Image

പീഡന പ്രചോദക മേളകള്‍. അഥവാ, അവാര്‍ഡ് രാത്രികള്‍. ( ആഭാസ രാത്രികള്‍.) -(ലേഖനം: ജയന്‍ വര്‍ഗീസ്)

ജയന്‍ വര്‍ഗീസ് Published on 22 February, 2017
പീഡന പ്രചോദക മേളകള്‍. അഥവാ, അവാര്‍ഡ് രാത്രികള്‍. ( ആഭാസ രാത്രികള്‍.) -(ലേഖനം: ജയന്‍ വര്‍ഗീസ്)
കേരളത്തിലെ മേജര്‍ സിറ്റികളിലൊന്നായ കൊച്ചിയില്‍, പ്രതിഭാ ശാലിയായ ഒരു കലാകാരി ആക്രമിക്കപ്പെടുകയും, അപമാനിക്കപ്പെടുകയും ചെയ്ത സംഭവം, ഈയിടെ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. അറിയപ്പെടുന്ന ഒരു അഭിനേത്രി എന്ന നിലയിലാവാം, കേരളീയ മനഃസാക്ഷിയില്‍ ഇത് വലിയ പ്രതികരണങ്ങള്‍ക്ക്  കാരണമായിത്തീര്‍ന്നു.

ഭാരതത്തിലെയും,കേരളത്തിലെയും അറിയപ്പെടാത്ത എത്രയോ സ്ഥലങ്ങളില്‍, തങ്ങളുടെ മൗനവേദനകള്‍ ഉള്ളിലൊതുക്കി നെടുവീര്‍പ്പിടുന്ന ആയിരങ്ങളുടെ ദുരന്തം, അവരുടെ ശവക്കുഴികളില്‍ അസ്തമിച്ച് അടങ്ങുകയാണെന്ന സത്യം, നമ്മുടെ പൊതുസമൂഹം ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാ എന്ന് തോന്നുന്നു.

അമേരിക്കയെയും,ചൈനയെയും കടത്തിവെട്ടി,കടത്തിവെട്ടി മുന്നോട്ട് കുതിക്കുന്ന മഹാഭാരതം, മറ്റെല്ലാ മേഖലകളെ അവഗണിച്ചാലും, ഒന്നാം സ്ഥാനത്തെത്തി നില്‍ക്കുന്ന ഒരു മേഖലയുണ്ട് ; അതാണ് സ്ത്രീപീഡന മേഖല. ഈ മേഖലയില്‍ ജീവിതം ഹോമിച്ച 'അമ്മ പെങ്ങള്‍  കുഞ്ഞു കുട്ടികള്‍ക്ക് അശ്രുപൂജകള്‍ അര്‍പ്പിച്ചു കൊണ്ട്, നമുക്ക് ചിന്തിക്കാം,എന്താണ് ഈ വൈകൃതത്തിനു കാരണം?

മഹാഭാരത സംസ്‌കാരം, വേദേതിഹാസ പൈതൃകം എന്നിങ്ങനെയുള്ള ക്‌ളീഷേ പാദങ്ങള്‍ ഉരുവിട്ട് കൊണ്ട്, നമ്മുടെ ആളുകള്‍ ഇങ്ങനെ പ്രതിരമിക്കുന്നതെന്താണ്? സാമൂഹിക ജീവിത തലങ്ങളിലെ ഏതെങ്കിലും ഇടങ്ങള്‍ അവരെ ഇതിനു പ്രേരിപ്പിക്കുന്നുണ്ടോ? സാമൂഹിക ശാസ്ത്രജ്ഞന്മാര്‍ക്ക് ഗവേഷണത്തിനായി ഈ വിഷയം വിട്ടുകൊണ്ട്, നമുക്ക് നമ്മുടെ ചെറു ദര്‍പ്പണത്തിലൂടെ ഒന്ന് പുറത്തേക്ക് നോക്കാം.

അപ്പോഴാണ്, നമുക്കിടയില്‍ പുതുതായി അവതരിച്ച ചില (പുരോഗമന) പ്രസ്ഥാനങ്ങള്‍ പ്രതിക്കൂട്ടിലാവുന്നത്. ബിഗ് സ്‌ക്രീന്‍ എന്നും, മിനി സ്‌ക്രീന്‍ എന്നും ഓമനപ്പേരിട്ട് നമ്മള്‍ നെഞ്ചേറ്റുന്ന സിനിമയും, ടെലിവിഷനുമാണത്. ദൃശ്യമാധ്യമ രംഗത്ത് ഈ സ്‌ക്രീനുകള്‍ വഹിച്ച വലിയ പങ്കിനെ ഇവിടെ വിസ്മരിക്കുന്നില്ല.

വന്പിച്ച സാമൂഹിക മാറ്റങ്ങള്‍ക്ക് പ്രചോദകമായിത്തീര്‍ന്ന അമൂല്യ കലാസൃഷ്ടികള്‍, പ്രതിഭാ ശാലികളായ സിനിമാ പ്രവര്‍ത്തകരിലൂടെ പുറത്തു വന്നു.ലോകത്താകമാനമുള്ള മനുഷ്യ പഥങ്ങളുടെ ജീവിത വ്യവസ്ഥകളില്‍ അവ സമൂലമായ പരിവര്‍ത്തനങ്ങള്‍ വരുത്തി. അറിവിന്റെ വലിയ വാതായനങ്ങള്‍ തങ്ങളുടെ ചെറിയ ഫ്രയിമിലൂടെ തുറന്നിട്ടതാണ്, ടെലിവിഷന്റെ സംഭാവന.

ക്രമേണ കച്ചവടക്കണ്ണുള്ള വന്‍കിട വ്യവസായികളുടെ കൈകളില്‍ ഇവ എത്തിപ്പെടുകയും,ലാഭം ഏറ്റവും മുകളില്‍ പ്രതിഷ്ഠിച്ചു കൊണ്ടുള്ള ഒരു പ്രവര്‍ത്തന രീതി നടപ്പിലാക്കുകയും ചെയ്തപ്പോളാണ്, കലയും, കലാമൂല്യങ്ങളും വില്‍പ്പനച്ചരക്കുകളായി തരം താണു പോയത്. സൂകര പ്രസവം പോലെ തുരുതുരാ പിറന്നു വീഴുന്ന തട്ടിക്കൂട്ട് സിനിമകള്‍ക്ക് മിക്കതിനും മുടക്കുമുതല്‍ പോലും തിരിച്ചു പിടിക്കാനാവുന്നില്ലെന്നാണറിവ്. കൂണ് പോലെ മുളച്ചു പൊന്തുന്ന ചാനല്‍ പ്രസ്ഥാനങ്ങള്‍ക്ക് പലതിനും തീറ്റക്കൂലി ഒക്കുന്നില്ലന്നാണ് സ്ഥിതിവിവരക്കണക്കുകള്‍.

ഈ പുത്തന്‍ സാഹചര്യത്തിലാണ്, വന്പന്‍ സ്രാവുകളെ വലവീശിപ്പിടിക്കുന്നതിനുള്ള പദ്ധതി രണ്ടുകൂട്ടരും ചേര്‍ന്ന് ആവിഷ്‌ക്കരിക്കുന്നതും, സ്‌പോണ്‍സര്‍ഷിപ്പ് എന്ന ഇരയില്‍ ഈ സ്രാവുകള്‍ കൊത്തിക്കുടുങ്ങുന്നതും.

ഇങ്ങിനെയാണ്, അവാര്‍ഡ് നിശകളും, താരനിശകളുമെക്കെ സംഘടിപ്പിക്കപ്പെടുന്നത്. ആദരിക്കപ്പെടേണ്ട പ്രതിഭാ ശാലികളെ അവാര്‍ഡുകള്‍ നല്‍കി അംഗീകരിക്കുന്നു. അത് ന്യായം. എന്നാല്‍, ഇതിന്റെ പേരില്‍ വിറ്റഴിക്കപ്പെടുന്ന സാംസ്‌ക്കാരിക തകര്‍ച്ചയും, ലൈംഗിക അരാജകത്വവും എത്ര വലുതാണ് എന്നതാണ് പ്രശ്‌നം.

പണമിറക്കിയ കൊന്പന്‍ സ്രാവുകള്‍ക്ക് വില്‍ക്കണം, അവരുടെ ചരക്കുകള്‍.വെറുതെയങ്ങു പറഞ്ഞാല്‍ ഈ വളവന്‍ മലയാളി ഒന്നും വാങ്ങില്ല. ബീവറേജ് ഔട്ട് ലറ്റുകളില്‍ നിന്ന് കള്ളടിച്ചു തൂങ്ങിയാണ് അവാണിരുപ്പ്. അവനെയൊന്ന് ഉണര്‍ത്തണമെങ്കില്‍ വേണം ശകലം വയാഗ്ര. 'ഖല 'യുടെ രൂപത്തിലുള്ള വയാഗ്രയാണ്, അവാര്‍ഡ് മാമാങ്കങ്ങള്‍.

അര്‍ഹരായവരെ വിളിച്ചു വരുത്തി അവാര്‍ഡും നല്‍കി പറഞ്ഞു വിട്ടാല്‍ മതി എന്നാണോ? മതിയാവും. പക്ഷെ, ഇതുകൊണ്ട് മേളകള്‍ കൊഴുക്കുമോ?പണമെറിഞ്ഞ കച്ചവടക്കാരന് അത് ഇരട്ടിച്ചു കിട്ടുമോ?  ദിവസങ്ങളിലെ കവറേജ് കൊണ്ട് ചാനലിന്റെ പോക്കറ്റില്‍ കോടാനുകോടികള്‍ വന്നടിയുമോ?

ഇതിനുള്ള ഉടന്‍കൊല്ലി ഒറ്റമൂലിയാണ് ഇനി വരുന്നത്. വെള്ളിത്തിരയുടെയും, സ്വര്‍ണ്ണത്തിരയുടെയും (ചാനല്‍) പാര്‍ശ്വവര്‍ത്തികളായ ഏവരെയും ക്ഷണിച്ചു വരുത്തും. നല്ല തൊലിവെളുപ്പുള്ളവര്‍ക്കും, മുഴുമുഴുപ്പുള്ളവര്‍ക്കും മുന്‍ഗണനയുണ്ട്. കറുത്ത തൊലിയുള്ളവര്‍ വളരേ വിരളം.( കേരളം മുഴുവന്‍ വെളുവെളുത്ത സായിപ്പന്മാരാണല്ലോ?)

മിക്ക താരങ്ങള്‍ക്കും അവാര്‍ഡുണ്ട്. അവാര്‍ഡ് വാങ്ങാന്‍ വെറുതെയങ്ങു വന്നിരുന്നാല്‍പ്പോരാ  ആടണം,പാടണം.ഇതൊന്നുമില്ലങ്കില്‍, കരളുന്ന കാട്ടെലി ക്യാമറാകള്‍ക്ക് കരളാന്‍ പരുവത്തില്‍ കുറെ പാല്‍മണ ക്ലോസപ്പുകള്‍ക്ക് പോസ് ചെയ്യണം.

പിന്നെ തുണി! തുണി മുകളില്‍ നിന്ന് താഴോട്ടും, താഴെ നിന്ന് മുകളിലോട്ടും വലിക്കണം.താഴത്തെ തുണി കേറ്റിക്കേറ്റി ജെട്ടിയുടെ തുന്പു വരെയാക്കാം. മുകളില്‍ നിന്ന് ഇറക്കിയിറക്കി കണ്ണുകളുടെ കറുപ്പ് വരെയാകാം.പക്ഷെ, കണ്ണ് കാണിക്കരുത്. കേരളത്തിലെ സദാചാര സംരക്ഷകരും
,സാംസ്‌ക്കാരിക വിപ്ലവക്കാരുമായ ചാനല് കാര്‍ക്കും ഉണ്ടല്ലോ ഒരു നിലവാരം ഒരു സ്റ്റാറ്റസ്?ക്യാമറകള്‍ കരളുകയാണ്. അടി മുതല്‍ മുടി വരെ.മടി മുതല്‍ ഒടി വരെ.

ചാനല്‍ ഉടമയുടെ വക ഒരു പ്രസംഗം. ലോകത്തുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമായിട്ടാണ് സ്വന്തം ചാനലിന്റെ നില്‍പ്പ് എന്നൊരു വീന്പ്. കാശുള്ളവര്‍ക്കും, പ്രവാസി അച്ചായന്മാര്‍ക്കും നന്ദി.

പിന്നെ അവാര്‍ഡ് വിതരണം. അവാര്‍ഡ് പ്രഖ്യാപിക്കാന്‍ ഒരു താരം.അത് നല്‍കാന്‍ മറ്റൊരു താരം. വാങ്ങാന്‍ വേറൊരു താരം. എരുമച്ചാപ്രകളിലെ വാവുകാല സംഗീതത്തിന്റെ താളത്തില്‍ അവതാരകരുടെ കമന്റുകള്‍.

പിന്നെ ഒരു കൊഴുപ്പിക്കല്‍. ഇളിപ്പ്, പാട്ട്,നൃത്തം എല്ലാമുണ്ട്. ഇളിപ്പും, പാട്ടുമൊന്നും പണ്ടത്തെപ്പോലെ അത്രക്കങ്ങു ഏശുന്നില്ല. പിന്നെ നൃത്തം. അത് ശരിക്കും ഏല്‍ക്കുന്നുണ്ട്. നൃത്തം ലൈംഗിക ഉത്തേജക മരുന്നാണെന്ന് പുരാണങ്ങള്‍ തന്നെ പറയുന്നുണ്ട്. മഹാ തപസ്വിയായ നമ്മുടെ വിശ്വാമിത്രന്‍ ഇളകിപ്പോയില്ലേ, മിസ് മേനകയുടെ നൃത്തം കണ്ടിട്ട്?  പെണ്ണ് പെറ്റിട്ടില്ലേ പെണ്‍കുഞ്ഞിനെ?ഐ  ടി പ്രൊഫഷനലുകളെപ്പോലെ തിരക്കുള്ള മേനകക്ക് നല്‍ക്കാന്‍ പറ്റുമോ? അവള്‍ പോയി. ശകുന്തം പക്ഷികള്‍ കാവല്‍ നിന്ന ചോരക്കുഞ്ഞിനെ വാരിയെടുത്തല്ലേ നമ്മുടെ കണ്വമഹര്‍ഷി, ശകുന്തള എന്ന് പേരിട്ട് വളര്‍ത്തിയതും, അമ്മയുടെ പാരന്പര്യം നിലനിര്‍ത്തി ദുഷ്യന്തനില്‍ നിന്ന് ഗര്‍ഭം ധരിച്ച ശകുന്തള, ഇല്ലാത്ത പൊല്ലാപ്പുകളില്‍ ഒക്കെ ചെന്ന് ചാടിയതും?

നമ്മുടെ പാവം പരമശിവന്‍?  നൃത്തം കണ്ടാല്‍ ആള് ഇളകിപ്പോകും. പാര്‍വതിയുടെ തപോ നൃത്തത്തിന് മുന്നില്‍ ഇളകിയില്ലേ കക്ഷി? സുന്ദരീ വേഷം കെട്ടി വന്ന വിഷ്ണുവിന്റെ മുന്‍പിലും വീണുപോയി,പരവശന്‍!  ഇതൊരു വേഷക്കെട്ടായിരുന്നില്ല. ശരിക്കും പെണ്ണാവുകയായിരുന്നു വിഷ്ണു.അതുകൊണ്ടല്ലേ, 'തിത്തിത്തൈ ' എന്ന് നമ്മുടെ അയ്യപ്പന്‍കുട്ടി പിറന്നു വീണതും,പന്തള മഹാരാജന്‍ വേട്ടയാടലിനിടയില്‍ കണ്ടെടുത്തതും?

ഇനിയും എത്രയോ ദൈവങ്ങളും, ദൈവികളും നൃത്തവുമായി കൂട്ടിമുട്ടി?ഘടാ ഹണ്ടന്‍മാരായ ദൈവങ്ങള്‍ക്ക് ഇതാണാവസ്ഥയെങ്കില്‍, സര്‍ക്കാര്‍ ചാരായവും കുടിച്ചു പാന്പായിരിക്കുന്ന പാവം മലയാളിയുടെ ഗതി ഒന്നാലോചിച്ചു നോക്കൂ? അത് മാത്രമോ? ചാനല്‍ നൃത്തം എന്ന് പറഞ്ഞാല്‍ എന്താ കഥ? ശരിക്കുമുള്ള ആട്ടലല്ലെ? ലിംഗ സ്ഥാനമല്ലേ ആട്ടുന്നത്?ആണും,പെണ്ണും ചേര്‍ന്ന്? അത് കൊണ്ടാവുമോ,പണ്ടുള്ളവര്‍ ഇതിനെ ആ 'സ്ഥാന ' നൃത്തം എന്നൊക്കെ വിളിച്ചിരുന്നത്?

മുന്‍പ് സൂചിപ്പിച്ച പരുവത്തിലാണല്ലോ വേഷം? പുറമെ ഈ ആട്ടലും? പാവ,നമ്മുടെ മലയാളി വിശ്വാമിത്രന്‍മാര്‍ ബീവറേജ് ലഹരിയില്‍ തപസ്സിരിപ്പാണ്. പാതി തുറന്ന കണ്ണിലൂടെ കാണുന്നതോ ഈ ആട്ടല്‍. എങ്ങിനെ തപസ്സിളകാതിരിക്കും? 'ഞാനുമൊരു മനുക്ഷേനല്ലേ അമ്മാവാ ' എന്ന ഡയലോഗുമായി എഴുന്നേല്‍ക്കുന്നു.പിന്നെ കാണുന്നതിനെ അങ്ങ് കേറിപ്പിടിക്കുന്നു, കള്ളിന്റെ ബലത്തില്‍ കീഴ്‌പ്പെടുത്തുന്നു. അത് പിഞ്ചു കുഞ്ഞാവാം, യുവതിയാവാം,തള്ളയാവാം,അമ്മയാവാം, പെങ്ങളാവാം!

 സദാചാരത്തിന്റെ പ്രമോട്ടര്‍മാരും, സംസ്‌ക്കാരത്തിന്റെ മൊത്തക്കച്ചവടക്കാരുമായ ചാനലുകള്‍ സമൂഹത്തിനു സമ്മാനിക്കുന്ന ദുരന്ത പര്‍വങ്ങളുടെ നഗ്‌നചിത്രമാണ് മേലുദ്ധരിച്ചത്. കേരളത്തിലും, ഇന്ത്യയിലും നടക്കുന്ന ക്രൂരമായ സ്ത്രീ പീഡനങ്ങളുടെ അടിവേരുകള്‍ തേടിച്ചെന്നാല്‍, നാം എത്തിച്ചേരുന്നത് ഇത്തരം നിഗൂഢ ഗലികളിലായിരിക്കും.

വേറൊരു തരത്തിലും ഈ താരങ്ങള്‍ നമ്മളെ വഞ്ചിക്കുന്നു.അട്ടിയാട്ടി ആരെയും കൈയിലെടുത്ത ഈ വായാടികള്‍ പറയുകയാണ്: സ്വര്‍ണം വാങ്ങാന്‍, പട്ടുതുണി വാങ്ങാന്‍, വജ്രം വാങ്ങാന്‍. തീര്‍ന്നില്ല, മുളകുപൊടിയും, മൂക്കിപ്പൊടിയും, നരയെണ്ണയും വാങ്ങാന്‍. പലതും വിഷമാണെന്നറിയാതെ പാവങ്ങള്‍ വാങ്ങിത്തിന്നുകയും, ശരീരത്തില്‍ പ്രയോഗിക്കുകയും ചെയ്യുന്നു. സ്വാഭാവികമായും ക്രമേണ രോഗികളായിത്തീര്‍ന്ന്, ഡോക്ടര്‍മാരുടെയും, മള്‍ട്ടി സ്‌പെഷ്യാലിറ്റി മാഫിയകളുടെയും ഇരകളായി സ്വന്തം ജീവിതവും, സന്പാദ്യവും തുളച്ചു കളയുന്നു. അല്ല, അവര്‍ക്കു വേണ്ടിയും ഈ നഗ്‌ന സുന്ദരികള്‍ വച്ച് കാച്ചുന്നുണ്ടല്ലോ, ഇക്കിളി പരസ്യങ്ങള്‍!

ഈ പീഡനങ്ങള്‍ക്ക് വിധേയരായി മനസു കൊണ്ടും, ശരീരം കൊണ്ടും മരിച്ചു മണ്ണടിയുകയാണ്, മഹാഭാരതത്തിലെ കോടാനുകോടികള്‍ വരുന്ന നിഷ്‌കളങ്കരായ ജന പഥങ്ങള്‍!

ഇവരെ നയിക്കാന്‍ കടപ്പെട്ടവര്‍ തന്നെ ക്രൂരമായി ഇവരെ വഞ്ചിക്കുന്നു.രാഷ്ട്രീയക്കാര്‍, മതക്കാര്‍, സംസ്‌ക്കാരികക്കാര്‍, സിനിമാചാനല്‍ തന്പുരാക്കന്മാര്‍ . പുതിയ കാല ' ഖലാ 'ഹാരന്മാരുടെയും, അവരുടെ കൂട്ടിക്കൊടുപ്പുകാരായ വെള്ളിത്തിര, സ്വര്‍ണ്ണത്തിര മാഫിയകളുടെയും ഒത്താശകളോടെ ഒരു പുതിയ യജമാന വര്‍ഗ്ഗം വളര്‍ന്നു പെരുകുകയാണ്. അവരാണ്, തങ്ങളുടെ പണത്തിനു മീതെ പരുന്തിനെപ്പോലും പറക്കാന്‍ അനുവദിക്കാത്ത കോര്‍പ്പറേറ്റു ഭീമന്മാര്‍. ഈ ഭീമന്മാരുടെ വളര്‍ച്ചയാണ്, ഇന്ത്യയുടെ വളര്‍ച്ച എന്ന് രാഷ്ട്രീയക്കാരും, അവരുടെ ഏജന്‍സികളായ മീഡിയകളും ഉറക്കെ കുരക്കുന്നു. ഈ കുര കേട്ടുകൊണ്ടാണ്, കുറെ കഴുതകള്‍ വിളിച്ചു കൂവുന്നത് : ഇന്ത്യ അമേരിക്കയെയും, ചൈനയെയും കടത്തി വെട്ടും, വെട്ടി, വെട്ടിക്കഴിഞ്ഞു എന്നൊക്കെ?

പീഡന പ്രചോദക മേളകള്‍. അഥവാ, അവാര്‍ഡ് രാത്രികള്‍. ( ആഭാസ രാത്രികള്‍.) -(ലേഖനം: ജയന്‍ വര്‍ഗീസ്)
Join WhatsApp News
വിദ്യാധരൻ 2017-02-22 07:51:59

ആർഷഭാരത സംസ്കാരത്തിന്റെ മുഖംമൂടി വച്ച് അതിന്റെ കാവൽക്കാർ എന്ന് വിളിച്ചു കൂവുന്നവരും രാഷ്ട്രീയക്കാരും നമ്മളുടെ സ്ത്രീകളുടെമേൽ നടത്തുന്ന പീഡനത്തിന്റെ ദുഷിച്ചുനാറിയ ഓടകളിലേക്ക് നിങ്ങൾ ഈ ലേഖനത്തിലൂടെ വായനക്കാരുടെ ശ്രദ്ധ തിരിച്ചുവിടുന്നു .  ഇന്ന് വീരനായ ഒരു നേതാവിന്റെ യോഗ്യതകൾ എന്തെന്ന് ചോദിച്ചാൽ അതിനു ഉത്തരം 'അടിച്ചമർത്തി ഭരിക്കുന്നവൻ' എന്നാണ്.  ലോകത്തിന്റെ ഒരു പ്രവണതയായി മാറികൊണ്ടിരിക്കുകയാണിത്. നോർത്ത് കൊറിയ, റഷ്യ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ നേതൃത്വങ്ങളും അവരെ തിരഞ്ഞെടുക്കുന്നവരും ഇത് വളരെ വ്യക്തമാക്കി കൊണ്ടിരിക്കുന്നു .  ആഫ്രിക്കയിൽ പുതിയ മേച്ചിൽ പുറങ്ങൾ തേടിയുള്ള മൃഗങ്ങളുടെ ഓട്ടം വളരെ ശ്രദ്ധേയമായ ഒന്നാണ്. ദുര്ബലരായവർ ചവിട്ടി മെതിക്കപ്പെടുകയോ ശ്വാസം മുട്ടി മരിക്കുകയോ ചെയ്യും. ആ ഓട്ടത്തിൽ താഴെ വീഴുന്നവരെ ആരും ശ്രദ്ധിക്കാറില്ല. ബലമുള്ളവർ രക്ഷപ്പെടും. ലോകത്ത് ഉരുതിരിഞ്ഞുവരുന്ന പുതിയ വ്യവസ്ഥിതികളിൽ സ്ത്രീകൾക്കും, പ്രായം ചെന്നവർക്കും, രോഗികൾക്കും ഒന്നും ഒരു സ്ഥാനവും ഇല്ലെന്ന് ഇന്ന് ലോകത്ത് ചുരുളഴിയുന്ന ഓരോ സംഭവവങ്ങളും  വ്യക്തമാക്കുന്നു. സിറിയയിലെ അഭയാർത്ഥി പ്രതിസന്ധി, (അഭയാർത്ഥികളെ തിരിച്ചു വിടുകയില്ല എന്ന ക്യാനഡ പ്രധാനമന്ത്രി ട്രൂഡോയുടെ പ്രസ്താവന ഒരു പക്ഷെ ഒരു ദുർബലനായ നേതാവായിന്റെ ലക്ഷണമായി ചിലർ കണ്ടെന്നിരിക്കും) ഐസിസ് എന്ന മത സംഘടനയുടെ കൊടും ക്രൂരതകൾ, കുടുംബങ്ങളെ വേർപെടുത്തുന്ന പുതിയ അമേരിക്കൻ കുടിയേറ്റ നയങ്ങൾ,  ക്രമാതീതമായുള്ള സ്ത്രീ പീഡനങ്ങൾ ഇതെല്ലാം അതിനുള്ള തെളിവുകളാണ്. ഇവിടെ എഴുത്തുകാരും കവികളും വളരെ വ്യക്തതയോടെ സംസാരിക്കുമ്പോൾ വായനക്കാർ അത് ശ്രദ്ധിക്കുകയും സമൂഹത്തിൽ ചർച്ചാവിഷയമാകുകയും ചെയ്യും 

അതെ,  പണത്തിനുമീതെ പരുന്തും പറക്കുകയില്ല എന്ന വിശ്വസിക്കുന്ന  ട്രംപും അദ്ദേഹത്തിന്റ കോടീശ്വര ഗവണ്മെന്റും വർദ്ധിച്ചുവരുന്ന വർഗ്ഗീയചിന്തകളേയും  അരാജകത്വ ചിന്തകളെയും അഴുമതികളേയും വർദ്ധിപ്പിക്കുകയല്ലാതെ ശമിപ്പിക്കും എന്ന് തോന്നുന്നില്ല. 80% ക്രൈസ്തവരാണ് ട്രംപിന് വോട്ട് ചെയ്‍തത്. നഗ്നനെ ഉടുപ്പിക്കാനും, രോഗിയെ സന്ദർശിക്കാനും, വിശക്കുന്നവന് ഭക്ഷണം കൊടുക്കാനും പഠിപ്പിച്ച നസ്രേത്ത്കാരനായ ആ ഗുരുവിന്റെ നെഞ്ചിൽ ചവുട്ടിയല്ലേ ക്രൈസ്തവർ ട്രംപിന് വോട്ടു ചെയ്യതത്? ഇതാണോ യേശു ശക്തി എന്ന പദത്തിന് നൽകിയ നിർവചനം?

"കാപട്യകണ്ട്ഠകം കർക്കശത കൊടും
കാളാശ്മകണ്ഡം നിറഞ്ഞാതാണീ സ്ഥലം
ഞെട്ടി തെറിക്കും വിടരാൻ തുടങ്ങുന്ന
മൊട്ടുപോലുള്ള മനസിതു കാണുകിൽ " (ചങ്ങമ്പുഴ) 

A reader 2017-02-22 05:34:15
Well said Mr Jayan Varghese. Whatever happened to that actress is a new story for the so called screen writers and they may get an award for making these kind of movies. They have been making these kinds of movies in the past and the actors, their sisters, babies and mothers  are becoming the victims. These are the stories these actors are portraying for the last few years. We need real laws and responsible people to censor these kinds movies and so called serial non sense.  CONGRATULATIONS Jayan!!!
show watcher 2017-02-22 07:25:24
Very well said. A mini copy of whatever you said happening is Kerala is happening exactly like that in US too.  New TV channel branches , cine shows, movie award nights, gold jewellery ...
Dr.Sasi 2017-02-22 10:51:49

അമേരിക്കയെയും,ചൈനയെയും കടത്തിവെട്ടി,കടത്തിവെട്ടി മുന്നോട്ട് കുതിക്കുന്ന മഹാഭാരതം, മറ്റെല്ലാ മേഖലകളെ അവഗണിച്ചാലും, ഒന്നാം സ്ഥാനത്തെത്തി നില്‍ക്കുന്ന ഒരു മേഖലയുണ്ട് ; അതാണ് സ്ത്രീപീഡന മേഖല" !!ലേഖകന്റെ ഈ കണ്ടെത്തൽ എത്ര നിന്ദാപരമാണ് ! വസ്തുതകളെ പഠിക്കാതെ ഒറ്റപ്പെട്ട സംഭവങ്ങളെ പർവതികരിച്ചു ഇന്ത്യ ബലാസംഗങ്ങളുടെ നാടാണ് എന്ന് രാഷ്ട്ര വിരുദമായ രീതിയിൽ  പ്രചിരിപ്പിക്കുന്നത് തികച്ചും ഹീനമാണ് !!ലോകത്തിൽവെച്ചു ഏറ്റവും കൂടുതൽ സ്ത്രീപീഡനം , ബലാസംഗങ്ങൾ  നടക്കുന്ന രാഷ്ട്രങ്ങളിൽ നാലാം  സ്ഥാനത്തു പോലുമല്ല ഇന്ത്യയുടെ സ്ഥാനം .(അമേരിക്ക ,സ്വീഡൻ ,ഫ്രാൻസ് ,കാനഡ ,ബ്രിട്ടൻ , ഇന്ത്യ , ജർമ്മനി ). സ്വന്തം കണ്ണാടി തല്ലി പൊട്ടിച്ചു ,  സ്വന്തം പൈതൃകം മനസ്സിലിക്കാതെ ആരോ നമ്മുടെ നേർക്ക് പിടിച്ച കണ്ണാടിയിൽ നോക്കി ഇന്നും നാം മുഖം മിനിക്കികൊണ്ടിരിക്കുകയാണ് !ബാഹ്യങ്ങളും , അൽപ്പങ്ങളായ ചില കാരണങ്ങളിൽ നമ്മൾ ചിന്നഭിന്നമാകരുതു . സാമാജിക നന്മയാണ് സംവാദങ്ങളുടെ സന്ദേശം ! കാതലായ ജീവിത ക്രമത്തിൽ നിന്നും നാം വിട്ടു പോകരുത് !!

(Dr.Sasi)


വിദ്യാധരൻ 2017-02-22 13:55:02
സ്ഥിതിവിവര കണക്കുകൾ പ്രകാരം ഒരു ദിവസം 92 സ്ത്രീകളാണ് ഇന്ത്യയിൽ ബലാൽസംഗം ചെയ്യപ്പെടുന്നത്. ഇതിൽ നാലെണ്ണം ഡൽഹിയിൽ. 2013ലെ കണക്കനുസരിച്ച് 1636 സ്ത്രീകളെ ഡൽഹിയിൽ ഒരു വർഷം ബലാൽസംഗം ചെയ്‌തു. 2012 ൽ ഇത് 706 ആയിരുന്നു. ഇന്ത്യയുടെ പാരമ്പര്യവും സംസ്‌കാരണത്തിന്റെ മഹിമയും പൊക്കിപിടിച്ചു പറഞ്ഞതുകൊണ്ട് ഈ ഹീനമായ പ്രവർത്തിക്ക് പരിഹാരം ആകുന്നില്ല. മൂന്നു പ്രാവശ്യം വിവാഹം കഴിച്ചിട്ടും സ്ത്രീകളുടെ ലിംഗത്തിൽ കയറി പിടിച്ചിട്ടും ട്രമ്പിനെ പ്രസിഡണ്ടാക്കിയ രാജ്യമാണ് അമേരിക്ക. ഭാരതത്തിൽ സ്ത്രീകളെ നടുറോഡിലിട്ടു ബലാൽസംഗം ചെയ്താലും തക്ക ശിക്ഷകൊടുക്കാതെ കണ്ണടച്ചു വിടുന്ന വ്യവസ്ഥിയാണുള്ളത്. അത് ഒരു നേതാവ്കൂടിയായാൽ പിന്നെ പറയുകയും വേണ്ട. ഇത് മാറണമെങ്കിൽ കുറ്റവാളികളെ ശിക്ഷിച്ചേ പറ്റൂ ക്ലിന്റൺ എന്ന നേതാവിനെ കുറ്റവിചാരണ ചെയ്യാൻ തയാറായ ഒരു രാജ്യമാണ് അമേരിക്ക എന്ന് നാം വിസ്മരിക്കരുത്. എന്നാൽ സൂര്യനെല്ലിയിലെ പെൺകുട്ടിയെയും മറ്റും ക്രൂരമായി ബലാൽസംഗം ചെയ്തിട്ടു ഞെളിഞ്ഞു നടക്കുന്ന വിരുതന് സംരക്ഷണം നൽകുന്ന നേതാക്കളാണ് ഭാരതത്തിലുള്ളത് . ഭാരതത്തിന്റ പാരമ്പര്യത്തെക്കുറിച്ചോ സംസ്കാരത്തെകുറിച്ചോ അറിവില്ലാത്തവരല്ല ഇവർ. എന്തു അതിക്രമങ്ങൾ കാണിച്ചും സ്വന്ത സ്ഥാപിത താത്‌പര്യങ്ങളെ കാത്തുസൂക്ഷിക്കുന്ന സ്വാർത്ഥരാണിവർ.  ഇവർ കാരണം ഡോക്‌ടർ ശശി വാദിക്കുന്ന ഭാരത സംസ്ക്കാരം ചവിട്ടിമെതിക്കപ്പെടുകയാണ്. അതിനായ് ഇത്തരക്കാർ കൊട്ടേഷൻ സംഘങ്ങളെ ഉപയോഗിക്കുന്നു എന്നത് ഇവരുടെ തന്‍കാര്യമാത്രപ്രസക്തയുടെ ഒളിഞ്ഞിരിക്കുന്ന മറ്റൊരു മുഖമാണ് . ഈ സ്ഥിതി സംജാതമാക്കുന്നതിന്റെ പിന്നിൽ ഒരു  ന്യുനപക്ഷമാണ്. പക്ഷെ ഭൂരിപക്ഷത്തിന്റെ നിസംഗത്ത്വ മനോഭാവവും നിഷ്ക്രിയതയുമാണ് ഇതിനു കാരണമായി തീരുന്നത്. അത് മാറിയ പറ്റു. ഹൃദയത്തിൽ ജാതിമത ചിന്തകൾക്കപ്പുറം ലിംഗഭേദമെന്ന്യ മനുഷ്യർ പരസ്പരം ബഹുമാനിക്കാൻ തുടങ്ങുമ്പോൾ ഒരു പക്ഷേ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചേക്കും
Thomas Vadakkel 2017-02-22 13:58:00
ഡോക്ടർ ശശിയെ 'ആർഷഭാരത അല്ലെങ്കിൽ മഹാ ഭാരത സംസ്‌കാരത്തിനു മീതെ കടത്തിവിട്ടുകൊണ്ടുള്ള ലൈംഗിക പീഢന സംസ്ക്കാരമെന്നു' ജയന്റെ ലേഖനത്തിലെ ഒരു വാചകം കണ്ടപ്പോൾ ക്ഷോപിപ്പിച്ച കാരണം മനസിലാകുന്നില്ല. താങ്കൾ ഒരു മലയാളിയെന്ന നിലയ്ക്ക് അതിൽ വികാരം കൊള്ളേണ്ട ആവശ്യവുമില്ല. 

വടക്കേ ഇന്ത്യയിലെ ഗ്രാമങ്ങൾ തുടച്ചാണ്‌ മേലാളന്മാർ ദളിത സ്ത്രീകളെ പിടിച്ചുകൊണ്ടുപോയി പീഡിപ്പിക്കുന്നതും ചിലപ്പോൾ ചുട്ടു ചാരമാക്കുന്നതും. ലോകത്തിൽ ഏറ്റവും കൂടുതൽ ബാലവേല ചെയ്യുന്നത് ഈ ആർഷഭാരതത്തിലാണ്‌. സ്വന്തം ഭാര്യയുടെ ശവം മറവുചെയ്യാൻ മണിക്കൂറോളം ശവവും ചുമന്ന മനുഷ്യന്റെ വാർത്തകളൊന്നും താങ്കൾ വായിച്ചില്ലേ.?

ഇൻഡ്യയെന്നഭിമാനിച്ചാൽ ഒരു അർത്ഥമുണ്ട്. കാരണം, കേരളമുൾപ്പെട്ട നാമെല്ലാം ഇൻഡ്യക്കാർ തന്നെ. എന്നാൽ ആർഷ ഭാരതത്തിൽ എന്താണ് അഭിമാനിക്കാനുള്ളത്. കുറെ മതഭ്രാന്തന്മാർ ചേർത്തുവെച്ച  വെടിപൊട്ടുന്ന നുണകൾ ആ ചരിത്രത്തോട് ചേർത്തിട്ടുണ്ട്. ആർഷഭാരതത്തിൽ വിമാനങ്ങൾ ഉണ്ടായിരുന്നെന്നും ആറ്റം ബോംബുണ്ടായിരുന്നെന്നും പുഷ്പ വിമാനങ്ങളിൽക്കൂടി സർവ്വ ഗോളങ്ങളിലും ദേശസഞ്ചാരമുണ്ടായിരുന്നെന്നും ഇങ്ങനെ പോവുന്നു ആർഷ സംസ്ക്കാര നുണകൾ. സർവ്വ ശാസ്ത്രീയ നേട്ടങ്ങളും പുരാണത്തിലുണ്ടെന്നാണ് വീമ്പടി.

വടക്കേ ഇന്ത്യൻ തെരുവുകളിൽക്കൂടി നഗ്‌നസന്യാസികളുടെ കൂട്ട ജൈത്രയാത്രകൾ മറ്റൊരു പരിഷ്കൃത രാജ്യത്തിലെ തെരുവുകളിലായിരുന്നെങ്കിൽ ജയിലിൽ പിടിച്ചിടുമായിരുന്നു. 
 
'ആർഷം' എന്ന വാക്ക് മലയാളത്തിലോ തമിഴിലോ ഉള്ളതല്ല. തെക്കേ ഇന്ത്യക്കാർ ഒരിക്കലും ആർഷഭാരതത്തിന്റെ ഭാഗവുമായിരുന്നില്ല. പുരാണത്തിലെ സങ്കൽപ്പ കഥാപാത്രമായ ദുഷ്യന്തന്റെയും ശകുന്തളയുടെയും മകനായിരുന്ന ഭരതനിൽ നിന്നും ഭാരതം ഉണ്ടായതെന്നു വിശ്വസിക്കുന്നു. ഭാരതമെന്ന  പേരിന്റെ ഉത്ഭവം തന്നെ പലരും പല രീതിയിലാണ് എഴുതിയിരിക്കുന്നത്. 

വിഷ്ണു പുരാണത്തിൽ വടക്കേ ഇന്ത്യയുടെ ഭാഗങ്ങളും പാകിസ്ഥാനും അഫ്‍ഗാനിസ്ഥാനും ടിബറ്റും നേപ്പാളും ഇറാനുമൊക്കെയാണ് ആർഷഭാരതം. കേരളമോ തമിഴമോ ഒരു പുരാണത്തിലും ആർഷഭാരതമായി ഉൾക്കൊള്ളിച്ചിട്ടില്ല. അങ്ങനെയെങ്കിൽ നാം പാക്കിസ്‌താനിയെന്നും പറയേണ്ടി വരും. ഡോക്ടർ ശശി വെറുതെ വികാരങ്ങൾ കൊള്ളാതെ ജയന്റെ ലേഖനത്തിന്റെ ഉൾകാഴ്ച ശരിക്കും മനസിലാക്കുക. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക