Image

മലയാളം പറഞ്ഞാല്‍ മാനം കെടുത്തുന്ന മാതൃനാട് (എ.എസ് ശ്രീകുമാര്‍)

Published on 21 February, 2017
മലയാളം പറഞ്ഞാല്‍ മാനം കെടുത്തുന്ന മാതൃനാട് (എ.എസ് ശ്രീകുമാര്‍)
ലോക മാതൃഭാഷാ ദിനാചരണത്തില്‍ എല്ലാ ഭാഷക്കാര്‍ക്കുമൊപ്പം മലയാള ഭാഷയ്ക്കും അഭിമാനിക്കാന്‍ വകയുണ്ടോ എന്ന ചോദ്യത്തിന് പ്രസക്തിയുണ്ടോ എന്നറിയാന്‍ ഒരാഴ്ച മുമ്പ് തൊടുപുഴയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത ഈ വാര്‍ത്തയൊന്ന് വായിച്ചു നോക്കാം...
 
തൊടുപുഴ: ഇംഗ്ലീഷ് സംസാരിച്ചില്ലെന്നാരോപിച്ച് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ പുറത്ത് പേപ്പര്‍ ഒട്ടിച്ച് അധ്യാപിക അപമാനിച്ചു. തൊടുപുഴ വണ്ണപ്പുറം ജയറാണി സ്‌കൂളിലാണ് സംഭവം. ഈ സ്‌കൂളിലെ അധ്യാപിക അസ്സന്‍ ഇംഗ്ലീഷില്‍ എഴുതിയ പേപ്പര്‍ വിദ്യാര്‍ത്ഥിയുടെ ഷര്‍ട്ടിന് പിന്‍ഭാഗത്ത് ഒട്ടിക്കുകയായിരുന്നു. ''ഞാന്‍ അനുസരണയില്ലാത്തയാളാണ്...എല്ലായ്പ്പോഴും മലയാളമേ സംസാരിക്കൂ...'' എന്നാണ് പേപ്പറില്‍ ഇംഗ്ലീഷില്‍ എഴുതിയിരുന്നത്. ഈ പേപ്പറുമായി വിദ്യാര്‍ത്ഥി വീട്ടിലെത്തി. അച്ഛനോട് വിവരം പറഞ്ഞു. തുടര്‍ന്ന് രക്ഷിതാവ് വണ്ണപ്പുറം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇതിനു പിന്നാലെ പോലീസ് ജയറാണി സ്‌കൂളിലെത്തി സംഭവം ഒതുക്കിത്തീര്‍ക്കാനാണ് ശ്രമിച്ചത്. കുട്ടിയോട് അധ്യാപിക ക്ഷമ പറഞ്ഞ് പ്രശ്‌നം പരിഹരിക്കുമെന്ന് അറിയിച്ചതായി കാളിയാര്‍ പോലീസ് സ്റ്റേഷനിലെ അഡീഷണല്‍ എസ്.ഐ നാസര്‍ പറഞ്ഞു. എന്നാല്‍ സംഭവത്തില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.

നാഗാലാന്‍ഡ് സ്വദേശിനിയായ അധ്യാപികയാണ് ജയറാണി സ്‌കൂളില്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്നത്. വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുള്ള കളിയുടെ ഭാഗമായാണ് കുട്ടിയുടെ പുറത്ത് പേപ്പര്‍ ഒട്ടിച്ചതെന്നാണ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റോസിലിന്‍ പറയുന്നത്. ഇത് വീട്ടിലേക്ക് എത്തിയത് തെറ്റായിപ്പോയെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. വിദ്യാര്‍ത്ഥിയുടെ ബന്ധുക്കള്‍ പറയുന്ന ഏത് നടപടിയും അധ്യാപികയ്ക്കെതിരെ സ്വീകരിക്കാന്‍ തയാറെന്നും പ്രിന്‍സിപ്പല്‍ സമ്മതിക്കുന്നു. പരാതി ലഭിച്ചയുടന്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം അധ്യാപികയ്ക്കെതിരെ കേസെടുക്കാന്‍ പോലീസ് തയാറാകാത്തത് വിവാദമായിരുന്നു. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചാല്‍ പോലീസും പ്രതിക്കൂട്ടിലാകും. സംഭവത്തെക്കുറിച്ച് ഇടുക്കി ചൈല്‍ഡ് ലൈനും സ്പെഷ്യല്‍ ബ്രാഞ്ചും അന്വേഷണം തുടങ്ങി.
***
ഇതൊരിക്കലും ഒരു ഒറ്റപ്പെട്ട സംഭവമല്ല. മലയാളം സംസാരിച്ചാല്‍ നിര്‍ബന്ധപൂര്‍വം ടി.സി നല്‍കി പറഞ്ഞു വിടുന്ന സ്‌കൂളുകള്‍ കേരളത്തിലുണ്ട്. ഇംഗ്ലീഷില്‍ സംസാരിക്കാത്തതിന് വിദ്യാര്‍ഥിയെ കൊണ്ട് സ്‌കൂള്‍ വൃത്തിയാക്കിച്ചവരുമുണ്ട്. മലയാളം സംസാരിച്ചതിന്റെ പേരില്‍ പിഴ ഒടുക്കേണ്ടി വന്ന കുട്ടികളും നമ്മുടെയിടയിലുണ്ട്. ചിലയിടങ്ങളില്‍ കുട്ടികളുടെ കഴുത്തില്‍ 'മലയാളം പണ്ഡിറ്റ്' എന്ന ബോര്‍ഡ് എഴുതി തൂക്കി അവരെ അവഹേളിക്കുകയും ചെയ്തു. ആ പട്ടിക നീളുന്നു. വണ്ണപ്പുറം ജയറാണി സ്‌കൂളിലെ ആ പിഞ്ചു കുട്ടി ചെയ്ത അപരാധം മലയാളത്തില്‍ മാത്രം സംസാരിച്ചുവെന്നതാണ്. മലയാളം മാതൃഭാഷയായിട്ടുള്ള ഒരു സംസ്ഥാനത്താണ് മലയാള ഭാഷ ഇത്തരത്തില്‍ അപമാനിക്കപ്പെടുന്നത്. ദീര്‍ഘ കാലത്തെ കാത്തിരിപ്പിനൊടുവില്‍ 2013 മെയ് 23ന് മലയാളത്തിന് ശ്രേഷ്ഠ ഭാഷാ പദം ലഭിച്ചിരുന്നു. സംസ്‌കൃതം, തമിഴ്, കന്നഡ, തെലുങ്ക് എന്നീ ഭാഷകള്‍ക്ക് ശേഷം ശ്രേഷ്ഠ ഭാഷാ പദം ലഭിക്കുന്ന ഭാഷയാണ് മലയാളം. ഭാഷയുടെ വികസനത്തിന് 100 കോടിയോളം രൂപയുടെ കേന്ദ്ര സര്‍ക്കാര്‍ സഹായവും യു.ജി.സിയുടെ 'സെന്റര്‍ ഓഫ് എക്‌സലന്‍സ്' പദവിയും വിവധ സര്‍വകലാശാലകളില്‍ ചെയറുകളും അന്താരാഷ്ട്ര പുരസ്‌കാരങ്ങളും മലയാളത്തിന് ലഭിക്കുമെന്നതാണ് ശ്രേഷ്ഠ ഭാഷാ പദവിയുടെ നേട്ടമെന്നിരിക്കെ മലയാളം, വിദ്യാലയങ്ങളില്‍ ചില സങ്കുചിത മനസുള്ള അധ്യാപകരാല്‍ കളങ്കപ്പെടുന്നത് ഹൃദയഭേദകമാണ്.

നമ്മുടെ ഭാഷയ്ക്ക് ലഭിക്കുന്ന, മേല്‍പ്പറഞ്ഞ ഭൗതിക നേട്ടങ്ങള്‍ അവിടെ നില്‍ക്കട്ടെ. മലയാളികള്‍ക്ക് സ്വന്തം ഭാഷയോട് തികച്ചും വൈകാരികമായ ആത്മബന്ധമാണുള്ളത്. അമ്മയുടെ ഉദരത്തില്‍ നിന്നും പിറന്നുവീഴുന്ന കുഞ്ഞ്, അവ്യക്തമാണെങ്കിലും ആദ്യ കരച്ചിലിനോടൊപ്പം ഉച്ചരിക്കുന്ന വാക്ക് ''അമ്മേ...'' എന്നാണല്ലോ. അമ്മ സര്‍വം സഹയാണ്. പവിത്രമാണ് ആ പദം. ആ വാക്ക് ഉല്‍ക്കൊള്ളുന്ന ഭാഷ അത്രമേല്‍ മഹത്തരമാണ്...പരിപാവനമാണ്. മലയാളത്തെ അപമാനിക്കുന്നവര്‍ സ്വന്തം അമ്മയെത്തന്നെയാണ് അവഹേളിക്കുകയും കളങ്കപ്പെടുത്തുകയും ചെയ്യുന്നത്. ശ്രേഷ്ഠ ഭാഷയുടെ കിരീടം ചൂടിനില്‍ക്കുന്ന മലയാളത്തെ മലിനപ്പെടുത്തിയിരിക്കുകയാണ് വണ്ണപ്പുറത്തെ സ്‌കൂളിലെ അക്ഷര വെളിച്ചമില്ലാത്ത ആ അധ്യാപിക. വാസ്തവത്തില്‍ ആവര്‍ നല്ല അധ്യാപക സമൂഹത്തിന് തന്നെ അപമാനമാണ്...ദുശകുനമാണ്... 

ഇവിടെ നമ്മള്‍ ഇംഗ്ലീഷ് ഭാഷയെ ഒരിക്കലും തള്ളിപ്പറയുന്നില്ല. ആ വിശ്വഭാഷയെ നാം മതിയായി ആദരിക്കുന്നുണ്ട്. എന്നാല്‍ ഇംഗ്ലീഷില്‍ മാത്രം സംസാരിക്കാനും ആംഗലേയ ശൈലിയില്‍ ജീവിക്കാനും കഴിയുന്ന തലമുറയെ സൃഷ്ടിക്കാനുള്ള, ഒരുവിഭാഗം സ്വകാര്യസ്‌കൂളുകളുടെയും വലിയൊരുവിഭാഗം രക്ഷിതാക്കളുടെയും അത്യാഗ്രഹം ഒരിക്കലും ആശാസ്യകരമല്ല. എന്തിനാണ് ലോകമിന്ന് ലോക മാതൃഭാഷാ ദിനമായി ആചരിക്കുന്നത് എന്ന് ഈ ദിനത്തിലെങ്കിലും ഒന്ന് പരിശോധിക്കേണ്ടതുണ്ട്...ആത്മവിചിന്തനം നടത്തേണ്ടതുണ്ട്. 1999 നവംബറിലാണ് യുനസ്‌കോ ഫെബ്രുവരി 21 ലോകമാതൃഭാഷാ ദിനമായി പ്രഖ്യാപിച്ചത്. പലവിധ കാരണങ്ങളാല്‍ ലോകത്ത് ഓരോ 14 മിനിറ്റില്‍ ഒന്ന് എന്ന തോതില്‍ ഭാഷകള്‍ മരിക്കുന്നതായി പഠനങ്ങള്‍ പറയുന്നു. നിലവിലുള്ള ഏഴായിരത്തിലധികം സജീവ ഭാഷകളില്‍ പകുതിയിലധികം ഈ നൂറ്റാണ്ടോടെ മണ്‍മറയുമത്രേ. ഞെട്ടിക്കുന്ന ഈ ഭാഷാനാശം ലോകത്തെ സാസ്‌കാരിക പാരമ്പര്യങ്ങളുടെ വൈവിദ്ധ്യത്തെ ഇല്ലാതാക്കുകയും ലോകം അപകടകരമാംവിധം ഒറ്റപ്പെടുകയും ചെയ്യുമെന്നുമുള്ള ഭയമായിരിക്കണം ഭാഷാവൈവിധ്യത്തിന്റേയും അതുവഴി സാംസ്‌കാരിക വൈവിധ്യത്തിന്റേയും രക്ഷയ്ക്കായി മുന്നേറാന്‍ യുനസ്‌കോയെ പ്രേരിപ്പിച്ചത്.

ഭാഷാസംസ്‌കാരങ്ങളുടെ സംരക്ഷണത്തിന് ഐക്യരാഷ്ട്ര സഭ തിരഞ്ഞെടുത്ത ദിനാചരണത്തന് ഇന്ത്യയുമായി ബന്ധമുണ്ടെന്നറിയുക. വിഭജനത്തോടെ എന്നെന്നേയ്ക്കുമായി വേര്‍പെട്ട പാക്കിസ്ഥാനില്‍ കിഴക്കന്‍ പാക്കിസ്ഥാന്‍ എന്ന പേരിലറിയപ്പെട്ടതാണ് ബംഗ്ലാദേശ്. പാകിസ്താന്‍ അവിടെ ഭരണഭാഷയായി ഉറുദു അടിച്ചേല്‍പ്പിച്ചു. അങ്ങനെ ബംഗ്ലാ ഭാഷയും സംസ്‌കാരവും അവഗണിക്കപ്പെടുകയാണുണ്ടായത്. ധാക്കയിലെ ബംഗ്ലാ യൂണിവേഴ്സിറ്റിയിലും പരിസരത്തുമായി തടിച്ചുകൂടിയ പതിനായിരങ്ങള്‍ ബംഗ്ലാ ഭാഷക്കും സംസ്‌കാരത്തിനുമായി മുദ്രാവാക്യം മുഴക്കി. മതാധിനിവേശശക്തികള്‍ പ്രക്ഷോഭത്തെ തോക്കിന്‍ കുഴല്‍വഴി നേരിട്ടു. 1952 ഫെബ്രുവരി 21ന് കിഴക്കന്‍ പാകിസ്താന്റെ തലസ്ഥാനവീഥികള്‍ രക്തം വീണ് ചുവന്നു. ലോകചരിത്രത്തില്‍ ഇന്നേവരെ ഭാഷക്കും സംസ്‌കരത്തിനും വേണ്ടി നടന്നതില്‍ വച്ച് മഹത്തായ പ്രക്ഷോഭമായിരുന്നു അത്. സ്‌ഫോടനാത്മകമായ ആ പോരാട്ടത്തിന്റെ തുടര്‍ച്ചയായിരുന്നു ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യസമരവും. അടിച്ചമര്‍ത്തലിനെതിരെ ഉണര്‍ന്നെണീറ്റ മാതൃഭാഷയുടെ അതിജീവനവീര്യത്തിന്റെ ഓര്‍മ്മദിനമാണ് ലോകഭാഷാദിനാചരണത്തിന് യു.എന്‍ തിരഞ്ഞെടുത്ത ഫെബ്രുവരി 21.

ഒരു രാജ്യത്തിന്റെ സാംസ്‌കാരിക പങ്കാളിത്തവും ദേശസ്‌നേഹവും ഭാഷയില്‍ സമരസപ്പെട്ട് കണ്ടതിന്റെ അഖിലലോക മാതൃകയാണ് ബംഗ്ലാദേശ്. മാതൃഭാഷയ്ക്കായി ഒരു ജനസമൂഹത്തിന് രക്തസാക്ഷികളെ സൃഷ്ടിക്കേണ്ടിവന്നു എന്ന ചരിത്ര സത്യമാണ് ഈ ദിവസം തിരഞ്ഞെടുത്തതിനു പിന്നിലെ പ്രേരകശക്തി. യു.എന്‍ പ്രമേയം അംഗീകരിക്കുന്ന വേളയില്‍ ഇന്ത്യയ്‌ക്കൊപ്പം പാകിസ്താനും ഇതിനനുകൂലമായി കൈ ഉയര്‍ത്തിയെന്നതാണ് ക്രൂരമായ ചരിത്ര കൗതുകം.

ലോകം അറിയുന്ന ഭാഷ തന്നെയാണ് മലയാളം. മലയാളം ഒന്നാം ഭാഷയായി എല്ലാ വിദ്യാലയങ്ങളിലും പഠിപ്പിക്കുന്നത് നിര്‍ബന്ധമാക്കണമെന്നും മലയാളം ഭരണഭാഷയാക്കണമെന്നുമൊക്കെയുള്ള ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ട നാടാണ് കേരളം. പക്ഷേ, ഈ ഉത്തരവ് കാര്യക്ഷമമായി നടപ്പിലാക്കുന്നതില്‍ വിവിധ സര്‍ക്കാരുകള്‍ പരാജയപ്പെട്ടു. മാതൃഭാഷയെ അവഗണനയില്‍ നിന്ന് അവമതിപ്പിലേക്ക് എടുത്തിടുകയാണ് അധികാരികള്‍. മലയാളികള്‍ക്ക് മലയാളം അറിയില്ലെന്ന ദുരവസ്ഥയ്ക്ക് മാറ്റം വരുത്താനാണ് മലയാളത്തെ നിര്‍ബന്ധ പഠന വിഷയമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സ്വയം മലയാളം പഠിക്കുന്നില്ലെങ്കില്‍ നിര്‍ബന്ധമായി മലയാളം പഠിപ്പിക്കേണ്ട ഉത്തരവാദിത്വം അധികാരികള്‍ക്കുണ്ട്. ആ ഉത്തരവാദിത്വത്തില്‍ നിന്നാണ് സര്‍ക്കാരുകള്‍ വേഗത്തില്‍ ഒളിച്ചോടുന്നത്. ഇന്നിപ്പോള്‍ മലയാളത്തില്‍ സംസാരിച്ചതിന് ആക്ഷേപകരമായി ശരീരത്തില്‍ എഴുതിയൊട്ടിച്ച് കുട്ടിയെ അപമാനിച്ചു. നാളെയെന്താവുമെന്നറിയില്ല. 

ഓരോ നാടിനും ഓരോ ഭാഷയുണ്ട്. ആ ഭാഷ ആ നാടിന്റെ, സംസ്‌കാരത്തിന്റെ പ്രതിനിധിയാണ്. മാതൃഭാഷ മറക്കുമ്പോള്‍, അഥവാ മാതൃഭാഷയെ ഉപേക്ഷിച്ച് മറ്റു ഭാഷകള്‍ക്കു പിന്നാലെ പോകുമ്പോള്‍ നമ്മുടെ സംസ്‌കാരത്തെത്തന്നെയാണ് നാം അവഗണിക്കുന്നത്. നാം എന്താണ് എന്ന തിരിച്ചറിവ് അവിടെ നഷ്ടമാകുന്നു. പിറന്ന മണ്ണില്‍ നിന്നകന്ന് വേരുകള്‍ നഷ്ടപ്പെട്ടവരായി മാറുന്നു. ഏതായാലും, വണ്ണപ്പുറം സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിക്കുണ്ടായ അനുഭവം ഇനിയൊരു കുട്ടിക്കുമുണ്ടാകരുത്.  മഹാകവി വള്ളത്തോള്‍ നാരായണ മേനോന്റെ ഈ കവിതാ ശകലം നമുക്ക് മാപ്പിരക്കലിന്റെ ശബ്ദത്തില്‍ നൂറുവട്ടം ചൊല്ലി ഹൃദിസ്ഥമാക്കാം...

''മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍
മര്‍ത്യന്ന് പെറ്റമ്മ തന്‍ ഭാഷ താന്‍...''

ഇതിനര്‍ത്ഥം മറ്റുഭാഷകള്‍ പഠിക്കേണ്ടതില്ല എന്നല്ല. എത്രയധികം ഭാഷകള്‍ പഠിക്കുന്നുവോ അത്രയും നല്ലത്. അവയില്‍ ആശയ വിനിമയം നടത്താന്‍ കഴിയുന്നത് അതിലേറെ നല്ലത്. പക്ഷേ ഒരു കുഞ്ഞിന്റെ നൈസര്‍ഗ്ഗികമായ ഭാഷാ വളര്‍ച്ചയില്‍ മാതൃഭാഷയ്ക്കുള്ള സ്ഥാനം അംഗീകരിച്ചു കൊടുക്കണം, പ്രത്യേകിച്ച് ജന്‍മനാട്ടില്‍ നിന്നും വിട്ടുനില്‍ക്കുന്ന നമ്മള്‍ പ്രവാസികള്‍. നമ്മുടെ അനുഭവങ്ങള്‍ സ്വരുക്കൂട്ടുന്നത് മാതൃഭാഷയിലാണ്. ലോകമാതൃഭാഷാ ദിനമായ ഫെബ്രുവരി 21ന് എങ്കിലും നമ്മുടെ ചിന്തകള്‍ മാതൃഭാഷയിലൂന്നിയുള്ളതാവട്ടെ...

മലയാളം പറഞ്ഞാല്‍ മാനം കെടുത്തുന്ന മാതൃനാട് (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക