Image

ശശികലയുടെ ഭര്‍ത്താവ്‌ എന്‍ നടരാജനെതിരായ കാര്‍ ഇറക്കുമതികേസ്‌: അന്തിമവാദം 27ന്‌

Published on 20 February, 2017
ശശികലയുടെ ഭര്‍ത്താവ്‌   എന്‍ നടരാജനെതിരായ  കാര്‍ ഇറക്കുമതികേസ്‌: അന്തിമവാദം 27ന്‌


ചെന്നൈ : തടവില്‍ കഴിയുന്ന എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയുടെ ഭര്‍ത്താവ്‌ എന്‍ നടരാജനെതിരായ സിബിഐ കേസ്‌ വീണ്ടും സജീവമാകുന്നു. 1994ല്‍ ആഡംബര ലക്‌സസ്‌ കാര്‍ ഇറക്കുമതി ചെയ്‌തതുമായി ബന്ധപ്പെട്ടാണ്‌ കേസ്‌.

കേസില്‍ നടരാജന്‍ കുറ്റക്കാരനാണെന്ന്‌ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതി കണ്ടെത്തിയിരുന്നു. ഇതില്‍ നടരാജന്‍ നല്‍കിയ അപ്പീല്‍ കഴിഞ്ഞ അഞ്ച്‌ വര്‍ഷമായി മദ്രാസ്‌ ഹൈക്കോടതി പരിഗണിച്ചിരുന്നില്ല.

ജസ്റ്റിസ്‌ സഞ്‌ജയ്‌ കിഷന്‍ കൌള്‍ മദ്രാസ്‌ ഹൈക്കോടതി ചീഫ്‌ ജസ്റ്റിസായിരുന്ന കാലഘട്ടത്തില്‍ കേസില്‍ വാദം കേള്‍ക്കുന്നത്‌ വേഗത്തിലാക്കണമെന്ന്‌ സിബിഐ ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്‌ച നടരാജന്റെ അപ്പീല്‍ പരിഗണിച്ച കോടതി അന്തിമവാദം കേള്‍ക്കുന്നതിനായി കേസ്‌ ഫെബ്രുവരി 27ലേക്ക്‌ മാറ്റി.

ഉപയോഗിച്ച വാഹനമെന്ന പേരില്‍ 1994ല്‍ വിദേശത്ത്‌ നിന്ന്‌ 1993 മോഡല്‍ ലക്‌സ്സ്‌ കാര്‍ ഇറക്കുമതി ചെയ്‌തുവെന്നാണ്‌ കേസ്‌. ഇതിനെ തുടര്‍ന്ന്‌ നടരാജനും മറ്റ്‌ മൂന്ന്‌ പേര്‍ക്കുമെതിരെ സിബിഐയും എന്‍ഫോഴ്‌സ്‌മെന്റും പ്രത്യേക കേസുകള്‍ റജിസ്റ്റര്‍ ചെയ്യുകയായിരുന്നു. 

ഉപയോഗിച്ച വാഹനമാണെന്ന്‌ വരുത്തി തീര്‍ക്കാന്‍ പ്രതികള്‍ കൃത്രിമ രേഖകള്‍ ഉണ്ടാക്കിയിരുന്നു. ഇടപാടില്‍ ഒരു കോടിയോളം രൂപയുടെ നികുതി വെട്ടിപ്പ്‌ നടന്നതായും കേസില്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക