Image

തൃശൂര്‍ പൂരത്തിന്‌ മന്ത്രിസഭയുടെ അനുമതി

Published on 22 February, 2017
തൃശൂര്‍ പൂരത്തിന്‌ മന്ത്രിസഭയുടെ അനുമതി

തിരുവനന്തപുരം: തൃശൂര്‍ പൂരത്തിന്‌ വെടിക്കെട്ടുള്‍പ്പെടെയുളളവ മുന്‍വര്‍ഷത്തേതില്‍നിന്നും മാറ്റമില്ലാതെ നടത്താന്‍ മന്ത്രിസഭയുടെ അനുമതി. ഉത്സവത്തിനു മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇക്കാര്യങ്ങള്‍ കേന്ദ്രത്തെ അറിയിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്‌.

തൃശൂര്‍ പൂരത്തില്‍ ആചാരങ്ങള്‍ മുടങ്ങില്ലെന്നും വെടിക്കെട്ട്‌ ഉള്‍പ്പെടെയുളളവയ്‌ക്ക്‌ മുടക്കമുണ്ടാകില്ലെന്നും മന്ത്രിസഭായോഗം തീരുമാനിച്ചു. പൂരം വെടിക്കെട്ടിന്‌ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച്‌ കേരള ഫെസ്റ്റിവല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൃശൂര്‍ ജില്ലയില്‍ നാളെ ഹര്‍ത്താല്‍ ആചരിക്കാന്‍ തീരുമാനിച്ചിരുന്നു. 

ഹര്‍ത്താല്‍ ആഹ്വാനത്തെതുടര്‍ന്ന്‌ മന്ത്രി വി.എസ്‌. സുനില്‍കുമാര്‍ പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും പ്രശ്‌നം പരിഹരിക്കാനായിരുന്നില്ല.

ഉത്രാളിക്കാവ്‌ പൂരം, മച്ചാട്‌ മാമാങ്കം, തിരുവാണിക്കാവ്‌ വേല എന്നിവയ്‌ക്ക്‌ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ്‌ പ്രത്യക്ഷ സമരവുമായി കേരള ഫെസ്റ്റിവല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രംഗത്തിറങ്ങിയത്‌. ഉത്രാളിക്കാവ്‌ പൂരത്തിന്റെ വെടിക്കെട്ടിന്‌ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച്‌ ചൊവ്വാഴ്‌ച വടക്കാഞ്ചേരിയില്‍ ഏകദിന ഉപവാസം നടന്നിരുന്നു.

കൊല്ലം പുറ്റിങ്ങല്‍ അപകടത്തിന്റെ പശ്ചാത്തലത്തിലാണ്‌ രാത്രിയില്‍ ഉഗ്രശബ്ദത്തോടെ വെടിക്കെട്ട്‌ നടത്തുന്നത്‌ കഴിഞ്ഞ വര്‍ഷം ഹൈക്കോടതി നിരോധിച്ചത്‌. കോടതിവിധിയെ തുടര്‍ന്ന്‌ സാമ്പിള്‍ വെടിക്കെട്ട്‌ നടത്താനായി ദേവസ്വങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന്‌ ഉപാധികളോടെ ഹൈക്കോടതി കഴിഞ്ഞ വര്‍ഷം അനുമതി നല്‍കുകയായിരുന്നു.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക