Image

എനിക്ക് പറയാനുള്ളത് നിങ്ങള്‍ ആണുങ്ങളോടാണ്; ദുല്‍ഖര്‍

Published on 19 February, 2017
എനിക്ക് പറയാനുള്ളത് നിങ്ങള്‍ ആണുങ്ങളോടാണ്; ദുല്‍ഖര്‍


യുവനടി പീഡനത്തിന് ഇരയായ സംഭവത്തില്‍ പ്രതികരണവുമായി ദുല്‍ഖര്‍ സല്‍മാന്‍. സംഭവം തന്നെ വളരെയധികം ഭയപ്പെടുത്തുന്നുവെന്നും ഇരയുടെ നേര്‍ക്കുള്ള ബഹുമാനംകൊണ്ടാണ് താന്‍ ഇതുവരെ പ്രതികരിക്കാതിരുന്നതെന്നും ദുല്‍ഖര്‍ പറയുന്നു. തന്‌റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ദുല്‍ഖറിന്‌റെ പ്രതികരണം.

ദുല്‍ഖറിന്റെ കുറിപ്പ്

‘ഈ സംഭവത്തെക്കുറിച്ച് ഇന്നലെ സംസാരിക്കാന്‍ തോന്നിയില്ല. ഇരയുടെ നേര്‍ക്കുള്ള ബഹുമാനം കൊണ്ടായിരുന്നു അത്. അല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ എന്തെങ്കിലും പോസ്റ്റ് ചെയ്യുക എളുപ്പമല്ലേ? പക്ഷേ ഇത്തരം കാര്യങ്ങള്‍ നിങ്ങള്‍ക്കും സംഭവിച്ചേക്കാം എന്നത് എന്നെ ഭയപ്പെടുത്തുന്നു. എന്നെ അങ്ങേയറ്റം പേടിപ്പെടുത്തുന്നു. എന്റെ നാടിനെക്കുറിച്ച് ഞാന്‍ അഭിമാനിച്ചിരുന്നു. ഇവിടം എത്ര സുരക്ഷിതമാണെന്നതിലും, സ്ത്രീകളെ നമ്മള്‍ എങ്ങനെ ബഹുമാനിക്കുന്നു എന്നതിലും. പക്ഷേ ഇന്നലെ ആ ധാരണകളെല്ലാം തകര്‍ന്നു. ഉപദ്രവിക്കപ്പെട്ടത് മറ്റാരുടെയോ മകളാണ്. മറ്റാരുടെയോ സഹോദരി, മറ്റാരുടെയോ കുടുംബാംഗം, നമ്മള്‍ സിനിമാപ്രേമികളെ സംബന്ധിച്ച് അനേകം മനോഹര കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്ന ഒരുവള്‍. കൃത്യത്തിലേര്‍പ്പെട്ട നട്ടെല്ലില്ലാത്ത കുറ്റവാളികളെ കേരള പൊലീസ് പിടികൂടുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. വ്യക്തിപരമായും സിനിമാ മേഖലയുടെ പേരിലും എനിക്ക് പുരുഷന്മാരോട് ഒരു അഭ്യര്‍ഥനയുണ്ട്. ചെറുപ്പക്കാരോടും മുതിര്‍ന്നവരോടും.. ജാഗ്രതയുള്ളവരായിരിക്കാനാണ് അത്. സ്ത്രീകളെ ബഹുമാനിക്കാനും സംരക്ഷിക്കാനുമുള്ള ഉത്തരവാദിത്തത്തിന്റെ പകുതി നമുക്കാണ്..’
ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി സിനിമാമേഖലയില്‍ നിന്ന് ഒട്ടേറെപ്പേര്‍ രംഗത്തെത്തിയിരുന്നു. തങ്ങളുടെ പ്രിയ സഹപ്രവര്‍ത്തക നടുറോഡില്‍ യാത്രയ്ക്കിടെ ആക്രമിക്കപ്പെട്ടതിന്റെ ഞെട്ടലിലാണ് സിനിമാലോകം. സംഭവത്തില്‍ പ്രതികളായ രണ്ടുപേര്‍ ഇന്ന് കോയമ്പത്തൂരില്‍നിന്ന് അറസ്റ്റിലായിരുന്നു. ഗുണ്ടാസംഘാംഗമായ വടിവാള്‍ സലിം, കണ്ണൂര്‍ സ്വദേശി പ്രദീപ് എന്നിവരാണ് ഇന്ന് പൊലീസ് പിടിയിലായത്. ആകെ ആറ് പ്രതികളില്‍ ഇനി മൂന്നുപേര്‍ അറസ്റ്റിലാവാനുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക