോലും ജയിലേക്കുള്ളവഴി തെളിച്ചുതന്ന കല ജയയ്ക്കു വാരിക്കുഴി ഒരുക്കി കാത്തിരുന്ന മിടുക്കിയാണ്.
കലയുടെ പിന്നില്‍ വന്‍തോക്കുകള്‍ ഉണ്ട്. അവര്‍ വെറുമൊരു തോഴിയല്ല. പയറ്റു പഠിച്ചവള്‍ തന്നെയാണ്. അവരുടെ വാക്കുകളും ശരീരഭാഷയും അതു വ്യക്തമാക്കിത്തരുന്നുണ്ട്.

പനീര്‍ശെല്‍വം ആദ്യമേ പിഴച്ചു. ശശികലയ്ക്കും കൂട്ടര്‍ക്കും മോഹവും കരുത്തും നല്കിയിട്ടാണ് അദ്ദേഹം പിന്നീട് ഗോദയിലേക്കുവന്നത്. അപ്പോഴോക്കും തിരുട്ടുത്തള്ള കട്ടുമുടിച്ചുണ്ടാക്കിയ പണവും പിണ്ണാക്കും കൂവത്തൂരില്‍ യഥേഷ്ടം വിഭവങ്ങളായി എത്തിക്കഴിഞ്ഞിരുന്നു. പിണ്ണാക്കിതീനികളെ മുന്‍കൂട്ടി കല സ്ഥാനാര്‍ത്ഥികളാക്കി എം എല്‍ എമാരാക്കിയിരുന്നു. അപ്പോള്‍ കല കണക്കുകൂട്ടിത്തന്നെയാണ് കളിച്ചിരുന്നത്. അത് പാവം അമ്മ അറിഞ്ഞിരുന്നില്ലേ? തന്നെ പുറത്താക്കിയ ജയലളിതയോട് എന്തായാലും ശശികളയ്ക്ക് ഇശി വൈരാഗ്യമുണ്ടാവുമല്ലോ. ജയലളിത അബോധാവസ്ഥയില്‍ തോഴി ശരിക്കും ശക്തയായി. നിധികാക്കുന്ന ഭൂതത്തെപോലെ അവര്‍ കരുതലോടെ നിന്നു. പുറത്തു ചരടുവലിക്കാനും കരുക്കള്‍നീക്കാനും തല്പരകക്ഷികളുമുണ്ടായിരുന്നു.

കൂവത്തൂരില്‍ കണ്ടത് ശ്രദ്ധാപൂര്‍വ്വമായ നീക്കമാണ്. നിയമസഭയില്‍ കണ്ടത് ഇതിന്റെയെല്ലാം ക്ലൈമാക്‌സാണ്. ഈ മുന്നൊരുക്കങ്ങളൊന്നും പനീര്‍ശെല്‍വത്തിന് ഇല്ലാതെപോയി. അദ്ദേഹത്തിലെ വിധേയന്‍ ജയലളിതയെപോലെ ശശികലയേയും ആദ്യം അനുസരിച്ചു. നിയമസഭയില്‍ ഇന്നു നടന്നത് തികച്ചും അഴിമതിയാണ്. പണത്തിന്റേ ഭൂരിപക്ഷവും പണാധിപത്യവുമാണ്. ഇതൊരു വിശ്വാസവോട്ടെടുപ്പാണോ? പ്രതിപക്ഷത്തെമുഴുവന്‍ പുറത്താക്കിയശേഷം വോട്ടെടുപ്പു നടത്തി ശക്തിതെളിക്കുന്നത് ന്യായമാണോ? ഇതിനു ഗവര്‍ണര്‍ക്കു മരുന്നൊന്നുമില്ലേ? ഈ വിശ്വാസവോട്ടെടുപ്പോടെ ഒരു കാര്യം മനസ്സിലാക്കാം. തമിഴ്‌നാട്ടിലെ എംഎല്‍എമാരില്‍ നട്ടെല്ലുള്ള പന്ത്രണ്ടുപേര്‍ ഉണ്ടെന്ന്, അവിടെ ജനാധിപത്യത്തിനും കീഴ് വഴക്കളും ഒന്നുമില്ല, ശശികലയ്ക്കുവേണ്ടി
വിടുപണിയെയ്യുന്ന കുറെ എംഎല്‍എമാരും സ്പീക്കറുമാണ് ഉള്ളത്. എഡിഎംകെയിലെ പിണക്കം അഴിമതിക്കും കൈക്കൂക്കിനും പണാധിപത്യത്തിനും എതിരെയുള്ള സമരമാണ്. ഒരിക്കലും ആരും പ്രതീക്ഷിച്ചതല്ല ഈ ഭിന്നസ്വരം. കോടതിപോലും അഴിമതിക്കാരിയായി കണ്ട് കാരാഗ്രഹത്തിലേക്കു പറഞ്ഞുവിട്ട ഒരു സ്ത്രീയ്ക്കുവേണ്ടി നിയമസഭയെ അവഹേളിക്കുന്ന നീക്കങ്ങള്‍ നമ്മുടെ ജനാധിപത്യ സംവിധാനത്തെ എവിടെ കൊണ്ടെത്തിക്കും എന്നു ഭയപ്പെടുത്തുന്നു.

അഴിമഴിക്കാര്‍ക്കും ജനങ്ങള്‍ക്കുവേണ്ടാത്തവരെയും പണംകൊണ്ടും കൈയ്യുക്കുകൊണ്ടും അധികാരികളാക്കുന്ന ഈ രീതിക്കാണോ ജനാധിപത്യമെന്നു പറയുന്നത്?

ഏതായാലും ശശികല കാരാഗ്രഹത്തിലും പളനിസാമി കസേരയിലും ഇരിപ്പ് ഉറപ്പിച്ചു. പനീര്‍ശെല്‍വം അമ്മയുടെ വിശ്വസ്തനായിരുന്നതുകൊണ്ടു കാര്യമില്ല. ശശികലയ്ക്കു പ്രിയപ്പെട്ടവനാകാനുള്ള ഭാഗ്യവും യോഗ്യതയും പാവം ശെല്‍വത്തിനില്ല. കൗരവസഭയില്‍ പാണ്ഡവര്‍ക്ക് ഈ പന്ത്രണ്ടുപേര്‍ക്ക്
എന്തു പ്രസക്തി.
പളനിസാമിയും പിന്നെ പന്ത്രണ്ടുപേരും!(അനില്‍ പെണ്ണുക്കര )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക