Image

വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നു ദിലീപ്

Published on 22 February, 2017
വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നു ദിലീപ്
നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് തന്റെ പേര് വലിച്ചിഴയ്ക്കുന്നതിനെതിരെ ശക്തമായ നടന്‍ ദിലീപ്. തന്റെ വീട്ടില്‍ യൂണിഫോമിലോ മഫ്തിയിലോ പൊലീസ് വന്നിട്ടില്ലെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ദിലീപ് പറഞ്ഞു.

ദിലീപിന്റെ ഫെയിസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

പ്രിയപ്പെട്ടവരെ,

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞാന്‍ ഫേസ്ബുക്കില്‍ സജീവം ആയിരുന്നില്ല. ജോലി തിരക്കുകളും അനുബന്ധ സംഭവങ്ങളും ആയിരുന്നു കാരണം. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളായി മലയാള സിനിമയില്‍ ഒരിക്കലും സംഭവിക്കില്ല എന്ന് നമ്മളെല്ലാം കരുതിയതാണ് നടന്നത്. ഞങ്ങളുടെ ആ സഹപ്രവര്‍ത്തകക്ക് നേരിട്ട ദുരനുഭവത്തില്‍ 'അമ്മ'യിലെ എല്ലാ അംഗങ്ങളും, അതിനൊപ്പം ചലച്ചിത്ര രംഗം ഒന്നടങ്കം തന്നെ അതിദാരുണമായ ഈ സംഭവത്തെ അപലപിക്കുകയും, ഞങ്ങളെല്ലാം ഒത്തു ചേര്‍ന്ന് ഒരു കൂട്ടായ്മയോടെ ആണ് കാര്യങ്ങള്‍ മുന്നോട്ടു പോയിരുന്നത്.

എന്നാല്‍ അതിനു ശേഷം ഈ ദാരുണ സംഭവത്തിന്റെ പേരില്‍ പേര് പറഞ്ഞും അല്ലാതെയും ആയി എന്നെ ലക്ഷ്യമാക്കി ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും അവര്‍ക്കൊപ്പം 'ചില' പത്രങ്ങളും ചേര്‍ന്ന് ഇല്ലാക്കഥകള്‍ പടച്ചു വിടുകയാണ്.
ഇന്ന് രാവിലെ ഇറങ്ങിയ ഏതാനും പത്രങ്ങളിലെ വാര്‍ത്തയാണ് ഈ കുറിപ്പെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. 'ആലുവയിലെ ഒരു പ്രമുഖ നടനെ' ഈ കേസുമായി ബന്ധപെട്ടു പോലീസ് ചോദ്യം ചെയ്തുവത്രേ. തെറ്റിദ്ധാരണ പരത്തുന്നതും പുകമറ സൃഷ്ടിക്കുന്നതുമായ ഈ വാര്‍ത്ത വായിച്ചു അത് വിശ്വസിക്കുന്നവരോട് ആലുവയിലെ സ്ഥിര താമസ്സക്കാരന്‍ ആയ നടന്‍ എന്ന നിലയില്‍ പറയട്ടെ, ആ നടന്‍ ഞാനല്ല. എന്റെ വീട്ടില്‍ ഒരു പോലീസുകാരനും മഫ്തിയിലോ അല്ലാതെയോ വന്നിട്ടില്ല, ഫോണില്‍ പോലും ബന്ധപ്പെട്ടിട്ടില്ല എന്ന് മാത്രമല്ല എന്റെ അറിവില്‍ ആലുവയിലെ മറ്റൊരു നടന്റെയും വീട്ടിലും പോലീസ് ഇത് വരെ അന്വേഷിച്ചിട്ടില്ല എന്ന് ഞാന്‍ ഉറപ്പിച്ചു പറയുന്നു. ഇനി ഈ വാര്‍ത്തയുടെ നിജസ്ഥിതി തെളിയിക്കേണ്ടത് വാര്‍ത്ത പടച്ചു വിട്ടവരാണ്. 

കുടുംബ ബന്ധങ്ങളുടെ മൂല്യം നന്നായി അറിയുന്ന ഒരു വ്യക്തിയാണ് ഞാന്‍. അമ്മയും ഭാര്യയും മകളും ഒക്കെയുള്ള ശരാശരി മനുഷ്യന്‍. നിങ്ങളോരോരുത്തരും ആഗ്രഹിക്കുന്നത് പോലെ ഈ ദുഖകരമായ സംഭവത്തിന്റെ നിജസ്ഥിതി പുറത്തു വരേണ്ടതും യഥാര്‍ത്ഥ കുറ്റവാളികള്‍ മുഴുവനും ശിക്ഷിക്കപ്പെടേണ്ടതും സമൂഹത്തിന്റെ എന്നപോലെ എന്റെയും കൂടി ആവശ്യമാണ്.

സമീപകാലത്തു മലയാള സിനിമയെ ഗ്രസിച്ച, ഈ വ്യവസായത്തെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കു എതിരെ, എല്ലാ ചലച്ചിത്ര പ്രവര്‍ത്തകരുടെയും ആവശ്യപ്രകാരവും, സിനിമ സംഘടനകളുടെ പിന്തുണയോടെയും ഒരു പുതിയ സംഘടന രൂപീകരിക്കുകയും എല്ലാവരുടെയും നിര്‍ബന്ധപ്രകാരം അതിന്റെ നേതൃത്വം ഏറ്റെടുക്കുകയും ചെയ്തത് ഈ വ്യവസായത്തിന്റെ എല്ലാവിധ ആനുകൂല്യങ്ങളും അനുഭവിക്കുന്ന ആളെന്ന നിലയില്‍ അതെന്റെ കടമയാണെന്ന് കരുതിയാണ്. അതിന്റെ പേരില്‍ 'ചിലര്‍' എന്നെ ക്രൂശിക്കുകയാണ്.

മലയാള സിനിമ വ്യവസായത്തിന് മൊത്തം അപമാനകാരവും വേദനാജനകവും ആയ ഈ സംഭവത്തില്‍ ഉള്‍പ്പെട്ട പ്രതികളില്‍ ഒരാളുമായി പോലും എനിക്ക് നേരിട്ടോ അല്ലാതെയോ യാതൊരു ബന്ധമോ പരിചയമോ ഇല്ല. ഈ സംഭവത്തെ സംബന്ധിച്ച് പൂര്‍ണവും സത്യസന്ധവുമായ അന്വേഷണം ഉണ്ടാവേണ്ടതും മുഴുവന്‍ പ്രതികളെയും എത്രയും വേഗത്തില്‍ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്നു അവര്‍ക്ക് അര്‍ഹിക്കുന്ന പരമാവധി ശിക്ഷ വാങ്ങി കൊടുക്കണമെന്ന് അധികാരികളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.


കെപിഎസി ലളിത

നടിയെ ആക്രമിച്ച കേസില്‍ തന്റെ മകന് എതിരായ ആരോപണങ്ങള്‍ തെറ്റാണെന്ന് മുതിര്‍ന്ന നടി കെപിഎസി ലളിത. ആരോപണങ്ങള്‍ തങ്ങളെ ചെളിവാരി എറിയാന്‍ ഉദ്ദേശിച്ചുള്ളതാണെന്നും പ്രേക്ഷകര്‍ ഇക്കാര്യം വിശ്വസിക്കരുതെന്നും കെപിഎസി ലളിത പറഞ്ഞു. 

നെറ്റിലും മറ്റും പലതും വന്നെന്ന് കേള്‍ക്കുന്നു. കൂടെ നില്‍ക്കേണ്ടവര്‍ തന്നെ മാറിനിന്ന് കുറ്റം പറഞ്ഞാല്‍ തങ്ങളെ പോലുള്ളവര്‍ എങ്ങനെ ജീവിക്കുമെന്നും അവര്‍ ചോദിച്ചു. കൊച്ചിയില്‍ നടിക്കെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ചേര്‍ന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കെപിഎസി ലളിത.

തന്റെ മകന്‍ ഇത്തരത്തില്‍ ഏതെങ്കിലും തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ ചാട്ടവാറുകൊണ്ട് അടികൊടുക്കണമെന്നും ജനങ്ങളുടെ മുമ്പിലിട്ട് തല്ലിക്കൊല്ലണമെന്നും മാത്രമേ താന്‍ പറയൂ.

പിഎസി ലളിതയുടെ മകനും നടനുമായ സിദ്ധാര്‍ത്ഥ് ഭരതന്റെ കാക്കനാട്ടെ ഫഌറ്റില്‍ നടത്തിയ റെയ്ഡില്‍ നടിയെ തട്ടിക്കൊണ്ടു പോയ കേസിലെ ഒരു പ്രതിയെ പിടികൂടിയതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ആരോപണം നിഷേധിച്ച് സിദ്ധാര്‍ത്ഥ് രംഗത്തെത്തി.

കോടിയേരി ബാലകൃഷ്ണന്‍

സംഭവത്തെ രാഷ്ട്രീയമായി ഉപയോഗിക്കരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നടിയെ ആക്രമിച്ചവരേയും അതിന് ക്വട്ടേഷന്‍ കൊടുത്തവരെയും എത്രയും വേഗം പിടികൂടുമെന്നും കോടിയേരി വ്യക്തമാക്കി.

കേസില്‍ പ്രതിയാക്കപ്പെട്ടതിനെ തുടര്‍ന്ന് പള്‍സര്‍ സുനിക്കൊപ്പം ഒളിവില്‍ കഴിയുന്ന വി.പി. വിജീഷ് ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്നും കോടിയേരി ആരോപിച്ചു.  വിജീഷിനു കണ്ണൂരിലെ സിപിഎം നേതാക്കളുമായി നല്ല ബന്ധമാണുള്ളതെന്ന് ബിജെപി നേതാവ് എം.ടി. രമേശാണ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ആരോപിച്ചത്. കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ ഗൂഢാലോചനക്കേസിലെ പ്രതിയാണ് വിജീഷിന്റെ സഹോദരനെന്നും എം.ടി.രമേശ് ആരോപിച്ചിരുന്നു.

നടിയെ ആക്രമിച്ച സംഭവത്തില്‍ കോടിയേരി ബാലകൃഷ്ണന്റെ മകനും ചലച്ചിത്ര താരവുമായ ബിനീഷ് കോടിയേരിയുടെ പങ്കും അന്വേഷിക്കണമെന്ന് ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണന്‍ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. മകന്‍ ഉള്‍പ്പെട്ട കേസായതിനാലാണ് കോടിയേരി വിഷയത്തില്‍ തണുത്ത സമീപനം സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. 

വി.മുരളീധരന്‍

നടിയെ ജനനിബിഡമായ ഹൈവേയില്‍വച്ച് തട്ടിക്കൊണ്ടുപോവുകയും അപമാനിക്കുകയും ചെയ്തിട്ട് അഞ്ചുദിവസമായിട്ടും കേസിലെ പ്രധാന പ്രതിയെ പിടിക്കാന്‍ കഴിയാത്തത് പോലീസിന്റെ ഒത്തുകളിയാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരന്‍. കേസിലെ പ്രധാന പ്രതിയെ പിടികൂടി ചോദ്യം ചെയ്താല്‍ ഉന്നതരുള്‍പ്പെടുന്ന ഗൂഢാലോചന പുറത്തുവരും എന്നറിഞ്ഞുകൊണ്ടാണു പൊലീസ് ഒത്തുകളിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. 

സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം, മുഖ്യപ്രതി തൃക്കാക്കരയ്ക്കും കടവന്ത്രയ്ക്കും ഇടയിലുണ്ടെന്ന് പൊലീസ് തന്നോടു പറഞ്ഞെന്നാണ് സ്ഥലം എംഎല്‍ എ വെളിപ്പെടുത്തിയിരിക്കുന്നത്. കൈയെത്തും ദൂരത്ത് മുഖ്യപ്രതി ഉണ്ടായിട്ടും പിടിക്കാന്‍ ശ്രമിക്കാതെ ഒരു സംവിധായകനെ പ്രതിയുടെ ഫോണിലേക്കു വിളിക്കാന്‍ അനുവദിച്ച പൊലീസിന്റെ നടപടി ദുരൂഹമാണ്. ഈ ഫോണ്‍ വിളിയാണ് പ്രതിക്കു രക്ഷപ്പെടാന്‍ സഹായകരമായത്. 

 അന്വേഷണം മുന്നോട്ടു പോകുന്നുവെന്ന് പൊലീസ് അവകാശപ്പെടുമ്പോള്‍ത്തന്നെയാണ് പ്രതികള്‍ എറണാകുളത്തുള്ള ഒരു അഭിഭാഷകനെ നേരിട്ടുകണ്ട് ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയത്. 

പ്രതി കോടതിയില്‍ കീഴടങ്ങുന്നതും കാത്ത് കേരളാ പൊലീസ് കോടതികളുടെ പരിസരത്തു തലകുനിച്ചു നില്‍ക്കുന്ന സ്ഥിതി കേരളത്തിനുതന്നെ അപമാനകരമാണ്. 
Join WhatsApp News
johny 2017-02-22 15:07:37
ശേ ദിലീപ് അങ്ങനെയൊക്കെ ചെയ്യുമോ പ്രത്യേകിച്ച് അടുത്ത മാസം അമേരിക്കൻ പര്യടനം ഉള്ളതല്ലേ. അമേരിക്കൻ മലയാളികൾ കണ്ണിൽ എണ്ണയും ഒഴിച്ച് കാത്തിരിക്കയല്ലേ. ഞങ്ങടെ അച്ചന്മാർക്കും  മെത്രാൻ മാരും നായകനൊത്തു സെൽഫി എടുത്തു ഫേസ് ബുക്കിൽ ഇടാൻ ഉള്ളതാ കർത്താവേ ചതിക്കല്ലേ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക