Image

ഉണര്‍വ്വ് (കവിത: - ഗീത.വി)

Published on 22 February, 2017
ഉണര്‍വ്വ് (കവിത: - ഗീത.വി)
കുയിലേയെന്തിനുനീയുച്ചത്തില്‍
ദീനമായ് കേഴുന്നതിങ്ങനെ?
ഒട്ടുദിനങ്ങളായ് കേള്‍ക്കുന്നു
ഞാന്‍ നിന്‍ ദീനരോദനം
നിന്റെയിണക്കിളി നിന്നെയുപേക്ഷിച്ചു
പറന്നകന്നുപോയോ കിളിയേ?
കേണു കേണു ജന്മം പാഴാക്കരുതു നീ
ഈയുലകത്തിലാരുമാരെയും സ്‌നേഹിക്കുന്നില്ലെന്നറിയുക നീ
സ്വന്തം പ്രയോജനത്തിനായേവരും
പ്രിയരായിത്തീരുന്നീയുലകത്തില്‍
പ്രേമം ദിവ്യമാണു കുയിലേ
പ്രേമിക്കാനന്യന്റെയാവശ്യമില്ലെന്നോര്‍ക്ക നീ
അനന്ത ജന്മം താണ്ടിയിതു വരെയെത്തിനാം
ഇനിയുമനന്ത ജന്മം താണ്ടണം സ്വഗൃഹത്തിലെത്തീടുവാന്‍
പൃഥ്വി നമുക്കൊരിടത്താവളം
ഇഹലോക സുഖമൊക്കെയുമനിത്യമെന്നറിയുക നീ
ഇമ്പമാര്‍ന്ന നാദമേകി നിനക്കീശന്‍
ശോകമെല്ലാമകറ്റിയുച്ചത്തില്‍
പാടുക നീ കുയിലേ സ്‌നേഹ ഗീതങ്ങള്‍
വിഷയച്ചേറ്റില്‍ പതിച്ചിടാതെയനന്ത-
വിഹായസ്സില്‍ പാറിപ്പറന്നുല്ലസിക്കൂ നീ
ഉണര്‍വ്വോടെ പാടു നീ കുയിലേ
ഉണര്‍വ്വോടെ ജീവിക്കൂ നീ നിന്‍ ശിഷ്ടകാലം
ഉണര്‍വ്വതിനാല്‍ നിനക്കെത്തിടാം
നിര്‍വിഷയാനന്ദ സാഗരത്തില്‍.

Read in PDF below
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക