Image

ചങ്ങമ്പുഴയുടെ കൊച്ചുമകനു നേരെ ഗുണ്ടാ ആക്രമണം

Published on 20 February, 2017
ചങ്ങമ്പുഴയുടെ കൊച്ചുമകനു നേരെ ഗുണ്ടാ ആക്രമണം
കോട്ടയം: ചങ്ങമ്പുഴയുടെ കൊച്ചുമകനും പ്രഫസറുമായ ഹരികുമാറിന് ഗുണ്ടാ ആക്രമണം. എം.ജി. സര്‍വകലാശാല കാമ്പസിലെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് അസിസ്റ്റന്റ് പ്രഫസര്‍ ഹരികുമാര്‍ ചങ്ങമ്പുഴയാണു കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ കാമ്പസിനുള്ളില്‍ ഒരു സംഘത്തിന്റെ ക്രൂരമര്‍ദനത്തിനിരയായത്. വിദ്യാര്‍ഥികളെന്നു തോന്നിപ്പിക്കുന്ന മൂന്നു പേരാണ് അക്രമങ്ങള്‍ക്കു പിന്നില്‍.

സര്‍വകലാശാലായില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നാടകോത്സവം നടന്നിരുന്നു. പരിപാടിയുടെ മുഖ്യ ചുമതലക്കാരനും ഡയറക്ടര്‍ സ്റ്റുഡന്റ് സര്‍വീസുമായിരുന്നു പ്രഫ.ഹരികുമാര്‍. തലേന്നു തുടങ്ങിയ നാടകോത്സവത്തിന്റെ പരിപാടികളെല്ലാം അവസാനിച്ചത് പിറ്റേന്നു പുലര്‍ച്ചെയാണ്. നാടകോത്സവം നടന്ന പരീക്ഷാഭവനു സമീപത്തെ വേദിയില്‍ നിന്നു പുലര്‍ച്ചെ മൂന്നരയോടെ പ്രഫ. ഹരികുമാര്‍ തന്റെ വാഹനം പാര്‍ക്ക് ചെയ്തിരുന്ന എ.ഡി. ബ്‌ളോക്കിനു സമീപത്തേയ്ക്കു പോകുമ്പോഴായിരുന്നു സംഭവം. ഓടിയത്തെിയ മൂന്നു പേര്‍ പ്രഫ. ഹരികുമാറിനെ കാരണമൊന്നുമില്ലാതെ മര്‍ദിക്കുകയായിരുന്നു. ഹരികുമാറിനൊപ്പമുള്ള വിദ്യാര്‍ഥികള്‍ എത്തിയപ്പോഴേയ്ക്കും അക്രമികള്‍ രക്ഷപ്പെട്ടു. മര്‍ദനത്തില്‍ പരുക്കേറ്റ പ്രഫ. ഹരികുമാര്‍ ചികിത്സ തേടി. തുടര്‍ന്നു വൈസ് ചാന്‍സിലര്‍ക്കു പരാതിയും നല്‍കി.

അതേസമയം, എസ്.എഫ്.ഐ. പ്രവര്‍ത്തകരാണു സംഭവത്തിനു പിന്നിലെന്നു വലത് അനുകൂല അധ്യാപക സംഘടനകള്‍ ആരോപിച്ചു. യൂണിയന്‍ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അനാവശ്യമായി ഫണ്ട് ധൂര്‍ത്തടിക്കുന്നത് ചോദ്യം ചെയ്ത അധ്യാപകന്‍ ഇതുവരെ നടത്തിയ ഫണ്ട് വിനിയോഗത്തിന്റെ കണക്ക് ആവശ്യപ്പെട്ടതാണു മര്‍ദനത്തിനു പ്രേരിപ്പിച്ചതത്രേ. മര്‍ദനം സംബന്ധിച്ച് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ക്ക് രേഖാമൂലം പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ച് അധ്യാപക യൂണിയനുകള്‍ സര്‍വകലാശാലയില്‍ പ്രതിഷേധ പ്രകടനം നടത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക